ലാലേട്ടന്റെ ബ്യൂട്ടി ഹിറമോസയുടെ ക്വാളിറ്റി, Beauty Meets Quality

01കഴിഞ്ഞ ആഴ്ച കോഴിക്കോട്ടെ മലബാര്‍ ഗോള്‍ഡില്‍ ഞാന്‍ പോയിരുന്നു. മുടിഞ്ഞ തിരക്കാണ് അവിടെ. സ്വര്‍ണം എടുക്കാന്‍ വരുന്നവര്‍ ക്യൂ നില്ക്കുകയാണ്. മൂന്ന് നിലകളിലായി ഒരു തൃശൂര്‍ പൂരത്തിന്റെ ആളുണ്ട്. ലാലേട്ടന്റെ ഗ്യാരന്റിയുള്ളത് കൊണ്ടാവണം, മുന്നും പിന്നും നോക്കാതെ പറഞ്ഞ പണം കൊടുത്ത് ആളുകള്‍ സ്വര്‍ണം വാങ്ങിക്കൊണ്ടു പോകുന്നു. ഞങ്ങള്‍ പണിക്കൂലിയില്‍ അല്പം വിലപേശാന്‍ തുടങ്ങിയതോടെ രണ്ട് ഐറ്റംസില്‍ നല്ല ഡിസ്കൌണ്ട് തന്ന് ബാക്കിയുള്ളതിലൊക്കെ ആ ഡിസ്കൌണ്ടിന്റെ ഇരട്ടി പണിക്കൂലിയിട്ടാണ് ബില്ല് തന്നത്. നല്ല പാല്‍ചായയും ബിസ്കറ്റും ഫ്രീയായി കിട്ടിയതിനാല്‍ കൂടുതല്‍ തര്‍ക്കിക്കാനും തോന്നിയില്ല.  മാത്രമല്ല, വേറെയെവിടെയെങ്കിലും പോയാല്‍ കാര്യങ്ങള്‍ ഇതിനേക്കാള്‍ കഷ്ടമാവുകയും ചെയ്തേക്കാം. ലാലേട്ടനെ മോശം പറയിപ്പിക്കുന്നതും ശരിയല്ലല്ലോ. പറഞ്ഞ കാശും കൊടുത്ത് ഞങ്ങളും സ്വര്‍ണം വാങ്ങി. എയര്‍ ഹോസ്റ്റസ് ഹിറമോസ കൊണ്ട് വന്ന സ്വര്‍ണമായിരുന്നോ അതെന്ന് പടച്ചോനറിയാം.

കള്ളക്കടത്തിലൂടെ കൊണ്ട് വരുന്ന സ്വര്‍ണം മലബാര്‍ ഗോള്‍ഡുകാര്‍ വാങ്ങിയോ ഇല്ലയോ എന്നത് സര്‍ക്കാരും പോലീസും കണ്ടെത്തട്ടെ. വാങ്ങിയാലും ഇല്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്. റാഹിലമാരും ഹിറമോസമാരും അവര്‍ക്ക് പിന്നിലുള്ള സ്വര്‍ണമാഫിയക്കാരും കേരളത്തിലേക്ക് ബിസ്കറ്റുകള്‍ കൊണ്ടുവരുന്നത് വൈകുന്നേരത്തെ കട്ടം ചായയില്‍ മുക്കിത്തിന്നാനല്ല, സ്വര്‍ണ വ്യാപാരികള്‍ക്ക് വില്ക്കാനാണ്. മലബാര്‍ ഗോള്‍ഡിന്റെ  ചെയര്‍മാന്‍  തന്നെ ഇന്നലെ ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞത് മാര്‍ക്കറ്റില്‍ ഉള്ള സ്വര്‍ണത്തില്‍ ബഹുഭൂരിപക്ഷവും കള്ളക്കടത്തിലൂടെ എത്തുന്നതാണ് എന്നാണ്. പ്രതിവര്‍ഷം അറുപതോ എഴുപതോ ടണ്‍ സ്വര്‍ണം ഇന്ത്യന്‍ വിപണിക്ക് ആവശ്യമുണ്ട്. ഇതില്‍ ഏകദേശം രണ്ട് ടണ്‍ മാത്രമാണത്രേ നിയമപരമായി ഇറക്കുമതി ചെയ്യപ്പെടുന്നത്. അപ്പോള്‍ ബാക്കിയുള്ളതിന്റെ കാര്യം പറയേണ്ടതില്ലല്ലോ.

