Featured
ലോഹിതദാസിനെ ഓര്‍മ്മിച്ചു കൊണ്ട് മമ്മൂട്ടി എഴുതുന്നു
മലയാളത്തിന്റെ പ്രിയ സംവിധായകന് ലോഹിതദാസ് നമ്മോട് വിട പറഞ്ഞിട്ട് മൂന്ന് വര്‍ഷം തികയുന്ന വേളയില്‍ മലയാളത്തിന്റെ പ്രിയ നടന് മമ്മൂട്ടി അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മ കുറിപ്പ് തന്റെ ഫേസ്ബുക്ക് പേജിലൂടെ എഴുതിയത് ബൂലോകം അതിന്റെ വായനക്കാരുമായി പങ്കു വെക്കുന്നു.
74 total views

മലയാളത്തിന്റെ പ്രിയ സംവിധായകന് ലോഹിതദാസ് നമ്മോട് വിട പറഞ്ഞിട്ട് മൂന്ന് വര്‍ഷം തികയുന്ന വേളയില്‍ മലയാളത്തിന്റെ പ്രിയ നടന് മമ്മൂട്ടി അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മ കുറിപ്പ് തന്റെ ഫേസ്ബുക്ക് പേജിലൂടെ എഴുതിയത് ബൂലോകം അതിന്റെ വായനക്കാരുമായി പങ്കു വെക്കുന്നു.
പ്രിയപ്പെട്ട ലോഹിക്ക്,
ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ എരിയുന്ന മനസ്സുമായി ഒരോര്‍മക്കുറിപ്പെഴുതാന്‍ എനിക്കു ശക്തിയില്ല. ഇത്തരം വേര്‍പാടുകള്‍ എതൊരാളെ സംബന്ധിച്ചും വലിയൊരാഘാതം തന്നെയായിരിക്കും. പക്ഷെ, എ.കെ.ലോഹിതദാസ് മലയാളസിനിമയ്ക്ക് എന്തായിരുന്നെന്നും തനിക്കാരായിരുന്നെന്നും ലോകത്തിന് ഇനിയും നിര്‍വചിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും ആനേകം കൈവഴികളിലൂടെ ലോഹി വെട്ടിപ്പിടിച്ച ഹൃദയങ്ങള്‍ അനുഭവിക്കുന്ന അനാഥത്വത്തിന്റെ പ്രതിഫലനമാണ്. ലോഹി ഒരു നഷ്ടമാണ്, ഒരു നൊമ്പരമാണ്. ഒരു സ്നേഹസാമ്രാജ്യം ബാക്കി വച്ച് ഒരുപാട് നല്ല സിനിമകള്‍ തലമുറകള്‍ക്കു പകര്‍ന്നു നല്കി എന്റെ ലോഹി മടങ്ങിപ്പോയിരിക്കുന്നു.
ഇണക്കങ്ങളും പിണക്കങ്ങളും ആകസ്കമികതകളും കോര്‍ത്തിണക്കിയ ലോഹിയുടെ തിരക്കഥകള്‍പോലെ സങ്കീര്‍ണവും അതേസമയം തീവ്രവുമായ സ്നേഹബന്ധത്തിന്റെ പൊട്ടാത്ത ഒരു നൂല് ബാക്കിവച്ച് എന്തിനായിരുന്നു ലോഹീ ഇത്ര പെട്ടെന്നൊരു മടക്കം ?
എല്ലാം അറിഞ്ഞിരുന്നവനെപ്പോലെ മനപൂര്‍വം പലതും മറച്ചുവച്ച് എല്ലാവരെയും വിഡ്ഢികളാക്കാന്‍ പോകുന്ന കുസൃതിക്കാരന്റേതുപോലെ നമ്മള് അവസാനം കാണുമ്പോള്‍ ചുണ്ടില്‍ ഒരു ഗുഢസ്മിതം ഒളിച്ചുവച്ചിരുന്നതിന്റെ കാരണം ഇതായിരുന്നോ ? അപ്പോഴും ഭൂതകാലത്തില്‍ പിന്നത്തേക്കു മാറ്റി വച്ച, ഒരിക്കലും ഉത്തരം തരാതെ ലോഹി ഒഴിഞ്ഞുമാറിയ ചോദ്യങ്ങള്‍ ഈ സഹോദരന്റെ നെഞ്ചില്‍ വേദനകളുടെ തനിയാവര്‍ത്തനമാവുകയാണ്.
