alpha

സിനിമ റിവ്യൂകള്‍ അതാത് ലേഖകരുടെ വീക്ഷണം ആണ് അവതരിപ്പിക്കുക: എഡിറ്റര്‍

അസംബന്ധം ഒറ്റവാക്കില്‍ രാജാധിരാജ എന്ന ചിത്രത്തേക്കുറിച്ച് പറയാവുന്നതിതാണ്. 2000ല്‍ ഇറങ്ങിയ നരസിംഹം എന്ന തമിഴ് ശൈലിയിലുള്ള സൂപ്പര്‍ താര ഫോര്‍മുലാ നിര്‍മ്മിതിയുടെ വിജയത്തിനു ശേഷം മോഹന്‍ലാലിനും മമ്മൂട്ടിക്കും വേണ്ടി നിരന്തരമായി മത്സരിച്ചു നിര്‍മ്മിക്കപ്പെട്ട അസംബന്ധ സൂപ്പര്‍ താര ഗിമ്മിക്കുകളുടെ ശ്രേണിയിലേക്ക് (വല്ല്യേട്ടന്‍, ഉസ്താദ്, രാവണപ്രഭു, നാട്ടുരാജാവ്, ദ്രോണ) ചേര്‍ത്തുവക്കാവുന്ന ചിത്രമാണ് രാജാധിരാജ. ആവര്‍ത്തന വിരസതയാല്‍ പ്രേക്ഷകന്‍ കയ്യൊഴിയുകയും, പിന്നെ പുതുമകളുമായി ന്യൂജനറേഷന്‍ പരീക്ഷണങ്ങള്‍ വരികയും ചെയ്തപ്പോള്‍ ഇടക്കാലത്തു നിന്നുപോയതായിരുന്നു ഈ വക സൂപ്പര്‍ സ്റ്റാര്‍ മാരണങ്ങള്‍.

ഓണക്കാലത്തേക്ക് ഒരു സൂപ്പര്‍ ഹിറ്റു സൃഷ്ടിക്കാന്‍ തിരക്കഥാകൃത്തുക്കള്‍ അസംബന്ധം എഴുതിയും, സ്റ്റണ്ട് സംവിധായകര്‍ എക്‌സ്ട്രാ നടന്മാരെ വായുവില്‍ ചുഴറ്റിയെറിഞ്ഞും ഇങ്ങനെ പെടാപ്പാടു പെടുന്നതു കാണുമ്പോള്‍ മലയാള വാണിജ്യ സിനിമയുടേയും മമ്മൂട്ടിയുടേയും തന്നെ ഒരു നല്ലകാലം ഞാന്‍ ഓര്‍ത്തു പോവുകയാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും വളരെ കുറഞ്ഞ ബഡ്ജറ്റില്‍ നിര്‍മ്മിക്കപ്പെട്ട സാമ്രാജ്യം, പരമ്പര, കൗരവര്‍ തുടങ്ങി മമ്മൂട്ടി താടിവച്ചും സ്യൂട്ടിട്ടും അഭിനയിച്ച സ്‌റ്റൈലൈസ്ഡ് അധോലോക ചിത്രങ്ങള്‍ കാണികളെ ആവേശത്തിന്റെ പരകോടിയിലെത്തിക്കുകയും മമ്മൂട്ടിയെ ഒരു ഇതിഹാസ താരമാക്കി വളര്‍ത്തുകയും ചെയ്തു. തമിഴ്‌നാട്ടില്‍ പോലും നന്നായി ഓടിയ ആ ചിത്രങ്ങള്‍ സൃഷ്ടിച്ച ആവേശത്തിരയുടെ ഒരു ശതമാനം പോലും ചലനമുണ്ടാക്കാന്‍ ഈ തമിഴ് ഫോര്‍മ്മുലാ അനുകരണത്തിനു സാധിക്കുന്നില്ല.

