റമ്പൂട്ടാന്‍
നല്ല ഓര്‍മ്മയുണ്ട്.അവള് ആദ്യമായി സമ്മാനിച്ചത് ഒരു സോപ്പായിരുന്നു-കുളിക്കുന്ന സോപ്പ്.സ്കൂള്‍ വിട്ടു വരുന്ന വഴി,അവളുടെ വീട്ടിലേക്കുള്ള ആദ്യ തിരുവില്‍,കൂട്ടുകാരികള്‍ കാണാതെ അവളെനിക്കത് തന്നപ്പോള്‍ – ‘എന്റെ പ്രിയപ്പെട്ടവള്‍ എന്നെ പരിഹസിക്കുകയാണോ’-എന്ന് ഞാന്‍ വിചാരിച്ചു.സത്യത്തില്‍ അന്ന് ഞാന്‍ കുളിച്ചിരുന്നില്ല.അന്ന് മാത്രമാണോ -എന്ന് ചോദിച്ചാല്‍ ഞാന്‍ കുഴഞ്ഞുപോയത് തന്നെ.ഒരെഴുത്തുകാരന്,വിപ്ലവകാരി കുളിക്കില്ലെന്നും കുളിച്ചാല്‍ തന്നെ മുടി ചീകില്ലെന്നും നല്ല വസ്ത്രങ്ങള്‍ ധരിക്കരുതെന്നും ഞാന്‍ പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ കണ്ടെത്തിയിരുന്നു.അതുകൊണ്ട് തന്നെ സ്കൂളിലെ പ്രധാനിയായ ബുദ്ധിജീവിയായി ഞാന്‍ വിലസി.സുന്ദരിയായ ഇവള് പിന്നെ എങ്ങനെ എന്നെ ഇഷ്ട്ടപ്പെട്ടു – അത് വല്ലാത്തൊരു സമസ്യയാണ് ഇന്നും.
100 total views

നല്ല ഓര്‍മ്മയുണ്ട്.അവള് ആദ്യമായി സമ്മാനിച്ചത് ഒരു സോപ്പായിരുന്നു-കുളിക്കുന്ന സോപ്പ്.സ്കൂള്‍ വിട്ടു വരുന്ന വഴി,അവളുടെ വീട്ടിലേക്കുള്ള ആദ്യ തിരുവില്‍,കൂട്ടുകാരികള്‍ കാണാതെ അവളെനിക്കത് തന്നപ്പോള്‍ – ‘എന്റെ പ്രിയപ്പെട്ടവള്‍ എന്നെ പരിഹസിക്കുകയാണോ’-എന്ന് ഞാന്‍ വിചാരിച്ചു.സത്യത്തില്‍ അന്ന് ഞാന്‍ കുളിച്ചിരുന്നില്ല.അന്ന് മാത്രമാണോ -എന്ന് ചോദിച്ചാല്‍ ഞാന്‍ കുഴഞ്ഞുപോയത് തന്നെ.ഒരെഴുത്തുകാരന്,വിപ്ലവകാരി കുളിക്കില്ലെന്നും കുളിച്ചാല്‍ തന്നെ മുടി ചീകില്ലെന്നും നല്ല വസ്ത്രങ്ങള്‍ ധരിക്കരുതെന്നും ഞാന്‍ പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ കണ്ടെത്തിയിരുന്നു.അതുകൊണ്ട് തന്നെ സ്കൂളിലെ പ്രധാനിയായ ബുദ്ധിജീവിയായി ഞാന്‍ വിലസി.സുന്ദരിയായ ഇവള് പിന്നെ എങ്ങനെ എന്നെ ഇഷ്ട്ടപ്പെട്ടു – അത് വല്ലാത്തൊരു സമസ്യയാണ് ഇന്നും.
