റാന്തലച്ചായന്‍… ( ചെറു കഥ )

193

Untitled-1 copy

പത്രം വന്നു….
വെണ്ടയ്ക്കാ ഹെഡ്ഡിംഗ് നോക്കി ”എണ്ണവില വീണ്ടും കൂടും’…ഹൊ നല്ല കാര്യം. ഇപ്പൊഴെങ്കിലും തൊന്നിയല്ലോ!!!……
താഴെക്ക് കണ്ണോടിച്ചു….
സ്വന്തം ലേഖകന്‍(സ്വ.ലേ)..പ്രത്യേക ലേഖകന്‍ (പ്ര.ലേ) മുഖ്യ ലേഖകന്‍ ( )…എന്ന് വേണ്ട എല്ലാരും ഉണ്ട്.പലതും നുണയാകാനാണ് വഴി എന്ന് തോന്നി പോകും വാര്‍ത്തകള്‍ കണ്ടാല്‍.
ചരമം…..
കണ്ടോ വരി വരിയായി നിരന്നിരിക്കുന്നത്….’ബിനു’,’സാബു’,’പൊടിമോന്‍,’പൊടിമോള്‍’…എന്തൊക്കെയായിരുന്നു പുകിലുകള്..?

ഹല്ല….ഇതാരാ? കണ്ട് പരിചയമുള്ള മോന്തയാണല്ലോ..?
ക്ലീറ്റസ് റാഡല്‍ (റാന്തല്‍ !! )…..എന്ന് സന്തപ്ത കുടുംബാംഗങ്ങള്‍.!

നല്ല ചിരിച്ച ക്ലോസപ്പ് പടം.ചെറുപ്പത്തിലേതാണ്.
പണ്ട് സിലോണിലായിരുന്നു. ഞങ്ങള്‍ കാണുന്ന കാലം മുതല്‍ക്കേ ഇദ്ദേഹം കിളവനായിരുന്നു.ജനിച്ചത് തന്നെ വയസ്സനായിട്ടാണെന്ന് അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ കണ്ടെത്തിയിരുന്നു.
ഈ ചെറുപ്പം ആ മുഖത്തിന് യോജിക്കുന്നതേയില്ല…….
ചില സിനിമകളില്‍ ഫ്ലാഷ് ബാക്ക് കാണിക്കുമ്പോള്‍ നായകന്റെ അച്ചന്റെ ചെറുപ്പകാലം കാണിക്കും..ചാറ്റല്‍ മഴയത്ത് കുത്തി കൊല്ലുന്ന രംഗത്തില്‍.ഒരു വിഗ്ഗൂം. 1½ ഇഞ്ച് കനത്തില്‍ ഒരു കറുത്ത മീശയും.!.അത് കാണുമ്പോഴുള്ള അതേ ലക്ഷണക്കേടാണ് റാഡല്‍ അച്ചായന്റെ ചെറുപ്പം കാണുമ്പോഴും തോന്നുക.
അങ്ങിനെ ‘പെണമ്പുളി വീട്ടിലും’ നീല ടാര്‍പ്പ കെട്ടി…..പക്ഷെ മരിച്ചയാളിനെ ആ സന്തപ്ത കുടുംബാഗങ്ങള്‍ വെറുതേ വിട്ടില്ലല്ലോ എന്റെ കര്‍ത്താവേ….ആ ബ്രേക്കറ്റ് കണ്ടില്ലെ..’റാന്തല്‍’..!!

ഞങ്ങള്‍ പഠിച്ചത് നമ്മുടെ സ്വന്തം ഗവണ്മെന്റ് പള്ളിക്കൂടത്തില്‍ തന്നെ ആയിരുന്നു.ഒരു വമ്പന്‍ ജാഥയായാണ് അന്ന് സ്‌കൂളില്‍ പോക്കും തിരികെ വരവും. തലമുടി ചരിച്ച് കോതി,നോട്ട് ബുക്കുകളും ടെക്സ്റ്റുകളും ചേര്‍ത്ത് വച്ച് അതിന്‍ മേല്‍ ചോറ്റു പാത്രം വച്ച് റബ്ബറിട്ട് തോളില്‍ വച്ച് ഒരു കൈതണ്ടയില്‍ താങ്ങിയുള്ള ആ പോക്കിനിടയില്‍ സംഭവിക്കാത്തതൊന്നും കാണുകയില്ല…

