വര്‍ഗ്ഗീസ് ചാക്കോയ്ക്ക് ഓണമാഘോഷിയ്ക്കാം (കഥ) – സുനില്‍ എം എസ്

240

01

‘എടോ, വര്‍ഗ്ഗീസ്, താനിങ്ങു വന്നേ.’

ഉമ്മച്ചന്റെ ഗൌരവത്തിലുള്ള വിളി കേട്ട്, അങ്ങകലെയുള്ള സീറ്റില്‍ നിന്നു തല നീട്ടി നോക്കിക്കൊണ്ടു വര്‍ഗ്ഗീസ് ചാക്കോ ചോദിച്ചു, ‘എന്നെയാണോ, സാറേ?’

‘ങാ, തന്നെത്തന്നെ. വേഗം വാ.’

ഉമ്മച്ചന്‍ മാനേജരാണ്. വിളിച്ചാല്‍ ചെന്നേ തീരൂ. എഴുതിക്കൊണ്ടിരുന്ന രജിസ്റ്റര്‍ അടച്ചുവച്ച്, വര്‍ഗ്ഗീസ് ചാക്കോ ധൃതിയില്‍ ഉമ്മച്ചന്റെയടുത്തേയ്ക്കു ചെന്നു.

‘എടോ, താനാരാ, ക്രിസ്ത്യാനിയോ, അതോ ഹിന്ദുവോ? ഒന്നു പറഞ്ഞേ.’

വര്‍ഗ്ഗീസ് ചാക്കോ പകച്ചുപോയി. അത്തരത്തിലൊരു ചോദ്യം തീരെ പ്രതീക്ഷിച്ചതല്ല. ‘സാറെന്താ അങ്ങനെ ചോദിയ്ക്കാന്‍…’

വാസ്തവത്തില്‍ ഉമ്മച്ചന്റെ ചോദ്യത്തിനു തീരെ പ്രസക്തിയില്ല. ഉമ്മച്ചനും വര്‍ഗ്ഗീസ് ചാക്കോയും പലപ്പോഴും ഒരേ പള്ളിയില്‍ത്തന്നെ കുര്‍ബ്ബാന കൂടിയിട്ടുള്ളതാണ്. വര്‍ഗ്ഗീസ് ചാക്കോ ഏതു മതത്തില്‍ പെട്ടയാളാണെന്ന് അറിഞ്ഞിട്ടും അതറിയാത്ത പോലെ ഉമ്മച്ചന്‍ പൊടുന്നനേ ഉന്നയിച്ച ആ ചോദ്യത്തിന്റെ പിന്നിലെ ഉദ്ദേശ്യമെന്തെന്ന് ഊഹിച്ചെടുക്കാന്‍ ശ്രമിച്ചുകൊണ്ടു വര്‍ഗ്ഗീസ് ചാക്കോ മിഴിച്ചു നിന്നു. ഉമ്മച്ചന്റെ ചോദ്യങ്ങളുടെ പിന്നില്‍ കുഴപ്പങ്ങള്‍ പതിയിരിയ്ക്കുക പതിവാണ്.

‘പറയെടോ,’ ഉമ്മച്ചന്‍ കല്പിച്ചു.

‘ക്രിസ്ത്യാനി. കത്തോലിക്കന്‍. അതു സാറിനറിയാവുന്നതാണല്ലോ.’ വര്‍ഗ്ഗീസ് ചാക്കോ വിനീതമായി ചൂണ്ടിക്കാണിച്ചു.

‘കത്തോലിക്കനായാലും യാക്കോബായ ആയാലും താനൊരു ക്രിസ്ത്യാനി തന്നല്ലോ. പിന്നെങ്ങനാ, താന്‍ ഓണമാഘോഷിയ്ക്കുന്നേ?’ ഒരു കടലാസ്സു വര്‍ഗ്ഗീസ് ചാക്കോയുടെ മുന്നിലേയ്ക്കിട്ടുകൊണ്ട് ഉമ്മച്ചന്‍ ചോദിച്ചു.

കടലാസ്സും അതിലെ ചുവന്ന മഷിയിലുള്ള എഴുത്തും കണ്ടു വര്‍ഗ്ഗീസ് ചാക്കോ ഞെട്ടി. ‘അയ്യോ സാറേ, ഇതു സാങ്ഷനായില്ലേ? അത് അക്കൌണ്ടില്‍ ക്രെഡിറ്റായിക്കഴിഞ്ഞിട്ടുണ്ടാകും എന്നു കരുതി ക്യാഷെടുക്കാനായി ഞാന്‍ ചെക്കും കൊടുത്തയച്ചിട്ടുണ്ട്.’