മമ്മൂട്ടിയുടെ അടിയുറച്ച ആരാധകരേ രാജാധിരാജ കാണാവൂ എന്ന് ഒരു ഓണ്‍ലൈന്‍ നിരൂപണത്തില്‍ വായിച്ചതോര്‍ക്കുന്നു. ഞാന്‍ നേരത്തേ പറഞ്ഞ എണ്‍പതുകളിലേയും തോണ്ണൂറുകളിലേയും ചിത്രങ്ങള്‍ കണ്ട് മമ്മൂട്ടിയുടെ ആരാധകരായവര്‍ക്ക്, ആ ആവേശക്കാഴ്ച്ചകളുടെ ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക്, ഈ രാജാധിരാജ പരാക്രമം കണ്ട് നിരാശപ്പെടാനേ നിവൃത്തിയുള്ളൂ.

02

ചിത്രത്തിന്റെ പ്രത്യേകതയായി പറയാവുന്നത് ശക്തിമാന്‍ ഫെയിം മുകേഷ് ഖന്ന, തൊണ്ണൂറുകളിലെ വില്ലന്‍ റാസ മുറാദ് തുടങ്ങിയ എതാനും മുന്‍കാല ഹിന്ദി നടന്മാരെ കൊണ്ടുവന്ന് രാജയുടെ മുംബൈ ബന്ധത്തിന് ഒരു ആധികാരികത നല്‍കാനുള്ള ശ്രമമാണ്. അത് ഒരു പരിധിവരെ വിജയിച്ചിട്ടുണ്ടെങ്കിലും തിരക്കഥയുടെ പോരായ്മകള്‍ മൂലം അവരെ വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ശരത് കുമാര്‍ പഴശ്ശിരാജയില്‍ മമ്മൂട്ടിയെ തമ്പുരാന്‍ എന്നു വിളിച്ചതിനു പിന്നാലെ ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ ശരത്തിനെ മോഹന്‍ലാലിന്റെ ശിങ്കിടിയാക്കിയതു പോലെ, ഇനി അടുത്ത ചിത്രത്തില്‍ മുകേഷ് ഖന്ന മോഹന്‍ലാലിന്റെയും ഡ്രൈവറായി വരുമോ എന്നേ അറിയാനുള്ളൂ.

ചിത്രത്തെ വസ്തുനിഷ്ഠമായി വിലയിരുത്താന്‍ ശ്രമിക്കുന്നത് വൃഥാ വ്യായാമമാണ്. അത്രയും അസംബന്ധ പെരുമഴയാണു ചിത്രത്തില്‍. അയ്യപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ തന്നെ കഴിഞ്ഞ ദശകത്തിലെ മിമിക്രി സിനിമകളുടെ മുഖമുദ്രയായിരുന്ന ദ്വയാര്‍ത്ഥ അശ്ലീല ഹാസ്യം പെട്ടിതുറക്കുന്നു. ജോയ് മാത്യൂവിന്റെ കഥാപാത്രത്തിന്റെ ആദ്യ ഹിന്ദി ഡയലോഗ് തന്നെ ഗ്രാമര്‍ തെറ്റുന്നു. പഴയ പള്ളിക്കൂട ഭാഷയില്‍ പറഞ്ഞാല്‍ ‘തും’ കര്‍ത്താവായി വരുന്നേടത്ത് ‘ഹോ’ ചേര്‍ക്കേണ്ടതിനു പകരം ‘ഹേ’ ചേര്‍ക്കുകയെന്ന ഗൗരവമായ തെറ്റ്. എന്തായാലും തുടര്‍ന്നുള്ള ഡയലോഗുകളില്‍ ഈ വക പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. മുംബൈ അധോലോകക്കാര്‍ ശേഖരന്‍കുട്ടിയുടെ വീടാക്രമിക്കുന്ന സീനില്‍, അവര്‍ ചുമ്മാ തോക്കെടുത്ത് വീടിനു നേരെ തുരുതുരാ വെടിവക്കുകയാണ്. അവര്‍ കൊല്ലാന്‍ വന്നത് വീടിനെയാണോ അതോ വീട്ടിലുള്ളവരെയാണോ എന്നു കാണികള്‍ ചിന്തിച്ചു പോകുന്നു. ഒടുവില്‍ പോലീസെത്തുമ്പോള്‍ അവര്‍ ഓടിക്കളയുന്നു. ഇവര്‍ ഈ രീതിയിലാണ് അധോലോകക്കച്ചവടം നടത്തിയിരുന്നതെങ്കില്‍ ഇവരൊക്കെ എങ്ങനെ ‘ഡോണ്‍’ ആയി എന്നു തീര്‍ച്ചയായും സംശയിച്ചു പോകും.

