ലീഗോ എന്ന ലോകപ്രശസ്ത കളിപ്പാട്ടത്തിന്റെ കഥ

382


പരസ്പരം ചേര്‍ക്കാന്‍ സാധിക്കുന്ന ചെറിയ പ്ലാസ്റ്റിക് കട്ടകള്‍ ഉപയോഗിച്ച് വ്യത്യസ്ത രൂപങ്ങള്‍ ഉണ്ടാക്കുവാന്‍ സഹായിക്കുന്ന കളിപ്പാട്ടങ്ങളാണ് ലീഗോ നിര്‍മിക്കുന്നത്. ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ ഇവ ഉപയോഗിച്ചാല്‍ അവരുടെ ക്രിയാത്മകത വളരുമെന്നത് മാതാപിതാക്കളെയും ലീഗോയോട് അടുപ്പിക്കുന്നു. നേരത്തെ തന്നെ നിര്‍മിച്ചിട്ടുള്ള കളിപ്പാട്ടങ്ങള്‍ക്കുപകരം തങ്ങള്‍ക്കിഷ്ടമുള്ള രൂപത്തില്‍ വസ്തുക്കള്‍ ഉണ്ടാക്കാം എന്നത് തന്നെയാണ് ലീഗോയുടെ ഏറ്റവും വലിയ പ്രത്യേകത. കളിപ്പാട്ടങ്ങള്‍ക്ക് പുറമേ ആക്ഷന്‍ ഫിഗറുകളും കളിപ്പാട്ടപ്രേമികള്‍ക്കായി ലീഗോ കോണ്‍ഫറന്‍സും ഇപ്പോഴിതാ ഒരു ഹോളിവുഡ് ആനിമേഷന്‍ സിനിമ വരെയും എത്തിക്കഴിഞ്ഞു ലീഗോയുടെ വളര്‍ച്ച. ലീഗോ എന്ന ലോകപ്രശസ്ത കളിപ്പാട്ടത്തെക്കുറിച്ച് അറിയുവാന്‍ ചില രസകരമായ കാര്യങ്ങള്‍:

  • 1932ലാണ് ഡെന്മാര്‍ക്കുകാരനായ മരപ്പണിക്കാരന്‍ ഒലെ കിര്‍ക്ക് ക്രിസ്റ്റ്യന്‍സണിന്റെ വര്‍ക്ക്‌ഷോപ്പില്‍ ലീഗോ പിറവി കൊള്ളുന്നത്. ലീഗോ എന്ന പേര് സ്വീകരിക്കുന്നത് പക്ഷേ 1934ലാണ്.
  • നമ്മുക്ക് ഏറെ പരിചിതം ലീഗോയുടെ ഇന്റര്‍ലോക്ക് കട്ടകള്‍ ആണെങ്കിലും ആദ്യകാലത്ത് മരപ്പാവകള്‍ ആയിരുന്നു ലീഗോ നിര്‍മിച്ചിരുന്നത്.
  • 1947ലാണ് ലീഗോ പ്ലാസ്റ്റിക് പാവകള്‍ നിര്‍മിക്കുവാന്‍ തുടങ്ങിയത്. 1949ലാണ് ആദ്യമായി ഇന്റര്‍ലോക്ക് കട്ടകള്‍ ലീഗോ പുറത്തിറക്കിയത്.
  • ലീഗോ എന്ന പേര് വന്നത് ‘പ്ലേ വെല്‍’ എന്ന അര്‍ത്ഥം വരുന്ന ‘LEG GODT’ എന്ന ഡാനിഷ് പ്രയോഗത്തിലെ ആദ്യ രണ്ട് അക്ഷരങ്ങള്‍ വീതം എടുത്തിട്ടാണ്.

വായിക്കുക : ലോകപ്രശസ്ത കളിപ്പാട്ടങ്ങളും അവയുടെ വിശേഷങ്ങളും

 

  • ലീഗോയുടെ ഇന്റര്‍ലോക്ക് കട്ടകള്‍ എല്ലാം കാലാതീതമാണ്. ഏറ്റവും ആദ്യം നിര്‍മിച്ച ലീഗോ കട്ടയും ഇപ്പോള്‍ വിപണിയില്‍ ഉള്ളവയില്‍ ഒന്നും തമ്മില്‍ ചേര്‍ത്താലും അവ കൃത്യമായി യോജിക്കുക തന്നെ ചെയ്യും.
  • ലീഗോയുടെ മിനിഫിഗറുകള്‍ ഏറെ പ്രശസ്തമാണ്. ലീഗോ കട്ടകള്‍ ഉപയോഗിച്ച് കെട്ടിടങ്ങളും മറ്റും ഉണ്ടാക്കുമ്പോള്‍ അവയില്‍ മനുഷ്യര്‍ക്ക് പകരമായി ഉപയോഗിക്കുവാന്‍ ഉള്ളവയാണ് ഈ ചെറു രൂപങ്ങള്‍. ലീഗോയെ ഒരു രാജ്യമായും മിനിഫിഗറുകളെ അവയിലെ ജനങ്ങളായും കണക്കാക്കിയാല്‍ ലോകത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമെന്ന പേര് ചൈനയ്ക്ക് നഷ്ടമാവും.
  • തീരെ ചെറിയ കുട്ടികള്‍ ലീഗോ കട്ടകള്‍ അബദ്ധത്തില്‍ വിഴുങ്ങാന്‍ സാധ്യത ഉള്ളതിനാല്‍ അവര്‍ക്ക് വേണ്ടി ഡ്യൂപ്ലോ ബ്രിക്‌സ് എന്ന പ്രത്യേക വിഭാഗം തന്നെ ലീഗോ നിര്‍മിക്കുന്നുണ്ട്.സാധാരണ ലീഗോ കട്ടകളുടെ എട്ട് മടങ്ങ് വലിപ്പമുള്ള ഇവ എന്നാല്‍, ലീഗോ കട്ടകളില്‍ എളുപ്പത്തില്‍ യോജിപ്പിക്കുകയും ചെയ്യാം.
  • ലീഗോ കട്ടകള്‍ ഉപയോഗിച്ച് നിര്‍മിച്ച ഏറ്റവും വലിയ ടവറിന് 112 അടി പൊക്കമുണ്ട്. അമേരിക്കയിലെ ഒരു പറ്റം സ്‌കൂള്‍ കുട്ടികളാണ് ഇതുണ്ടാക്കിയത്.

വായിക്കുക : രസകരമായ ബാര്‍ബി വിശേഷങ്ങള്‍

 

  • ലീഗോ ബ്ലോക്കുകള്‍ മാത്രം ഉപയോഗിച്ച് ശില്‍പ്പങ്ങള്‍ ഉണ്ടാക്കുന്ന ഒട്ടനേകം കലാകാരന്മാരെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും.
  • ലീഗോ കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയവയില്‍ ഏറ്റവും വലിയ നിര്‍മിതി താജ് മഹല്‍ സെറ്റ് ആണ്. 5,900 ലീഗോ ബ്ലോക്കുകള്‍ ആണ് ഈ സെറ്റില്‍ ഉള്ളത്.
Advertisements