tunisia

ആഫ്രിക്കന്‍ വന്‍കരയിലെ വടക്കേ അറ്റത്തുള്ള രാജ്യമാണ് ടൂണീഷ്യ. യൂറോപ്പിനോട് ഏറ്റവും അടുത്തുകിടക്കുന്ന ആഫ്രിക്കന്‍ രാജ്യം. ആഫ്രിക്കയിലെ സമ്പന്ന രാജ്യങ്ങളില്‍ ഒന്നായ ടൂണീഷ്യ പക്ഷേ നമ്മളില്‍ പലര്‍ക്കും ഇപ്പോഴും അപരിചിതമായിരിക്കും.ടൂണീഷ്യയുടെ ചില വിശേഷങ്ങളും പ്രത്യേകതകളും നമ്മുക്ക് തുടര്‍ന്ന് വായിക്കാം:

  • ടൂണീഷ്യന്‍ റിപ്പബ്ലിക് എന്നാണ് ഈ രാജ്യത്തിന്റെ ഔദ്യോഗിക നാമം. ടൂണിസ് ആണ് തലസ്ഥാനം. രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്ന് ഈ തലസ്ഥാന നഗരത്തിലാണ് അധിവസിക്കുന്നത്.
  • ആയിരത്തില്‍ അധികം കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന മെഡിറ്ററേനിയന്‍ കടല്‍ത്തീരം തന്നെയാണ് ടൂണീഷ്യയുടെ പ്രധാന ആകര്‍ഷണം. ഒപ്പം, സുഖകരമായ കാലാവസ്ഥയുംകൂടി ആവുമ്പോള്‍ ഇവിടം വിനോദസഞ്ചാരികളുടെ പറുദീസ ആവുന്നു.

  • ജനസംഖ്യയുടെ 98 ശതമാനവും മുസ്ലീം മതവിശ്വാസികളാണ്. യൂറോപ്പുമായി ശക്തമായ വ്യാപാരബന്ധങ്ങള്‍ ഉണ്ടെങ്കിലും അവയൊന്നും ടൂണീഷ്യക്കാരുടെ ജീവിതശൈലിയെ വലിയ അളവില്‍ സ്വാധീനിച്ചിട്ടില്ല എന്ന് തന്നെ പറയാം.
  • റോമന്‍ അധിനിവേശകാലത്തെ നിര്‍മിതികളുടെ അവശിഷ്ടങ്ങള്‍ ശ്രദ്ധയോടെ കാത്തുസൂക്ഷിച്ചിട്ടുണ്ട്  ടൂണീഷ്യയില്‍. ഏറെ പ്രശസ്തമായ കാര്‍ത്തേജ് ടൂണീഷ്യയിലാണ് സ്ഥിതി ചെയ്യുന്നത്. അതെ! ഹാനിബാള്‍ എന്ന വീരനായകന്റെ കാര്‍ത്തേജ്!

  • 1956ലാണ് ടൂണീഷ്യ റിപ്പബ്ലിക് ആവുന്നത്. 2011ലാണ് ഏറെ പ്രശസ്തമായ മുല്ലപ്പൂ വിപ്ലവത്തിന് ടൂണീഷ്യയില്‍ തുടക്കം കുറിക്കുന്നത്.
  • അറബി ആണ് ടൂണീഷ്യയിലെ ഔദ്യോഗിക ഭാഷ. എനാല്‍, ഫ്രഞ്ചും സര്‍വസാധാരണമായി ഉപയോഗിച്ച് വരുന്നു.

  • ഒട്ടനവധി ഹോളിവുഡ് ചിത്രങ്ങള്‍ ടൂണീഷ്യയില്‍ ചിത്രീകരിച്ചിട്ടുണ്ട്. സ്റ്റാര്‍ വാര്‍സ്, ജീസസ് ഓഫ് നസറത്ത്, ഇംഗ്ലീഷ് പേഷ്യന്റ്, റെയിഡേഴ്‌സ് ഓഫ് ദി ലോസ്റ്റ് ആര്‍ക്ക് എന്നിവ അവയില്‍ ചിലത് മാത്രം.
  • ആഫ്രിക്കയിലെ മുന്‍നിര ഫുട്‌ബോള്‍ ടീമുകളില്‍ ഒന്നാണ് ടൂണീഷ്യയുടെ ദേശീയ ടീം. ഈഗിള്‍സ് ഓഫ് കാര്‍ത്തേജ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

  • ആഫ്രിക്കയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ടൂണീഷ്യ. ഒരു വര്‍ഷം ശരാശരി 5 മില്ല്യന്‍ വിനോദസഞ്ചാരികളാണ് ഇവിടെ എത്തുന്നത്.

ടൂണീഷ്യയുടെ വിശേഷങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടമായി എന്ന് കരുതുന്നു. വിദേശരാജ്യങ്ങളെക്കുറിച്ചുള്ള രസകരമായ വിശേഷങ്ങള്‍ വായനക്കാരില്‍ എത്തിക്കുന്നതിനായി ബൂലോകം ആരംഭിച്ച ‘ലോകജാലകം‘ എന്ന പുതിയ പംക്തിയുടെ ഭാഗമാണ് ഈ ലേഖനം. ഇതുപോലെ, മറ്റു രാജ്യങ്ങളുടെ വിശേഷങ്ങള്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Advertisements