ലാലിസവും മാണിയും സോഷ്യല്‍ മീഡിയയില്‍ കുരുങ്ങി: ഹാഷ്ടാഗ് നമ്മുക്കൊരു ശീലമാക്കിയാലോ?

188

facebook-hashtag

ഒരുപക്ഷെ കെ എം മാണിയുമായി ബന്ധപ്പെട്ട കോഴവിവാദത്തില്‍ ആയിരിക്കണം മലയാളികള്‍ ശരിയായി ‘ഹാഷ്ടാഗ്’ എന്ന സംഗതി കാര്യമായിട്ട് ഉപയോഗിച്ചത് എന്ന് തോന്നുന്നു. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് പലര്‍ സോഷ്യല്‍ മീഡിയയുടെ പല ഭാഗങ്ങളിലും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ പൊതുവായി ഉപയോഗിക്കുന്ന ടാഗ് ലൈനുകളാണ് ഹാഷ് ടാഗുകള്‍ (ഹാഷ് സിംബലിനു (#) ശേഷം സ്‌പേസ് ഇടാതെ, ഒരു വിഷയവുമായി ബന്ധപ്പെട്ട, മറ്റു ആളുകള് കൂടുതലായി ഉപയോഗിക്കുന്ന കീവേഡുകള്‍/ഫ്രെയ്‌സുകള്‍). ആ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എല്ലാം തന്നെ ഈ ഹാഷ് ടാഗില്‍ ക്ലിക്ക് ചെയ്താല്‍ ഒരുമിച്ചു കാണുകയും പൊതുവായ അഭിപ്രായ രൂപീകരണം എങ്ങനെയെന്നും അറിയാന്‍ കഴിയും. കിസ്സ് ഓഫ് ലവ്വും നില്പ്പ് സമരവും ഒക്കെ നടന്നപ്പോളും നമ്മുക്ക് ഇത്തരത്തില്‍ ഹാഷ് ടാഗുകള്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ് (ട്വിറ്ററില്‍ Kiss Of Love ട്രെന്ഡ് ചെയ്യ്തു എന്നത് ശരിയാണ്).

പ്രതിഷേധത്തിന്റെ രാഷ്ട്രീയം മാറ്റിവെച്ചു പരിശോധിച്ചാല്‍ #entevaka500 ആയിരിക്കും മലയാളിയുടെ ആദ്യത്തെ നേരേ ചൊവ്വേയുള്ള ഹാഷ് ടാഗ് ഉപയോഗം. ഹാഷ് ടാഗ് ഉപയോഗം കൊണ്ടുള്ള പ്രയോജനങ്ങള്‍ പലതാണ്, അതാതു മീഡിയയില്‍ നാം സംസാരിക്കുന്ന വിഷയത്തിന് കൂടുതല്‍ പ്രാമുഖ്യം നല്കാനും അതുവഴി കൂടുതല്‍ ആളുകളിലേക്കും മറ്റു മുഖ്യധാരാ മാധ്യമങ്ങളിലേക്കും ഈ വിഷയം എത്തിക്കാനും കഴിയും (Trending). പിന്നീട് കഴിഞ്ഞ ദിവസം സി എന്‍ എന്‍ ഐ ബി എന്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിലേക്ക് പി വിജയന്‍ ഐ പി എസിനെ വോട്ട് ചെയ്തു മുന്നില് എത്തിച്ചതാണ് മലയാളിയുടെ പിന്നീടുള്ള ഹാഷ്ടാഗ് ഉപയോഗം. #itoyPVijayan എന്ന് സ്വന്തം പ്രൊഫൈലില്‍ പോസ്റ്റ് ചെയ്യണം എന്ന സന്ദേശം പരക്കെ പ്രചരിച്ചപ്പോളും പലരും ഇതെന്താണ് എന്നറിയാതെയാണ് പോസ്റ്റ് ചെയ്തത് എന്ന് ചില മെസ്സേജുകള്‍ കണ്ടപ്പോള്‍ മനസ്സിലായി, എങ്കില്‍ പോലും കൃത്യമായി തന്നെ ഹാഷ്ടാഗ് ഉപയോഗിച്ചത്തുകൊണ്ട് വലിയൊരു മുന്നേറ്റം ഒരു ദിവസം കൊണ്ട് മലയാളികള്ക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞു.