കേന്ദ്ര മന്ത്രിമാരുള്‍പ്പെടെയുള്ള വി.ഐ.പികള്‍ പങ്കെടുക്കുന്ന ചീഫ് സെക്രട്ടറിയുടെ മകളുടെ വിവാഹച്ചടങ്ങിന് ‘മിലിട്ടറി സെക്യൂരിറ്റിയാണെന്നു’ ജോയ് മാത്യൂവിന്റെ കഥാപാത്രം പറയുന്നു. അതെന്താണപ്പാ ഈ മിലിട്ടറി സെക്യൂരിറ്റി? കാണികളുടെ അറിവിനെ കുറച്ചുകാണുന്നതിന്റെ തകരാറോ, അതോ തിരക്കഥാകൃത്തിന്റെ വിവരമില്ലായ്മയുടെ ലക്ഷണമോ? ചീഫ് സെക്രട്ടറിയെ വധിക്കാന്‍ വന്ന പ്രൊഫഷണല്‍ കില്ലറെ, അതും ദൂരെ നിന്നു വെടിവക്കാന്‍ തയ്യാറെടുക്കുന്ന സ്‌നൈപ്പറെ (sniper) തിരിച്ചു കത്തിയെറിഞ്ഞു വീഴ്ത്തുന്നു രാജ. അതിമാനുഷരായ രാജമാരുണ്ടെങ്കില്‍ പാവം സ്‌നൈപ്പര്‍മാര്‍ക്കും രക്ഷയില്ല. സിനിമയിലെ പാട്ടുകള്‍ക്കും അവയുടെ ചിത്രീകരണത്തിനും നേഴ്‌സറി നിലവാരം മാത്രം. നമ്മുടെ കോളേജ് യുവജനോത്സവങ്ങളില്‍ കാണാം ഇതിലും മികച്ച നൃത്തരംഗങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍ മമ്മൂട്ടിയുടെ ആരാധകരുടെ ബുദ്ധി നിലവാരത്തെ തിരക്കഥാകൃത്ത് വളരെ കുറച്ചു കണ്ടു. സൂപ്പര്‍ താരത്തെ മുന്നില്‍ നിര്‍ത്തി എന്ത് അസംബന്ധവും മസാല ചേര്‍ത്ത് അവതരിപ്പിച്ചാല്‍ ചെലവാകും എന്നൊരു ആത്മവിശ്വാസം.

ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ അതിന്റെ പരമദരിദ്രമായ തിരക്കഥയാണ്. ഇതേ പ്രമേയം തന്നെ കുറേക്കൂടി വിശ്വസനീയമായും ബുദ്ധിയുള്ള പ്രേക്ഷനേക്കൂടി തൃപ്തിപ്പെടുത്തുന്ന തരത്തിലുമാക്കാന്‍ പ്രതിഭയുള്ള ഒരു തിരക്കഥാകൃത്തിനു സാധിച്ചേനെ. മമ്മൂട്ടിക്ക് ഈ സിനിമയില്‍ അഭിനയം എന്നൊരു പണിയേ ചെയ്യാനില്ല. സിനിമയിലുടനീളം മമ്മൂട്ടിയുടെ സ്ഥായിയായ ഭാവം നിര്‍വികാരതയാണ്, അതേ തിരക്കഥ ആവശ്യപ്പെടുന്നുള്ളൂ. സംഭാഷണം പലയിടത്തും ശരാശരി നിലവാരം പോലും പുലര്‍ത്തുന്നില്ല. ‘എനിക്കൊരു ജീവിതം തന്നതു സാറാണെന്നു’ ചീഫ് സെക്രട്ടറിയോട് മമ്മൂട്ടിയേക്കൊണ്ട് ആവര്‍ത്തിച്ചു പറയിപ്പിക്കുമ്പോള്‍ ആരാധകര്‍ക്കു പോലും അസ്വസ്ഥത തോന്നുന്നുണ്ട്.

