രാമര്‍ പെട്രോളിലെ നഗ്നസത്യങ്ങള്‍

  ramar_020819പെടോളിനും ഡീസലിനും വിലകൂടുന്ന ഈ സാഹചര്യത്തില്‍, ഇന്ധനം എന്നത് കിട്ടാക്കനിയായിമാറുമോ എന്ന പേടിയിലാണ് ആധുനികജനത. ശാസ്ത്രം എത്രപുരോഗമിച്ചാലും പെട്രോളിയം പ്രൊഡക്ടിനെ മറികടക്കാന്‍ ഇന്നുവരെ യാതൊരു ഇന്ധനവും വിപണിയിലെത്തിയിട്ടില്ല. അതിനാല്‍തന്നെ രാമര്‍ പെട്രോള്‍ പോലൊരു സംഭവം, അതും വെറുമൊരു കോടമ്പാക്കത്തുകാരന്‍, യാതൊരു ശാസ്ത്രീയപിന്‍ബലവുമില്ലാത്ത, ഉന്നതവിദ്യാഭ്യാസമില്ലാത്ത, വെറുമൊരു സാധാരണക്കാരന്‍ കണ്ടുപിടിച്ചു എന്നുപറയുമ്പോള്‍തന്നെ ചെറിയൊരു കല്ലുകടി ആര്‍ക്കും അനുഭവപ്പെടാം. ബഹുരാഷ്ട്രകുത്തകകമ്പനികള്‍ ഹൃദയമിടിപ്പോടെ കേട്ട ആ വാര്‍ത്ത പൊള്ളയായിരുന്നു എന്ന് ശാസ്ത്രലോകം പറയുമ്പോളും, തികഞ്ഞ ആത്മവിശ്വാസത്തോടെ രാമര്‍ പിള്ള എന്നയാല്‍ പറയുന്നു, ഇത് പെട്രോളല്ല, പകരം പെട്രോളോ, പെട്രോളിയം ഉല്‍പ്പന്നങ്ങളോ ഉപയോഗിക്കുന്നതുപോലെ എല്ലാ വാഹനങ്ങളിലും മറ്റും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ബയോഫ്യുവലാണ്.

  പച്ചില ഉപയോഗിച്ച് വെള്ളം പെട്രോളാക്കുന്ന വിദ്യ രാമര്‍ കണ്ടുപിടിച്ചത് 14 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഇടയംകുളം കോളനിയിലെ ഏക കോണ്‍ക്രീറ്റ് വീടിന്റെ ഭൂഗര്‍ഭ അറയിലെ നാലുമീറ്റര്‍ നീളവും രണ്ടര മീറ്റര്‍ വീതിയിലുമുള്ള രഹസ്യമുറിയില്‍ ഒരു സ്റ്റൗവും ഇരുമ്പുകുഴലുകളുമുപയോഗിച്ച് രാമര്‍ ലോകത്തെ ഞെട്ടിച്ചത് 1992 നവംബര്‍ 20നാണ്. ‘തരാശു’ എന്ന തമിഴ് വീക്ക്‌ലിയിലെ എഴുത്തുകാരന്‍ പിന്നെ സ്വയം വാര്‍ത്തയായി. കരിമ്പിന്‍ പാടങ്ങളും പരുത്തിച്ചെടികളും വിളഞ്ഞ ഇടയംകുളത്തേയ്ക്ക് ബി.ബി.സി. പോലുമെത്തി. രാമര്‍ പശ്ചിമഘട്ടവും കടന്ന് വളര്‍ന്നു.ഇടത്തേ കവിളിനരികെ വലിയ മറുകും ഗൂര്‍ഖയുടെ ഛായയുമുള്ള ഒരു ചെറുപ്പുക്കാരന്‍ രാജപാളയത്തുകാരനായിരുന്നു, തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയിലുള്ള ആണ്ടാര്‍ കോവില്‍ ഗോപുരം സ്ഥിതി ചെയ്യുന്ന ഇടയംകുളം എന്ന കുഗ്രാമത്തിലുള്ളവന്‍. പെട്ടെന്നൊരുനാള്‍ ലോകത്തിനു മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളെപ്പോലെയായി അയാള്‍. എണ്ണയുടെ അക്ഷയഖനി. പച്ചില പെട്രോളിലൂടെ രാമര്‍പിള്ള ഉണ്ടാക്കിയ മൈലേജ് മഹത്തായ കണ്ടുപിടിത്തങ്ങളുടെയത്രയും വലിപ്പമുള്ളതായിരുന്നു.