അയ്യായിരം രൂപയുടെ ഫെസ്റ്റിവല്‍ അഡ്വാന്‍സിനു വേണ്ടി വര്‍ഗ്ഗീസ് ചാക്കോ തലേദിവസം കൊടുത്തിരുന്ന അപേക്ഷയായിരുന്നു, ഉമ്മച്ചന്‍ മുന്നിലേയ്ക്കിട്ടു കൊടുത്തത്.

‘അതെങ്ങനെ സാങ്ഷനാക്കും? താന്‍ ക്രിസ്ത്യാനിയാ. തനിയ്ക്ക് ഓണമില്ല. ഓണമാഘോഷിയ്ക്കാന്‍ വേണ്ടി തനിയ്ക്ക് ഫെസ്റ്റിവല്‍ അഡ്വാന്‍സു തരാന്‍ വകുപ്പില്ല.’ ഉമ്മച്ചന്‍ നിര്‍ദ്ദയം പറഞ്ഞു. അപേക്ഷമേല്‍ ‘പര്‍പ്പസ് നോട്ട് ജെനുവിന്‍. ഹെന്‍സ് ആപ്ലിക്കേഷന്‍ ഈസ് റിജക്റ്റഡ്’ എന്നു ചുവന്ന മഷിയില്‍ വെണ്ടയ്ക്കാ അക്ഷരത്തിലെഴുതിവച്ചിരിയ്ക്കുന്നു. ചുവട്ടില്‍ ഉമ്മച്ചന്‍ ഒപ്പിട്ടിട്ടുമുണ്ട്.

‘സാറേ, ചതിച്ചേയ്ക്കല്ലേ. എല്ലാരും കൂടി വേളാങ്കണ്ണിയ്ക്കു പോകാന്‍ ബസ്സില് സീറ്റു പറഞ്ഞു വെച്ചിരിയ്ക്കുകയാ. ഇതു സാങ്ഷനായിട്ടു വേണം അതിന്റെ കാശു കൊടുക്കാന്‍. ഇതു കിട്ടിയില്ലെങ്കില്‍ ഒക്കെ വെള്ളത്തിലാകും.’

‘എന്നാ താന്‍ ക്രിസ്മസ് വരെ വെള്ളത്തില്‍ത്തന്നെ കെടന്നോ. ക്രിസ്മസ്സിന് തനിയ്ക്ക് ഫെസ്റ്റിവല്‍ അഡ്വാന്‍സു കിട്ടും.’ ഉമ്മച്ചന്‍ മറ്റു ജോലികളിലേയ്ക്കു തിരിഞ്ഞു.

തലയില്‍ ഇടിത്തീ വീണതു പോലെ തോന്നി വര്‍ഗ്ഗീസ് ചാക്കോയ്ക്ക്.

ഇടവകപ്പള്ളിയോടു ചേര്‍ന്നു പ്രവര്‍ത്തിയ്ക്കുന്ന ഉണ്ണിമിശിഹാ കുടുംബസഹായസംഘമാണു വേളാങ്കണ്ണിയാത്ര സംഘടിപ്പിച്ചിരിയ്ക്കുന്നത്. വേളാങ്കണ്ണിയില്‍ മാത്രമല്ല, തമിഴ്‌നാട്ടിലെ മിയ്ക്ക പുണ്യസ്ഥലങ്ങളും അഞ്ചു ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ആ യാത്രയ്ക്കിടയില്‍ സന്ദര്‍ശിയ്ക്കാം. രണ്ടു കുഞ്ഞുങ്ങളുള്‍പ്പെടെ ആകെ ആറു പേരുള്ള കുടുംബത്തിന് അയ്യായിരം രൂപ മാത്രമേ കുടുംബസഹായസംഘം ഈടാക്കുന്നുള്ളൂ. ആകെ ചെലവിന്റെ നല്ലൊരു ഭാഗം സംഘം തന്നെ വഹിയ്ക്കുകയും ചെയ്യുന്നു.