എഴുപതുകള്‍ മുതല്‍ കാല്‍ നൂറ്റാണ്ടോളം ഭാരതത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളും ഉന്നതമായ ആസ്വാദന നിലവാരവും സൃഷ്ടിച്ച മലയാളം ഇന്ന് ഇങ്ങനെ താര മത്സരത്തില്‍ ആരാധകര്‍ ചേരിതിരിഞ്ഞ് നിലവമില്ലാത്ത സൃഷ്ടികള്‍ വിജയിപ്പിച്ചു വിടുന്നതു കാണുമ്പോള്‍ ദുഃഖമുണ്ട്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റേയും ആരാധകര്‍ തമ്മിലുള്ള കിടമത്സരം മാത്രമാണ് ഇരുവരുടേയും ഇത്തരം അസംബന്ധ സിനിമകള്‍ വിജയിപ്പിക്കുന്നത്.

You May Also Like

ഇന്ത്യയിലെ ആദ്യ സ്റ്റീരിയോ സംഗീതത്തിന് 53 വയസ്

എഴുതിയത് : അജിത് കളമശേരി മലയാളത്തിൽ. 53 വർഷം മുൻപ് പെയ്തിറങ്ങിയ ഇന്ത്യയിലെ ‘ ആദ്യ…

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫേസ്ബുക്കിലെ വ്യാജഗ്രൂപ്പ് വൈറലാകുന്നു – പ്രവാസി മലയാളികളെന്നു സൂചന !!!

ഇന്ന് ഒറിജിനുകളോളം അല്ലെങ്കില്‍ അവരെക്കാള്‍ കൂടുതല്‍ ഫേക്കന്മാര്‍ അരങ്ങു വാഴുന്ന വിഹാര ഭൂമിയാണ് ഫേസ് ബുക്ക്. ഒരു മുഖം മൂടി ഇട്ടു കഴിഞ്ഞാല്‍ എന്തും പറയാം എന്നാ ധൈര്യം പകരുന്ന ഈ ഫേക്ക് ഐഡികള്‍ ഫേസ് ബുക്ക് എന്ന വലിയ സ്റ്റേജില്‍ സഭാകമ്പം എന്ന വലിയ കടമ്പ കടക്കുന്നു.

കടം കോടികളായി , രജനികാന്തിന്റെ സ്വത്ത്ജപ്തി ചെയ്യുന്നു

മീഡിയവണ്‍ ഗ്‌ളോബല്‍ എന്റര്‍ടെയ്ന്‍മെന്റ് എന്ന സ്വാകാര്യ നിര്‍മാണ കമ്പനി രജനീകാന്തിന്റെ ഭാര്യ ലത രജനീകാന്തിനെ ജാമ്യം നിര്‍ത്തിയെടുത്ത 22.21 കോടി രൂപ തിരിച്ചടയ്ക്കാത്ത സാഹചര്യത്തിലാണ് ബാങ്ക് ലേലത്തിനൊരുങ്ങുന്നത്.

മരണപ്പെട്ടവര്‍ക്ക് ഫേസ്ബുക്കില്‍ ശാപമോക്ഷം കിട്ടുന്നു

നമ്മള്‍ പല ഫേസ്ബുക്ക് ഉപഭോക്താക്കളും മരിച്ചാലും പലരുടെ പ്രൊഫൈല്‍ പഴയ രൂപത്തില്‍ തന്നെ നില്‍ക്കുന്നത് കാണാം. ഇങ്ങനെ പ്രേതങ്ങളായി ലക്ഷക്കണക്കിന് പ്രൊഫൈലുകള്‍ ആണ് ഫേസ്ബുക്കില്‍ ഇപ്പോള്‍ അലയുന്നത്. ഇവര്‍ക്കൊക്കെ ശാപമോക്ഷം നല്‍കുവാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു. ഇങ്ങനെ മരിച്ചവരുടെ പ്രൊഫൈലുകള്‍ ഹോള്‍ഡ്‌ ചെയ്തു വെക്കുവാനുള്ള സംവിധാനം ഫേസ്ബുക്ക് ഒരുക്കുന്നു എന്നാണ് വാര്‍ത്ത. അങ്ങിനെ ആകുമ്പോള്‍ അത്തരക്കാരുടെ പ്രൊഫൈലില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സാധിക്കും.