arangettam_rahman
റഹ്മാന്‍ സിനിമാപ്രേമികള്‍ക്ക് ആരായിരുന്നു എന്നറിയണമെങ്കില്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും യൗവനം കഴിച്ചുകൂട്ടിയ ആരോടെങ്കിലും തന്നെ ചോദിക്കണം. അന്ന്, മലയാളതമിഴ് സിനിമാലോകത്തെ തിളങ്ങുന്ന താരമായിരുന്നു റഹ്മാന്‍. യൌവനത്തിന്റെ പ്രസരിപ്പ് നിറഞ്ഞു നില്‍ക്കുന്ന പ്രകടനങ്ങളും ചടുലമായ നൃത്തച്ചുവടുകളുമായി തിയേറ്ററുകളെ ആവേശത്തിമിര്‍പ്പില്‍ ആക്കിയിരുന്ന നായകനടന്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനും മുന്നേ യുവ സൂപ്പര്‍താരം എന്ന വിശേഷണം ചാര്‍ത്തിക്കിട്ടിയ ചെറുപ്പക്കാരന്‍. എന്നാല്‍, ചെറുപ്പത്തില്‍ സിനിമയില്‍ അഭിനയിക്കുക എന്നത് ചിന്തിച്ചുകൂടിയില്ലാത്ത റഷീന്‍ എന്ന കുട്ടി റഹ്മാന്‍ എന്ന സൂപ്പര്‍താരം ആയിമാറിയത് തികച്ചും യാദ്രിശ്ചികം ആയിരുന്നു.

മലയാളത്തിന്റെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായി വാഴ്ത്തപ്പെടുന്ന പത്മരാജന്‍ സംവിധാനം ചെയ്ത ‘കൂടെവിടെ’ ആയിരുന്നു റഹ്മാന്‍ അഭിനയിച്ച ആദ്യ ചിത്രം. സ്വന്തം കഥകള്‍ മാത്രം സിനിമകളാക്കുന്ന ശീലമായിരുന്നു പത്മരാജന് ഉണ്ടായിരുന്നത്. എന്നാല്‍, സുഹൃത്തും ആദ്യ ചിത്രത്തിന്റെ നിര്‍മാതാവുമായ പ്രേംപ്രകാശിന്റെ അഭിപ്രായം സ്വീകരിച്ചുകൊണ്ട് തമിഴ് എഴുത്തുകാരിയായ വാസന്തിയുടെ മൂണ്‍ഗില്‍ പൂക്കള്‍ എന്ന നോവലിന് ചലച്ചിത്രഭാഷ്യം ഒരുക്കാന്‍ റഹ്മാന്‍ തയ്യാറായി. അങ്ങനെയാണ് കൂടെവിടെ എന്ന ഹിറ്റ് ചിത്രം പിറക്കുന്നത്. ഇതുമാത്രമല്ല, സുഹാസിനി ആദ്യമായി അഭിനയിക്കുന്ന മലയാളചിത്രം എന്ന പ്രത്യേകതയും കൂടെവിടെയ്ക്ക് ഉണ്ടായിരുന്നു.

മമ്മൂട്ടിയും സുഹാസിനിയും സെറ്റില്‍ പത്മരാജനൊപ്പം

കൂടെവിടെയില്‍ രവി പുത്തൂരാന്‍ എന്ന വേഷം ചെയ്യുവാന്‍ ആദ്യം കണ്ടെത്തിയത് മറ്റൊരു കുട്ടിയെയായിരുന്നു. പിന്നീട് ആ വേഷം റഹ്മാന്റെ കൈകളില്‍ എത്തിയത് എങ്ങനെയെന്ന് പത്മരാജന്റെ ഭാര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്:

എല്ലാവര്‍ക്കും അറിയാവുന്നതുപോലെ തമിഴിലെ വാസന്തിയുടെ കഥയാണ് ഇല്ലിക്കാടുകള്‍ പൂത്തപ്പോള്‍ (മൂണ്‍ഗില്‍  പൂക്കള്‍). മാതൃഭൂമിയില്‍ സീരിയലൈസ് ചെയ്തിരുന്ന ആ നോവല്‍ ഞാന്‍ മുടങ്ങാതെ വായിക്കുന്നതായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട നോവലായിരുന്നു അത്. അതൊരു പബ്ലിക് സ്‌കൂളിനെ ബേസ് ചെയ്ത സബ്ജക്റ്റായിരുന്നു. അദ്ദേഹത്തോട് ഞാനത് സജസ്റ്റ് ചെയ്തു. കറിയാച്ചന്റെ ഭാര്യ ഡെയ്‌സിയും നന്നായിട്ട് വായിക്കും. അപ്പോ ഡെയ്‌സി വായിച്ചിട്ട് പറഞ്ഞാണ് കറിയാച്ചന്‍ (പ്രേം പ്രകാശ്) ഇങ്ങോട്ട് വരുന്നത്.

റഹ്മാന്‍ അമല്‍ നീരദിന്‍റെ ‘ബാച്ചിലര്‍ പാര്‍ട്ടി’യില്‍

ഈ പടത്തിന് പറ്റിയ കുട്ടികള്‍ക്ക് വേണ്ടി നമ്മള്‍ പേപ്പറില്‍ പരസ്യം ചെയ്തു. കുറെ കുട്ടികള്‍ വന്നു. അവരില്‍ നിന്ന് ഒരാളെ സെലക്റ്റ് ചെയ്തു. ഇവിടെ ഏതോ പബ്ലിക് സ്‌കൂളില്‍ വിദ്യാധിരാജയിലോ മറ്റോ പഠിക്കുന്ന കുട്ടിയാണ്. കാണാന്‍ നന്നായിരിക്കുന്നു എന്നു പറഞ്ഞാണ് സെലക്റ്റ് ചെയ്തത്.

ജോസ്പ്രകാശിന്റെ മകളുടെ ഭര്‍ത്താവ് പി സി തോമസിന്റേതാണ് ഊട്ടിയിലെ ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂള്‍. അവിടെയായിരുന്നു ഷൂട്ടിങ്ങ്. ഈ കുട്ടിയെ ഊട്ടിയില്‍ കൊണ്ടുപോയി. അവിടെ കറിയാച്ചന്റെ മക്കളുണ്ട്, ജോസ്പ്രകാശിന്റെ മക്കളുടെ മക്കള്‍.. അങ്ങനെ എല്ലാവരും. അവിടെ ഈ പബ്ലിക് സ്‌കൂള്‍ കുട്ടികളുടെ കൂടെ നില്‍ക്കുമ്പോള്‍ ഈ കുട്ടിക്ക് ഒരു ഭയം. അവന് എന്തോ ഒരു പ്രശ്‌നമുണ്ടെന്ന് തോന്നി; എന്നു വച്ചാല്‍ ഒരു പേടി. അവിടുത്തെ പബ്ലിക് സ്‌കൂളിലെ കുട്ടികള്‍ വളരെ ഫോര്‍വേഡായിട്ട് ഉള്ളവരല്ലേ. ഇവിടെ നമ്മുടെ കേരളത്തില്‍ നിന്നു പോയ കുട്ടികള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാനും ഒക്കെ ഒരു ബുദ്ധിമുട്ടുണ്ടല്ലോ.