ആ സോപ്പ് എന്നെ വല്ലാതെ അലട്ടി.അവള്‍ക്കത് ഒന്ന് പൊതിഞ്ഞെങ്കിലും തരാമായിരുന്നു.ഇതിപ്പോള്‍ ആരേലും കണ്ടു കാണുമോ.?ശകുന്തളയുടെ തോഴിമാരെപോലെ രണ്ട് അലവലാതി വണ്ടുകള്‍ എപ്പോഴും അവളുടെ കൂടെ തന്നെയുണ്ട്.ആരു കണ്ടില്ലെങ്കിലും അവറ്റകള് കണ്ടിട്ടുണ്ടാകും – ഉറപ്പാണ്.സ്കൂളിലെ ബൂദ്ധിജീവി പട്ടം ചുമക്കുന്ന എന്നെ സ്വന്തം കാമുകി തന്നെ സോപ്പ് തന്ന് അപമാനിച്ച കഥ നാളെ സ്കൂളില്‍ പടര്‍ന്നാല്‍ – ഓര്‍ക്കാന്‍ കൂടി വയ്യ.പത്ത് ബി-യിലെ ദിനേശന് ഇപ്പോള്‍ കുളി കുറവാണ്.അവനെന്റെ താലം തട്ടിയെടുക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.മനസ്സില്‍ അങ്ങനെ ചിന്തകളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായി.
അടുത്ത ദിവസം.ഭൂമിശാസ്ത്രം പഠിപ്പിക്കുന്ന ശാരിക ടീച്ചര്‍ വന്നില്ല.അത്കൊണ്ട് ക്ലാസില്‍ ആകെ കോലാഹലം തന്നെ.ഞാന്‍ മാത്രം ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.പുറത്ത് പ്രത്യേകിച്ച് എന്തേലും കാണാന്‍ ഉണ്ടായിട്ടല്ല.ബുദ്ധിജീവികള്‍ ‘ആള്‍കൂട്ടത്തില്‍ തനിയെ’ എന്ന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരാണല്ലോ.ആ സമയത്താണ് പുറകിലത്തെ ബെഞ്ചില്‍ നിന്ന് ഒരു കുറിമാനം എന്റെ അടുക്കലേക്ക് വന്നു ചേര്‍ന്നത്.ഞാനത് തുറന്നു വായിച്ചു.
“സോപ്പ് ഇഷ്ടപ്പെട്ടോ..?” –ആ ദുഷ്ടയുടെ സന്ദേശമാണ്.ഞാനത് ചുരുട്ടി താഴത്തേക്കിട്ട് വീണ്ടും പുറത്തേക്ക് നോക്കിയിരിക്കല്‍ തുടര്‍ന്നു.അല്ല പിന്നെ.എന്നോടാ കളി..ഹും..!
സ്വീകര്‍ത്താവിന്റെ പ്രതികരണം ലഭിക്കാഞ്ഞത് മൂലം അധികം വൈകാതെ തന്നെ അടുത്ത കുറിപ്പെത്തി.ഞാന്‍ താല്പര്യമില്ലെങ്കിലും തുറന്ന് വായിച്ചു.
“കഴിഞ്ഞാഴ്ച മൈസൂരിലുള്ള മാമന് വന്നിരുന്നു.അപ്പോള്‍ എനിക്കു കൊണ്ട് തന്ന സോപ്പാണ്.ചന്ദനത്തിന്റെ മണമാണത്രേ.150 രൂപയാണതിന്.അത് നിനക്ക് തരാന്‍ തോന്നി.ഇഷ്ടപ്പെട്ടില്ലേ..?”
അയ്യോ..! ഈ പാവത്തിനെയാണോ ഞാന്‍ കുറച്ച് മുന്‍പ് ദുഷ്ട എന്ന് വിളിച്ചത്.അവള്‍ക്കു കിട്ടിയ ഒരു വലിയ സമ്മാനം എനിക്ക് തരാന്‍ തോന്നി.അല്ലാതെ വേറെയൊന്നും അവള് വിചാരിച്ചിട്ട് കൂടിയുണ്ടാകില്ല.ഛെ..മോശമായി പോയി..വെറുതെ ഞാനോരോന്ന് വിചാരിച്ച് അവളെ തെറ്റിധരിക്കാന്‍ പാടില്ലായിരുന്നു.പരസ്പര വിശ്വാസമാണ് യഥാര്‍ത്ഥ പ്രണയത്തിന്റെ ആണിക്കല്ലെന്ന് അന്നെനിക്കും മനസ്സിലായി.
