[ലോകജാലകം] ശ്രീലങ്ക : ഇന്ത്യന്‍ മഹാസമുദ്രത്തിലെ പവിഴം

606

srilanka

ശ്രീലങ്ക എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ എത്തുക രണ്ടു കാര്യങ്ങളാണ്: തമിഴ് പുലികളും ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമും. അനേക വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തരയുദ്ധത്തിന്റെ അവശേഷിപ്പുകള്‍ ഇന്നും അങ്ങിങ്ങ് പൊട്ടുകയും ചീറ്റുകയും ചെയ്യുമ്പോഴും ശ്രീലങ്ക വിനോദ സഞ്ചാരികള്‍ക്ക് ഒരു സ്വര്‍ഗം തന്നെയാണ്. ശ്രീലങ്കയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട രസകരമായ ചില വസ്തുതകള്‍ ഇനി വായിക്കാം.

  • ലോകഭൂപടത്തില്‍ ശ്രീലങ്കയെ നോക്കിയാല്‍ ആദ്യം കൌതുകം ഉണര്‍ത്തുക അതിന്റെ രൂപം തന്നെയാവും. ഈ രൂപം കൊണ്ട് ശ്രീലങ്കയ്ക്ക് രണ്ടു വിളിപ്പേരുകള്‍ കിട്ടിയിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ പവിഴം എന്നും ഇന്ത്യയുടെ കണ്ണുനീര്‍ എന്നും!

  • മിണ്ടാന്‍ കഴിയാത്ത ഒരു അവസരത്തില്‍ നമ്മളോട് ആരെങ്കിലും എന്തെങ്കിലും ചോദിച്ചു എന്നിരിക്കട്ടെ. ഇല്ല എന്ന അര്‍ത്ഥത്തില്‍ നമ്മള്‍ തലയാട്ടുക പതിവല്ലേ? എന്നാല്‍, ശ്രീലങ്കയില്‍ ആരെങ്കിലും ഇരുവശത്തേയ്ക്കും തലയാട്ടിയാല്‍ ‘അതെ’, ‘ഉണ്ട്’ എന്നാണ്എന്നൊക്കെയാണ് അര്‍ത്ഥം.
  • മുകളില്‍ പറഞ്ഞതുപോലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ആണ് നമ്മുക്ക് ഏറെ പരിചിതം. എന്നാല്‍, ഇന്ത്യയുടെ അതെ അവസ്ഥയാണ് ക്രിക്കറ്റിന് ശ്രീലങ്കയിലും. ഏറ്റവും ജനപ്രിയമായ കായികവിനോദം ക്രിക്കറ്റ് ആണെങ്കിലും ശ്രീലങ്കയുടെ ദേശീയ വിനോദം വോളിബോള്‍ ആണ്.

  • സമുദ്രവ്യാപാരത്തില്‍ ഇന്ന് ലോകത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ശ്രീലങ്ക.
  • ആദാമിന്റെ കൊടുമുടി എന്നറിയപ്പെടുന്ന പര്‍വതമാണ് ശ്രീലങ്കയിലെ ഏറ്റവും പുണ്യമായ സ്ഥലമായി നാട്ടുകാര്‍ കരുതുന്നത്. ഇവിടെ ശ്രീബുദ്ധന്റെ കാലടികള്‍ പതിഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം.

  • കറുവാപ്പട്ടയുടെ ജന്മദേശമാണ് ശ്രീലങ്ക. ഈജിപ്തുകാരാണ് ഇവിടെ കറുവാപ്പട്ട ഉണ്ടെന്ന് ആദ്യം കണ്ടെത്തിയത്.
  • രാമായണത്തില്‍ രാവണന്റെ രാജ്യമായി കരുതുന്നത് ശ്രീലങ്ക ആണെന്നാണ് വിശ്വാസം. അമ്പുകള്‍ കൊണ്ട് പാലം പണിതത് ഇന്ത്യന്‍ മഹാസമുദ്രത്തിന് കുറുകെയും. രാമസേതു എന്നറിയപ്പെടുന്ന ഈ പാലം നിലനിന്നിരുന്നു എന്നതിന് ഭൂമിശാസ്ത്രപരമായ തെളിവുകളും ലഭിച്ചിട്ടുണ്ട്.
  • 1972 വരെ സെയിലോണ്‍ എന്നാണ് ശ്രീലങ്ക അറിയപ്പെട്ടിരുന്നത്. മലയാളത്തിലെ ചില രചനകളില്‍ പോലും ഈ പേര് കാണാം.

  • ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ദേശീയ പതാകകളില്‍ ഒന്നാണ് ശ്രീലങ്കന്‍ ദേശീയ പതാക.
  • ശ്രീലങ്ക തേയിലത്തോട്ടങ്ങള്‍ക്ക് പ്രശസ്തം ആണെങ്കിലും 1867ലാണ് ആദ്യമായി ശ്രീലങ്കയില്‍ തേയില ഉത്പാദനം ആരംഭിക്കുന്നത്. അതിന് മുന്‍പ് അവിടെ കാപ്പി ആയിരുന്നു പ്രധാനമായി കൃഷി ചെയ്തിരുന്നത്. എന്നാല്‍, ഒരു രോഗം പടര്‍ന്നുപിടിച്ച് കാപ്പിച്ചെടികള്‍ വ്യാപകമായി നശിച്ചപ്പോള്‍ പകരക്കാരനായി തേയില രംഗപ്രവേശനം ചെയ്തു.

ശ്രീലങ്കയെക്കുറിച്ചുള്ള അനേകം കൌതുകങ്ങളില്‍ വളരെ കുറച്ച് മാത്രമാണ് ഇവിടെ പങ്കു വെച്ചത്. എന്നാല്‍, ഇവയില്‍ പലതും നിങ്ങള്‍ക്ക് പുതിയ അറിവുകള്‍ ആണെന്നാണ് ഞങ്ങളുടെ വിശ്വാസം. ലോകരാജ്യങ്ങളെപ്പറ്റി രസകരമായ അറിവുകള്‍ പങ്കുവെയ്ക്കുന്ന ലോകജാലകം എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം. മറ്റു രാജ്യങ്ങളുടെ വിശേഷങ്ങള്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.