കാണുന്ന മരങ്ങളൊക്കെ നമ്മുടെ ഏറുകള്‍ക്ക് വിധേയമായിരുന്നു. മാവ്,കാര,പറങ്കിമാവ്,തുടങ്ങി മതില്‍കെട്ടിന് പുറത്തുള്ള അയിത്ത വിഭാഗക്കാരൊക്കെ ഏറ് കൊണ്ട് തോലുരിഞ്ഞ് രോഗികളായി തീര്‍ന്നിരുന്നു.ഒരു വിധം കായ്ക്കുന്ന മരങ്ങളൊക്കെ നമ്മളെ പേടിച്ച് പൂക്കുക പോലും ചെയ്യാതായി.
മഹാ ധീരന്മാരുണ്ടായിരുന്നു കൂട്ടത്തില്‍.!!.മരം കയറും. വഴിയരികില്‍ ‘പാര്‍ക്ക്’ചെയ്തിരിക്കുന്ന പശുക്കളെ അഴിച്ച് വിടും.സ്ട്രീറ്റ് ലൈറ്റുകള്‍ എറിഞ്ഞ് ‘ക്ലിം’ ശംബ്ദത്തില്‍ ചിതറിക്കും……. ഒടുവില്‍ തിരികെ വിടുകളിലെത്തും. അങ്ങോട്ട് പോകുമ്പോള്‍ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാറില്ല…ബെല്ലടിയ്ക്കുന്നതിന് മുമ്പ് അങ്ങ് ചെന്ന് പിഴച്ചാല്‍ മതിയായിരുന്നു.

മെയിന്‍ റോഡില്‍ നിന്ന് കയറി ഇടവഴികള്‍ കേന്ദ്രീകരിച്ചാണ് ഈ പരിപാടികളൊക്കെ നടക്കുന്നത്.
ഏറുകൊള്ളാന്‍ വിധിക്കപ്പെട്ട മരങ്ങളില്‍ ഒന്ന് ഇപ്പൊള്‍ ദിവംഗതനായ റാഡല്‍ അച്ചായന്റെ ‘പെണമ്പുളി’ മരമായിരുന്നു. മഞ്ഞ നിറമുള്ള ഒരിനം ഉണ്ടപ്പഴം..മധുരത്തിന്റെ ഇരട്ടി പുളിപ്പാണ്.കണുമ്പോള്‍ തന്നെ കവാലത്തിന്റെ ഇരു വശത്തു നിന്നും വേദനയൊടെ ഒരു നീര്‍ പ്രവാഹമാണ്.എങ്കിലും അതിലൊന്ന് എറിയാതെ പോകില്ലായിരുന്നു…..
റാഡലിന് ഒറ്റ മോളായിരുന്നു…പോഷകാഹാരക്കുറവുള്ള സൂസന്‍..നമ്മുടെ ക്ലാസ്സ് മേറ്റായിരുന്നു.

പെണമ്പൂളിയില്‍ എറിയുന്നതിനെ റാഡല്‍ അച്ചായന്‍ എതിര്‍ത്തിരുന്നു…’ഇന്നാടാ…ഇതിലിട്ട് എറിയടാ..’ നീലയില്‍ മഞ്ഞപ്പൂക്കളുള്ള ഒരു ലുങ്കിയും,കറുത്ത ഒരു ബനിയനുമായിരുന്നു യൂണിഫാം.
പൊക്കിക്കാണിക്കാന്‍ വേണ്ടി മാത്രമായിരുന്നു റാഡല്‍ അച്ചായന്‍ ഈ ലുങ്കി ഉടുത്തിരുന്നത്.ഇത് വളരെ വിരളമായി ഒരു അറ്റം പെണമ്പുളിയിലും മറ്റേയറ്റം വീടിന്റെ വാരിയിലും കെട്ടിയ ഒരു കയറില്‍ കഴുകിയിടുമായിരുന്നു….കാണുമ്പോള്‍ തന്നെ ചിരിവരും.ഇതിനെ കര്‍ട്ടന്‍ എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്.ഇത് അയയില്‍ തൂങ്ങുന്ന ദിവസം റാഡല്‍ അച്ചായനെ വീട്ടിന് പുറത്ത് കാണുകയില്ല…
‘മുഴുവന്‍ കാളയായി അകത്ത് ഇരിക്കുകയായിരിക്കും.!!!’ എന്ന ഊഹാപോഹങ്ങളും സംശയങ്ങളും അന്ന് നിലനിന്നിരുന്നു…..സൂസനോട് ഈ സംശയം ചോദിച്ച സുരേഷ് കെ.വി.യെ ക്ലാസ് ടീച്ചര്‍ കൊന്നില്ലന്നേയുള്ളൂ..!!

