റംസാന്‍ വൃതം; നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

  321

  new1

  റംസാന്‍ വ്രതശുദ്ധിയുടെ അവസരമാണ്. ഈ അവസരത്തില്‍ ഭക്ഷണവും വെള്ളവും ഉപേക്ഷിയ്ക്കുന്നതു കൊണ്ടു മാത്രം കാര്യമില്ല. മനസും ശരീരവും ചിന്തകളുമെല്ലാം വിശുദ്ധമാക്കി വയ്ക്കുകയും വേണം.

  തെറ്റായ ചിന്തകളോടെ സ്ത്രീ പുരുഷനെയും പുരുഷന്‍ സ്ത്രീയേയും നോക്കരുത്. ഇത് നിങ്ങളുടെ മനസില്‍ നിങ്ങളറിയാതെ തന്നെ പാപചിന്ത നിറയ്ക്കും.

  വഴക്കു കൂടരുത്. മറ്റുള്ളവരെ ചീത്ത പറയരുത്. മനസില്‍ പോലും. മറ്റുള്ളവര്‍ നിങ്ങളെ പ്രകോപിപ്പിച്ചാലും നിങ്ങള്‍ ശാന്തരായിരിയ്ക്കണം. വഴക്കു കൂടുന്നത് നിങ്ങളുടെ മനസിനെ സാത്താന്റെ പിടിയിലാക്കും എന്നാണ് വിശ്വാസം.

  ശരീരം കാണിയ്ക്കുന്ന വിധത്തിലുള്ള വസ്ത്രധാരണം ഒഴിവാക്കണം. സ്ത്രീകള്‍ പര്‍ദ ധരിയ്ക്കണമെന്നാണ് വിശ്വാസം. സ്ത്രീകളും പുരുഷന്മാരും വസ്ത്രധാരണത്തില്‍ ഒരുപോലെ ശ്രദ്ധിയ്ക്കണം.

  വിശന്നിരിയ്ക്കുന്നവരുടെ അവസ്ഥ മനസിലാക്കാനുള്ള ഒരു വഴി കൂടിയാണ് ഭക്ഷണം ഉപേക്ഷിയ്ക്കുന്നത്. എന്നാല്‍ പകല്‍ മുഴുവന്‍ വ്രതമെടുത്ത് രാത്രി വാരി വലിച്ചു കഴിയ്ക്കരുത്. മിതമായി മാത്രം, അതായത് വിശപ്പു മാറാന്‍ മാത്രമുള്ളതു കഴിയ്ക്കുക.

  റംസാന്‍ വ്രതാനുഷ്ഠാന കാലത്ത് ഉറക്കെ ചിരിയ്ക്കരുത്. പുഞ്ചിരിയ്ക്കുക മാത്രം ചെയ്യുക. മുഹമ്മദ് നബിയുടെ മുഖത്തുള്ളത് പുഞ്ചിരിയാണ്.

  മനസില്‍ പ്രാര്‍ത്ഥന നിറഞ്ഞ ചിന്തകള്‍ നിറയ്ക്കുക. മദ്യം, പുകവലി, കാപ്പി, ചായ ഉപയോഗങ്ങള്‍ ഒഴിവാക്കുക.

  സുഖങ്ങള്‍ ത്യജിയ്ക്കുന്ന കാലഘട്ടമാണ് വ്രതാചരണം. സിനിമകളും ടിവിയുമെല്ലാം കഴിവതും ഒഴിവാക്കേണ്ട ഘട്ടം. വ്രതകാലത്ത് ഷോപ്പിംഗ് കഴിവതും ഒഴിവാക്കുക. അത്യാവശ്യമെങ്കില്‍ മാത്രം മതിയാകും.

  മറ്റുള്ളവരെ കാണിയ്ക്കാനോ മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയോ റംസാന്‍ വ്രതാനുഷ്ഠാനം വേണ്ട. അവനവനു തോന്നി പൂര്‍ണമനസോടെ വേണം ചെയ്യാന്‍.

  മറ്റുള്ളവരെ വേദനിപ്പിയ്ക്കുന്ന പ്രവൃത്തികളോ സംസാരമോ റംസാന്‍ വ്രതാനുഷ്ഠാന സമയത്തു പ്രത്യേകിച്ചും ഒഴിവാക്കാന്‍ ശ്രദ്ധിയ്ക്കുക.