വൈകുന്നേരം അവള് വീട്ടിലേക്ക് പോകുന്നതും നോക്കിനിന്ന്,പെട്ടെന്നു തന്നെ ഞാന്‍ എന്റെ വീട്ടിലേക്കോടി.അന്നേ വരെ അഞ്ച് രൂപകൊടുത്താല്‍ കിട്ടുന്ന ചന്ദ്രികയായിരുന്നു ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വിലകൂടിയ സോപ്പ്.പാവപ്പെട്ടവന്റെ പിയേഴ്സായി ഞാന്‍ ചന്ദ്രികയെ കണ്ടു.പക്ഷെ രമണന് ചന്ദ്രികയെ സ്നേഹിച്ചതു പോലെ എനിക്ക് കഴിയാത്തതുകൊണ്ട് കുളി ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമായി എന്നു മാത്രം.എന്നാല്‍ ഇപ്പോള്‍ എനിക്ക് സന്തോഷം നല്കുന്ന മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു.അവള് തന്ന ചന്ദനസോപ്പ് പെട്ടെന്ന് തീര്‍ക്കാന്‍ പറ്റില്ല.കാരണം അത് അമൂല്യമായ ഒരു പ്രണയോപഹാരമാകുന്നു എന്നത് തന്നെ.അത്കൊണ്ട് തന്നെ കുറേ നാള് ഉപയോഗിച്ചേ പറ്റൂ.അല്ലെങ്കില്‍ കാമുകി-കാമുക മാനിഫസ്റ്റോ ലംഘിക്കലാകില്ലേ.പറഞ്ഞു വന്നത്-ആഴ്ചയില്‍ രണ്ട് വെട്ടമുള്ള കുളി ഒന്നിലേക്ക് ചുരുക്കേണ്ടി വരും.സോപ്പ് തീരരുതല്ലോ..!പക്ഷെ ഇന്നത്തെ ദിവസം ഞാന്‍ കുളിക്കാന്‍ തന്നെ തീരുമാനിച്ചാണ് വീട്ടില്‍ വന്നു കയറിയത്.
ഇന്നലെ ഉണ്ടായ ദേഷ്യത്തിന് സോപ്പ് എവിടെയോ വലിച്ചെറിഞ്ഞതാണ്.നൂറ്റമ്പത് രൂപയുടെ സ്വര്‍ണ്ണ കട്ട വീടുമൊത്തം തിരഞ്ഞു.കിട്ടിയില്ല.അത് എവിടെ പോകാനാണ്.കുളിക്കണമെന്ന് ഇതുപോലെ ആഗ്രഹിച്ച ഒരു ദിവസം മുന്‍പ് ഉണ്ടായിട്ടില്ല.അത്യാഗ്രഹം നന്നല്ല -എന്ന് നാലാം ക്ലാസില്‍ ജോസഫ് സാര്‍ പഠിപ്പിച്ചത് ഓര്‍ത്തു.പക്ഷെ സോപ്പ് മാത്രം കിട്ടിയില്ല..!
എന്റെ പ്രാണന്റെ പ്രാണനായ മൈസൂര്‍ ചന്ദന സോപ്പെ നീ എവിടെയാണ്..!
ഇവിടെ കഥയുടെ ആദ്യത്തെ ഫ്ളാഷ്ബാക്ക് അവസാനിക്കുന്നു.
