കോഴിക്കോട് വിമാനത്താവളത്തിലെ ഇന്റര്‍നാഷനല്‍ ടെര്‍മിനലില്‍ വന്നിറങ്ങുന്ന പതിനായിരക്കണക്കിന് യാത്രക്കാരെ കാത്തിരിക്കുന്ന ഒരു കക്കൂസിന്റെ ചിത്രമാണിത്. ഇന്നലെ ഫ്ലൈറ്റ് ഇറങ്ങി ബാഗ്ഗേജിനു വേണ്ടി കാത്തു നില്‍ക്കുന്നതിനിടയിലാണ് അബദ്ധവശാല്‍ ഈ ടോയ്ലെറ്റില് ഒന്ന് കേറേണ്ടി വന്നത്. രണ്ട് ടോയ്ലെറ്റുകള് ഉണ്ട്. അതിലൊന്ന് പൂട്ടിക്കിടക്കുന്നു. മറ്റൊന്ന് തുറന്ന് നോക്കി. മുടിഞ്ഞ ഗന്ധം. നോക്കുമ്പോള്‍ മുമ്പേ പോയവന്റെ ‘ബാക്കി പത്രങ്ങളൊക്കെ’ ടോയ് ലെറ്റില്‍ കിടന്ന് ഉരുണ്ട് കളിക്കുകയാണ്. ഞാനതൊന്ന് ഫ്ലഷ് ചെയ്യാന്‍ നോക്കി. ഫ്ലഷ് ചെയ്യാനുള്ള ബട്ടന് പകരം ഒരു വലിയ കുഴി കാണുന്നുണ്ട്. ആ ശ്രമം വിഫലമായി. തൊട്ടടുത്ത് പൊട്ടിപ്പൊളിഞ്ഞ ഒരു ചെറിയ ബക്കറ്റും വക്ക് പൊട്ടിയ ഒരു മഗ്ഗുമുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് വാങ്ങിയതാണെന്ന് തോന്നുന്നു. കൈകൊണ്ട് തൊടാന്‍ അറപ്പ് തോന്നുന്ന രൂപത്തിലാണ് രണ്ടും. ഞാന്‍ പെട്ടെന്ന് തന്നെ പുറത്ത് ചാടി. രണ്ടു കുട്ടികളെയും കൊണ്ട് ഒരു വിദേശ വനിത ടോയ്ലെറ്റ് ഭാഗത്തേക്ക് നടന്നു നീങ്ങുന്നത് നെഞ്ചിടിപ്പോടെ കണ്ടു.
ഇതാണ് നമ്മുടെ അവസ്ഥ. അന്താരാഷ്ട്ര ടൂറിസ്റ്റുകള്‍ അടക്കം ആയിരക്കണക്കിന് വിദേശ യാത്രക്കാര്‍ ദിവസവും വന്നിറങ്ങുന്ന ഇന്റര്‍ നാഷണല്‍ ടെര്‍മിനലിലെ സ്ഥിതി. ദുബായിലെയും സൗദിയിലെയും മറ്റു വിദേശ വിമാനത്താവലങ്ങളിലെയും ഏറ്റവും വൃത്തിയുള്ള ഇടങ്ങള്‍ അവിടങ്ങളിലെ ടോയ് ലെറ്റുകള്‍ ആണ്. അത്രയും ശ്രദ്ധയും പരിചരണവുമാണ് അവിടെ അവയ്ക്ക് ലഭിക്കപ്പെടുന്നത്. ഒരാള്‍ ഉപയോഗിച്ച് കഴിഞ്ഞ് മറ്റൊരാള്‍ കടക്കുന്നതിന് മുമ്പ് ജോലിക്കാര്‍ ഒന്ന് കൂടി വൃത്തിയാക്കും. നമ്മുടെ സെറ്റപ്പ് വെച്ച് അങ്ങിനെയൊന്നും നമുക്ക് സാധിക്കില്ല. എന്നാലും മര്യാദക്ക് വര്‍ക്ക് ചെയ്യുന്ന ഒരു ഫ്ലഷ് വെച്ചൂടെ?. പത്ത് രൂപക്ക് വാങ്ങാന്‍ കിട്ടുന്ന ഒരു മഗ് വാങ്ങിക്കൂടെ?. ഇത്തരമൊരു വൃത്തി ഹീനമായ ശൌചാലയത്തില് കാലു കുത്തുന്ന ഒരു വിദേശ യാത്രക്കാരന് നമ്മുടെ നാടിനെ പറ്റി ലഭിക്കുന്ന ആദ്യ ഇമ്പ്രഷന്‍ എന്തായിരിക്കും. ടിക്കറ്റിന് തോന്നിയ പോലെ വിലകൂട്ടി പ്രവാസികളില്‍ നിന്ന് പതിനായിരക്കണക്കിന് പിഴിഞ്ഞെടുക്കാന്‍ വലിയ ഉത്സാഹമാണ്. പക്ഷേ വന്നിറങ്ങുന്ന സ്ഥലത്തെ സ്ഥിതിയിതാണ്. കഴുത്തില്‍ വടം ചുറ്റിയതും അല്ലാത്തതുമായ നിരവധിയെണ്ണം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. ഒരെണ്ണത്തിന്റെ ശ്രദ്ധ ഇതിലൊന്നും പതിഞ്ഞ മട്ടില്ല. ഹൈ സീസണില്‍ റണ്‍വേ റിപ്പയര്‍ തീരുമാനിച്ച് വിമാനങ്ങള്‍ ഇറങ്ങുന്നത് നിര്‍ത്തി മാസങ്ങളോളം യാത്രക്കാരെ ദുരിതത്തിലാക്കാന്‍ കാണിക്കുന്ന ശുഷ്കാന്തിയുടെ പത്തിലൊന്ന് ഇത്തരം കാര്യങ്ങളില്‍ ഉണ്ടായെങ്കില്‍..