റേഡിയോ : അവളെ ഞങ്ങള്‍ റേഡിയോ എന്ന് വിളിച്ചു….

569

sg

ഡിഗ്രി പഠനത്തിനിടയ്ക്ക് കല്യാണം കഴിഞ്ഞ കൂട്ടുകാരിയെ കോളേജിലേക്ക് ആനയിക്കാനായിട്ട് എന്നും രാവിലെ ഞങ്ങള്‍ കോളേജ് ഗേറ്റിന്റെ അടുത്ത് തന്നെ കാത്ത്  നില്‍ക്കുമായിരുന്നു.

ബൈക്കിലുള്ള അവരുടെ രണ്ടു പേരുടെയും വരവ് കാണുമ്പോള്‍, ശങ്കര്‍- മേനക അല്ലെങ്കില്‍ മോഹന്‍ലാല്‍-ശോഭന …

അവര്‍ക്ക് രണ്ടുപേര്‍ക്കും അവരുടെയാരുടെയും രൂപസാദൃശ്യമില്ലെങ്കിലും ഞങ്ങള്‍ക്ക് അങ്ങനെയൊക്കെ തോന്നുമായിരുന്നു. ആ വരവ് ഞങ്ങള്‍ക്ക് കണ്ണിന് ആഹ്ലാദമാണെങ്കിലും മിക്കദിവസവും കരഞ്ഞുകലങ്ങിയ കണ്ണുകളായിട്ടായിരിക്കും കൂട്ടുകാരി എത്തുക.

ഭര്‍തൃഗൃഹത്തില്‍ നിന്നും വരുന്ന അവള്‍ക്ക്, ഒരു ദിവസം പാല്‍ തിളച്ചു പോയതാണെങ്കില്‍ മറ്റൊരു ദിവസം ദോശയുടെ ആകൃതി ശരിയാകാത്തതോ അതുമല്ലെങ്കില്‍ കറി കരിഞ്ഞതോ…..അതിനെയൊക്കെ അവളുടെ മമ്മിയില്‍ നിന്നും കിട്ടുന്ന വഴക്കുകള്‍ (ഡോസുകള്‍) ആയിരിക്കാം കണ്ണുനീരിന്റെ കാരണങ്ങള്‍.

ക്ലാസ്സില്‍ അദ്ധ്യാപികയുടെ മുഖത്ത് കണ്ണ് നട്ടിരിക്കുമ്പോഴും അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളായിരിക്കും ഞങ്ങളുടെ മനസ്സില്‍ . മമ്മി അവളെ വഴക്ക് പറയുമ്പോള്‍ ഭര്‍ത്താവ് പത്രവായനയിലായിരിക്കും അതുകാരണം അയാള്‍ ഒന്നും കേള്‍ക്കുന്നില്ല. സത്യത്തില്‍ അയാളുടെ തല പൊട്ടിക്കാനാണ് ഞങ്ങള്‍ക്ക് തോന്നാറുള്ളത് പക്ഷെ അയാളെ കുറ്റം പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ കൂടുതല്‍ നിറയുന്ന കാരണം , മമ്മിയോട് തിരിച്ച് പറയേണ്ട മറുപടികള്‍ ഓര്‍ത്തെടുക്കുകയായിരിക്കും ഞങ്ങള്‍.

പാല്‍ തിളക്കുന്നത് കണ്ട് ഇളക്കാനുള്ള സ്പൂണ്‍ എടുത്ത് വരുമ്പോഴേക്കും പാല്‍ തിളച്ചു പോയത് ഒരു കുറ്റമാണോ അതുപോലെ ദോശ പൊട്ടിച്ചു തന്നെ അല്ലെ തിന്നുക …അന്നൊക്കെ ഞങ്ങള്‍ക്ക് മനസ്സിലാവാത്ത കാര്യങ്ങളായിരുന്നു.അതോടെ ഏത് തരത്തിലുള്ള പന്ത് എറിയുന്നതിനേയും ( കുറ്റം പറയുന്നതിനേയും) തടയാനുള്ള ബാറ്റിംഗിലുള്ള വിദ്യാനൈപുണ്യം അവളില്‍ ഉണ്ടാക്കി എടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഇവിടെ ബാറ്റിംഗും ബൗളിംഗും നാക്ക് കൊണ്ടാണെന്ന് മാത്രം!