ചില സ്വകാര്യവ്യക്തികള്‍ ഇത്തരം ടൂറുകള്‍ ഒരുക്കാറുണ്ട്. അവയുടെ നിരക്കു വളരെക്കൂടുതലാണെന്നു മാത്രമല്ല, അവര്‍ നല്‍കുന്ന സൌകര്യങ്ങള്‍ കുടുംബസഹായസംഘത്തിന്റേതോളം നല്ലതുമല്ല. അത്തരമൊരു ടൂറിനിടയില്‍ ഏതോ ഒരു വരാന്തയില്‍ കിടന്നുറങ്ങേണ്ടി വന്നെന്ന് അയല്പക്കത്തെ ജോണിച്ചേട്ടന്‍ ഒരിയ്ക്കല്‍ പറയുകയും ചെയ്തിരുന്നു.

‘സാറേ, അതൊന്നു സാങ്ഷനാക്കിത്തരണം.’ വര്‍ഗ്ഗീസ് ചാക്കോ കേണു.

ഉമ്മച്ചന്‍ കേട്ടതായിപ്പോലും ഭാവിച്ചില്ല. ഒരു കാര്യം തന്നെ രണ്ടു തവണ പറയുന്ന സ്വഭാവം ഉമ്മച്ചനില്ല.

ഉണ്ണിമിശിഹാ കുടുംബസഹായസംഘം എല്ലാക്കൊല്ലവും ഓണം അവധിക്കാലത്തു സൌകര്യപ്പെടുത്തിക്കൊടുക്കാറുള്ളതാണ് ഈ യാത്ര. ഈ യാത്രയില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിയ്ക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി. ഇതുവരെ പോകാനൊത്തിട്ടില്ല. സാമ്പത്തികം തന്നെ കാരണം. കൈകാലുകളിലെ വേദന നിമിത്തം അപ്പച്ചന്‍ കല്പണി നിറുത്തിയതോടെ കുടുംബഭാരം മുഴുവനും വര്‍ഗ്ഗീസ് ചാക്കോവിന്റെ ചുമലിലായി. അപ്പച്ചനും അമ്മച്ചിയ്ക്കും ഇടയ്ക്കിടെ ചികിത്സയും വേണ്ടി വരുന്നു.

മൂത്ത കുഞ്ഞിനെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്തതിനു ശേഷമാണു ഇപ്പോഴത്തെ വിദ്യാഭ്യാസം ഏറെച്ചെലവുള്ളൊരു സംഗതിയായി മാറിയിരിയ്ക്കുന്നെന്ന, കൈയ്പുള്ള സത്യം മനസ്സിലായത്. എല്‍ കെ ജിയില്‍ ഇത്തവണ ചേര്‍ത്തിരിയ്ക്കുന്ന ഇളയ കുഞ്ഞു കൂടി അടുത്തതിനടുത്ത കൊല്ലം ഇംഗ്ലീഷ് മീഡിയത്തില്‍ പോകാന്‍ തുടങ്ങുമ്പോഴുള്ള കാര്യത്തെപ്പറ്റി ഭയം മൂലം ഓര്‍ക്കാറേയില്ല.

‘താന്‍ പോയില്ലേ?’ ഉമ്മച്ചന്‍ തലയുയര്‍ത്തി നോക്കാതെ തന്നെ ചോദിച്ചു. ‘സ്ഥലം വിട്. താന്‍ പോയി പണി ചെയ്യ്.’

വര്‍ഗ്ഗീസ് ചാക്കോ ഉമ്മച്ചന്റെ മുന്നില്‍ നിന്നു വിയര്‍ത്തു.

വേളാങ്കണ്ണിയാത്രയില്‍ ഇത്തവണ പങ്കുചേരാമെന്ന വിശ്വാസത്തില്‍ വീട്ടിലെല്ലാവരും ഉത്സാഹത്തിലാണ്. അപ്പച്ചനും അമ്മച്ചിയും ഭാര്യയും, എന്തിന്, കുഞ്ഞുങ്ങള്‍ പോലും. പരന്നൊഴുകിപ്പോകുന്ന, വര്‍ണ്ണശബളമായ ലക്ഷുറി ബസ്സിലുള്ള, രാജകീയമായ യാത്രയാണു വീട്ടിലെ ഇപ്പോഴത്തെ മുഖ്യസംസാരവിഷയം.

