Law
വധശിക്ഷ വേണ്ടെന്നോ ?
വീണ്ടും ഒരു സൗമ്യ കൂടി ആവര്‍ത്തിക്കപ്പെട്ട ഈ സാഹചര്യത്തിലെങ്കിലും നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ ഗുരുതരമായ പോരായ്മകള്‍ നാം തിരിച്ചറിയേണ്ടതുണ്ട്. രണ്ട് കേസുകളുടെയും സമാനതകള്‍ വളരെ പ്രകടമാണ്. സഞ്ചരിച്ച് കൊണ്ടിരിക്കുന്ന പൊതുഗതാഗത വാഹനങ്ങളില്‍ പോലും ഇത്തരം കൃത്യങ്ങള്‍ നടക്കണമെങ്കില്‍ എത്രത്തോളം ലാഘവമായിട്ടാണ് കുറ്റവാളികള്‍ നിയമവ്യവസ്ഥയെ കണക്കാക്കുന്നതെന്ന തിരിച്ചറിവ് ഭീതിജനകമാണ്. എന്ത് കൊണ്ട് ഇത് സംഭവിക്കുന്നുവെന്ന് ചിന്തിക്കുമ്പോള്‍ ജയിലിലിരുന്ന് കൊഴുത്തുരുണ്ട ഗോവിന്ദച്ചാമിയുടെ മുഖം നമ്മോട് പലതും വിളിച്ച് പറയുന്നു.
92 total views, 1 views today

വീണ്ടും ഒരു സൗമ്യ കൂടി ആവര്‍ത്തിക്കപ്പെട്ട ഈ സാഹചര്യത്തിലെങ്കിലും നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ ഗുരുതരമായ പോരായ്മകള്‍ നാം തിരിച്ചറിയേണ്ടതുണ്ട്. രണ്ട് കേസുകളുടെയും സമാനതകള്‍ വളരെ പ്രകടമാണ്. സഞ്ചരിച്ച് കൊണ്ടിരിക്കുന്ന പൊതുഗതാഗത വാഹനങ്ങളില്‍ പോലും ഇത്തരം കൃത്യങ്ങള്‍ നടക്കണമെങ്കില്‍ എത്രത്തോളം ലാഘവമായിട്ടാണ് കുറ്റവാളികള്‍ നിയമവ്യവസ്ഥയെ കണക്കാക്കുന്നതെന്ന തിരിച്ചറിവ് ഭീതിജനകമാണ്. എന്ത് കൊണ്ട് ഇത് സംഭവിക്കുന്നുവെന്ന് ചിന്തിക്കുമ്പോള്‍ ജയിലിലിരുന്ന് കൊഴുത്തുരുണ്ട ഗോവിന്ദച്ചാമിയുടെ മുഖം നമ്മോട് പലതും വിളിച്ച് പറയുന്നു.
കുറ്റവാളികളോട് അങ്ങേയറ്റം അനുകമ്പയും കാരുണ്യവും വിട്ടുവീഴ്ച്ചാ മനോഭാവവുമുള്ള നിയമസംവിധാനമാണ് നിര്‍ഭാഗ്യവശാല്‍ നമ്മുടേത്. ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും കുഴപ്പമില്ലെന്ന് വെട്ടിത്തുറന്ന് പ്രഖ്യാപിക്കുന്ന ഒരു നിയമസംവിധാനത്തില്‍ ഇത് പ്രതീക്ഷിക്കാവുന്നതേയുള്ളു. എന്നാല്‍ ഈ കാരുണ്യം യഥാര്‍ത്ഥത്തില്‍ കാണിക്കേണ്ടിയിരുന്നത് കുറ്റകൃത്യങ്ങള്‍ക്ക് ഇരയാവുന്നവരോടായിരുന്നു. ‘ചത്തവരോ ചത്തു, ഇനിയിപ്പോള്‍ പ്രതിക്രിയ ചെയ്തിട്ടെന്തിനാ’ എന്ന ലാഘവബുദ്ധിയാണ് ഇക്കാര്യത്തില്‍ നമുക്കുള്ളത്. കയ്യൂക്കുള്ളവന് കാര്യക്കാരനെന്ന സാമൂഹിക കാഴ്ച്ചപ്പാടിലേക്ക് നയിക്കുന്ന ഈ നിലപാടാണ് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ആളുകള്‍ നിയമം കയ്യിലെടുക്കുന്നതിനും മൂലകാരണം.
