വരുന്നു, നിങ്ങളുടെ മൂഡ് മനസിലാക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ഫോണ്‍

414

smartphone_sensin_boredom
നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഒക്കെ അതേപടി നടക്കുന്നത് എത്ര സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്, അല്ലേ? നിര്‍ഭാഗ്യവശാല്‍, മിക്കവാറും എല്ലായ്‌പ്പോഴും ഇതിന് നേര്‍വിപരീതമായി ആണ് കാര്യങ്ങള്‍ സംഭവിക്കുക. അങ്ങനെ അല്‍പ്പം നിരാശ ഒക്കെ തോന്നുമ്പോള്‍ ഇനി ചെയ്യാനുള്ള കാര്യങ്ങളെക്കൂടി അത് ബാധിക്കും. നമ്മുക്കാകെ ഒരു ഉന്മേഷക്കുറവ് അനുഭവപ്പെടും. ഒരു മടി തോന്നും. ഈ സമയത്താവും നമ്മുടെ ഒരു സുഹൃത്ത് കടന്നുവരിക. അതും എന്തെങ്കിലും നിസാരമായ കാര്യവുമായി. നമ്മളെ ശല്യപ്പെടുത്താന്‍വേണ്ടി മാത്രമായി ആണോ ഇവന്‍ ഇങ്ങോട്ട് കെട്ടിയെടുത്തത് എന്നുവരെ നമ്മുക്ക് തോന്നിപ്പോകും അപ്പോളത്തെ അവന്റെ പെരുമാറ്റം കണ്ടാല്‍. അപ്പോള്‍ ആരായാലും ആത്മാര്‍ഥമായി ഒന്ന് ആഗ്രഹിച്ചുപോകും, ‘ഇവന്‍ എന്നെ ഒന്ന് മനസിലാക്കിയിരുന്നെങ്കില്‍!’ എന്ന്.

സ്‌പെയിനിലെ ബാഴ്‌സലോണയിലുള്ള ടെലിഫോണിക്ക എന്ന സ്ഥാപനത്തിലെ ഒരുകൂട്ടം ഗവേഷകര്‍ ഇതിനൊരു പരിഹാരം കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. ‘എന്റെ കൂട്ടുകാരന്റെ സ്വഭാവം നന്നാക്കാന്‍ സ്‌പെയിനില്‍ സായിപ്പന്മാര്‍ കൂട്ടം കൂടി എന്താണ് ചെയ്യാന്‍ പോകുന്നത്?’ എന്നാവും ഇപ്പോള്‍ ചിന്തിക്കുന്നത്. കൂട്ടുകാരന്റെ സ്വഭാവം മാറ്റാന്‍ അവന്റെ അപ്പനുമമ്മയും വിചാരിച്ചിട്ട് നടക്കുന്നില്ല. പിന്നെയല്ലേ സായിപ്പ്! ഇതതല്ല. കൂട്ടുകാരന് നിങ്ങളെ മനസിലാക്കാന്‍ പറ്റുന്നില്ലെങ്കില്‍ നിങ്ങളെ മനസിലാക്കുന്ന ഒരു കൂട്ടുകാരനെത്തന്നെ നല്‍കാന്‍ ആണ് ഇവരുടെ ശ്രമങ്ങള്‍ അത്രയും.

ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് ഒരാള്‍ സ്വന്തം കുടുംബത്തിനൊപ്പം ചിലവഴിക്കുന്ന സമയത്തെക്കാള്‍ തന്റെ സ്മാര്‍ട്ട്‌ഫോണില്‍ ചിലവഴിക്കുന്നുണ്ട് എന്നതാണ് സത്യം. അപ്പോള്‍, ഈ സ്മാര്‍ട്ട്‌ഫോണിന് നമ്മുടെ പെരുമാറ്റത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞാലോ? നമ്മള്‍ വളരെ ടെന്‍ഷന്‍ അടിച്ചിരിക്കുന്ന സമയത്ത് എങ്ങനെയാവും ഫോണ ഉപയോഗിക്കുക എന്ന് ഒന്ന് ആലോചിച്ചു നോക്കിക്കേ. ഒരാവശ്യവുമില്ലാതെ ഫോണില്‍ എന്തെങ്കിലും ഒക്കെ ചെയ്തുകൊണ്ടിരിക്കുക, വെറുതെ ആപ്പുകള്‍ ഓരോന്നായി ഓണ്‍ ചെയ്യുക, അതുമല്ലെങ്കില്‍ ഫോണ കയ്യില്‍ വെറുതെ കറക്കിക്കൊണ്ടിരിക്കുക, അങ്ങനെ നീളുന്നു പരിപാടികള്‍.

എങ്ങനെയാണ് ഒരു സ്മാര്‍ട്ട്‌ഫോണ്‍ നമ്മുടെ പെരുമാറ്റത്തിലെ മാറ്റങ്ങള്‍ മനസിലാക്കുക? ടെലിഫോണിക്കയിലെ ഗവേഷകര്‍ വളരെ വിപുലമായ വിവരശേഖരണവും പഠനങ്ങളും നടത്തിയാണ് ഇതിനുവേണ്ടിയുള്ള അല്‍ഗോരിതം തയ്യാറാക്കിയത്. പ്രധാനമായും നിങ്ങള്‍ ബോറടിച്ചിരിക്കുകയാണോ എന്നാണ് ഈ സംവിധാനം കണ്ടെത്തുക. ആദ്യം, പഠനത്തിന് വേണ്ടി കുറെ ആളുകളെ തിരഞ്ഞെടുത്തു. ഇവര്‍ക്ക് കൃത്യമായ ഇടവേളകളില്‍ എത്രമാത്രം ബോറടി ഉണ്ടെന്ന ചോദ്യം അയച്ചുകൊടുക്കുന്നതാണ് ആദ്യ പടി. അവരുടെ മറുപടിയും ഒപ്പം ഓരോ സമയത്തെയും ഫോണിലെ ആപ്പുകളുടെ ഉപയോഗവും ഗവേഷകര്‍ ശേഖരിച്ചു. ഇതില്‍ നിന്നാണ് ഒരാളുടെ ഫോണ ഉപയോഗം നോക്കി അയാള്‍ ബോറടിച്ചിരിക്കുകയാണോ അല്ലയോ എന്ന് കണ്ടുപിടിക്കുവാനുള്ള അല്‍ഗോരിതം സൃഷ്ടിച്ചത്. കേള്‍ക്കുമ്പോള്‍ എളുപ്പം എന്ന് തോന്നാമെങ്കിലും സംഗതി അത്ര എളുപ്പമായിരുന്നില്ല എന്നാണ് ഈ കണ്ടുപിടുത്തം നടത്തിയ ഗവേഷകര്‍ പറയുന്നത്.

ഏതായാലും നമ്മുടെ പെരുമാറ്റത്തിലെ പ്രത്യേകതകള്‍ പഠിച്ചാല്‍ നമ്മുടെ മാനസിക അവസ്ഥ ഊഹിച്ചെടുക്കാന്‍ സാധിക്കുമെന്നത് മനശാസ്ത്രവും സമ്മതിക്കുന്ന കാര്യമാണ്. അപ്പോള്‍, ഇങ്ങനെയുള്ള സംവിധാനങ്ങള്‍ ആവും ഭാവിയില്‍ നമ്മുടെ സഹായത്തിന് ഉണ്ടാകുക. ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുമ്പോള്‍ സ്വന്തം സ്മാര്‍ട്ട് ഫോണിന് സോഷ്യല്‍ മീഡിയയില്‍ ആശംസ നേരുന്ന കാലം അത്ര വിദൂരത്തല്ല എന്ന് ചുരുക്കം!