ലോകം വിശാലമാണ് ഭായ് – അബ്ബാസ്‌

187

2

കല്യാണ ബ്രോക്കര്‍ പെണ്‍കുട്ടിയുടെ അമ്മാവനോട് – അല്ല മുപ്പത് പവനും രണ്ടു ലക്ഷം രൂപയും കൊടുക്കാം നല്ല ചെക്കന്മാര്‍ ഉണ്ടെന്നു പറഞ്ഞിട്ടിപ്പം ചെക്കനെ കൊണ്ട് വന്നപ്പോള്‍ അത് പത്തു പവനും ഒരു ലക്ഷം രൂപയുമായൊ?
അമ്മാവന്‍ എന്താ ചെയ്യാ.. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. കുട്ടിയുടെ ഉപ്പയും ആങ്ങളയും സൌദീലെ സ്വദേശിവല്‍ക്കരണം മൂലം പണി കളഞ്ഞു വന്നത് നിങ്ങള്‍ അറിഞ്ഞില്ലേ?

മീന്‍കാരന്‍ മീന്‍ വാങ്ങാന്‍ വന്ന ചേച്ചിയോട് – അല്ല ചേച്ച്യേ .. ഉച്ചക്ക് ഒരു കിലോനും വൈകീട്ട് ഒരു കിലോനും മീന്‍ വാങ്ങുന്ന ഇങ്ങളിപ്പോള്‍ ആകെ വാങ്ങുന്നത് അരക്കിലോ. ചേട്ടന്‍ ഇപ്പ്രാവശ്യം ലീവിന് വന്നത് ക്യാന്‍സല്‍ അടിച്ചാണല്ലേ?

പിടിഎ പ്രസിഡന്റ് സ്‌കൂള്‍ മാനേജരോട് – അതേയ് എല്ലാ കൊല്ലവും കുട്ടികളെ ചേര്‍ക്കുമ്പോള്‍ ഇരുപത്തയ്യായിരം വാങ്ങുന്ന പോലെ ഇപ്പ്രാവശ്യം നടക്കില്ല.മിക്ക രക്ഷിതാക്കളും സൌദീന്നു തിരിച്ചു പോന്നിരിക്കാ.. ഒരു അയ്യായിരം കിട്ടുമോ എന്ന് നോക്കാം..

ഓട്ടോറിക്ഷാ ഡ്രൈവര്‍ കൂട്ടുകാരനോട് – നശിച്ച സൗദി സ്വദേശിവല്ക്കരണം കാരണം താത്താരോക്കെ ഇപ്പോള്‍ ബസ്സിലാ യാത്ര. നമ്മുടെ ഓട്ടം ഗുദാ ഗവാ ..

കേരളത്തില്‍ പണിക്കു വന്ന ബീഹാറി – കഴിഞ്ഞ പ്രാവശ്യം ഞാനല്ലേ ബഹന്‍ ഈ തെങ്ങിനെല്ലാം തടം തുറന്നത് . എന്നിട്ടിപ്പം ഇക്കൊല്ലം ബഹന്‍ വേറെ ആളെ വിളിച്ചോ?
ബഹന്‍ പഹയാ അത് വേറെ ആളല്ല.ന്റെ കേട്ട്യോനാ .. സൌദീന്നു ജോലി നഷ്ട്ടപെട്ടു വന്നതാ.,.

ഇത്രേം കാര്യങ്ങള്‍ ഇന്നത്തെ ഒരു ഫേസ് ബുക്ക് ട്രെന്റ് വെച്ച് എഴുതിയതാ.. ഇനി നിതാഖാത് പ്രശ്‌നത്തില്‍ എന്റെ അഭിപ്രായം..

സൗദി അറേബ്യയില്‍ അനധികൃതമായി താമസിക്കുന്ന കുറച്ചു പാവങ്ങളെ (അത് പത്തു ലക്ഷം ആണെങ്കില്‍ പോലും ) കണ്ടല്ല കേരളമോ ഇന്ത്യയോ നില നില്‍ക്കുന്നത്.120 കോടി ജനങ്ങളില്‍ എത്ര ശതമാനം വരും മൊത്തം പ്രവാസികള്‍? ഫ്രീ വിസ എന്നത് നിയമപരമായ വിസ അല്ല എന്നറിഞ്ഞു തന്നെയാണ് ഒട്ടുമിക്ക ആളുകളും ആ ചതിയില്‍ പെട്ടത്. അല്ലാതെ പെട്ടവരും ഉണ്ട് . 2011 മുതല്‍ സൗദി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി തുടങ്ങിയതാണ് . അന്ന് മുതലേ ശ്രദ്ധിച്ചിരുന്നെങ്കില്‍ പലര്‍ക്കും മറ്റൊരു വിസക്ക് ശ്രമിക്കാമായിരുന്നു.

