രോമ മഹാത്മ്യം – ചെറു കഥ

305

01

രോമത്തിനു വെക്തിജീവിതതിലും കുടുംബ ജീവിതത്തിലുമുള്ള സ്ഥാനം എത്രയെന്നു ഞാന്‍ അറിഞ്ഞത് വര്‍ഷങ്ങള്‍ക്കുമുന്‍പ് എന്റെ ബിരുദ കാലഘട്ടത്തിലാണ് ഇതാ രോമത്തെപറ്റിയുള്ള ഒരു ചെറുകഥ..

രോമ മഹാത്മ്യം……’

അയാള്‍ അങ്ങനെ ഏറെ നേരം കണ്ണാടിയിലേക്ക് നോക്കി നിന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു മൂകത അയാളെ ഭരിച്ചുകൊണ്ടിരുന്നു. ഒരു തീരുമാനം എടുക്കാന്‍ കഴിയാതെ പതപ്പിച്ചുവെച്ച സോപ്പ് അയാളുടെ നീണ്ട താടിരോമങ്ങളില്‍ ഉണങ്ങികൊണ്ടിരുന്നു. അയാള്‍ തന്റെ കൈകള്‍കൊണ്ട് ഇടതൂര്‍ന്നു പനങ്കുലപോലെ കിടക്കുന്ന, ഇടക്ക് വെള്ളികെട്ടിയപോലുള്ള നനുത്ത താടിരോമങ്ങളില്‍ കൈയ്യോടിച്ചുകൊണ്ടിരുന്നു, മേല്‍ച്ചുണ്ടു മറച്ച് ഒഴുകികിടക്കുന്ന മീശ. അയാളുടെ ഓര്‍മ്മകള്‍ അല്‍പ്പം പുറകോട്ടു നീണ്ടു.

‘എന്റെ അത്രയും പോലും മീശ നിനക്കില്ലോടാ ചെക്കാ’ ഈ ചോദ്യത്തിന് വര്‍ഷങ്ങള്‍ നീണ്ട പഴക്കം ഉണ്ട്.

പ്രണയം തന്റെ മനസ്സില്‍ കറുപ്പ് വീഴ്ത്തിയ കാലംമുതല്‍ തുടങ്ങിയ പ്രതികാരനടപടിയുടെ ഭാഗമാണ് ഇന്നു ഇടതൂര്‍ന്നു കിടക്കുന്ന ഈ താടിരോമങ്ങള്‍. വര്‍ഷങ്ങള്‍ പലതും കൊഴിഞ്ഞു പോയെങ്കിലും പ്രതികാരത്തിനോപ്പം താടിയും വളര്‍ന്നുകൊണ്ടേയിരുന്നു. വര്‍ഷം എത്രയായി എന്നെ കെട്ടിയപ്പോള്‍ മുതല്‍ പറയുന്നതാ ഈ നശിച്ച താടിയും മീശയും ഒന്ന് വടിക്കാന്‍, ഒരു താടീം മീശേം വന്നിരിക്കുന്നു ലോകത്ത് മറ്റാര്‍ക്കും ഇതൊന്നും ഇല്ലാത്ത പോലെ. ഹും.. നാശം എത്ര ജോലിയാണ് നിങ്ങടെ ഈ കോപ്രായം കൊണ്ട് പോയിരിക്കുന്നത് ‘ താടി അടുപ്പത്തിട്ടാല്‍ അരിയാകില്ല’. ഒരു താടി മഹാത്മ്യം……

പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ മുതല്‍ തുടങ്ങിയ പുലമ്പലാണ് താടി അടുപ്പത്തിട്ടാല്‍ അരിയാകില്ലപോലും. പഴയ ഡയലോഗ് ഒന്നു മാറ്റി പിടിക്കെടി എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും മിണ്ടിയില്ല എന്തിനാണു വെറുതെ ചൊറി മാന്തി കുഷ്ടം വരുത്തുന്നത്. അവള്‍ തുടര്‍ന്നു.. അതെങ്ങനെയാ ഉറക്കത്തില്‍ താടി മുറിക്കാന്‍ ശ്രമിച്ച അപ്പനെതിരെ കേസ് കൊടുത്ത ആളല്ലേ. എന്നിട്ടു നഷ്ടപരിഹാരം കിട്ടിയോ?…ത്പൂ …പരിഹാസം മാത്രം ബാക്കി. എന്റെ വള്ളിയൂര്‍ക്കാവിലമ്മേ ഇയാള്‍ക്ക് നല്ല ബുദ്ധി കൊടുക്കണേ.. പുലര്‍കാലത്ത് തന്നെയുള്ള ഈ കലിതുള്ളല്‍ കേട്ട് അയാള്‍ ഉളളില്‍ ചിലത് ഓര്‍ത്തു ചിരിച്ചു.

കഴിഞ്ഞ ദിവസത്തെ ഇന്റര്‍വ്യൂവിനു ശേഷം പഴയ പട്ടാളക്കാരനായ സി ഇ ഒ യുടെ മറുപടി. വെല്‍ മിസ്റ്റര്‍ സുരേഷ് താങ്കള്‍ക്ക് താല്പര്യമെങ്കില്‍ നാളെത്തന്നെ ജോയിന്‍ ചയ്തുകൊള്ളൂ. ഞങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ കഴിവുകളും നിങ്ങള്‍ക്കുണ്ട് പക്ഷെ… നിങ്ങളുടെ ഈ താടിരോമങ്ങള്‍ നിര്‍മാര്‍ജെനം ചെയ്യുന്നതില്‍ തെറ്റില്ലലോ? മറ്റൊന്നുമല്ല അത് ഞങ്ങളുടെ കമ്പനിയുടെ പോളിസിയുടെ ഭാഗമാണ്.

