[ലോകജാലകം] ബെല്‍ജിയം : ബിയറിന്റെയും ചോക്ലേറ്റിന്റെയും നാട്

316

belgium
യൂറോപ്യന്‍ യൂണിയന്റെ തലസ്ഥാനം സ്ഥിതി ചെയ്യുന്ന ബെല്‍ജിയം എന്ന ചെറിയ രാജ്യത്തിന് ഒരുപാട് വിശേഷങ്ങള്‍ പറയുവാനുണ്ട്. ചോക്ലേറ്റിന്റെയും ബിയറുകളുടെയും നാടെന്നാണ് അറിയപ്പെടുന്നതെങ്കിലും ആ വിശേഷണത്തില്‍ ഒതുക്കി നിര്‍ത്താവുന്നതല്ല ബെല്‍ജിയം എന്ന നയനമനോഹരമായ നാടിന്റെ സവിശേഷതകള്‍. ഇതുവരെ കേട്ടിട്ടില്ലാത്ത ചില ബെല്‍ജിയം വിശേഷങ്ങള്‍ തുടര്‍ന്ന് വായിക്കാം:

  • ലോകത്തില്‍ ആദ്യമായി ഇലക്ട്രോണിക് ഐ.ഡി.കാര്‍ഡുകള്‍ നിലവില്‍ വന്ന രാജ്യം ബെല്‍ജിയം ആണ്. ഇലക്ട്രോണിക് പാസ്‌പോര്‍ട്ടുകള്‍ ആദ്യമായി കൊണ്ടുവന്നതും ബെല്‍ജിയം തന്നെ.
  • സാക്‌സോഫോണ്‍ എന്ന സംഗീതഉപകരണം കണ്ടിട്ടില്ലേ? ഇത് ആദ്യമായി ഉണ്ടാക്കിയത് അഡോള്‍ഫ് സാക്‌സ് എന്ന ബെല്‍ജിയംകാരനാണ്.

  • പതിനെട്ട് വയസുവരെ നിര്‍ബന്ധിത വിദ്യാഭ്യാസം നിലവിലുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ബെല്‍ജിയം. ( ഇനി എന്തൊക്കെ മേന്മ ഉണ്ടെന്ന് പറഞ്ഞാലും ഞങ്ങള്‍ അങ്ങോട്ടില്ലേ!!!)
  • പൂജ്യം മുതല്‍ നൂറ് മൈല്‍സ് പെര്‍ സെക്കന്റ് വരെ വേഗത ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കൈവരിക്കാന്‍ സാധികുന്നതിലെ ലോക റിക്കാര്‍ഡുകാരന്‍ ഒരു ബെല്‍ജിയന്‍ സ്‌പോര്‍ട്‌സ് കാര്‍ ആണ്. പേര് വെര്‍ട്ടിഗോ.

  • വിദ്യാഭ്യാസം പോലെ തന്നെ വോട്ടിങ്ങും ഈ ചെറുരാജ്യത്തില്‍ നിബന്ധമാണ്. വോട്ട് ചെയ്യുന്നില്ല എന്ന് പറഞ്ഞാല്‍ സര്‍ക്കാര്‍ പിടിച്ചു വലിച്ചു കൊണ്ടുപോയി വോട്ടുചെയ്യിപ്പിക്കും എന്ന് സാരം.
  • മാര്‍ക്‌സും എംഗല്‍സും ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതുന്നത് ബ്രസല്‍സിലെ അജ്ഞാതവാസക്കാലത്താണ്.

  • ലോകത്തില്‍ ഏറ്റവും കൂടുതല്‍ വനിതാജനപ്രതിനിധികള്‍ ഉള്ള രാജ്യമാണ് ബെല്‍ജിയം. അന്‍പത്തിഅഞ്ച് ശതമാനം ജനപ്രതിനിധികളും വനിതകളാണ് ഇവിടെ.
  • 800ല്‍ അധികം ബിയറുകള്‍ ആണ് ബെല്‍ജിയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഒരു വര്‍ഷം ശരാശരി 150 ലിറ്റര്‍ ബിയര്‍ ആണ് ഒരു ബെല്‍ജിയംകാരന്‍ അകത്താക്കുന്നത്.

  • ചോക്ലേറ്റിന്റെ നാടാണ് ബെല്‍ജിയം. ഒരു വര്‍ഷം 220,000 ടണ്‍ ചോക്ലേറ്റ് ആണ് ഇവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഏറ്റവുമധികം ചോക്ലേറ്റ് വില്‍പ്പന നടക്കുന്ന സ്ഥലവും ഇവിടെത്തന്നെയാണ്. ബ്രസല്‍സ് അന്താരാഷ്ട്ര വിമാനത്താവളം.
  • 2002ല്‍ ദയാവധവും 2003ല്‍ സ്വവര്‍ഗവിവാഹവും അംഗീകരിച്ചുകൊണ്ട് നിയമനിര്‍മാണം നടത്തിയ രാജ്യമാണ് ബെല്‍ജിയം.

ബെല്‍ജിയത്തെക്കുറിച്ചുള്ള അനേകം കൌതുകങ്ങളില്‍ വളരെ കുറച്ച് മാത്രമാണ് ഇവിടെ പങ്കു വെച്ചത്. എന്നാല്‍, ഇവയില്‍ പലതും നിങ്ങള്‍ക്ക് പുതിയ അറിവുകള്‍ ആണെന്നാണ് ഞങ്ങളുടെ വിശ്വാസം. ലോകരാജ്യങ്ങളെപ്പറ്റി രസകരമായ അറിവുകള്‍ പങ്കുവെയ്ക്കുന്ന ലോകജാലകം എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം. മറ്റു രാജ്യങ്ങളുടെ വിശേഷങ്ങള്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.