ബണ്ടി ചോറിന്റെ വീര കഥകളാണ് ഇപ്പോള്‍ കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. പൊടിപ്പും തൊങ്ങലും വെച്ചുള്ള ഇത്തരം കഥകള്‍ ജനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നു ചിന്തിക്കാതെയാണു മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചു വിടുന്നത്. വാര്‍ത്താ മാധ്യമങ്ങളില്‍ മാത്രമല്ല, നമ്മുടെ മലയാള സിനിമകളിലും ഇത്തരം കള്ളന്മാരെ വീര പുരുഷന്മാരാക്കി ചിത്രീകരിച്ചിരിക്കുന്നതു കാണാം. അങ്ങനെയുള്ള ചില സിനിമകളെ പറ്റി നമുക്കു നോക്കം.
മീശമാധവന് : ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് മീശമാധവന്.,ചേക്ക് എന്ന ഗ്രാമത്തിലെ നന്മ നിറഞ്ഞ ഒരു കള്ളന്റെ (മാധവന് ) വേഷമാണു ദിലീപ് ഇതില്‍ ചെയ്തിരിക്കുന്നത്. ബാര്‍ട്ടര്‍ സമ്പ്രദായത്തിലെന്ന പോലെ ഒരു വീട്ടില്‍ നിന്നു കട്ടെടുക്കുന്ന സാധനങ്ങള്‍ മറ്റൊരു വീട്ടില്‍ കൊടുക്കുകയും, തിരിച്ചു പോരും വഴി അവിടെയുള്ള സാധങ്ങള്‍ മോഷ്ടിക്കുകയും ചെയ്യുന്ന കഥാപാത്രം. കള്ളനാണെന്നറിഞ്ഞിട്ടും പോലും നാട്ടുകാര്‍ക്ക് മാധവനെ വലിയ ഇഷ്ടമാണ്. പുതിയതായി ചാര്‍ജെടുത്ത എസ്.ഐ ഈപ്പന് പാപ്പച്ചി എത്തുന്നതോടെയാണ് കഥാഗതിയില്‍ കാര്യമായ മാറ്റം സംഭവിക്കുന്നത്. ചേക്കിലെ ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോകുന്നതോടെ നാട്ടുകാര്‍ മുഴുവന്‍ മാധവനാണ് കള്ളന് എന്നുറപ്പിക്കുന്നു. അവസാനം കൂട്ടുകാരന്റെ സഹായത്തോടെ തന്റെ നിരപരാധിത്വം തെളിയിക്കുന്നതോടു കൂടി ചിത്രം അവസാനിക്കുന്നു.
റോബിന് ഹുഡ്: ജോഷി സംവിധാനം ചെയ്ത് സച്ചിസേതുവിന്റെ തിരക്കഥയില്‍ 2009 ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് റോബിന് ഹുഡ്. പൃഥ്വിരാജാണു വ്യാജ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ATM-ല്‍ നിന്നും പണം മോഷ്ടിക്കുന്നതില്‍ വിദഗ്ദനായ വെങ്കി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വെങ്കിയുടെ എല്ലാ മോഷണശ്രമങ്ങളും നന്ദകുമാര്‍ മേനോന് (ബിജു മേനോന് ) എം ഡിയായ ഇമ്പീരിയല്‍ ബാങ്ക് ഓഫ് ഇന്‍ഡ്യാ ബാങ്കിനെ ലക്ഷ്യം വെച്ചായിരുന്നു. ഒടുവില്‍ വെങ്കി പിടിക്കപ്പെടുകയും അയാളുടെ മോഷണങ്ങള്‍ക്കു പിന്നില്‍ സ്വാര്‍ത്ഥമായ താല്പര്യങ്ങള്ക്കപ്പുറം മറ്റ് ചില ലക്ഷ്യങ്ങള്‍ കൂടി ഉണ്ടായിരുന്നുവെന്നു വെളിവാക്കപ്പെടുകയും ചെയ്യുന്നു.
ക്രേസി ഗോപാലന് : ദീപു കരുണാകരന്റെ സംവിധാനത്തില്‍ ദിലീപ് പ്രധാനവേഷത്തില്‍ അഭിനയിച്ച് 2008ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ക്രേസി ഗോപാലന് . ചെറുകിട കള്ളനായ ഗോപാലന് (ദിലീപ്) എന്തെങ്കിലും വന്‍കിട പ്രവര്‍ത്തനം ചെയ്ത് പണമുണ്ടാക്കാഗ്രഹമുണ്ട്. ഗോപാലനും കുട്ടുകാരനായ ലക്ഷ്മണനും(സലീം കുമാര്‍ ) വന്‍കിട ബിസിനസ്സുകാരനായ ബാബു ജോണിന്റെ (മനോജ് കെ. ജയന്) തട്ടിപ്പില്‍ കുടുങ്ങുകയും , പിന്നീട് അതില്‍ നിന്നു രക്ഷപ്പെടുന്നതുമാണ് കഥ.
ഗുലുമാല് : വി കെ പ്രകാശ് സംവിധാനം ചെയ്ത ഗുലുമാലില്‍ ജയസൂര്യയും കുഞ്ചാക്കോ ബോബനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചില തട്ടിപ്പുകളുമായി ജീവിക്കുന്ന ജിജോ (ജയസൂര്യ) ഇതേ പരിപാടികളുമായി നടക്കുന്ന രവിവര്‍മ്മ (കുഞ്ചാക്കോ ബോബന്) എന്നയാളുമായി പരിചയപ്പെടുകയും തുടര്‍ന്ന് രണ്ടുപേരും ചേര്‍ന്ന് ചില വമ്പന്‍ തട്ടിപ്പുകള്‍ നടത്തുന്നതുമാണ് കഥ.