റൂബിക്കിന്റെ മാജിക്ക് ക്യൂബിന് വയസ്സ് നാല്‍പത്‌!

0
276

01

റൂബിക്സ് ക്യൂബ് എന്ന അത്ഭുതകളിപ്പാട്ടം കാണാത്തവര്‍ ചുരുക്കമായിരിക്കും. ആറു വശങ്ങള്‍ക്കും ആറു വ്യത്യസ്ഥ നിറങ്ങള്‍. ഓരോ വശവും 9 സമചതുരങ്ങളായി വീണ്ടും തിരിച്ചിരിക്കുന്നു. കൃത്യമായി ഒരു വശത്ത് ഒരു നിറം മാത്രം വരുന്നത് പോലെ ഈ ക്യൂബിനെ തിരിച്ചു കൊണ്ടുവരിക എന്നതാണ് റൂബിക്സ് ക്യൂബ് മുന്നോട്ടു വയ്ക്കുന്ന വെല്ലുവിളി. അതുകൊണ്ടുതന്നെ ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബുദ്ധിപരമായ കളിപ്പാട്ടം എന്ന് റൂബിക്കിന്റെ ഈ മാന്ത്രിക ക്യൂബിനെ നമ്മുക്ക് നിസംശയം വിശേഷിപ്പിക്കാം. 1974ല്‍ ഹംഗറിക്കാരനായ വാസ്തുവിദ്യാഅധ്യാപകന്‍ എര്‍നോ റൂബിക്ക് ആണ് ഈ ക്യൂബ് സൃഷ്ടിച്ചത്.

മുന്‍പ് സൂചിപ്പിച്ചതുപോലെ ആറു നിറങ്ങള്‍ ആണ് ഒരു റൂബിക്സ് ക്യൂബില്‍ ഉണ്ടാവുക. വെള്ള, ചുവപ്പ്, നീല, ഓറഞ്ച്, പച്ച, മഞ്ഞ എന്നിവയാണ് ആ നിറങ്ങള്‍. 1980ല്‍ റൂബിക്സ് ക്യൂബ് നിര്‍മിക്കാനുള്ള അവകാശം റൂബിക്ക് ഐഡിയല്‍ ടോയ് കോര്‍പ്പ് എന്ന കമ്പനിക്ക് കൈമാറി. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ റൂബിക്സ് ക്യൂബുകളില്‍ വെള്ളയുടെ എതിര്‍ വശത്ത് മഞ്ഞ, നീലയ്ക്ക് എതിര്‍ പച്ച, ചുവപ്പിനു എതിര്‍ ഓറഞ്ച് എന്നിങ്ങനെയാണ് നിറങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അതുപോലെ, ചുവപ്പ്, വെള്ള, നീല എന്നിവ ഘടികാരദിശയില്‍ വരുകയും ചെയ്യും. എന്നാല്‍ പണ്ട് ഇതല്ലായിരുന്നു സ്ഥിതി. ഓരോ ക്യൂബിലും വ്യത്യസ്തമായിട്ടാണ് നിറങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

എണ്‍പതുകളില്‍ തന്നെ റൂബിക്സ് ക്യൂബ് പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിയെങ്കിലും ഇന്നും അതിന്റെ ജനപ്രീതിക്ക് ഒട്ടും കുറവ് വന്നിട്ടില്ല. റൂബിക്സ് ക്യൂബിനെ കേന്ദ്രീകരിച്ചു പല മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. 2003ല്‍ വേള്‍ഡ് ക്യൂബ് അസോസിയേഷന്‍ നിലവില്‍ വന്നു. റൂബിക്സ് ക്യൂബിന്റെ ജന്മദിനം ആയ മേയ് 19നു ഗൂഗിള്‍ തങ്ങളുടെ ഡൂഡില്‍ റൂബിക്സ് ക്യൂബ് ആക്കി ആഘോഷിച്ചിരുന്നു.

Advertisements