ഇത്രയുമായ നിലയ്ക്ക്, ‘ഇത്തവണയും പോകാന്‍ പറ്റില്ല’ എന്ന് അവരോടെങ്ങനെ പറയും? ‘അല്ലെങ്കിലും അവനെക്കൊണ്ടതൊന്നും നടക്കില്ല’ എന്ന് അപ്പച്ചനും, ഏതാണ്ടതേ അര്‍ത്ഥത്തില്‍ത്തന്നെ, എന്നാലതിനേക്കാളാഴത്തില്‍ മുറിവേല്‍പ്പിയ്ക്കുന്ന തരത്തില്‍ ഭാര്യയും പറയും.

വര്‍ഗ്ഗീസ് ചാക്കോയുടെ കണ്ണു നിറഞ്ഞു.

ഭാര്യയെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. വേളാങ്കണ്ണിയ്ക്കു പോകാന്‍ പോകുന്നെന്ന വാര്‍ത്ത അവള്‍ ഇതിനകം നാടാകെ അഭിമാനപൂര്‍വ്വം പ്രക്ഷേപണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഫെസ്റ്റിവല്‍ അഡ്വാന്‍സു കിട്ടുമെന്ന വിശ്വാസത്തില്‍ അവളെ നിരുത്സാഹപ്പെടുത്തിയുമില്ല. ടൂറിനു പോകാനാകുന്നില്ലെങ്കില്‍ അപമാനഭീതി കൊണ്ടു ചിലപ്പോളവള്‍ വല്ല കടുംകൈയും പ്രവര്‍ത്തിച്ചെന്നു വരും. വിവാഹശേഷം സുഖസമൃദ്ധിയില്‍ കഴിയാന്‍ ഭാഗ്യം സിദ്ധിച്ച ചില കൂട്ടുകാരികളുടെ കാര്യം അവളിടയ്ക്കിടെ സൂചിപ്പിയ്ക്കാറുണ്ട്. അതു കേട്ടാലും പ്രതികരിയ്ക്കാറില്ല. സ്വകാര്യബാങ്കിലെ ഒരു ക്ലാര്‍ക്കിനു കിട്ടുന്ന ശമ്പളത്തിനു പരിമിതികളുണ്ടെന്ന് അവള്‍ സ്വയം മനസ്സിലാക്കിയെടുക്കേണ്ടതായിരുന്നു.

ഉമ്മച്ചനോടു യാചിച്ചിട്ടു ഫലമില്ല. അയാള്‍ നിയമത്തില്‍ നിന്നു കടുകിട വ്യതിചലിയ്ക്കുകയില്ല. ‘ബാങ്കിന്റെ നിയമം വേദവാക്യം’. മനുഷ്യത്വമൊന്നും അക്കാര്യത്തില്‍ അയാള്‍ക്കു പ്രശ്‌നമല്ല.

വര്‍ഗ്ഗീസ് ചാക്കോ വേച്ചുവേച്ചു മടങ്ങിച്ചെന്നു സീറ്റിലിരുന്നു. എന്തു ചെയ്യണമെന്നു യാതൊരു രൂപവുമില്ല. കുടുംബസഹായസംഘത്തിനുള്ള പണവുമായല്ലാതെ, വെറും കൈയോടെ വൈകുന്നേരം വീട്ടിലേയ്ക്കു മടങ്ങിച്ചെല്ലുന്ന കാര്യമോര്‍ത്തപ്പോള്‍ത്തന്നെ പേടിയായി. മുള്ളുവാക്കുകള്‍ കേള്‍ക്കുന്നതിലും നല്ലത്, വല്ല വഴിയ്ക്കും പൊയ്ക്കളയുന്നതായിരിയ്ക്കും.

കൈത്തലം കൊണ്ടു നെറ്റി താങ്ങി, കുനിഞ്ഞിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍ പുറകില്‍ നിന്നൊരു തോണ്ടല്‍: ‘ഏയ്, തനിയ്‌ക്കെന്തു പറ്റി?’

സന്തോഷാണ്. സഹപ്രവര്‍ത്തകന്‍. കാര്യം പറയാനുള്ള കെല്പുണ്ടായില്ല. തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ഇരിപ്പു തുടര്‍ന്നു.

സന്തോഷ് എഴുന്നേറ്റടുത്തു വന്നു. ‘എന്താ കുഴപ്പം? പറയെടോ?’

‘ഫെസ്റ്റിവല്‍ അഡ്വാന്‍സ് ഉമ്മച്ചന്‍ സാറു റെജക്റ്റു ചെയ്തു.’

