‘ലിംഗ’ ആരും വിശ്വസിക്കാത്ത ഒരു കഥയും ക്ലൈമാക്സും , പിന്നെ രജനിയണന്റെ പടമായത് കൊണ്ട് ക്ഷമിക്കാം.!

0
247

lingaa

അങ്ങനെ കാത്തുകാത്തിരുന്നു രജനികാന്ത് ഇരട്ട വേഷത്തില്‍ എത്തുന്ന ലിംഗ എന്ന സിനിമ റിലീസ് ആയിരിക്കുന്നു. സിനിമയെ കുറിച്ച് അഭിപ്രായം ചോദിച്ചാല്‍ പെട്ടന്ന് ഇങ്ങനെ പറയാം, ആരും വിശ്വസിക്കാത്ത ഒരു കഥയും ക്ലൈമാക്സും , പിന്നെ രജനിയണന്റെ പടമായത് കൊണ്ട് ക്ഷമിക്കാം.!

മൂന്ന് മണിക്കൂര്‍ രജനികാന്ത് നിറഞ്ഞു നിന്ന് അഭിനയിച്ചിട്ടുണ്ട്. സ്റ്റൈല്‍ മന്നന്‍ വീണ്ടും നല്ല സ്റ്റൈലന്‍ അഭിനയം കാഴ്ചവച്ച പടത്തില്‍ ഹൈലൈറ്റ് ക്ലൈമാക്സ് തന്നെയാണ്. അമാനുഷികത രജനിയണന്റെ കൂടപ്പിറപ്പാണ് എന്ന് സമാധാനിച്ചു കൊണ്ട് ആ ക്ലൈമാക്സ് നമുക്ക് ആസ്വദിക്കാന്‍ സാധിച്ചാല്‍ ലിംഗ എന്ന സിനിമ ഒരു മെഗാഹിറ്റാകുമെന്നു ഉറപ്പ്.

ആദ്യ സീന്‍ മുതല്‍ അവസാനത്തെ സീന്‍ വരെ ലോജിക്ക് എന്ന സാധനം, അല്ല സംഭവം ഈ സിനിമയിലില്ല. അതുകൊണ്ട് തന്നെ തിയറ്ററില്‍ ചെല്ലുക പടം കാണുക തിരിച്ചു വീട്ടില്‍ പോവുകയെന്നതില്‍ ഉപരി ഈ ചിത്രത്തെ പറ്റി ചിന്തിക്കാന്‍ നമ്മള്‍ ബുദ്ധിമുട്ടേണ്ട കാര്യമില്ല. ഒരു രജനികാന്ത് ഷോ തന്നെയാണ് ഈ ചിത്രം. തീര്‍ത്തും വ്യത്യസ്തമായ രജനി ഷോയില്‍ ഇതിലെ മറ്റു കഥാപാത്രങ്ങള്‍ മുങ്ങിപോയി എന്ന് പറഞ്ഞാലും തെറ്റില്ല.

രണ്ട് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന രണ്ട് പേരുടെ കഥയാണ് ലിംഗ. രജനികാന്ത് അവതരിപ്പിക്കുന്ന ആദ്യ കഥാപാത്രം പുരാണങ്ങളില്‍ നിന്നുമുള്ള ഒരാളും രണ്ടാമത്തെ കഥാപാത്രം ലിംഗ എന്ന് പേരുള്ള ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഒരു കള്ളനുമാണ്. ജീവിക്കാന്‍ വേണ്ടി എന്തും ചെയ്യുന്ന ലിംഗ ഒരു ദിവസം ഒരു അമ്പലം കൊള്ളയടിക്കാന്‍ തീരുമാനിക്കുന്നു. അങ്ങനെ ലിംഗ തന്‍റെ പ്ലാനിംഗ് നടത്തുന്നു. ഇതിന്റെ ഇടയില്‍ ലിംഗ പണ്ട് ജീവിച്ചിരുന്ന ലിംഗെശ്വര എന്ന രാജാവിനെ പറ്റി കേള്‍ക്കുകയും അദ്ദേഹത്തിന്റെ കഥയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇറങ്ങി പുറപ്പെടുകയും ചെയ്യുന്നു.

പിന്നെ നമ്മുടെ മലയാളികള്‍ക്ക് വേണ്ടി മുല്ലപെരിയാരും കഥയിലെ ഒരു ഭാഗത്ത് വന്നു പോകുന്നു, ചെറിയ ഒരു ഗസ്റ്റ്‌ അപ്പിയറന്‍സ്.! വിവാദപരമായ ഒരു പരാമര്‍ശങ്ങളുമില്ലാതെ മുല്ലപെരിയാറിനെ വന്നു കൊണ്ട് പോകാന്‍ സംവിധായകന്‍ കാണിച്ച മിടുക്ക് പ്രശംസനീയം തന്നെ.

അനുഷ്ക, സോനാക്ഷി എന്നിവര്‍ പേരിനു വേണ്ടി മാത്രമള്ള നായികമാരായി മാറുന്ന ചിത്രത്തില്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് പറയും പോലെ സോനാക്ഷിയെ വച്ച് നോക്കുമ്പോള്‍ അനുഷ്ക തകര്‍ത്ത് അഭിനയിച്ചുവെന്ന് പറയാം. എആര്‍ റഹ്മാന്റെ സംഗീതം ചിത്രത്തിന്റെ ഹൈലൈറ്റ് ആകുമ്പോള്‍ രജനികാന്തിന്റെ പഞ്ച് ഡയലോഗുകളും സൂപ്പര്‍ ഫയിറ്റുകളും ഏതൊരു രജനി ആരാധകനെയും കോരിതരിപ്പിക്കും എന്ന് തീര്‍ച്ച.