കൊലപാതകത്തിനും ബലാല്‍സംഗത്തിനും മറ്റും അറസ്റ്റിലായി ക്യാമറക്ക് മുമ്പില്‍ തല കുനിച്ച് നില്ക്കുന്ന കുറ്റവാളികളെ കാണുമ്പോള്‍ ഒരു നിമിഷം നമുക്ക് ‘നീതി പുലര്‍ന്ന’ സന്തോഷം തോന്നാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ മുഖത്ത് ഒരു ധാര്‍ഷ്ട്യം ഒളിച്ചിരിക്കുന്നത് നാം പലപ്പോഴും കാണാറില്ല. ‘കാര്യമൊക്കെ ശരി എന്റെ ദേഹത്ത് തൊടരുത്’ എന്നതാണാ ധാര്‍ഷ്ട്യം. കാരണം ദേഹം നോവിക്കാതെയുള്ള ശിക്ഷ മാത്രമേ നമുക്കറിയാവൂ. കൊലപാതകം ചെയ്തു കഴിഞ്ഞ കുറ്റവാളികള്‍ നേരെ സ്വരക്ഷക്ക് വേണ്ടി പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കേറുന്നത് കാണാം. പുറത്ത് നിന്നാല്‍ ഇരയുടെ ആള്ക്കാര് തല്ലിക്കൊല്ലുമെന്നത് തന്നെ കാരണം. പോലീസ് സംരക്ഷണത്തിന് പുറമേ കൃത്യമായ ഭക്ഷണം, വസ്ത്രം, വൈദ്യ സഹായം തുടങ്ങിയ ജനങ്ങളില്‍ നല്ലൊരു ശതമാനം പേര്‍ക്കും അപ്രാപ്യമായ സൗകര്യങ്ങള്‍ കൊടും കുറ്റവാളികള്‍ക്ക് പതിറ്റാണ്ടുകളോളം നല്കപ്പെടുന്നത് നമ്മുടെ നീതിബോധത്തെ പല്ലിളിച്ച് കാട്ടുന്നു.
ഇത്തവണയും വധശിക്ഷക്കെതിരെ ചില ‘മനുഷ്യ സ്നേഹി’കള്‍ സടകുടഞ്ഞെഴുന്നേറ്റിട്ടുണ്ട്. വധശിക്ഷയെ വിമര്‍ശിക്കുന്നവര്‍ അതിനെ ഒരു പ്രതിക്രിയ എന്നതിലുപരിയായി ഒരു deterrent എന്ന നിലക്ക് മനസ്സിലാക്കാത്തത് ഖേദകരമാണ്. കുറ്റകൃത്യം നടന്ന ശേഷം ശിക്ഷിക്കുക എന്നതിലുപരിയായി അത് നടക്കാനുള്ള സാധ്യത തന്നെ തടയുക എന്നതാണ് വധശിക്ഷ കൊണ്ട് ലക്ഷ്യമാക്കുന്നത്. ഏതാനും കുറ്റവാളികള്‍ വധിക്കപ്പെട്ടേക്കാമെങ്കിലും കുറ്റകൃത്യങ്ങള്‍ കുറയുന്നത് വഴി രക്ഷിക്കപ്പെടുന്ന ജീവിതങ്ങള്‍ അതിന്റെ എത്രയോ ഇരട്ടി വരും? ദേഹം നോവാത്ത ശിക്ഷക്കൊന്നും അത്തരത്തില്‍ deterrent ആകാന്‍ കഴിയില്ല എന്നതാണ് വാസ്തവം.
വധശിക്ഷക്കെതിരെയുള്ള വാദഗതികള്‍ ഏതറ്റം വരെ പോകുന്നുവെന്നത് ആശ്ചര്യകരമാണ്. വധശിക്ഷ ഏര്‍പ്പെടുത്തുന്നത് ‘ഇരയെ കൊലപ്പടുത്താനുള്ള പ്രവണത വര്‍ധിപ്പിക്കുമെന്ന്’ ചില ബുദ്ധിജീവികള്‍ സിദ്ധാന്തിക്കുന്നു. ഈ വാദഗതിയംഗീകരിക്കുകയാണെങ്കില് ശിക്ഷ പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് വേണ്ടത്. കാരണം കുറ്റവാളികള്‍ക്ക് ശിക്ഷ നിസ്സാരമായി തോന്നണമെന്നാണല്ലോ അതിന്റെ ലോജിക്ക്. വധശിക്ഷയില്ലാഞ്ഞിട്ട് തന്നെ സൗമ്യയും ദല്‍ഹിയിലെ പെണ്‍കുട്ടിയും കൊല്ലപ്പെടുകയാണുണ്ടായത്. അതിനാല്‍ ശിക്ഷ ഇനിയും ലഘൂകരിക്കുകയല്ലേ വേണ്ടത്? മാത്രമല്ല ഈ വാദക്കാര്‍ക്ക് അതില്‍ ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ഇര കൊല്ലപ്പെട്ടാലെങ്കിലും വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുമായിരുന്നു. അതുമുണ്ടായില്ല.
മറ്റൊരു വിഭാഗം ജയില്‍ ശിക്ഷയുടെ കാലാവധി കൂട്ടുകയാണ് പോംവഴി എന്ന് വാദിക്കുന്നു. വാസ്തവമെന്താണ്? ഇരുപത് വര്‍ഷം ജയിലില്‍ കിടന്നവന് പിന്നെ പുറത്തിറങ്ങാന്‍ താല്പര്യമുണ്ടായെന്ന് വരില്ല. കാരണം അപ്പോഴേക്കും സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടിട്ടുണ്ടാകും. പണിയെടുക്കാനുള്ള പ്രായം കഴിഞ്ഞിട്ടുണ്ടാകും. പഠിച്ച പണി മറന്നു പോയിട്ടുമുണ്ടാകും. സര്‍വോപരി വെറുതെയിരുന്നു തിന്ന് മടി പിടിച്ച് പോയിട്ടുമുണ്ടാകും. പിന്നെ സര്‍ക്കാര്‍ ചിലവില്‍ ശിഷ്ടകാലം തള്ളി നീക്കുന്നതല്ലേ നല്ലത്?