‘ങേ, ഫെസ്റ്റിവല്‍ അഡ്വാന്‍സു റെജക്റ്റു ചെയ്‌തോ? കാരണം?’

‘ക്രിസ്ത്യാനിയ്ക്ക് ഓണത്തിന് ഫെസ്റ്റിവല്‍ അഡ്വാന്‍സു തരാന്‍ പറ്റില്ലാന്ന്.’

‘അങ്ങേര് ഒടക്കുവീരനാ.’ അങ്ങകലെയിരിയ്ക്കുന്ന ഉമ്മച്ചന്റെ നേരേ സന്തോഷ് ദ്വേഷ്യത്തോടെ നോക്കി. ‘ബ്രാഞ്ചിലിരുന്ന് ഒടക്കി കസ്റ്റമറെയൊക്കെ ഓടിച്ചു വിട്ടപ്പൊ അങ്ങേരെ ഇങ്ങോട്ടു വലിച്ചു. കുരിശിപ്പൊ നമ്മടെ തലേലായി.’ സന്തോഷ് അരിശത്തോടെ പിറുപിറുത്തു.

‘വീട്ടിലെല്ലാരും വേളാങ്കണ്ണിയ്ക്കു പോകാന്‍ റെഡിയായിരിയ്ക്കുകയാ. ഇതു കിട്ടീട്ടു വേണം അതിന്റെ കാശു കൊടുക്കാന്‍.’

സന്തോഷ് സഹതാപത്തോടെ വര്‍ഗ്ഗീസ് ചാക്കോയുടെ തോളത്തു കൈ വച്ചു.

‘ഇന്നു വീട്ടീപ്പോകാതിരിയ്ക്കുന്നതാ ഭേദം.’ വര്‍ഗ്ഗീസ് ചാക്കോയുടെ തൊണ്ടയിടറി.

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ സന്തോഷ് രണ്ടും കല്പിച്ച് അസിസ്റ്റന്റ് മാനേജര്‍, ദിനകരന്റെ അടുത്തേയ്ക്കു ചെന്നു. ദിനകരന്‍ മാനേജര്‍മാരുടെ കൂട്ടത്തില്‍പ്പെട്ടയാളു തന്നെ. പക്ഷേ, ഉമ്മച്ചനോളം കഠിനഹൃദയനല്ല.

ജീവനക്കാരുടെ ഫെസ്റ്റിവല്‍ ആഘോഷം സന്തോഷകരമാക്കാന്‍ വേണ്ടി വര്‍ഷങ്ങള്‍ക്കു മുമ്പു ബാങ്ക് അനുവദിച്ച ഒരാനുകൂല്യമാണു ഫെസ്റ്റിവല്‍ അഡ്വാന്‍സ്. തുക ശമ്പളത്തില്‍ നിന്നു പത്തുമാസം കൊണ്ടു തിരികെപ്പിടിയ്ക്കും. പലിശരഹിതമാണ് എന്നതാണ് അതിന്റെ മറ്റൊരാകര്‍ഷണം.

ദിനകരന്‍ സര്‍ക്കുലറെടുത്തു നോക്കി. ഓരോ തൊഴിലാളിയ്ക്കും ഫെസ്റ്റിവല്‍ ആഘോഷിയ്ക്കാന്‍ വേണ്ടി വര്‍ഷത്തിലൊരിയ്ക്കല്‍ അര്‍ഹതപ്പെട്ടതാണു ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നു സര്‍ക്കുലറില്‍ പറഞ്ഞിരിയ്ക്കുന്നു. ജാതിയുടേയോ മതത്തിന്റേയോ പേരു പരാമര്‍ശിച്ചുകൊണ്ടുള്ള നിബന്ധനകളൊന്നും സര്‍ക്കുലറിലില്ല. അപേക്ഷകന്റെ തന്നെ മതവുമായി ബന്ധപ്പെട്ട ഫെസ്റ്റിവലിനു വേണ്ടി മാത്രമേ ഫെസ്റ്റിവല്‍ അഡ്വാന്‍സു നല്‍കാവൂ എന്നു സര്‍ക്കുലറില്‍ എവിടേയും പറഞ്ഞിട്ടില്ല.