ലാലിസവുമായി ബന്ധപ്പെട്ട ഹാഷ്ടാഗ് ഉപയോഗമാണ് ഏറ്റവും ഒടുവില്‍ ഉള്ളത്. #Lalisom എന്ന ടാഗ് കുറെ ദിവസങ്ങള്‍ക്കു ശേഷം #LOLisom എന്ന പരിഹാസത്തിലേക്കു മാറിയത് ഹാഷ്ടാഗിന്റെ spontaneous ഉപയോഗമായി കാണാം. ഏറ്റവും ഒടുവില്‍ ഇന്ന് #LalismGiveBackOur2Crore ഹാഷ്ടാഗും നിമിഷ നേരം കൊണ്ട് പിറന്നു. ആഷിഖ് അബുവിന്റെ പോസ്റ്റിലെ ഒരു ഭാഗം ഇളക്കിയെടുത്തു ഉണ്ടാക്കിയ #entevaka500 മാണി സാര്‍ രാജി വെക്കരുത് എന്ന് ആവശ്യപ്പെടുന്ന സെല്‍ഫി വീഡിയോകളുടെ പിന്‍ബലത്തോടെയാണ് പ്രസിദ്ധി ആര്‍ജ്ജിച്ചത്. ടി വി ന്യൂ ചാനലിലെ തൊഴിലാളി സമരവും ഫേസ് ബുക്കിലേക്ക് കടന്നത് കഴിഞ്ഞ ദിവസമാണ് #TVnewജീവിതസമരം എന്ന ഹാഷ്ടാഗും ചാനല്‍ ഓഫീസില്‍ കഞ്ഞി വെച്ചു താമസിക്കുന്നതിന്റെ വീഡിയോയും സമര സെല്‍ഫിയുമായിരുന്നു പ്രധാന ഹൈലൈറ്റ്. കുടില്‍ കെട്ടി സമരത്തെക്കാള്‍ കാര്യക്ഷമം എന്ന് ഞാന്‍ പറയും, കുടില്‍ കെട്ടി നടത്തുന്ന സമരം എത്ര പേര്‍ അറിയും, അല്ലെങ്കില്‍ എത്ര മുഖ്യധാരാമാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യും എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിവുള്ള കാര്യമാണ്. ടി വി ന്യൂ സമരത്തിനു അല്പമെങ്കിലും ജനശ്രദ്ധ കിട്ടിയെങ്കില്‍ അതിതിലൂടെ മാത്രമാണ്. ടാന്‍സാനിയയിലെ കിച്ചങ്കനി ഗ്രാമത്തില്‍ ഒരു ലൈബ്രറി നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന സോമി സോളമന്‍ കൊണ്ട് വന്ന മറ്റൊരു ഹാഷ്ടാഗ് ആണ് #WithKichangani. ലൈബ്രറിയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ സോര്‍ട്ട് ചെയ്യാന്‍ സോമിയെ വലിയൊരു അളവില്‍ ഈ ഹാഷ്ടാഗ് സഹായിക്കും എന്നതില്‍ സംശയമില്ല.

ഇനിയുള്ള ദിവസങ്ങളില്‍ ലാലിസം ആയിരിക്കും ഹാഷ്ടാഗുകളില്‍ ഒന്നാമന്‍, ഒരു പക്ഷെ നാളെ ബാക്ക്ഗ്രൗണ്ടില്‍ പ്ലേ ചെയ്യുന്ന പാട്ടിനൊപ്പം ലിപ് സിങ്ക് ചെയ്യുന്ന വ്യക്തികളുടെ സെല്‍ഫി വീഡിയോകള്‍ ആയിരിക്കില്ല ഈ ടാഗുകള്‍ക്ക് താഴെ വരാന്‍ ഇരിക്കുന്നതെന്ന് ആര് കണ്ടു. ചുരുക്കത്തില്‍ വിവിധ ഇടങ്ങളില്‍ ചിന്നി ചിതറി നടന്നിരുന്ന ചര്‍ച്ചകള്‍ ഒരുമിപ്പിക്കാന്‍ ഇനിയെങ്കിലും മലയാളിയുടെ ഈ ഹാഷ്ടാഗ് ഉപയോഗം ഉപകരിക്കും. അപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം, അക്ഷര തെറ്റ് കൂടാതെയും, ദൈര്‍ഖ്യം കുറവുമുള്ള ഹാഷ്ടാഗുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്ന. എളുപ്പത്തില്‍ മനസ്സില്‍ നില്ക്കുന്നതും,കുറിക്കുകൊള്ളുന്നതും, മറ്റുള്ളവര്‍ക്ക് വേഗം മനസ്സിലാകുന്നതും, പൊതുവായി ഉപയോഗിക്കുന്നതുമായ ടാഗുകളാണ് നമ്മുക്ക് വേണ്ടത്. ഉദാഹരണത്തിന് ലാലിസവുമായി ബന്ധപ്പെട്ട പോസ്റ്റുകളില്‍ #Lalisom #Lalism എന്നീ രണ്ടു ടാഗുകള്‍ കാണുന്നുണ്ട്. സത്യത്തില്‍ ആ പ്രോഗ്രാമിന്റെ പേര് ‘Lalisom’ എന്നാണു, അക്ഷരങ്ങള്‍ മാറിയാല്‍ പോലും ഹാഷ്ടാഗുകള്‍ വിഭജിച്ചു പോകുമെന്ന് ഓര്‍ക്കുക. ?#?Telangana? ക്ക് പകരം #Telengaana എന്നോ #Thelengana എന്നോ ചേര്‍ത്താല്‍ ഹാഷ്ടാഗ് ഉപയോഗിക്കുന്നതിന്റെ വിപരീത ഫലമേ ഉണ്ടാകൂ. അതുപോലെ സ്‌പേസ് ഇടാതിരിക്കുക #IndianElections എന്നതിന് പകരം #India Elections എന്ന് ആഡ് ചെയ്തിട്ട് കാര്യമില്ല. അതുപോലെ തന്നെ underscore (_) ഉപയോഗിച്ച് വലിച്ചു നീട്ടി ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നതും നല്ല്‌ലതല്ല, മറ്റാരും തന്നെ ഉപയോഗിക്കില്ല എന്നത് തന്നെ (#Nee_pwolichu_bro എന്ന രസകരമായ ടാഗ് ഇവിടെ ഓര്‍ക്കാം).

