ലൈലയും മിയ വാലസും തമ്മില്‍; ഒരു ഡബിള്‍ ബാരല്‍ ചായകാച്ചല്‍

0
306

double_swathy
മലയാളത്തിലെ ആദ്യ ഗ്യാംഗ്സ്റ്റര്‍ കോമഡി ചിത്രം എന്ന വിശേഷണവുമായി ആണ് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഡബിള്‍ ബാരല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. സിനിമ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ബഹുഭൂരിപക്ഷം പ്രേക്ഷകര്‍ക്കും മനസിലാവാതെ പോയ ആദ്യ ദിവസങ്ങളില്‍ ഒട്ടേറെ നെഗറ്റീവ് അഭിപ്രായങ്ങള്‍ കേട്ടെങ്കിലും അതെല്ലാം തരണം ചെയ്ത് കുതിക്കുകയാണ് ഈ ദ്രിശ്യവിസ്മയം. ഒരു ഗ്യാംഗ്സ്റ്റര്‍ കോമഡി ആയതുകൊണ്ട് തന്നെ ഹോളിവുഡിലെ പ്രധാനപ്പെട്ട ചില ഗ്യാംഗ്സ്റ്റര്‍ ചിത്രങ്ങളില്‍ നിന്നുള്ള അംശങ്ങളും ലിജോ ഡബിള്‍ ബാരലില്‍ ചേര്‍ത്തിട്ടുണ്ട്. അത്തരത്തില്‍ ഒന്നാണ് സ്വാതി അവതരിപ്പിച്ച ലൈല എന്ന കഥാപാത്രം. ഇവിടെ കഥാപാത്രത്തിന്റെ സ്വഭാവങ്ങളില്‍ അല്ല മറിച്ച് വേഷവിധാനങ്ങളില്‍ ആണ് സമാനത നല്‍കിയിരിക്കുന്നത്.

ടാറന്റിനോ സംവിധാനം ചെയ്ത പള്‍പ്പ് ഫിക്ഷന്‍ എന്ന കോമഡി ഡ്രാമയിലെ നായികാകാഥാപാത്രമായ മിയ വാലസുമായി ആണ് ലൈലയ്ക്ക് സാമ്യം ഉള്ളത്. ഉമ തുര്‍മാന്‍ ആണ് ഈ വേഷം അവതരിപ്പിച്ചത്. ഓസ്‌കാര്‍ അവാര്‍ഡിന് മികച്ച നടിക്കുള്ള നോമിനേഷന്‍ നേടുകയും ചെയ്തു ഈ കഥാപാത്രത്തിലൂടെ ഉമ തുര്‍മാന്‍. പള്‍പ്പ് ഫിക്ഷന്‍ സിനിമ പ്രേമികളുടെ ഇഷ്ടചിത്രങ്ങളില്‍ ഒന്നാണ്. സ്‌റ്റൈലിഷ് ആയ അവതരണശൈലിയും നോണ്‍ ലീനിയര്‍ കഥ പറച്ചിലും കിടിലന്‍ ഡയലോഗുകളും ഒക്കെയായി ഒരു സംഭവം തന്നെയാണ് പള്‍പ്പ് ഫിക്ഷന്‍. ജോണ്‍ ട്രവോള്‍ട്ടയുടെയും സാമുവല്‍ എല്‍. ജാക്‌സന്റെയും തകര്‍പ്പന്‍ അഭിനയം കൂടിയായപ്പോള്‍ പള്‍പ്പ് ഫിക്ഷന്‍ അന്ന് ഒരു ഗംഭീര വിജയമായി മാറി.

ഇതിനു മുന്‍പും വ്യത്യസ്തങ്ങളായ ആശയങ്ങളുമായി മലയാളി പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകന്‍ ആണ് ലിജോ. ഡബിള്‍ ബാരലും ആ വിശ്വാസത്തില്‍ കുറവ് വരുത്തിയിട്ടില്ല. ഏറെ പ്രശസ്തമായ ഗോഡ്ഫാദര്‍ പരമ്പരയിലെ മാര്‍ലന്‍ ബ്രാന്‍ഡോയുടെ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന വേറൊരു കഥാപാത്രവും ഉണ്ട് ഡബിള്‍ ബാരലില്‍. ഏറെ വിമര്‍ശനങ്ങള്‍ക്ക് ശേഷം പതിയെ സിനിമാപ്രേമികള്‍ ഏറ്റെടുത്ത് തുടങ്ങിയ ഈ ചിത്രം തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു ദ്രിശ്യ അനുഭവം ആയിരിക്കും എന്നതില്‍ സംശയമില്ല.