വീണ്ടും ഒരു പ്രഭാതം.കഴിഞ്ഞ എട്ടു വര്‍ഷമായി അവളെനിക്ക് പലതരം സമ്മാനങ്ങള്‍ തന്നുകൊണ്ടിരുന്നു.പക്ഷെ ആദ്യത്തെ സമ്മാനം പോലെ എനിക്കേറെ പ്രിയം തോന്നിയത് പോയ വര്‍ഷം തമ്മില്‍ കണ്ടപ്പോള്‍ എനിക്ക് തന്ന ഒരപൂര്‍വ്വ സമ്മാനമായിരുന്നു.ഞങ്ങള്‍ക്കിടയിലെ പ്രണയം പാറപോലെ ഉറയ്ക്കുകയും അത് വീട്ടിലും നാട്ടിലുമൊക്ക അറിഞ്ഞ് ആകെ പുകിലാകുകയും ചെയ്തു നില്ക്കുന്ന സമയമായിരുന്നു അത്.വിരളമായി മാത്രം,രഹസ്യമായി ഞങ്ങള്‍ കാണാറുണ്ടായിരുന്നു.അങ്ങനെയുള്ള ഒരു കണ്ടുമുട്ടലിലാണ് അവള് എനിക്കത് സമ്മാനിച്ചത്.കുറേ നാളത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു അങ്ങനെയൊരു കൃത്യം.
ഞാന്‍ അവള് തന്ന പൊതി തുറന്നു.
“എന്തായിത്..?” – അതിലുള്ളതെന്താണെന്ന് എനിക്ക് മനസ്സിലായില്ല.ഞാന്‍ അങ്ങനെയൊരു സാധനം ജീവിതത്തില്‍ ആദ്യമായി കാണുകയായിരുന്നു.
“റമ്പൂട്ടാന്‍”-അവള് മറുപടി തന്നു.
“ങേ..എന്തൂട്ട്..?” -എനിക്കപ്പോഴും അതെന്താണെന്ന് പിടിക്കിട്ടിയില്ല.പഴയതുപോലെ അവള് വീണ്ടും കളിയാക്കാനുള്ള പുറപ്പാടിലാണോ..
“റമ്പൂട്ടാന്‍.എന്താ കേട്ടിട്ടില്ലേ..?”
“ഇല്ല.റിമ്പോച്ചെ എന്നു കേട്ടിട്ടുണ്ട്.”-എന്റെ നിഷ്കളങ്കമായ മറുപടി കേട്ടിട്ടാകണം,അവള് ചിരിച്ചു.
“ഇതൊരു പഴമാണ്.കഴിച്ചു നോക്കിട്ട് പറ എങ്ങനെയുണ്ടെന്ന്.വീട്ടില്‍ ആദ്യമായി പിടിച്ചതാ.മാര്‍ക്കറ്റിലൊക്കെ ഇതിന് നല്ല വിലയാണ്..”
പണക്കാരിയായ കാമുകി പാമരനായ കാമുകന് വീണ്ടും വിലപ്പെട്ട സമ്മാനങ്ങള്‍ നല്കുന്നു.അതും ജീവിതത്തില്‍ ഇന്നേ വരെ കേട്ടിട്ടില്ലാത്ത അനുഭവിച്ചിട്ടില്ലാത്ത ഒരു പഴവര്‍ഗം -റമ്പൂട്ടാന്‍.മലയാളി പഴമല്ലെന്ന് തോന്നുന്നു.
അവള് പോകാന്‍ തിരക്കു കൂട്ടിയതുകൊണ്ട് റമ്പൂട്ടാന്‍ കഴിച്ചു നോക്കി എങ്ങനെയുണ്ടെന്ന് പറയാന്‍ കഴിഞ്ഞില്ല.ആ കൂടിച്ചേരല്‍ അങ്ങനെ അവസാനിച്ചു.അവള് തന്ന പൊതിയുമായി ഞാന്‍ വീട്ടിലേക്ക് മടങ്ങി.ജോലിക്കാര്യവുമായി അത്യാവശ്യം നല്ല തിരക്കിലായതുകൊണ്ട് പൊതി വീട്ടില്‍ വെച്ച് എനിക്ക് പെട്ടന്നിറങ്ങേണ്ടി വന്നു.തിരക്കൊഴിഞ്ഞ് സമാധാനമായി റമ്പൂട്ടാന്‍ ആസ്വദിക്കാം എന്ന് ഞാന്‍ കരുതി.
