ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാപ്പി!

  0
  503

  kopi_luwak
  പലതരം കാപ്പിച്ചെടികളെക്കുറിച്ച് കേട്ടിട്ടുണ്ടാവുമല്ലോ. അവയില്‍ നിന്ന് വ്യത്യസ്ത തരം കാപ്പികളും ഉത്പാദിപ്പിക്കുന്നുണ്ട്. കൃഷി ചെയ്യുന്ന സ്ഥലവും രീതിയും ഒക്കെ അനുസരിച്ച് ഇവയുടെ വിലയില്‍ മാറ്റവും വരാറുണ്ട്. എന്നാല്‍, ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പി എന്നറിയപ്പെടുന്ന ‘കോപ്പി ലുവാക്’ ഇവയില്‍ ഏത് ഗണത്തില്‍ പെടുമെന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടിപ്പോവുകയേയുള്ളൂ. കാരണം, കോപ്പി ലുവാക് ഏതെങ്കിലും ഒരു പ്രത്യേക തരം കാപ്പിവര്‍ഗം അല്ലെന്നത് തന്നെ.

  ദക്ഷിണ ഏഷ്യയിലെ സുമാത്ര, ജാവ തുടങ്ങിയ ദ്വീപുകളില്‍ നിന്നാണ് ഇവ പുറം ലോകത്ത് എത്തുന്നത്. ഇവിടെ മാത്രം കണ്ടുവരുന്ന ഏഷ്യന്‍ പാം സിവറ്റ് എന്ന മാര്‍ജാരവര്‍ഗത്തില്‍പ്പെട്ട ജീവിയാണ് ഈ കാപ്പിക്ക് ഇത്രയും വിലയുണ്ടാകുവാന്‍ കാരണം. കാപ്പിയാണ് ഇവയുടെ ഇഷ്ടഭക്ഷണം. എന്നാല്‍, കാപ്പിക്കുരുവിന് പുറമേയുള്ള മാംസളമായ ഭാഗത്തിന് വേണ്ടിയാണ് ഇവ ഇത് അകത്താക്കുന്നത്. ഇവയുടെ വയറ്റില്‍ എത്തുന്ന കാപ്പിക്കുരുവില്‍ ഏതാനും എന്‍സൈമുകളും മറ്റും പ്രവര്‍ത്തിക്കും. പിന്നീട് ഇവയുടെ വിസര്‍ജ്യത്തില്‍ ഈ കാപ്പിക്കുരു അഴുകാതെ കിടക്കും. ഇതില്‍ നിന്ന് എടുക്കുന്ന കാപ്പിക്കുരുവാണ് പിന്നീട് സംസ്‌കരിച്ച് കോപ്പി ലുവാക് ആയി മാറുന്നത്. എന്താ ഇപ്പൊ ഒരു കപ്പ് കോപ്പി ലുവാക് എടുക്കട്ടെ?

  കോപ്പി ലുവാക് പ്രശസ്തമായതോടെ ഈ ജീവികള്‍ ലുവാക് ക്യാറ്റ് എന്നും അറിയപ്പെടാന്‍ തുടങ്ങി. രണ്ട് കാരണങ്ങളാണ് ഈ കാപ്പിയെ സവിശേഷമാക്കുന്നത്. ഒന്ന്, തിരഞ്ഞെടുപ്പ്. ഈ ജീവികള്‍ നല്ല കാപ്പിക്കുരു നോക്കി തിരഞ്ഞെടുക്കുന്നതില്‍ സവിശേഷ സാമര്‍ത്ഥ്യം ഉള്ളവയാണ്. രണ്ട്, ഇവയുടെ ആമാശയത്തില്‍ വച്ച് നടക്കുന്ന രാസപ്രക്രിയകള്‍. ഒരു കിലോഗ്രാം കോപ്പി ലുവാക് വാങ്ങണമെങ്കില്‍ 700 യു.എസ്. ഡോളര്‍ എങ്കിലും കുറഞ്ഞത് നല്‍കേണ്ടിവരും. അതായത് ഏകദേശം 45,000 ഇന്ത്യന്‍ രൂപ.

  കോപ്പി ലുവാകിന് ആവശ്യക്കാര്‍ ഏറിയതോടെ കഷ്ടത്തിലായത് പാവം ഈ ജീവികളാണ്. സുമാത്രയിലും മറ്റും ലുവാക് ക്യാറ്റുകളെ വന്‍തോതില്‍ പിടിച്ച് കൂട്ടില്‍ അടച്ചുസൂക്ഷിക്കുന്ന സ്ഥലങ്ങള്‍ ഉണ്ടത്രേ. കാപ്പിക്കുരു പെറുക്കാന്‍ കാടുകേറി നടക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാമല്ലോ!