ഇതിനോടൊപ്പം കഴുകിയിടുന്ന മറ്റൊരു സാധനം കൂടിയുണ്ട്…..അതിന്റെ പേരൊന്നും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു..ഒരു മാതിരി തേയില പൈ പോലിരിക്കും..അതിന്റെ താഴെയായി നല്ല മഞ്ഞ നിറമായിരുന്നു.അയയിലൂടെ ഇഴഞ്ഞു വരുന്ന കടിയൂറുമ്പുകളടെ സംഗമ കേന്ദ്രവും അതായിരുന്നു…..പണ്ട് കൊളംബില്‍ നിന്ന് കൊണ്ടു വന്നതാണ് എന്നാണ് സൂസന്‍ പറഞ്ഞത്.

എല്ലാ ദിവസവൂം സ്‌കൂള്‍ വിടുന്ന സമയം റാഡല്‍ വേലിക്കരികില്‍ കാണും..തുറിച്ചു നോക്കിക്കോണ്ട്..!നോട്ടം കണ്ടാല്‍ തന്നെ പേടിയാകുമായിരുന്നു. ‘തന്റെ പെണമ്പുളി തന്റേത് മാത്രം’ എന്ന് ആ കണ്ണുകളില്‍ എഴുതിവച്ചത് പോലെ തോന്നും.വീണ് അഴുകി പോയാലും ഇത് ഞങ്ങള്‍ പെറുക്കിയാല്‍ റാഡലിന് സഹിക്കില്ല.

റാഡലിന് ഞങ്ങളിട്ട പേരാണ് ‘റാന്തല്‍’..!! ‘റാഡല്‍’ ഇതല്ലാതെ മറ്റെന്താവാന്‍? വേലിക്കരിലെത്തുമ്പോള്‍ നമ്മള്‍ ചിരി അമര്‍ത്തി കടന്ന് പോകും.രണ്ട് വാര കഴിയുമ്പോള്‍ വിളി തുടങ്ങും..’റാന്തലേ..കേറിപ്പോടാ..വീട്ടില്‍’
ആദ്യമാദ്യം പൊക്കിക്കാണിപ്പ് മാത്രമായിരുന്നു..സഹികെട്ടപ്പോള്‍ ചെറിയ രീതിയില്‍ തന്തയ്ക്ക് വിളിയും കല്ലെടുത്ത് ഏറും തുടങ്ങി…
തന്റെ പുത്തന്‍ നാമധേയം മെല്ലെ മെല്ലെ താന്‍ തന്നെ ജനകീയമാക്കുകയാണല്ലോ എന്ന് റാന്തല്‍ തിരിച്ചറിഞ്ഞില്ല.
ഒരു പുത്തന്‍ ഉണര്‍വ് വരും ആ വീടിന്റെ മുമ്പില്‍ എത്തുമ്പോള്‍…പെണമ്പുളി എറിയാനല്ല..’എടാ!…..റാന്തലേ..’ ‘റാന്തലേ..’ ‘റാന്തലേ..മൂരാച്ചി..’ എന്നൊക്കെ അട്ടഹസിക്കാന്‍.!! എറിയുന്നതിനേക്കാള്‍ ഇപ്പോള്‍ താല്‍പ്പര്യം ഇരട്ടപ്പേര്‍ വിളിക്കാനാണ്.
സീനിയര്‍ അണ്ണന്മാരും വിളി തുടങ്ങിയതോടെ റാന്തല്‍ വേലിക്കരികില്‍ വരാതെയായി.പാറാവ് നിലച്ചു.

സ്‌കൂള്‍ ജംഗ്ഷനിലെ കടത്തിണ്ണയിലാണ് റാന്തലും കൂട്ടുകാരും കൂടിയിരുന്നത്. റാന്തലിന്റെ സമപ്രായക്കാരാണ് ‘പുണ്ണാക്കന്‍’..’മണ്ഡപം’….’വണ്ടന്‍’…തുടങ്ങിയവര്‍.പുണ്ണാക്കന്‍ വലിയ പണക്കാരനായിരുന്നു.
ഇവര്‍ക്കും ഇടയ്‌കൊക്കെ ചെറിയ ‘ഗുളികകള്‍’ കൊടുക്കുമായിരുന്നു…(പ്രത്യേകിച്ച് റാന്തലളിയന്‍ ഇല്ലാത്ത സമയത്ത്.)….പ്രതികരിക്കില്ല…കീഴടങ്ങി നിശബ്ദരാകുമെങ്കിലും ഉള്ളില്‍ കടുത്ത അമര്‍ഷമായിരുന്നു പിള്ളേരോട്.