അന്നു വൈകുന്നേരമായപ്പോള്‍ അവന് പനി വന്നു. ഷൂട്ടിങ്ങ് അടുത്ത ദിവസം തുടങ്ങുകയും വേണം. അപ്പോള്‍ ഇത് ശരിയാകില്ലെന്ന് തോന്നി. പിന്നെ ഒരുപാട് ഫോട്ടോസ് ഉണ്ടായിരുന്നു. അതിലെ റഷീന്‍ എന്നു പറയുന്ന കുട്ടിയുടെ ഫോട്ടോ നോക്കി. റഷീന്‍ അവിടെത്തന്നെയാണ് പഠിക്കുന്നത്. ജോസ്പ്രകാശിന്റെ മകന്‍ രാജനും വേണുവും കൂടെപ്പോയി പയ്യനെ കണ്ടു. നല്ല ആറടി പൊക്കമുള്ള ഒരു പയ്യന്‍. മെലിഞ്ഞ് നല്ല സ്‌റ്റൈലിഷാണ്. പിന്നെ, ഈ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടികളാണല്ലോ. അവരുടെ പെരുമാറ്റം എന്നു പറയുന്നത് ആരെയും ഭയമില്ലാത്ത ഒന്നാണല്ലോ. അവനോട് സംസാരിച്ചപ്പോള്‍ പരീക്ഷയാണെന്നു പറഞ്ഞു. സിനിമയില്‍ അഭിനയിക്കാമോയെന്ന് ചോദിച്ചപ്പോള്‍ അവന് അതേപ്പറ്റി ഒന്നും അറിയുകയുമില്ല; അതേപ്പറ്റി ആലോചിച്ചിട്ടുമില്ല.

ഏതായാലും, എന്തോ ചെയ്യിച്ച് നോക്കിയപ്പോള്‍ നന്നായിട്ട് ചെയ്തു. പിന്നെ തീരുമാനിച്ചു, അവന്‍ തന്നെ. മറ്റേ കുട്ടിയെ തിരിച്ചുവിട്ടു. അത് വല്ലാത്തൊരു ട്രാജഡിയായിരുന്നു. പിന്നെ, അവന് കുറച്ചു ദിവസത്തേക്ക് സ്‌കൂളില്‍ പോകാന്‍ മാനസികമായി ബുദ്ധിമുട്ടായിരുന്നു. വളരെക്കാലത്തിനു ശേഷം ആ കുട്ടിയുടെ അമ്മയെ കണ്ടു. അവര്‍ എന്നോടു പറഞ്ഞു: ‘അന്ന് സാറ് അവനെ തിരിച്ച് വിട്ടത് ഞങ്ങള്‍ക്ക് അന്ന് വലിയ പ്രയാസമായെങ്കിലും ഇപ്പോള്‍ അവന്‍ ഫോറിനിലാണ്. എന്‍ജിനീയറായി വളരെ മിടുക്കനായിരിക്കുന്നു. ഒരു പക്ഷേ, സിനിമയില്‍ ആയിരുന്നെങ്കില്‍ അവനത് പറ്റില്ലായിരുന്നു’ എന്ന്.

എന്തായാലും റഷീന്‍, റഹ്മാന്‍ എന്ന നടനായി. വിചാരിച്ചത് പോലൊക്കെ ചെയ്യുകയും ചെയ്തു.’

കൂടെവിടെയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും റഹ്മാന് ലഭിച്ചു. കൂടെവിടെയിലെ രവി പുത്തൂരാന്‍ എന്ന വേഷം അതിമനോഹരമാക്കിയ റഹ്മാനെത്തേടി പിന്നീട് അവസരങ്ങളുടെ ഒരു നീണ്ട നിര തന്നെ വന്നു. അങ്ങനെയാണ് റഹ്മാന്‍ മലയാളി യുവത്വത്തിന്റെ മനസ് കീഴടക്കുന്നത്. തമിഴിലും തെലുങ്കിലും സിനിമകള്‍ ഏറിയപ്പോള്‍ മലയാളത്തിലെ സിനിമകള്‍ കുറഞ്ഞു. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം റഹ്മാന്‍ വീണ്ടും മലയാള സിനിമയിലേയ്ക്ക് തിരികെയെത്തി ഒരുപിടി നല്ല വേഷങ്ങള്‍ ചെയ്തു. എങ്കിലും ആദ്യ ചിത്രമായ കൂടെവിടെയിലെ രവി പുത്തൂരനായി റഹ്മാനെ ഓര്‍ക്കുവാനാണ് ഇന്നും മലയാളികള്‍ക്ക് ഇഷ്ടം.

Advertisements