ബാറ്റിംഗിന്റെ കാര്യത്തില്‍ അവള്‍ വലിയ പരാജയമായിരുന്നു, പിന്നീടുള്ള ദിവസങ്ങളില്‍ അവളുടെ കണ്ണുകള്‍ ഞങ്ങളോട് പറഞ്ഞിരുന്നു.ആ നാട്ടിലെ പ്രസിദ്ധമായ പെണ്‍കുട്ടികളുടെ സ്‌കൂളിലെ 10 ക്ലാസ്സിലെ ടീച്ചരാണ് അവളുടെ അമ്മായിഅമ്മ അല്ലെങ്കില്‍ മമ്മി.

വളരെ ചെറിയ പ്രായത്തില്‍ വിധവ ആയതാണ്.എല്ലാവരേയും വരച്ച വരയില്‍ നിറുത്തിയ ശീലവും പോരാത്തതിന് അടുക്കും ചിട്ടയുടെ കാര്യത്തില്‍ ഒരു പടി മുന്നിലുമായിരുന്നു,അതൊക്കെയായിരിക്കാം ചില കാരണങ്ങള്‍. പല പ്രശ്‌നങ്ങള്‍ക്കും അവളുടെ വിശദീകരണം കേള്‍ക്കാന്‍ പോലുംതയ്യാറായിരുന്നില്ല.

അതോടെ ഞങ്ങള്‍ ‘റേഡിയോ’ എന്ന പുതിയ ഒരു പേര് അവര്‍ക്ക് കൊടുത്തു.റേഡിയോയില്‍ നിന്നും കേള്‍ക്കാം എന്നല്ലാതെ നമ്മുക്ക് തിരിച്ചു പറയാന്‍ സാധിക്കില്ലല്ലോ. അതുകാരണം ‘കേള്‍ക്കാം കേട്ടുകൊണ്ടിരിക്കാം എന്ന പുതിയ നയത്തിലോട്ട് മാറി.ആ നയം ഞങ്ങളുടെ ഭാവി ജീവിതത്തില്‍ പ്രയോജനപ്പെട്ടോ എന്ന സംശയമില്ലാതില്ല !

സര്‍ദാജി തമാശകള്‍ എന്ന് പറയുന്നത് പോലെ. പല കഥകളും അബദ്ധങ്ങളും ഞങ്ങള്‍ അവരുടെ പേരില്‍ മെനഞ്ഞെടുത്തു. ആ കാലങ്ങളിലുള്ള സിനിമയില്‍ തൃശ്ശൂര്‍ ഫിലോമനയും ശ്രീനിവാസനും അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ ‘റേഡിയോ ‘ അഭിനയിച്ചാല്‍ എങ്ങനെയിരിക്കും എന്ന രീതിയില്‍ ഞങ്ങള്‍ കൂട്ടുകാര്‍ക്കിടയില്‍ അഭിനയിച്ചു തകര്‍ത്തു. അതോടെ പുതിയ ഡോസുകള്‍ കിട്ടുന്നത് ഞങ്ങള്‍ക്കും അവള്‍ക്കും ആനന്ദകരമായി. ആ ഡോസുകളും സന്ദര്‍ഭങ്ങളും ഞങ്ങള്‍ക്ക് പുതിയ കഥകള്‍ മെനയാനുള്ള പ്രചോദനമായി. അങ്ങനെ ഓരോ ദിവസവും രസകരമാക്കി എടുത്തു.

