china
‘മെയിഡ് ഇന്‍ ചൈന’ എന്ന് നമ്മള്‍ പുച്ഛത്തോടെ പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍, ഇന്ന് ഏതെങ്കിലും ഒരു ഭാഗമെങ്കിലും ചൈനയില്‍ നിര്‍മ്മിക്കാത്ത വസ്തുക്കള്‍ വളരെ വിരളമാണെന്ന് തന്നെ പറയാം. ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ചൈന. മറ്റു രാജ്യങ്ങളും, അവ തന്നെയും, അതിനെ ഒരു പ്രശ്‌നമായി കണക്കാക്കുമ്പോഴും ജനപ്പെരുപ്പത്തെ ഫലപ്രദമായി വിനിയോഗിക്കാമെന്ന് കാണിച്ചുതരികയും ചെയ്തിട്ടുണ്ട് ചൈന. ചൈന എന്ന നിഗൂഡതകളുടെയും സാംസ്‌കാരിക വൈവിധ്യത്തിന്റെയും നാടിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം.

  • പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന എന്നതാണ് ചൈനയുടെ ഔദ്യോഗിക നാമം. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് എന്നാണ് ചൈനയുടെ നിയമനിര്‍മാണ സഭ അറിയപ്പെടുന്നത്.
  • ജനസംഖ്യയുടെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ ഒന്നാം സ്ഥാനം ചൈനയ്ക്കാണ്. വിസ്തീര്‍ണത്തില്‍ മൂന്നാം സ്ഥാനവും.
  • നീളത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ നാലാമത്തെ വലിയ നദിയായ യാങ്ങ്‌സി ചൈനയിലൂടെയാണ് ഒഴുകുന്നത്. ചൈനയുടെ ദുഃഖം എന്ന വിളിപ്പേരുള്ള മഞ്ഞനദി, ആറാം സ്ഥാനത്തും.
  • മനുഷ്യനിര്‍മിതമായ ലോകത്തിലെ ഏറ്റവും വലിയ വസ്തുവാണ് ചൈനയിലെ വന്മതില്‍. 8,850 കിലോമീറ്റര്‍ ആണ് വന്മതിലിന്റെ നീളം. പലപ്പോഴായി പണിതുയര്‍ത്തിയ മതിലുകള്‍ കാലക്രമേണ ഒന്നിച്ചുചേര്‍ത്താണ് ഇന്നത്തെ രൂപത്തില്‍ ആയത്. ഇപ്പോഴുള്ള വന്മതിലിന്റെ ഒട്ടുമിക്ക ഭാഗങ്ങളും മിംഗ് രാജവംശം നിര്‍മിച്ചതാണ്.
  • പാണ്ടകളുടെ ജന്മദേശവും ചൈനയാണ്. ലോകത്തുള്ള എല്ലാ പാണ്ടകളും ചൈനയില്‍ നിന്നും വായ്പാ അടിസ്ഥാനത്തില്‍ കൊണ്ടുപോയിട്ടുള്ളവയാണ്. ഈ പാണ്ടകള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടായി അവ പ്രായപൂര്‍ത്തി ആകുമ്പോള്‍ അവയെ തിരികെ ചൈനയില്‍ എത്തിക്കണം എന്നാണ് നിയമം. പാണ്ടകളുടെ സ്വാഭാവിക പ്രജനനം പ്രോത്സാഹിപ്പിക്കുവാനും അതുവഴി അവയുടെ വംശനാശം തടയുവാനുമാണ് ഈ നടപടി.
  • കുറച്ചുനാള്‍ മുന്‍പ് വരെ പെന്‍സിലുകള്‍ പൊതുവേ മഞ്ഞ നിറത്തിലാണ് നിര്‍മിക്കപ്പെട്ടിരുന്നത്. ഇതിനുമുണ്ട് ഒരു ചൈനാബന്ധം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തിലെ ഏറ്റവും നല്ല ഗ്രാഫൈറ്റ് ലഭ്യമായിരുന്നത് ചൈനയില്‍ ആയിരുന്നു. മഞ്ഞ നിറം ചൈനക്കാര്‍ക്ക് രാജകീയ നിറമാണ്. അതുകൊണ്ട്, ചൈനയില്‍ നിന്നുള്ള മുന്തിയ ഇനം ഗ്രാഫൈറ്റ് ഉപയോഗിക്കുന്ന പെന്‍സിലുകള്‍ക്ക് അമേരിക്കന്‍ നിര്‍മാതാക്കള്‍ മഞ്ഞനിറം നല്‍കുവാന്‍ തുടങ്ങി. പിന്നീട്, ഈ പതിവ് തുടര്‍ന്നുപോരുകയും ചെയ്തു.

  • അഞ്ച് വ്യത്യസ്ത സമയമേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന രാജ്യമാണ് ചൈന. എന്നാല്‍, ബീജിംഗ് സ്റ്റാന്‍ഡേര്‍ഡ് സമയം ആണ് രാജ്യത്തെ ഔദ്യോഗിക സമയം. ഇതുപ്രകാരം ചൈനയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള കാഷഗര്‍ എന്ന സ്ഥലത്ത് നേരം പുലരുന്നത് ഔദ്യോഗികമായി രാവിലെ പത്ത് മണിക്ക് ശേഷമാണ്.
  • ധനികരായ ആളുകള്‍ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെടുമ്പോള്‍ അവര്‍ക്ക് വേണ്ടി ശിക്ഷ അനുഭവിക്കാന്‍ പണം കൊടുത്ത് ആളുകളെ വാടകയ്ക്ക് എടുക്കാമത്രേ!
  • സെവന്‍ ഇയേഴ്‌സ് ഇന്‍ ടിബറ്റ് എന്ന സിനിമയില്‍ അഭിനയിച്ചു എന്ന കാരണത്താല്‍ഹോളിവുഡ് താരം ബ്രാഡ് പിറ്റിന് ചൈനയില്‍ പ്രവേശിക്കുവാന്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
  • ഇനി നമ്മുടെ ഇപ്പോഴത്തെ നായ പ്രശ്‌നത്തെക്കുറിച്ച് പറയാം. ചൈനയിലും ഉണ്ടായിട്ടുണ്ട് ഇങ്ങനെയൊരു പ്രശ്‌നം. 2006ല്‍ റാബീസ് ബാധിച്ച് 3 പേര്‍ ചൈനയില്‍ മരണമടഞ്ഞു. ഇതിനെത്തുടര്‍ന്ന് അന്‍പതിനായിരത്തില്‍ അധികം നായ്ക്കളെയാണ് ചൈനയില്‍ കൊന്നൊടുക്കിയത്. വഴിയിലൂടെ നായ്ക്കളെ നടത്തിക്കൊണ്ടു പോകുന്നവരുടെ പക്കല്‍ നിന്നുപോലും നായ്ക്കളെ പിടിച്ചുവാങ്ങി കൊന്നുകളഞ്ഞിരുന്നു. നായ്ക്കളെ സ്വയം കൊല്ലുന്നവര്‍ക്ക് അന്ന് 63 സെന്റ് പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.
Advertisements