പക്ഷെ രാത്രി തിരിച്ചെത്തിയപ്പോള്‍ ഫ്ളാഷ്ബാക്ക്-വണ്‍ ആവര്‍ത്തിച്ചു.വെച്ച പൊതി കാണാനില്ല.എന്റെ ജീവിതത്തിലെ അമൂല്യമായ സമ്മാനങ്ങള്‍ മോഷ്ടിക്കുന്ന ആരോ ഒരാള്‍ വീട്ടില്‍ തന്നെയുണ്ടെന്ന് എനിക്ക് ബോധ്യമായി.പക്ഷെ രഹസ്യമായി ചെറിയൊരു അന്വേഷണം നടത്തിയിട്ടും മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.ആ കഥകള്‍ അങ്ങനെ വിചിത്രമായി അവസാനിക്കുകയും ചെയ്തു.
എന്നാല്‍ ഇന്നലെ വീട്ടില്‍ വളരെ രസകരമായ ഒരു സംഭവമുണ്ടായി.എനിക്ക് മാത്രം അതത്ര രസിച്ചില്ല എന്ന് മാത്രം.അവളിപ്പോള്‍ ഞങ്ങളുടെ വീട്ടിലെ റേഷന്‍ കാര്‍ഡില്‍ പേരുള്ളവളാണ്.അതായത് ഞങ്ങളുടെ കല്യാണം രജിസ്റ്ററായിട്ടു കുറച്ചു നാളുകളായി എന്ന്.അച്ഛന്,അമ്മ,അമ്മൂമ്മ,അനിയന്,ഞാന്‍ – എന്നിവര്‍ അടങ്ങുന്ന സദസ്സില്‍ അവളിന്നലെ ഒരു ചോദ്യമുന്നയിച്ചു.അതെനോടായിരുന്നു.
“അന്ന് തന്ന റമ്പൂട്ടാന്‍ അനിയനു കൊടുത്തായിരുന്നോ..?” –
അമ്മ ഇതുകേട്ട് എന്നെയൊന്ന് നോക്കി.
“ഉം..വല്ലാത്ത കയ്പ്പായിരുന്നു അതിന്..” – എന്റെ മറുപടി വന്നു.
എന്നാല്‍ ഞാന്‍ മുഴുമിപ്പിക്കുന്നതിന് മുന്‍പ് തന്നെ – പത്രത്തിന് മുകളില്‍ നിന്നൊരു തല –
“പോടാ..അതിന് മധുരമല്ലാരുന്നോ..?” – അച്ഛനാണ്..!
അമ്മയും അമ്മൂമ്മയും അനിയനും അച്ഛന്റെ മറുപടിയും ചാണകത്തില്‍ ചവിട്ടിയ എന്റെ ഭാവവും കണ്ട് ചിരി തുടങ്ങി.ഈ വീട്ടില്‍ ഇങ്ങനെ ഒരു ചിരി ആദ്യമായിട്ടായിരുന്നു.പക്ഷെ അവള്‍ക്ക് മാത്രം സംഗതി എന്താണെന്ന് പിടിക്കിട്ടിയില്ല.
എനിക്ക് പക്ഷെ എല്ലാം തിരിഞ്ഞു.150 രൂപ വിലമതിക്കുന്ന മൈസൂര്‍ സോപ്പും കേട്ടുകേഴ്വി പോലുമില്ലാതിരുന്ന റമ്പൂട്ടാനും മോഷ്ടിച്ച കള്ളന്റെ തലയാണ് ആ പത്രത്തിന് മുകളില്‍ പൊങ്ങിയത്.കള്ളന് ചാരുകസേരയില്‍ കിടന്ന് ഒന്നു മറിയാത്തവനെ പോലെ -ദുഷ്ടന്.
റമ്പൂട്ടാന്‍ മധുരമാണത്രേ..സോപ്പിന് നല്ല മണവും ഉണ്ടായിരുന്നിരിക്കണമല്ലോ അപ്പോള്‍.. !
101 total views, 1 views today