ദിനകരന്‍ സര്‍ക്കുലറുമായി ഉമ്മച്ചന്റെ അടുത്തേയ്ക്കു ചെന്നു. അതു കണ്ട സന്തോഷ് തിരികെച്ചെന്നു വര്‍ഗ്ഗീസ് ചാക്കോയെ ആഹ്ലാദപൂര്‍വം അറിയിച്ചു, ‘ദിനകരന്‍ സാറ് തന്റെ കാര്യം ഏറ്റെടുത്തിട്ടുണ്ട്.’

ഉമ്മച്ചനും ദിനകരനും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുമെന്ന് ഉറപ്പ്. അതു കാണാനുള്ള ആകാംക്ഷയോടെ സന്തോഷ് കാതു കൂര്‍പ്പിച്ചിരുന്നു; ചങ്കിടിപ്പോടെ വര്‍ഗ്ഗീസ് ചാക്കോയും.

‘ക്രിസ്ത്യാനിയ്ക്ക് ഓണത്തിനു ഫെസ്റ്റിവല്‍ അഡ്വാന്‍സു കിട്ടില്ലേ, ഉമ്മച്ചന്‍ സാറേ?’ ദിനകരന്‍ മുഖവുര കൂടാതെ നേരേ വിഷയത്തിലേയ്ക്കു കടന്നു.

‘ഇല്ല.’ ഉമ്മച്ചന്‍ നീരസത്തോടെ പറഞ്ഞു. ‘ക്രിസ്ത്യാനിയ്‌ക്കെവിടെ ഓണം? മണ്ടച്ചോദ്യോമായാണല്ലോ തന്റെ വരവ്!’ വേണ്ടാത്ത കാര്യങ്ങളിലൊക്കെ തലയിടാന്‍ മിടുക്കനാണീ കക്ഷി. ക്രിസ്ത്യാനീടെ വക്കാലത്ത് ക്രിസ്ത്യാനിയല്ലാത്ത ഇയാളെന്തിന് ഏറ്റെടുക്കുന്നു?

‘ക്രിസ്ത്യാനിയ്ക്ക് ഓണത്തിന് ഫെസ്റ്റിവല്‍ അഡ്വാന്‍സു കൊടുക്കരുതെന്ന് ഈ സര്‍ക്കുലറില്‍ എവിടാ പറഞ്ഞിരിയ്ക്കുന്നേ?’ ദിനകരന്‍ സര്‍ക്കുലര്‍ ഫയല്‍ ഉമ്മച്ചന്റെ മുമ്പില്‍ മലര്‍ത്തി വച്ചു.

ഇതു ദിനകരന്റെ സ്ഥിരം പതിവാണ്. എന്തിനും ഏതിനും സര്‍ക്കുലറെടുത്തും കൊണ്ടിങ്ങു പോന്നോളും. യഥാര്‍ത്ഥത്തില്‍ ബാങ്കല്ല, വക്കീലാപ്പീസാണ് ഇയാള്‍ക്കു പറ്റിയ സ്ഥലം. ഇയാളെ ഒന്നൊതുക്കണം. മേലില്‍ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇയാള്‍ തലയിടരുത്. ഉമ്മച്ചന്‍ നിശ്ചയിച്ചു. ‘ക്രിസ്ത്യാനിയ്ക്ക് ഓണത്തിന് ഫെസ്റ്റിവല്‍ അഡ്വാന്‍സു കൊടുക്കാമെന്ന് അതിലെവിടാ പറഞ്ഞിരിയ്ക്കുന്നതെന്നു കാണിച്ചുതാ, ആദ്യം തന്നെ.’

‘ദാ, ഇതില്‍ പറഞ്ഞിരിയ്ക്കുന്നത് ആകെ നാലേ നാലു കാര്യങ്ങളാണ്’, ദിനകരന്‍ വിശദീകരിച്ചു. ‘ഫെസ്റ്റിവല്‍ അഡ്വാന്‍സെന്നു പറഞ്ഞിരിയ്ക്കുന്നതു കൊണ്ട് അത് ഏതെങ്കിലുമൊരു ഫെസ്റ്റിവലിനു വേണ്ടിയായിരിയ്ക്കണം: അതാണൊന്ന്. പത്തു പ്രതിമാസത്തവണകളായി അഡ്വാന്‍സു തിരിച്ചു പിടിയ്ക്കും. അതാണു രണ്ടാമത്തെക്കാര്യം. മൂന്നാമത്തെക്കാര്യം, ഒരു തവണയെടുത്താല്‍, പിന്നെ പന്ത്രണ്ടു മാസം കഴിഞ്ഞേ വീണ്ടും കിട്ടൂ. നാല്, പലിശയില്ല.’