വേറൊരു വിഭാഗം കൂടുതല്‍ തന്ത്രപരമായ സമീപനമാണ് പയറ്റുന്നത്. ജയില്‍ശിക്ഷയില്‍ ഒതുക്കുന്നത് ജനവികാരത്തെ തൃപ്തിപ്പെടുത്തുകയില്ലെന്ന് അവര്‍ തിരിച്ചറിയുന്നു. അതിനാല്‍ ‘ലിംഗം ഛേദിക്കുക’, ഷണ്ഡീകരിക്കുക തുടങ്ങിയ അപ്രായോഗിക പ്രതിവിധികള്‍ മുമ്പോട്ട് വെക്കുന്നു. പൊതുജനത്തെ ഭീതിപ്പെടുത്തി ഒതുക്കുക എന്നതാണ് അവരുടെ തന്ത്രം. കാരണം അത് കിരാത നിയമമല്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ വധശിക്ഷ അതിലും കിരാതമല്ലേ എന്ന് തിരിച്ച് ചോദിക്കാമല്ലോ. (ഇഞ്ചിഞ്ചായി കൊല്ലുക എന്നതല്ല മറിച്ച് മാതൃകാപരമായി ശിക്ഷിക്കുകയാണ് വേണ്ടതെന്നാണ് അതിനുള്ള മറുപടി.) ഇത്തരത്തില്‍ പൊതുജനത്തെ ഒതുക്കുകയും ഭിന്നിപ്പിക്കുകയും അവസാനം കടുത്ത ശിക്ഷ ഏതും ഒഴിവാക്കുകയും ചെയ്യുക എന്ന ഗൂഢ വക്ഷ്യമാണ് ഇതിന് പിന്നില്‍.
ഇനിയും ചിലര്‍ സമൂഹത്തില്‍ ലൈംഗിക അരാജകത്വം വളര്‍ത്തുകയാണ് പോംവഴിയെന്ന് സിദ്ധാന്തിക്കുന്നു. ഫ്രീ സെക്സ് വ്യാപകമായ സാഹചര്യത്തില്‍ ബലാല്‍സംഗത്തിന്റെ ആവശ്യം തന്നെ വരുകയില്ലല്ലോ? അപാര ബുദ്ധി തന്നെ! ദല്‍ഹിയിലും ബോംബെയിലും ചുവന്ന തെരുവുകള്‍ക്ക് പഞ്ഞമുള്ളത് പോലെയാണ് അവരുടെ നിലപാട്. എന്നാല്‍ കുത്തഴിഞ്ഞ ധാര്‍മ്മികത സൃഷ്ടിക്കുന്ന തെരുവിന്റെ സന്തതികള്‍ ഇനിയും കൂടുതല്‍ സൗമ്യമാരെ ആവര്‍ത്തിക്കാനാണ് സാധ്യത. ഫ്രീ സെക്സും അശ്ലീലതയും യഥാര്‍ത്ഥത്തില്‍ ശമിപ്പിക്കുന്നത് സ്വന്തം ഭാര്യയോടുള്ള ലൈംഗിക വികാരം മാത്രമാണെന്നും പിന്നെ അത് മറ്റുള്ളവരിലേക്ക് തിരിക്കുമെന്നുമുള്ള ശാസ്ത്രീയ പഠനങ്ങള്‍ ആരെങ്കിലും ഇവറ്റകളെ ഒന്ന് കാണിച്ച് കൊടുക്കാമോ?
സൗമ്യയുടെയും ദല്‍ഹിയിലെ പെണ്‍കുട്ടിയുടെയും കാര്യത്തില്‍ കുറ്റവാളികളെ ഉടനടി പിടികൂടാന്‍ കഴിഞ്ഞതില്‍ നമുക്ക് അഭിമാനിക്കാം. എന്നാല്‍ ഇന്ത്യന്‍ പോലീസ് സംവിധാനത്തിന്റെ ആയിരത്തിലൊരംശം പോലും കൈമുതലായില്ലാത്ത ചില രാജ്യങ്ങളില്‍ വധശിക്ഷ നിലവിലുണ്ടെന്ന ഒറ്റക്കാരണത്താല്‍ സ്ത്രീ പീഠനങ്ങള്‍ നന്നേ കുറവായിരിക്കുന്നത് നാം കാണുന്നു. കുറ്റവാളികളോടുള്ള നമ്മുടെ മൃദുസമീപനം മാറാത്തിടത്തോളം ഇനിയും കൂടുതല്‍ സൗമ്യമാരെ നമുക്ക് പ്രതീക്ഷിക്കാം.
93 total views, 2 views today