വല്ലാതെ സ്നേഹിച്ച് വേദനിപ്പിക്കാന്‍ വേണ്ടിയായിരുന്നോ നമ്മള് അടുത്തതും സഹോദരങ്ങളെപ്പോലെ സ്നേഹിച്ചതും ? ദേഷ്യം പിടിപ്പിച്ചു സ്നേഹം പിടിച്ചുവാങ്ങുന്ന കുസൃതിയായിരുന്നോ ലോഹിയോട് എന്നെ ഇത്രത്തോളം അടുപ്പിച്ചത് ? ഓരോ സിനിമയും തുടങ്ങുമ്പോള്‍ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയത്, അടുത്തില്ലെങ്കില് ഫോണില്‍ വിളിച്ച് ആ കയ്യൊന്നെന്റെ നെറുയില്‍ വയ്ക്കൂ എന്നു പറഞ്ഞിരുന്നത് ഈ വേര്‍പാടിന്റെ വേദന ഇരട്ടിയാക്കാന്‍ വേണ്ടിയായിരുന്നോ ?
17 വര്‍ഷം മുമ്പൊരു പുതുവര്‍ഷരാവില്‍ വാല്‍സല്യത്തിന്റെ സെറ്റില്‍ വച്ച് ഒരു കാരണവുമില്ലാതെ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞതെന്തിനായിരുന്നു ? പിന്നീട് എത്ര തവണ ഞാനീ ചോദ്യം ചോദിച്ചിട്ടും ലോഹി എനിക്കുത്തരം തന്നില്ല. എന്തായിരുന്നു ആ നൊമ്പരത്തിനു പിന്നിലെന്ന് ഇനി ഞാന്‍ ആരോടാണ് ചോദിക്കേണ്ടത് ?
രക്തസമ്മര്‍ദ്ദത്തിനു ചികില്സിക്കാനുള്ള എന്റെ ഉപദേശം മടക്കി ഒറ്റമൂലിയുടെ ഗുണഗണങ്ങള്‍ എന്നെപ്പഠിപ്പിച്ച് ലോഹിയുടെ നാടന്‍ കഷായം കുറെനാള്‍ എന്നെയും കുടിപ്പിച്ചത് കാത്തിരിക്കുന്ന വിധിയോടുള്ള പരിഹാസമായിരുന്നോ ?
എന്നോടെല്ലാം മറച്ചുവച്ചിട്ടും ഡോക്ടര്‍ പറഞ്ഞറിഞ്ഞ് രോഗത്തിനു ചികില്‍സിക്കാന്‍ ഉപദേശിച്ചപ്പോള്‍ ഓതു ഡോക്ടറും തോല്‍ക്കുന്ന തത്വസാസ്ത്രം പറഞ്ഞത് ഇങ്ങനെ എല്ലാവരെയും തോല്പിച്ചു മടങ്ങാനായിരുന്നോ ?
ഉത്തരം കിട്ടില്ലെന്നറിഞ്ഞിട്ടും പിന്നെയും വേദനയോടെ ഇതു കുറിക്കുന്നത് ഈ ചോദ്യങ്ങള്‍ എന്നെ എന്നും വേട്ടയാടുമെന്നറിഞ്ഞിട്ടു തന്നെയാണ്. ഇനിയൊരു സിനിമ തുടങ്ങുമ്പോള്‍ അനുഗ്രഹം നേടി ആ കൈകള്‍ എന്റെ നേര്‍ക്കെത്തില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു വിശേഷവും വേദനയും എന്നോടു പറയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഞാനും മനസ്സിന്റെ ഏതൊക്കെയോ മേഖലകളില്‍ അനാഥത്വം അറിയുന്നു. ഇനി ഓരോ പടവിലും ആ ഓര്‍മകളുടെ കാല്പാടുകളില് കൈ തൊട്ട് അനുഗ്രഹം തേടട്ടെ ഞാന്‍.
മമ്മൂട്ടി
മമ്മൂട്ടിയെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ‘തനിയാവര്‍ത്തന’ത്തിലൂടെയാണ് ലോഹിതദാസ് മലയാളസിനിമാ തിരക്കഥാ രചനയില്‍ ചുവടുറപ്പിക്കുന്നത്. ലോഹിയുടെ തൂലികയില്‍ പിറന്ന വിചാരണ, മുക്തി, മുദ്ര, മൃഗയ, കനല്‍ക്കാറ്റ്, അമരം, കൗരവര്‍, പാഥേയം, വാത്സല്യം എന്നീ ചിത്രങ്ങളിലൂടെയാണ് മമ്മൂട്ടി മലയാള സിനിമയിലെ തന്റേതായ സ്ഥാനം കെട്ടിപടുക്കുന്നത്.
ലോഹി ആദ്യമായി സ്വതന്ത്ര സംവിധായകനായ ‘ഭൂതകണ്ണാടി’യിലും മമ്മൂട്ടിയായിരുന്നു നായകന്. ഭൂതകണ്ണാടി, വിധേയന്, വാത്സല്യം എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയത്തിന് മമ്മൂട്ടിയെ തേടി നിരവധി പുരസ്കാരങ്ങളും എത്തിയിരുന്നു. മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ ലോഹിതദാസിന്റെ തൂലികയും മമ്മൂട്ടിക്ക് ഏറെ സഹായം ചെയ്തിരുന്നു.
75 total views, 1 views today