‘ഇതൊക്കെ എനിയ്ക്കറിയാം. താനെന്നെപ്പഠിപ്പിയ്ക്കണ്ട.’

‘സാറ് വര്‍ഗ്ഗീസ് ചാക്കോയുടെ അപ്ലിക്കേഷന്‍ റെജക്റ്റു ചെയ്തത് എന്തു കൊണ്ടാ?’

‘എടോ, ഫെസ്റ്റിവലാഘോഷിയ്ക്കാനായിരിയ്ക്കണം എന്ന് താന്‍ തന്നെ ഇപ്പൊ വായിച്ചു കേള്‍പ്പിച്ചതല്ലേ?’

‘സാറിവിടെ ഓണത്തിനു വേണ്ടി ചിലര്‍ക്കൊക്കെ ഫെസ്റ്റിവല്‍ അഡ്വാന്‍സു സാങ്ഷനാക്കീട്ട് ണ്ടല്ലോ.’

‘ങാ, ഓണമുള്ളോര്‍ക്കൊക്കെ കൊടുത്തിട്ട് ണ്ട്. വര്‍ഗ്ഗീസ് ചാക്കോയ്‌ക്കെവിടുന്നാ ഓണം?’

‘എവിടുന്നാ ഓണം ന്നോ? എല്ലാവര്‍ക്കൂള്ള ഓണം അയാള്‍ക്കൂണ്ട്.’

‘ഇല്ല. അയാള്‍ക്ക് ഓണമില്ല. ക്രിസ്ത്യാനിയ്‌ക്കെവിടുന്നാ ഓണം?’

‘ദേ സാറു പിന്നേം പറയും. ക്രിസ്ത്യാനിയ്ക്ക് ക്രിസ്ത്യന്‍ ഫെസ്റ്റിവലുകള്‍ക്കു മാത്രേ അഡ്വാന്‍സു കൊടുക്കാവൂന്ന് ഇതിലെവിടേം പറയുന്നില്ലല്ലോ.’

‘പറഞ്ഞത് തന്നെ താനും പറേണു. വര്‍ഗ്ഗീസ് ചാക്കോയ്ക്ക് ഓണത്തിന് ഫെസ്റ്റിവല്‍ അഡ്വാന്‍സു കൊടുക്കാന്‍ പറ്റില്ല. ഓണം അയാള്‍ടെ ഫെസ്റ്റിവലല്ല.’

‘അപ്പൊ സാറു കൊടുക്കില്ലേ?’

‘പച്ച മലയാളത്തിലല്ലേ തന്നോടു പറഞ്ഞത്?’

ഉമ്മച്ചന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ മാനേജരായതുകൊണ്ട് കീഴിലുള്ള എല്ലാവരുടേയും ഫെസ്റ്റിവല്‍ അഡ്വാന്‍സു സാങ്ഷനാക്കുന്നത് ഉമ്മച്ചന്‍ തന്നെ. ദിനകരന്റേതു പോലും. അസിസ്റ്റന്റ് മാനേജരാണെങ്കിലും, ദിനകരന് അതു സാങ്ഷനാക്കാനുള്ള അധികാരമൊട്ടില്ലാ താനും.

ദിനകരന്‍ സര്‍ക്കുലറുമെടുത്തുകൊണ്ട് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സച്ചിദാനന്ദന്റെ കാബിനിലേയ്ക്കു ചെന്നു. സര്‍വ്വീസില്‍ നിന്നു പിരിയാന്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രമേ ഡീ ജീ എമ്മിനുള്ളു.

‘എന്താ ദിനകരാ, സര്‍ക്കുലറൊക്കെയായിട്ടാണല്ലോ വരവ്?’ ഡീ ജീ എം ചിരിച്ചുകൊണ്ടു ചോദിച്ചു.

‘സാറേ, ക്രിസ്ത്യാനിയ്ക്ക് ഓണമാഘോഷിയ്ക്കാന്‍ ഫെസ്റ്റിവല്‍ അഡ്വാന്‍സു കിട്ടില്ലേ?’

ഡീ ജീ എം നേരിട്ടൊരുത്തരം പറഞ്ഞില്ല. ‘എന്താ പ്രശ്‌നം? ആദ്യം തന്നെ അതു കേള്‍ക്കട്ടെ.’

