ലൈഫ് ഓഫ് പൈ പോലുള്ള 10 സിനിമകള്‍

350

ഓസ്‌കാര്‍ ജേതാവ് ആങ് ലീയുടെ ‘ലൈഫ് ഓഫ് പൈ’ ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്. ബുക്കര്‍ പ്രൈസ് ജേതാവായ യാന്‍ മാര്‍ട്ടലിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ‘ലൈഫ് ഓഫ് ദി പൈ’ എടുത്തിരിക്കുന്നത്. വമ്പന്‍ പ്രതികരണമാണ് ചിത്രത്തിന് എല്ലായിടത്തും ലഭിച്ചു കൊണ്ടിരിക്കുന്നത്.

കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തകര്‍ന്ന ചരക്ക് കപ്പലില്‍ നിന്നും രക്ഷപ്പെടുന്ന ‘പൈ’ എന്ന കൗമാരക്കാരനിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. കടല്‍ക്ഷോഭത്തില്‍ നിന്ന് രക്ഷപ്പെട്ട പൈ ഒരു ബോട്ട് കണ്ടെത്തുന്നു. അതില്‍ പൈയുടെ കൂട്ടുകാരായി എത്തുന്നത് കാട്ടുനായ, സീബ്ര, മനുഷ്യക്കുരങ്ങ്, കടുവ തുടങ്ങിയ വന്യമൃഗങ്ങളാണ്. ഈ മൃഗങ്ങള്‍ക്കൊപ്പമാണ് പൈയുടെ പിന്നീടുള്ള യാത്ര. ദല്‍ഹി സ്വദേശിയായ സൂരജ് ശര്‍മയാണ് ചിത്രത്തില്‍ ‘പൈ’ ആയി എത്തുന്നത്. കൂടാതെ തബു, ഇര്‍ഫാന്‍ ഖാന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

എന്നാല്‍ നമ്മളിവിടെ ചര്‍ച്ച ചെയ്യുന്നത് പൈയെ കുറിച്ചല്ല. പകരം ലോകത്ത് മറ്റു പല സിനിമകളും പൈയുടെ അതെ തീമില്‍ ഇറങ്ങിയവ ആയുണ്ട്. അതായത് എന്തെങ്കിലും അപകടത്തില്‍ പെട്ട് ഏതെന്കിലും ദ്വീപിലോ അല്ലെങ്കില്‍ നടുക്കടലിലോ അകപ്പെട്ടു സാഹസികമായി ജീവിക്കുന്ന ആളുകളുടെ കഥ പറയുന്ന സിനിമകള്‍ . അങ്ങിനെയുള്ള തെരഞ്ഞെടുത്ത പത്തോളം സിനിമകള്‍ ഏതൊക്കെയെന്നു നമുക്ക് നോക്കാം.

1. കാസ്റ്റ് എവേ (2000)

2000 ല്‍ അമേരിക്കയിലിറങ്ങിയ ഇംഗ്ലീഷിലുള്ള ഒരു സാഹസിക ചലച്ചിത്രമാണ് കാസ്റ്റ് എവേ. റോബര്‍ട്ട് സിമിക്കിസ് സംവിധാനം നിര്‍വ്വഹിച്ച ഈ ചിത്രത്തില്‍ പ്രധാന കഥാപത്രമായി വേഷമിട്ടത് ടോം ഹാങ്ക്‌സാണ്. കൊറിയര്‍ സ്ഥാപനമായ ഫെഡക്‌സിലെ ജോലിക്കാരനായ ചക് നോളന്റ് (ടോം ഹാങ്ക്‌സ്) തെക്കന്‍ പസഫിക് സമുദ്രത്തില്‍ വിമാനം തകര്‍ന്ന് വീണ് ഒരു ജനവാസമില്ലാത്ത ദ്വീപിലെത്തപ്പെടുന്നതും അവിടെ തന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനും രക്ഷപ്പെടുന്നതിനുമായി നടത്തുന്ന ശ്രമങ്ങളും ഒടുവില്‍ ദ്വീപില്‍ നിന്ന് രക്ഷപ്പെട്ട് സ്വന്തം സമൂഹത്തിലേക്ക് എത്തിപ്പെടുന്നതുമാണ് ഈ ചിത്രത്തിന്റെ കഥ.ഈ ചിത്രത്തിലെ അഭിനയം ടോം ഹാങ്ക്‌സിനെ ഏറ്റവും നല്ല നടനുള്ള ഓസ്‌കാര്‍ പുര്‍സ്‌കാരത്തിന് അര്‍ഹമാക്കുകയുണ്ടായി.

2. റോബിന്‍സണ്‍ ക്രൂസോ (1997)

ലോകം ചുറ്റിക്കാണാന്‍ ഇറങ്ങിയ ഒരു യുവാവാണ് റോബിന്‍സണ്‍ ക്രൂസോ.കടല്‍ യാത്രയ്കിടയില്‍ അദ്ധേഹത്തിന്റെ കപ്പല്‍ അപകടത്തില്‍ പെട്ടു.തുടര്‍ന്ന് മനുഷ്യ വാസം ഇല്ലാത്ത ഒരു ദ്വീപില്‍ എത്തിച്ചേര്‍ന്ന ക്രൂസോയ്ക്ക് വര്‍ഷങ്ങളോളം അവിടെ ഒറ്റയ്ക്ക് കഴിയേണ്ടി വന്നു. ഈ കഥയാണ് 1997 ല്‍ പുറത്തിറങ്ങിയ റോബിന്‍സണ്‍ ക്രൂസോ എന്ന ഹോളിവുഡ് ചലച്ചിത്രം പറയുന്നത്.

