[ലോകജാലകം] ടര്‍ക്കി : രണ്ട് വന്‍കരകളില്‍ വേരൂന്നിയ രാജ്യം

  0
  469

  turkey
  ടര്‍ക്കി മലയാളത്തില്‍ ആക്കിയാല്‍ തുര്‍ക്കിയാവും! യുവ തുര്‍ക്കികള്‍ എന്ന വിശേഷണം കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. സുരേഷ് ഗോപിയെ നായകനാക്കി ഭദ്രന്‍ സംവിധാനം യുവതുര്‍ക്കി എന്നൊരു സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. ടര്‍ക്കിയെക്കുറിച്ച് പിന്നെ നമ്മുക്കറിയാവുന്നത് ഒട്ടോമാന്‍ സാമ്രാജ്യവുമായി ബന്ധപ്പെട്ട കഥകളാണ്. എന്നാല്‍, നാം കേട്ടതിനേക്കാളും ഒരുപാട് വിശേഷങ്ങള്‍ പറയുവാനുള്ള നാടാണ് ടര്‍ക്കി. അത്തരം രസകരമായ ചില ടര്‍ക്കി വിശേഷങ്ങളിലേയ്ക്ക്.

  • രണ്ടു വന്‍കരകളിലായി വ്യാപിച്ചുകിടക്കുന്ന രാജ്യമാണ് ടര്‍ക്കി. ഒരു ഭാഗം യൂറോപ്പിലും ബാക്കി ഏഷ്യയിലും. യൂറോപ്പില്‍ ഉള്ള ഭാഗം ത്രെയിസ്(Thrace) എന്നറിയപ്പെടുമ്പോള്‍ ഏഷ്യാവന്‍കരയില്‍ ഉള്ള ഭാഗത്തിന് അനറ്റോളിയ(Anatolia) എന്നാണ് പേര്. ഇതിനെ ഏഷ്യ മൈനര്‍ എന്നും വിളിക്കാറുണ്ട്.
  • ലോകത്തിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ വ്യാപാരകേന്ദ്രം ടര്‍ക്കിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇസ്താംബുളില്‍ ഉള്ള ഗ്രാന്‍ഡ് മാര്‍ക്കറ്റ് 1455ല്‍ ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ ആരംഭദിശയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

  • ടര്‍ക്കിയില്‍ ചെന്നിട്ട് ഒരു ഡിസേര്‍ട്ട് ഓര്‍ഡര്‍ ചെയ്താല്‍ അതില്‍ ചിക്കന്‍ കണ്ടു പേടിക്കരുത്. ടര്‍ക്കിയിലെ ഏറെ പ്രശസ്തമായ ഒരു വിഭവമാണ് ചിക്കന്‍ ബ്രെസ്റ്റ് പുഡിംഗ്. വേവിച്ച ഇറച്ചിയും പാലും പഞ്ചസാരയും സിനമണും ഒക്കെ ചേര്‍ന്ന ഈ വിഭവം പരീക്ഷിക്കാതെ ടര്‍ക്കി യാത്ര പൂര്‍ണമാകില്ല.
  • സാന്താക്ലോസ് എന്ന സങ്കല്‍പ്പം ഉണ്ടാകുവാന്‍ കാരണമായ സെയിന്റ്. നിക്കോളാസ് എന്ന കത്തോലിക്ക വിശുദ്ധന്‍ ടര്‍ക്കിയിലെ പട്ടാരയില്‍ ജനിച്ചു എന്നാണ് കരുതപ്പെടുന്നത്.

  • ലോകത്തിന് ടൂലിപ് പുഷ്പങ്ങള്‍ സമ്മാനിച്ചത് ടര്‍ക്കിയാണ്. ടൂലിപ് പുഷ്പങ്ങളുടെ സ്വര്‍ഗമായ നെതര്‍ലാന്‍ഡ്‌സില്‍ പോലും ഇവ എത്തുന്നത് ടര്‍ക്കിയില്‍ നിന്നാണ്.
  • ലോകപ്രശസ്തമായ ഇസ്താംബുള്‍ ബിനാലെ കലാപ്രേമികള്‍ക്ക് ഒരു വിരുന്ന് തന്നെയാണ്. ഇതുവരെ പതിനാല് എഡിഷനുകള്‍ നടന്നുകഴിഞ്ഞ ഇസ്താംബുള്‍ ബിനാലെ ശരിക്കും ഒരു അത്ഭുതക്കാഴ്ച്ച തന്നെയാണ്.

  • ഓയില്‍ റെസ്ലിംഗ് ആണ് ടര്‍ക്കിയുടെ ദേശീയ കായിക വിനോദം. ഏഴ് നൂറ്റാണ്ട് പഴക്കമുള്ള ഈ ഗുസ്തി ഇനത്തില്‍ അരയ്ക്ക് മുകളിലോട്ട് ശരീരത്തിലാകമാനം എണ്ണ തേച്ചുപിടിപ്പിച്ചാണ് ഗുസ്തി നടക്കുന്നത്.
  • ടര്‍ക്കിയിലെ ഏറ്റവും പ്രശസ്തമായ നഗരംഇസ്താംബുള്‍ ആണെങ്കിലും ടര്‍ക്കിയുടെ തലസ്ഥാനം അങ്കാര ആണ്. ഒന്നാം ലോക മഹായുദ്ധത്തിനുശേഷം 1923ലാണ് അങ്കാര ടര്‍ക്കിയുടെ തലസ്ഥാനം ആവുന്നത്.

  • ടര്‍ക്കിയില്‍ അങ്ങിങ്ങ് ആഘോഷങ്ങള്‍ക്കും മറ്റുമായി ഒട്ടകങ്ങളെ കാണാമെങ്കിലും ഇവിടെ മരുഭൂമിയില്ല. ടര്‍ക്കിയില്‍ ഉള്ള ഒട്ടകങ്ങളെല്ലാം പുറമേ നിന്ന് കൊണ്ടുവന്നിട്ടുള്ളതാണ്.
  • ടര്‍ക്കി ഒട്ടേറെ സിനിമകളുടെ ലൊക്കേഷന്‍ ആവാറുണ്ട്. ഹോളിവുഡ് സ്‌പൈ ചിത്രങ്ങളില്‍ ഇസ്താംബുള്‍ ഒരു സ്ഥിരം കാഴ്ചയാണ്. ഹിറ്റ്മാന്‍, സ്‌കൈഫോള്‍, ഇന്ത്യാന ജോണ്‍സ് ആണ്ട് ദി ലാസ്റ്റ് ക്രൂസേഡ്, ടെയ്ക്കണ്‍ 2 എന്നിവ അവയില്‍ ചിലത് മാത്രം.