ഡിഗ്രി കഴിഞ്ഞതോടെ ഞങ്ങളില്‍ പലരും പല വഴിക്കായി പിരിഞ്ഞു.ചിലര്‍ രാജ്യം തന്നെ വിട്ടു. പിന്നീട് ഇമെയില്‍ & മെസ്സേജ് വന്നതോടെയാണ് പഴയ കൂട്ടുകാരുമായുള്ള സമ്പര്‍ക്കം പുനസ്ഥാപിച്ചത്.ആ കൂട്ടുകാരിയോട് എല്ലാവര്‍ക്കും ചോദിക്കാനുള്ളത് ‘റേഡിയോ യെ പ്പറ്റിയാണ്. ഒരു പക്ഷെ അവളുടെ വിശേഷങ്ങള്‍ക്ക് രണ്ടാമത്തേ പ്രാധാന്യമെ ഉണ്ടായിരുന്നുള്ളൂ. അവളും ഞങ്ങളുടെ ചോദ്യം ആസ്വദിച്ചു കൊണ്ട് പറയും ‘റേഡിയോ ഇപ്പോള്‍ F.M ആയി !

കഴിഞ്ഞപ്രാവശ്യത്തെ അവളുടെ വീട് സന്ദര്‍ശനത്തില്‍ എനിക്ക്,റേഡിയോ കാണാന്‍ സാധിച്ചു ഇതിന് മുന്‍പ് അവരെ കണ്ടിട്ടുള്ളത് അവളുടെ കല്യാണത്തിനാണ്.പ്രായാധികവും പലതരം അസുഖങ്ങളുമായി അവര്‍ പലപ്പോഴും കിടപ്പ് തന്നെയായിരിക്കും എന്നാലും ഡോസ് കൊടുക്കുന്നതിന് കുറവൊന്നുമില്ല.ഞാന്‍ അവിടെ ഉണ്ടായിരുന്ന സമയവും അവള്‍ പാല്‍ തിളപ്പിച്ചു കളഞ്ഞു.അതിനുള്ള വഴക്കുകള്‍ എന്റെ മുന്‍പില്‍ വെച്ച് തന്നെ കൊടുക്കുന്നുണ്ട്.

പണ്ട് അവള്‍ കരച്ചിലോടെ പറഞ്ഞിരുന്ന ഡയലോഗുകള്‍ ഞാന്‍ അങ്ങനെ ‘ലൈവ്’ ആയി കേട്ടു.അവള്‍ക്ക് വിഷമമാവുമല്ലോ എന്നോര്‍ത്ത്, ഞാന്‍ കേള്‍ക്കാത്ത മട്ടിലിരുന്നു.പക്ഷെ ആ ഡയലോഗുകള്‍ അവള്‍ക്ക് മെലഡി പാട്ടുകള്‍ പോലെയാണെന്ന് തോന്നുന്നു. സന്തോഷത്തോടെ കേള്‍ക്കുന്നുണ്ട്. ഞങ്ങള്‍ രണ്ടു പേരും മാത്രമായപ്പോള്‍ കൂട്ടുകാരി എന്നോട് പറഞ്ഞു ‘നമ്മുടെ റേഡിയോ ക്ക് ഒരു മാറ്റവും ഇല്ല അല്ലെ !’ അവളുടെ കണ്ണുകള്‍ നനഞ്ഞിരുന്നുവോ ? എന്നാലും ഞാന്‍ അതിന് പ്രാധാന്യം കൊടുക്കാതെ, ഞങ്ങളുടെ പഴയ കഥകളൊക്കെ ഓര്‍മ്മയില്‍ നിന്ന് ചികഞ്ഞെടുത്ത് വീണ്ടും സന്തോഷപരമായ സാഹചര്യമുണ്ടാക്കി എടുത്തു.

ചില വിഷമങ്ങളെ ഫലിതം കൊണ്ട് അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു അല്ലെ ………