ദേശീയ രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങളില്‍ ഇന്ന് ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യമാണ് ഹാഷ്ടാഗുകള്‍. ദേശീയ പാര്‍ട്ടികള്‍ തമ്മില്‍ ഹാഷ്ടാഗ് യുദ്ധങ്ങളാണ് ഓരോ ദിവസവും അരങ്ങേറുന്നത്. ബദല്‍ ഹാഷ്ടാഗ്കള്‍ക്കും ഇടമുണ്ട് എന്നതാണ് പ്രത്യേകത, ഉദാഹരണത്തിന് മാണിക്കെതിരായി #entevaka500 വന്നപ്പോള്‍ മാണിയുടെ പാര്‍ട്ടി ഓണ്‍ലൈന്‍ല്‍ സജീവമെങ്കില്‍ ബദല്‍ ഹാഷ്ടാഗ് ഉണ്ടാക്കി മേല്‌ക്കൈ നേടാം. ഡല്‍ഹിയില്‍ ആം ആദ്മി പാര്ട്ടിയും ബി ജെ പിയും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഈ രീതിയാണ്. അതിന്റെ തുടര്‍ച്ചയായി പല ദേശീയ ചാനലുകളുടെയും വാര്ത്തകള്ക്ക് ഒപ്പം ഇത്തരം ഹാഷ്ടാഗുകള്‍ സ്‌ക്രീനില്‍ പ്രദര്ശിപ്പിക്കുകയും ചെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. മാധ്യമങ്ങളെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായവും ആ വിഷയത്തിലെ പുരോഗതികളും അപ്പപ്പോള്‍ മനസ്സിലാക്കാന്‍ ഇതുപകരിക്കും. കഴിഞ്ഞ ദിവസം ഫേസ് ബുക്ക് കുറച്ചു സമയത്തേക്ക് നിലച്ചപ്പോള്‍ ഫേസ് ബുക്കിന്റെ അവസ്ഥ അറിയാന്‍ ആളുകള്‍ കൂടുതല്‍ ആശ്രയിച്ചത് ട്വിറ്റെര്‍ ആണ് (#ThingsIDidWhenFacebookWasDown എന്ന ടാഗും നിമിഷ നേരം കൊണ്ടുണ്ടായി). ചുരുക്കത്തില്‍ സോഷ്യല്‍ മീഡിയ ആശയ വിനിമയങ്ങളെ കൂടുതല്‍ കാര്യക്ഷമം ആക്കാന്‍ ഹാഷ്ടാഗുകളുടെ ഉപയോഗം കാര്യമായി തന്നെ സഹായിക്കും. നമ്മുടെ മലയാളം ചാനലുകളിലെ അന്തിച്ചര്‍ച്ചകളിലും പത്രങ്ങളിലും ഓരോ ഹാഷ്ടാഗുകള്‍ ഉപയോഗിക്കാനും അതുവഴി ‘audience engagement’ കൂട്ടാനും സഹായിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

വാല്‍: സോഷ്യല്‍ മീഡിയ ഇല്ലായിരുന്നെങ്കില്‍ ലാലിസം ‘മികച്ചതായേനെ’, കാരണം സോഷ്യല്‍ മീഡിയയ്ക്ക് മുന്‍പ് ചില പത്ര സ്ഥാപനങ്ങളും ചാനലുകളും ആയിരുന്നല്ലോ നമ്മുടെ അഭിപ്രായം നിര്‍ണ്ണയിച്ചിരുന്നത്, രതീഷ് വേഗയ്ക്കും മോഹന്‍ലാലിനും സോഷ്യല്‍ മീഡിയയോട് വെറുപ്പ് തോന്നിയാല്‍ അതില്‍ അത്ഭുതപ്പെടാനില്ല.
#Hashtagism