തീര്‍ച്ചയായും വ്യക്തികള്‍ക്ക് ഇതൊരു നഷ്ട്ടം തന്നെയാണ്. എന്നെ ഇന്നെന്റെ കമ്പനി പിരിച്ചു വിട്ടാല്‍ തീര്‍ച്ചയായും ഞാന്‍ ചുറ്റിപോകും. പക്ഷെ സൗദി മാത്രമല്ലല്ലോ ലോകം. മറ്റനേകം സ്ഥലങ്ങളിലേക്ക് പിന്നീട് ജോലിക്കായി ശ്രമിക്കാമല്ലോ. ദോഹയിലോക്കെ ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ട്.മലേഷ്യയിലേക്കും മറ്റും ഇപ്പോള്‍ ആളുകള്‍ വ്യാപകമായി പോയി തുടങ്ങിയിട്ടുണ്ട്.

2
അബ്ബാസ്‌

പക്ഷെ അപ്രതീക്ഷിതമായി നാട്ടില്‍ എത്തിപെട്ട ആളുകളെ അവരുടെ വീട്ടുകാരും നമ്മുടെ സര്‍ക്കാരും ഒക്കെ ഒന്ന് സഹായിക്കണം.. പലരും ലോണും കടങ്ങളും ഒക്കെ ഉള്ളവരാണ്. തല്ക്കാലം അവരുടെ ലോണ്‍ തിരിച്ചടവിന് കുറച്ചു കാലവധി നല്‍കുക. വീട് പണി എവിടെയും എത്താത്തവര്‍ക്കു ഗാര്‍ഹിക ലോണ്‍ നല്‍കുക. റേഷന്‍ കടയിലെ സാധങ്ങള്‍ മുന്‍ ഗള്‍ഫ് കാരന്റെ വീടുകള്‍ക്കും കൂടി അനുവദിക്കുക. അങ്ങിനെ കുറെ കാര്യങ്ങള്‍ സര്‍ക്കാരിന് ചെയ്യാന്‍ പറ്റും. അല്ലാതെ സൗദിയില്‍ പോയി നമ്മുടെ സര്‍ക്കാര്‍ നമുക്ക് വേണ്ടി എന്തേലും ചെയ്യുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.

സര്‍ക്കാറിനെക്കാളും കൂടുതലായി ചെയ്യാന്‍ കഴിയുക മടങ്ങി വരുന്ന ഓരോരുത്തരുടെയും വീട്ടുകാര്‍ക്ക് തന്നെയാണ് . എന്നാ തിരിച്ചു പോവുന്നത് എന്ന ആ ശവത്തില്‍ കുത്തുന്ന ചോദ്യം ചോദിക്കാതിരിക്കുക. ജോലി ഉണ്ടായിരുന്നന്നു ഒന്നും സമ്പാദിക്കാഞ്ഞിട്ടല്ലെ എന്ന ക്രൂരമായ ചോദ്യം ഒഴിവാക്കുക. അച്ഛന് പഴയ വരുമാനമില്ലെന്നു മക്കളെ പറഞ്ഞു മനസ്സിലാക്കുക. പേടിക്കണ്ട ഏതേലും നല്ല വിസ കിട്ടിയാല്‍ ഇനിയും പോകാലോ എന്ന് പറഞ്ഞു സമാധാനിപ്പിക്കുക.. എല്ലാത്തിലുമുപരി ദേ വിദേശത്തെ ജോലി ഇല്ലെങ്കിലും ഞങ്ങള്‍ക്കൊക്കെ നിങ്ങളെ ഭയങ്കര ഇഷ്ട്ടമാണെന്നു അവനെ ബോധ്യപ്പെടുത്തുക.

ആളുകള്‍ മടങ്ങി പോയി തുടങ്ങി എന്ന വാര്‍ത്ത വിശ്വസിച്ചാണ് ഈ പോസ്റ്റ്. കാളപെറ്റു എന്ന് കേള്‍കുംമ്പോഴേക്കും പോസ്റ്റിടല്‍ എന്റെ രീതിയല്ല .

മടങ്ങി പോകുന്നവരോടായി………. ലോകം വിശാലമാണ് ഭായ്.ജോലി ചെയ്യാനുള്ള മനസ്സും കൂടി വിശാലമാക്കിയാല്‍ മതീ..തല്‍ക്കാലമുള്ള കടങ്ങള്‍ .. ആ … ഇച്ചോന്നും അറിയൂലാ.. ന്താച്ചാ ചെയ്‌തോളിം..