ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്ന വിദേശികളെ കുവൈത്ത് നാടുകടത്തുന്നു

177

Kuwait-City

ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാടുകടത്താന്‍ കുവൈത്ത് തീരുമാനിച്ചു. ലൈസന്‍സ് ഇല്ലാത്ത വിദേശികളെ  കടുത്ത പിഴ ചുമത്തി ശിക്ഷിക്കുന്നതുകൊണ്ടു ഫലമില്ലെന്നും പകരം നാടുകടത്തലാണ് ഉചിതമെന്നാണെന്നും കണ്ടാണ്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നീക്കം.  ഇത് സംബന്ധിച്ച വിവരങ്ങള്‍  മന്ത്രാലയത്തിലെ ഗതാഗതവിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ മുഹന്ന പുറത്തുവിട്ടു.

ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചു പിടിയിലാകുന്ന വിദേശികളെ പെട്ടന്ന് തന്നെ  നാടുകടത്തല്‍ കേന്ദ്രത്തില്‍എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും, ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്ത വിദേശികളുടെ പേരില്‍ വാഹനം റജിസ്റ്റര്‍ ചെയ്യുന്നതു കര്‍ശനമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശുപാര്‍ശയും നല്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു

ഗതാഗത നിയമവുമായി ബന്ധപ്പെട്ട പിഴ അടച്ചുതീര്‍ക്കാതെ വിദേശികള്‍ രാജ്യത്തിനു പുറത്തുകടക്കുന്നതു തടയാന്‍ വിമാനത്താവളത്തിലും അതിര്‍ത്തി പോസ്റ്റുകളിലും കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. വിമാനത്താവള അധികൃതരുടെയും കാര്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെയും സഹകരണത്തോടെയാണ് പരിശോധന  നടപ്പാക്കുക. വിമാനത്താവളത്തില്‍ പണം സ്വീകരിക്കുന്നതിനുള്ള സംവിധാനമുണ്ട്. പിഴ കുടിശികയുള്ളവര്‍ക്ക് അവിടെ പണം അടച്ചശേഷം യാത്രാനുമതി തുടരാമെന്നും അല്‍ മുഹന്ന പറഞ്ഞു.