3. ലോര്‍ഡ്‌ ഓഫ് ദി ഫയല്‍സ് (1990)

ഒരു മിലിട്ടറി സ്കൂളിലെ കാഡറ്റുകളെയും വഹിച്ചു കൊണ്ടുള്ള എയര്‍ക്രാഫ്റ്റ്‌ കടലിലേക്ക്‌ തകര്‍ന്നു വീണതിനെ തുടര്‍ന്ന് അതിലുള്ള യുവ കാഡറ്റുകള്‍ ഒരു അജ്ഞാത ദ്വീപില്‍ എത്തിപ്പെടുന്നതിന്റെ കഥയാണ്‌ ഈ ചിത്രം പറയുന്നത്.

4. ദി ബ്ലാക്ക്‌ സ്റ്റാല്ലിയോണ്‍ (1979)

1979 ല്‍ ഇറങ്ങിയ ഈ ചിത്രത്തിന്റെയും കഥ വ്യത്യസ്തമല്ല. ഒരു കുതിരയും ആണ്‍ കുട്ടിയും കപ്പല്‍ തകര്‍ന്നത്‌ കാരണം ഒരു ദ്വീപില്‍ എത്തിപ്പെടുന്നതിന്റെ കഥയാണ്‌ ഈ ഫിലിം നമ്മോട് പറയുന്നത്.

5. സിക്സ് നൈറ്റ്‌സ് സെവന്‍ ഡേയ്സ് (1998)

ഇത്തരം ചിത്രങ്ങളില്‍ പ്രണയവും ഉള്‍പ്പെടുത്താം എന്നതിന്റെ ഉത്തമോദാഹരണം ആണ് ഈ ചിത്രം. ഒരു പൈലറ്റും ഒരു മാഗസിന്‍ എഡിറ്ററും കൂടി ഒരു വിമാനാപകടത്തില്‍ പെട്ട് ഒരു ദ്വീപില്‍ എത്തിപ്പെടുന്ന കഥയാണ് ഈ ചിത്രം പറയുന്നത്.

6. സ്വെപ്റ്റ്‌ എവേ (2002)

സമ്പന്നയായ ഒരു മര്‍ക്കടമുഷ്ടിക്കാരിയായ ഒരു സ്ത്രീയും അവരുടെ കമ്മ്യൂണിസ്റ്റ് കാരനായ നാവികനും കൂടി ഒരു കപ്പല്‍ അപകടം കാരണം ഒരു ദ്വീപില്‍ കഴിച്ചു കൂട്ടേണ്ടി വന്നതിന്റെ കഥയാണ് ഈ സിനിമ പറയുന്നത്.

7. ബ്ലൂ ലഗൂണ്‍ (1980)

രണ്ടു ചെറിയ കുട്ടികള്‍ ഒരു കപ്പലപകടം കാരണം ഒരു ദ്വീപില്‍ എത്തിപ്പെടുന്നതും പിന്നീട് അവരുടെ ജീവിതവും അവര്‍ തമ്മിലുള്ള പ്രണയവും സെക്സും എല്ലാം പ്രതിപാദിക്കുന്ന ചിത്രം.

8. റിട്ടേണ്‍ ടു ദി ബ്ലൂ ലഗൂണ്‍ (1991)

1980 ലെ ബ്ലൂ ലഗൂണ്‍ എന്ന സിനിമയുടെ രണ്ടാം ഭാഗം. ബ്ലൂ ലഗൂണ്‍ കഥകളുടെ അതെ പോലൊരു ദ്വീപില്‍ ഒറ്റയ്ക്ക് താമസിക്കുന്ന യുവാവിന്റെയും യുവതിയുടെ കഥ പറയുന്ന സിനിമ.

9. സര്‍വൈവല്‍ ഐലന്‍ഡ് (2005)

ഒരു സമ്പന്ന കുടുംബത്തിന്റെ കഥയാണ്‌ ചിത്രം പറയുന്നത്. പിന്നീട് അവര്‍ സഞ്ചരിക്കുന്ന കപ്പലിനു തീ പിടിക്കുന്നതും അതിലെ സ്ത്രീ മാത്രം ബാക്കിയാവുന്നതും അവര്‍ ഒരു മരുഭൂമി പോലെയുന്ന ദ്വീപില്‍ എത്തിപ്പെടുന്നതും ചിത്രം പറയുന്നു.

10. സ്വിസ് ഫാമിലി റോബിന്‍സണ്‍ (1960)

കപ്പലപകടം കാരണം ഒരു ദ്വീപില്‍ എത്തിപ്പെടുന്ന ഒരു കുടുംബം ഒരു വീടുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ കഥ പറയുന്ന ചിത്രമാണിത്.

ഇപ്പോള്‍ ഗോവയില്‍ നടന്ന് കൊണ്ടിരിക്കുന്ന 43 ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രമായിരുന്നു ‘ലൈഫ് ഓഫ് പൈ’. ത്രീ ഫോര്‍മാറ്റിലെടുത്ത ചിത്രം ഏതാണ്ട് മൂന്നര വര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്.

തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ജോലിയായിരുന്നു ‘ലൈഫ് ഓഫ് പൈ’ യുടെ ചിത്രീകരണമെന്നാണ് ആങ് ലീ പറുയന്നത്. 3000 ഓളം പേരുടെ സഹകരണത്തോടെയാണ് ചിത്രം പൂര്‍ത്തീകരിച്ചത്.