പക്ഷെ റാന്തല്‍ എതിര്‍ത്തിരുന്നു .. അതി ശക്തമായി തന്നെ. അതോടെ ആക്രമണവും ശക്തമായി. ഇതിന്റെ ഏറ്റവും നല്ല ഗുണഭോക്തക്കള്‍ പുണ്ണാക്കനും,മണ്ഡപവും,വണ്ടനുമായിരുന്നു.. അവരുടെ നേരെയുള്ള ആക്രമണം അചിരേണ ദുര്‍ബ്ബലമായി തുടങ്ങി.

സൂസന്റെ ടീച്ചറെ കാണാന്‍ ഒരു ദിവസം അബദ്ധത്തില്‍ സ്‌കൂളില്‍ വന്ന റാന്തല്‍ അച്ചായന്‍ ഗേറ്റില്‍ വച്ച് തന്നെ കരഘോഷത്തോടെ സ്വീകരിച്ച് ആനയിക്കപ്പെട്ടു..അച്ചായനെ അറിയാത്ത വേറെ റൂട്ടില്‍ പോകുന്നവന്മാരും ‘കാര്യങ്ങള്‍’ അറിഞ്ഞു..അതോടെ പുകിലായി…..ഒടുവില്‍ പള്ളിക്കൂടം വിടുന്ന സമയത്ത് സ്‌കൂള്‍ ജംഗ്ഷനിലും വരാന്‍ പറ്റാതെയായി. വിധിയുടെ ഒരോ കളികളെ..!!
ജംഗ്ഷനില്‍ റാന്തല്‍ വരാത്തതില്‍ ചെറിയ ഒരു ഭയം പുണ്ണാക്കനിലും കൂട്ടരിലും വളരാന്‍ തുടങ്ങി.അയാളെ കിട്ടാത്തത് കൊണ്ട് ഇവന്മാര്‍ തങ്ങളുടെ നേരെ തിരിയുമോ എന്ന യുക്തി സഹമായ ഒരു സംശയം ഇവര്‍ക്കുണ്ടായതില്‍ അതിശയിക്കേണ്ടതില്ല.

രക്ഷാകര്‍ത്താക്കളെ കണ്ട് ആദ്യം പരാതി പറഞ്ഞു നോക്കി അച്ചായന്‍..രക്ഷയില്ലാതെ വന്നപ്പോള്‍ ഭീഷണിയുടെ സ്വരം എടുത്തു. ഇത് പല രക്ഷകര്‍ത്താക്കളിലും പ്രധിഷേധവും ഒപ്പം കൌതുകവും ഉളവാക്കി.
അച്ചന്‍ എന്നോട് ചോദിച്ചു ‘ഈ കേള്‍ക്കുന്നതൊക്കെ നേരാണോടാ..? നിങ്ങള്‍ പഠിക്കാനാണൊ അതൊ ആള്‍ക്കാരെ കളിയാക്കാനണോ പോകുന്നത്?’ അതെ, റാന്തലിന്റെ പരാതി ഇവിടെയും എത്തി.!!

ഇടവക വികാരിയോട് പരാതി പറഞ്ഞു റാന്തല്‍. ‘മോനേ, നീ വെളിച്ചമാണെന്നാണ് അതിന്റെ അര്‍ഥം..നീ കാര്യമാക്കേണ്ട..’ വികാരിയച്ചനും ഒറ്റയ്ക്കിരുന്നെങ്കിലും ചിരിച്ചു കാണും.
പക്ഷെ ഇത്തരം സുവിശേഷമൊന്നും റാന്തലിന്റെ ഉള്ളിലെ ജന്മിയെ,രക്ഷകര്‍ത്താവിനെ,ഇടവക പ്രമാണിയെ,സമൂഹ്യ ജീവിയെ ത്യപ്തനാക്കിയില്ല. പരിഹാരം പള്ളിയായി തന്നെ ചെയ്തു തരണമെന്ന് റാഡല്‍ ശഠിച്ചു.
ഞായറാഴ്ച കുര്‍ബാന കഴിഞ്ഞയുടന്‍ വികാരി കാര്യം അവതരിപ്പിച്ചു…ശ്ശൊ..വല്ല കാര്യവുമുണ്ടോ ഇതിന്റെയൊക്കെ?..ഇടവക ആകെ അറിഞ്ഞു..!!