കഴിഞ്ഞ ആറ് മാസത്തിനിടക്ക് ഏതാണ്ട് നൂറു കിലോ സ്വര്‍ണം കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പിടിക്കപ്പെടുന്ന സ്വര്‍ണത്തിന്റെ എത്രയോ ഇരട്ടിയായിരിക്കും പിടിക്കപ്പെടാതെ പോകുന്നത് എന്നതുറപ്പാണ്. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ മുന്‍ കസ്റ്റംസ് കമ്മീഷണര്‍ പറയുന്നത് പത്തു കൊല്ലം പഴക്കമുള്ള അവിടത്തെ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് സ്കാനറുകളില്‍ സ്വര്‍ണമെന്നല്ല, ഒരു ചുക്കും കണ്ടുപിടിക്കാന്‍ കഴിയില്ലെന്നാണ്. വല്ലവനും ഒറ്റു കൊടുക്കുമ്പോഴോ അബദ്ധത്തില്‍ പെട്ടി തുറന്ന് നോക്കുമ്പോഴോ കണ്ടെത്തുന്ന ബിസ്കറ്റുകളാണ് പത്രത്തിലും ചാനലിലും പ്രത്യക്ഷപ്പെടുന്നത്. ബാക്കിയുള്ളതെല്ലാം ബ്യൂട്ടി മീറ്റ്‌ ക്വാളിറ്റി എന്ന് പണ്ടാരോ പറഞ്ഞ പോലെ നാട്ടാരെ തന്നെ മീറ്റ്‌ ചെയ്യാനെത്തും. വിശ്വാസം അതല്ലേ എല്ലാം…

ലാലേട്ടന്റെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. രാവിലെ സ്വര്‍ണം വാങ്ങാനുള്ള ജ്വല്ലറിക്കാരന്റെ പരസ്യം. ഉച്ചയ്ക്ക് അത് വീട്ടില്‍ വെച്ചോണ്ടിരിക്കാതെ പണയം വെക്കാനുള്ള ബ്ലേഡുകാരന്റെ പരസ്യം. വൈകിട്ട് വിറ്റ് കിട്ടിയ കാശ് കൊണ്ട് കള്ള് കുടിക്കാനുള്ള പരസ്യം. കാശ് കിട്ടിയാല്‍ ഏത് പണ്ടാരമടങ്ങുന്ന പരസ്യത്തിലും അഭിനയിക്കാന്‍ നമ്മുടെ സൂപ്പര്‍ താരങ്ങള്‍ ഒരുക്കമാണ്. വിസിലടിച്ചും ആര്‍ത്ത് വിളിച്ചും അവരെ താരങ്ങളാക്കിയ പൊതുജനം ഏത് വണ്ടിക്ക് തല വെച്ചാലും കുഴപ്പമില്ല. കാശ് കീശയില്‍ വരണം. ലാലേട്ടന്‍ മാത്രമല്ല, എല്ലാ ഏട്ടന്മാരും ഇക്കാര്യത്തില്‍ കണക്കാണ്. നാല് നേരം മര്യാദക്ക് തലയില്‍ തേച്ചാല്‍ ഒറ്റ മുടിയും ബാക്കിയില്ലാതെ കൊഴിഞ്ഞു പോകുന്ന ഹെയര്‍ ഓയിലിന്റെ പരസ്യത്തില്‍ വരുന്നത് കുടുംബ നായകനാണ്. അങ്ങേരുടെ തലയിലെ കഷണ്ടി ഇപ്പോള്‍ ഏതാണ്ട് മൂര്‍ദ്ധാവില്‍ എത്തിയിട്ടുണ്ട്. വളരെ പാട് പെട്ടാണ് ചീകിയൊതുക്കി അത് മറച്ചു വെക്കുന്നത്.

