ലീലയുടെ വ്യാജനും ഇന്റര്‍നെറ്റില്‍ ! പ്രതികൂലമാകുമോ സിനിമയുടെ ഓണ്‍ലൈന്‍ റിലീസ് ഭാവി..?

0
329

vijay-babu-67823
റിലീസ് ചെയ്ത് 4 ദിവസം തികയുന്നതിന് മുന്‍പുതന്നെ ലീലയുടെ വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമാവുന്നു. 22 ന് റിലീസ് ചെയ്ത ലീലയുടെ ഓണ്‍ലൈന്‍ റിലീസും അന്നുതന്നെ നടന്നിരുന്നു. അതുപക്ഷെ ഇന്ത്യയ്ക്ക് പുറത്തായിരുന്നെന്ന് മാത്രം. ഇറാം ഇന്‍ഫോ ലിമിറ്റഡ് ആണ് വിദേശത്ത് റിലീസ് ചെയ്തത്. വ്യാജന്‍ ഇറങ്ങിയതിനുപിന്നാലെ ചില അനധികൃത സൈറ്റുകളില്‍ കോപ്പികള്‍ അപ്‌ലോഡ് ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. വ്യാജ പകര്‍പ്പുകള്‍ നെറ്റില്‍ എത്തിച്ചവര്‍ക്കെതിരെ ഇറാം ഇന്‍ഫോ ടെക് സൈബര്‍ സെല്ലിന് പരാതിയും നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ പൈറസിക്കെതിരെ നടനും നിര്‍മ്മാതാവുമായ വിജയ ബാബു അതിരൂക്ഷമായി പ്രതികരിക്കുകയുണ്ടായി. പൈറസിക്കാരെ തൂക്കിക്കൊല്ലണമെന്ന അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. സിനിമ റിലീസ് ചെയ്യുന്ന അതേ സമയത്തുതന്നെ വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നത് വഴി സിനിമാവ്യവസായത്തിനുതന്നെ വന്‍ഭീഷണി നേരിടേണ്ടി വരുന്നുണ്ട്. കോടികള്‍ മുതല്‍ മുടക്കുള്ള വ്യവസായത്തില്‍ പൈറസിയെ ചെറുക്കാന്‍ നടപ്പില്‍ വരുത്തിയ പ്രതിരോധങ്ങളൊന്നും ഫലവത്തായിട്ടില്ല എന്നതാണ് കൗതുകകരം. വരുംകാല ഓണ്‍ലൈന്‍ റിലീസുകളിലൂടെ പൈറസി കൂടുതല്‍ വ്യാപകമാകുമെന്ന ആശങ്കയും ചെറുതല്ല. ലീലയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് കൈമാറിയിട്ടുണ്ട്. ചിത്രത്തിന്റെ പതിപ്പുകള്‍ ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും മറ്റു സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.