അച്ചായന്‍ എതിരെ വരുമ്പോള്‍ പെണ്ണുങ്ങള്‍ വായ് ഭാഗം മാത്രം പൊത്തിപ്പിടിച്ച് ധ്ര്യതിവച്ച് കടന്നു പോകും.കുറച്ച് ദൂരം ചെന്നിട്ട് തിരിഞ്ഞു നോക്കും.ചിരിച്ചു കുണുങ്ങിക്കൊണ്ടു വേഗത കൂട്ടും.ആര്‍ക്കും ചിരിയടക്കാതെ ‘റാന്തുവിനെ’ സമീപിക്കാന്‍ വയ്യെന്നായി..എത്ര തലയെടുപ്പായിരുന്നു റാഡലിന് ഒരു കാലത്ത്..തകര്‍ത്തില്ലേ എല്ലാം.!!
ഈ പരാതി കൊടുപ്പിക്കലും മറ്റുമൊക്കെ ഉപദേശിക്കുന്നതാരൊക്കെയാണെന്നറിയാമോ..സാക്ഷാല്‍ പുണ്ണാക്കനും..വണ്ടനും സെറ്റൂം..!!

ഇപ്പോള്‍ ഒരു കുടുംബം ഒന്നടങ്കം അനുഭവിക്കുന്നത് കണ്ടൊ..?.
‘റാന്തലിന്റെ മോള്‍’……’റാന്തലിന്റെ വീടിനടുത്ത്..’..’റാന്തലിന്റെ പശു’… എന്തിന് ‘റാന്തലിന്റെ മുക്ക് ‘ എന്ന് വരെ ആയി.
പോലീസില്‍ പരാതി കൊടുത്ത് പരിഹരിക്കാന്‍ റാന്തലിന്റെ വീട്ടുകാര്‍ നടത്തിയ ശ്രമങ്ങള്‍ ആ കുടുംബത്തെ ഒന്നടങ്കം സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താനേ സഹായിച്ചുള്ളൂ എന്ന് പറഞ്ഞാല്‍ ആര് വിശ്വസിയ്ക്കും..??!!

വോട്ടു ചോദിപ്പ്,ഉത്സവ പിരിവ് എന്നിവയെല്ലാം റാന്തലിന്റെ വീട്ടില്‍ നിരോധിക്കപ്പെട്ടിരുന്നു. ഇനി ആരെങ്കിലും ചെന്നാല്‍ ‘വന്നേക്കുന്നു..നായിന്റെ മോന്‍മാര്‍..ഇവിടെ ഒരു വയസ്സനെ ഇട്ട് കഷ്ടപെടുത്തുമ്പോള്‍ ആരെങ്കുലുമുണ്ടൊ ഒന്ന് ചോദിക്കാന്‍..’ മൈക്ക് ഓണ്‍ ചെയ്യും.
സൂസനെ കെട്ടിയ പയ്യനെ !..റാന്തലിന്റെ മരുമോനായി സമുഹം സ്‌നാനം കൊള്ളിച്ചു..!!!!

ഇപ്പോള്‍ കണ്ടില്ലെ..വീട്ടുകാരും അംഗീകരിച്ചിരിയ്ക്കുന്നു..പാവം ഇരിക്കുന്ന ഇരുപ്പു കണ്ടോ..? ഒരു പുരുഷായുസ്സു മുഴുവന്‍ ഇരട്ടപ്പേരിനെതിരെ അംഗം വെട്ടി വീര ചരമം അടഞ്ഞ ധീരന്‍.

പക്ഷെ എതിര്‍പ്പ് അദ്ദേഹത്തിന്റേത് മാത്രമായിരുന്നില്ലേ..? അതല്ലേ ഈ വീട്ടുകാര്‍ ബ്രേയ്ക്കറ്റില്‍ ‘റാന്തല്‍’ എന്ന് കൊടുത്തത്..? ആയിരിക്കും.
അതോ അച്ചായന്റെ അന്ത്യാഭിലാഷമായിരുന്നോ മരണം പോലും നാട്ടുകാര്‍ക്ക് ചിരി നല്‍കുന്ന ഒന്നാക്കണമെന്ന്?

ഈ വക സംശയങ്ങള്‍ ബാക്കിയാക്കി റാന്തല്‍ അച്ചായന്‍ പോയി.
ഉണ്ടോ എന്നറിയില്ല … ഉണ്ടെങ്കില്‍ ഇതൊന്നും അറിയാതെ പെണമ്പുളി വീണ്ടും പൂത്തുകാണും!!