കാച്ചിയ എണ്ണയുടെയും, വാസനസോപ്പിന്റെയും മണം രാത്രിഉറങ്ങാന്‍ കിടക്കവേ എന്റെ നാസികയില്‍ തുളഞ്ഞു കയറി. അവള്‍ മെല്ലെ എന്റെ അടുത്തുവന്നു കിടന്നു, ഒരിക്കലും കാണിക്കാത്ത അത്ര അവളുടെ സ്‌നേഹത്തില്‍ ഞാന്‍ വശ്യതപ്പെട്ടുപോയി. ഇന്റര്‍വ്യൂവിന്റെയും, സി ഇ ഒ യുടെ വാക്കുകളും ഞാന്‍ അറിയാതെ അവള്‍ എന്നില്‍നിന്നു ചോര്‍ത്തിയെടുത്തു. അടുക്കളയില്‍ എന്തോ കരിഞ്ഞു മണക്കുന്നു ഞാന്‍ ഇപ്പോള്‍ വരാം അവള്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റു നടന്നകന്നു. ഏറെകാലംകൂടി എന്നില്‍ ഉണര്‍ന്ന എന്റെ പുരുഷത്വം കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെയായി ഞാന്‍ തിരിഞ്ഞു കിടന്നു ഉറങ്ങാന്‍ ശ്രമിച്ചു. പെട്ടന്ന് എന്തോ ശബ്ദം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി.

വാസുവേട്ടന്റെ കടയടച്ചു, പിന്നെ ഞാന്‍ ജോണീടെ വീട്ടില്‍ നിന്നും ഒരു ബ്ലേഡ് വയ്പ്പ മേടിച്ചു. നാളെയങ്ങു തിരിച്ചു കൊടുക്കാമല്ലോ?ഒരു വഴക്ക് ഉണ്ടാക്കാന്‍ താല്‍പര്യം ഇല്ലാത്തതിനാല്‍ ഞാന്‍ തിരിഞ്ഞു കിടന്നു ഉറങ്ങാന്‍ വീണ്ടും ശ്രമിച്ചു. മുറിയിലെ ലൈറ്റ് അണഞ്ഞു അരണ്ട നീല വെളിച്ചം മുറിയിലെങ്ങും നിറഞ്ഞു കാച്ചിയ എണ്ണയുടെയും, വാസനസോപ്പിന്റെയും മണം എന്നില്‍ പുതയാന്‍ തുടങ്ങി അവളുടെ കരതലം എന്റെ മാറിടത്തിലൂടെ ചുറ്റി എന്നെ വരിഞ്ഞു മുറുക്കി, അവളുടെ നിശ്വാസം എന്റെ കര്‍ണപാളികളിലൂടെ ഒഴുകിയിറങ്ങി അവളുടെ അലസമായ മുടിയിഴകള്‍ എന്റെ മുഖത്തെ മറച്ചു അരണ്ട നീല വെളിച്ചത്തില്‍ വിറയ്ക്കുന്ന അവളുടെ പവിഴാധരങ്ങള്‍ എന്റെ മുഖത്തിനോടടുത്തു പിന്നെ പതിയെ പതിയെ അവള്‍ എന്റെ ചെവിയില്‍ മന്ത്രിച്ചു.

എന്റെ പൊന്നല്ലേ നമ്മുടെ കഷ്ടപ്പാട് എല്ലാം മാറത്തില്ലേ. എത്ര കാലം എന്നുവെച്ചാ നമ്മള്‍ ഇങ്ങനെ കഴിയുന്നത് എല്ലാവരെയും പോലെ നമുക്കും നന്നായി ജീവിക്കണ്ടേ …?അതിന് ഈ വെറും രോമങ്ങള്‍ തടസമാണെങ്കില്‍, എന്നോട് സ്‌നേഹം ഉണ്ടെങ്കില്‍ അത് വടിച്ചു കളഞ്ഞേക്ക്. പിന്നെ സ്വതസിദ്ധമായ കള്ളപിണക്കം നടിച്ചു അവള്‍ തിരിഞ്ഞു കിടന്നു ഉറങ്ങി. ഞാനും ചിലതൊക്കെ ചിന്തിച്ചു കിടന്നുറങ്ങി.

നിങ്ങള്‍ എന്തോ സ്വപ്നം കാണുവാ മനുഷ്യാ.. ഈ സോപ്പും മുഖത്ത് തേച്ചു വെച്ചിട്ട് ഒന്ന് വടിച്ചേച്ചും വാ….

അവള്‍ തുടര്‍ന്ന്‌കൊണ്ടേയിരുന്നു. എന്റെ മുഖത്തേക്ക് വെള്ളതുള്ളികളും അപ്പോള്‍ ജനല്‍പടിയിലിരുന്ന ജോണീടെ ബ്ലേഡ് തിളങ്ങുന്നുണ്ടായിരുന്നു.