  5989 herbal fuel

  1992 ല്‍ പച്ചിലയില്‍നിന്നും പെട്രോളിന് സമാനമായ ഇന്ധനം ഉണ്ടാക്കി എന്ന അവകാശവാദവുമായി എത്തിയ രാമര്‍, ഒരിടവേളക്കു ശേഷം 2006 ഇല്‍ വീണ്ടും ലോകജനതക്കുമുന്നിലെത്തി. 2006 ഡിസംബര്‍ 31 നകം തന്‍റെ കണ്ടെത്തലുകള്‍ അംഗീകരിച്ചില്ലെങ്കില്‍ ആത്മാഹുതി ചെയ്യും എന്ന ഭീഷണിയോടെ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിക്കും ,കേന്ദ്ര ധന മന്ത്രി ചിദംബരത്തിനും കത്തെഴുതിയിരിക്കുകയാണ് എന്നാണ് അന്ന് പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആത്മഹത്യചെയ്യാനുള്ള പേടികൊണ്ടോ, അതോ തന്‍റെ കണ്ടുപിടുത്തം ലോകം ഒരിക്കല്‍ അംഗീകരിക്കും എന്ന ആത്മവിശ്വാസംകൊണ്ടോ എന്നറിയില്ല രാമര്‍ ആത്മഹത്യ ചെയ്തില്ല, പകരം തന്‍റെ പരീക്ഷണങ്ങളില്‍ വ്യാപൃതനായി മാധമങ്ങളില്‍നിന്നും അകന്നുകഴിഞ്ഞു.

  ramar pillai petrol 5 21 06 2012 005 039

  പിന്നീട് 2000ല്‍ കേള്‍ക്കുന്നത്, രാമര്‍ പിള്ള ഉണ്ടാക്കിയ പച്ചിലപെട്രോള്‍ വെറും രാസമിശ്രിതമാണെന്നും, അതിനു യാതൊരു ശാസ്ത്രീയഅടിത്തറയുമില്ലെന്നും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗെഷന്‍ കണ്ടുപിടിച്ച് രാമറിനെ അറസ്റ്റ്ചെയ്തെന്നുമാണ്. വിപണിയില്‍ ലഭ്യമായചിലതരം രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ പച്ചിലപെട്രോള്‍ എന്ന മിശ്രിതം രാസപരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയും, പെട്രോളോ, അതിനു സമാനമായ ദ്രാവകമോ അല്ലെന്നുതെളിയിക്കപ്പെടുകയും ചെയ്തു. ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി ശാസ്ത്രീയ അപഗ്രഥനത്തിനുശേഷം പറഞ്ഞ കാര്യങ്ങള്‍ ഇവയായിരുന്നു. യഥാര്‍ത്ഥപെട്രോളുമായോ പെട്രോളിയം പ്രൊഡകറ്റ്മായോ ഇതിനുയാതൊരു ബന്ധവുമില്ല, പച്ചിലപെട്രോള്‍ എന്ന ദ്രാവകത്തിന് പെട്രോളിന്‍റെ സവിശേഷതകള്‍ ഒന്നുമില്ല, നമുക്ക് ലഭിക്കുന്ന പെട്രോള്‍ സാധാരണഗതിയില്‍ കൃത്രിമമായി നിര്‍മ്മിക്കാന്‍ കഴിയില്ല.

  ഇതില്‍നിന്നും ഒരുകാര്യം വ്യക്തമാണ്. ഒന്നുകില്‍ ബഹുരാഷ്ട്രകുത്തകകമ്പനികള്‍ ഇത്തരമൊരു ഇന്ധനം വിപണിയിലിറക്കാന്‍ രാമറിനെപോലൊരു സാധാരണക്കാരനെ അനുവദിക്കില്ല, അല്ലെങ്കില്‍ രാമര്‍ പറയുന്ന പച്ചിലപെട്രോള്‍ എന്ന ഇന്ധനം ശുദ്ധതട്ടിപ്പാണ്. എന്തായാലും നമ്മളെപ്പോലെയുള്ള സാധാരണക്കാരന്‍ മാസാമാസം ഇന്ധനവില എത്രകൂടിയാലും വാങ്ങാനും ഉപഗോഗിക്കാനും നിര്‍ബന്ധിതനാകുന്നു. ഇനിയും ഇതെത്രകാലം എന്നകാര്യം മാത്രം നമ്മളെ അറിയാതെ ഞെട്ടിക്കുന്നു എന്നതാണ് ദുഃഖസത്യം.