രാഷ്ട്രീയക്കാരുടെയും പൊതുപ്രവര്‍ത്തകരുടെയും അഴിമതിക്കെതിരെ എക്സ്ക്ലൂസീവും ഇന്‍വെസ്റ്റിഗേഷനും കൊണ്ട് അയ്യരുകളി നടത്തുന്ന നമ്മുടെ മാധ്യമങ്ങള്‍ പരസ്യക്കാരന്റെ മുന്നില്‍ ഉടുതുണിയഴിച്ച് കമിഴ്ന്ന് കിടക്കുന്ന കാഴ്ചയും നാം കണ്ടു. കേരളത്തിലെ എയര്‍പോര്‍ട്ടുകളിലൂടെ കടത്തപ്പെടുന്ന സ്വര്‍ണം എവിടെയെത്തുന്നു എന്നതിനെക്കുറിച്ച് ഒരു ഇന്‍വെസ്റ്റിഗേഷനും നാളിതു വരെ കണ്ടിട്ടില്ല. ഇത്രയധികം സ്വര്‍ണം ഇവിടെ നിന്ന് പിടിക്കപ്പെട്ടിട്ടും അത് വാങ്ങി വില്ക്കുന്ന പരസ്യ മുതലാളിമാരെക്കുറിച്ച് ഒരു എക്സ്ക്ലൂസീവും ഇത് വരെ വന്നിട്ടില്ല. പിടിക്കപ്പെട്ട കള്ളക്കടത്തുകാരന്‍ മലബാര്‍ ജ്വല്ലറിയുടെ പേര് പറഞ്ഞിട്ടും അത് മുക്കുവാനാണ് നേരോടെ നിര്‍ഭയം മാധ്യമ പ്രവര്‍ത്തനം നടത്തുന്ന സകല ചാനലുകളും പ്രമുഖ പത്രങ്ങളും ശ്രമിച്ചത്. ദോഷം പറയരുതല്ലോ, എന്തൊക്കെ തരികിടകള്‍ കാണിച്ചാലും മലയാളത്തിലെ ചില ന്യൂസ് പോര്‍ട്ടലുകളാണ് ഈ വാര്‍ത്ത ആദ്യമായി പുറത്തു വിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ അത് പടര്‍ന്ന് കയറിയപ്പോള്‍ നിവൃത്തിയില്ലാതെയാണ് മുതലാളിയുടെ പേര് പറയാന്‍ പോലും മാധ്യമ പുലികള്‍ നിര്‍ബന്ധിതരായത്.  സോഷ്യല്‍ മീഡിയ ഇല്ലായിരുന്നുവെങ്കില്‍ ഈ പന്നികള്‍ ഈ വാര്‍ത്തയും മുക്കുമായിരുന്നു. പേരിന് വേണ്ടി വൈകിട്ട് ചര്‍ച്ച നടത്തിയപ്പോള്‍ കേള്‍വി കേട്ട മാധ്യമ പുലി പോലും ജ്വല്ലറി മുതലാളിയുടെ മുന്നില്‍ പൂച്ചയായി ചോദ്യം ചോദിക്കുന്നതാണ് കണ്ടത്. ഞങ്ങള്‍ക്ക് തരുന്ന പരസ്യം മുടക്കല്ലേ പൊന്നു മുതലാളീ എന്ന് മുഖത്ത് ഒട്ടിച്ചു വച്ചത് പോലുള്ള ഭവ്യതയും കണ്ടു.

മലബാര്‍ ഗോള്‍ഡോ കല്യാണോ ആലുക്കാസോ മറ്റേതെങ്കിലും ജ്വല്ലറി ഗ്രൂപ്പോ കള്ളക്കടത്തുകാരില്‍ നിന്നും സ്വര്‍ണക്കട്ടികള്‍ വാങ്ങുന്നുണ്ടോ എന്ന ചോദ്യം തന്നെ അസംബന്ധമാണ്. കള്ളക്കടത്തിലൂടെ ഇവിടെയെത്തുന്ന ടണ്‍ കണക്കിന് സ്വര്‍ണം മറ്റെവിടെ പോകാനാണ് എന്ന് ഊഹിച്ചെടുക്കാന്‍ ഒരു പണത്തൂക്കം ബുദ്ധി ഉപയോഗിച്ചാല്‍ മാത്രം മതി.

Recent Posts
രമ്യ നമ്പീശന്‍ കുളിക്കുന്നു. എല്ലാവരും ഓടി വരൂ!!
ശ്വേതയും ബോള്‍ഡ്നെസ്സും പിന്നെ പീഡാംബാരക്കുറുപ്പും
പുലിക്കാട്ട് : ദൃശ്യവിസ്മയങ്ങളുടെ തമിഴ് ഗ്രാമത്തിലേക്കൊരു യാത്ര