‘പ്രശ്‌നം ഞാന്‍ പറയാം സാര്‍’ എന്നു പറഞ്ഞുകൊണ്ട് ഉമ്മച്ചന്‍ കടന്നു വന്നു. ദിനകരന്‍ ഡീ ജീ എമ്മിന്റെ ക്യാബിനിലേയ്ക്കു കടക്കുന്നതു കണ്ടപ്പോള്‍ത്തന്നെ ഉമ്മച്ചനും എഴുന്നേറ്റു പോന്നിരുന്നു. കൈയില്‍ ഒരു രജിസ്റ്ററുമുണ്ട്. ‘വര്‍ഗ്ഗീസ് ചാക്കോ ഫെസ്റ്റിവല്‍ അഡ്വാന്‍സിനപേക്ഷിച്ചു. അയാള്‍ക്ക് ഓണമാഘോഷിയ്ക്കണത്രേ! ക്രിസ്ത്യാനിയ്‌ക്കെവിടുന്നാ ഓണം? അത് അഡ്വാന്‍സു കിട്ടാന്‍ വേണ്ടി മാത്രം പറഞ്ഞതാ. ഞാനതു റെജക്റ്റു ചെയ്തു. പര്‍പ്പസ് നോട്ട് ജെനുവിന്‍.’ ഉമ്മച്ചന്‍ കാര്യം വിശദമാക്കി.

‘ഫെസ്റ്റിവല്‍ അഡ്വാന്‍സിനെപ്പറ്റിയുള്ള മുഴുവന്‍ റൂളുകളും ഈ സര്‍ക്കുലറിലുണ്ട്.’ ദിനകരന്‍ ഇടപെട്ടു. ‘അവരവരുടെ മതങ്ങളുടെ ഫെസ്റ്റിവലുകള്‍ക്കു മാത്രമേ ഫെസ്റ്റിവല്‍ അഡ്വാന്‍സു കൊടുക്കാവൂ എന്ന് ഇതില്‍ ഒരിടത്തും പറയുന്നില്ല, സര്‍.’ ദിനകരന്‍ സര്‍ക്കുലര്‍ ഫയല്‍ മേശപ്പുറത്തു നിവര്‍ത്തി വച്ചു.

‘അത് അതില് പറയേണ്ട കാര്യമില്ലല്ലോ. പറയാതെ തന്നെ അതു മനസ്സിലാക്കിയെടുക്കാന്‍ ഇത്തിരി കോമണ്‍സെന്‍സു മാത്രം മതി.’ ഉമ്മച്ചന്‍ പരിഹസിച്ചു.

‘സാറിന്റെ തീരുമാനം പറയ്.’ ദിനകരന്‍ ഡീ ജീ എമ്മിനോടാവശ്യപ്പെട്ടു.

ഡീ ജീ എമ്മിന് എന്തെങ്കിലും പറയാനാകുന്നതിനു മുമ്പ്, ഉമ്മച്ചന്‍ കൈയിലുണ്ടായിരുന്ന രജിസ്റ്റര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ നിവര്‍ത്തിക്കാണിച്ചു. ‘നമ്മളിതുവരെ സാങ്ഷനാക്കിയിട്ടുള്ള ഫെസ്റ്റിവല്‍ അഡ്വാന്‍സുകളുടെ ലിസ്റ്റാണിത്. സാറിതൊന്നു നോക്ക്.’

‘പോള്‍ ക്രിസ്തുമസ്, ജോസ് – ഈസ്റ്റര്‍, ഹുസൈന്‍ റംസാന്‍, നാസര്‍ ഈദ്, സന്തോഷ് – ഓണം, ദിനകരന്‍ വിഷു, സരസ്വതി – ദീപാവലി…’ ഡീ ജീ എം രജിസ്റ്ററിലെ ലിസ്റ്റ് ഉറക്കെ വായിച്ചു.

‘ഇത്രേം കൊല്ലത്തിനിടയില്‍ കൊടുത്തിരിയ്ക്കുന്ന ഫെസ്റ്റിവല്‍ അഡ്വാന്‍സു മുഴുവനും അവരവരുടെ ഫെസ്റ്റിവലുകള്‍ക്കായിരുന്നു. എനിയ്ക്കു മുമ്പിരുന്ന ജോസഫ് സാറു സാങ്ഷനാക്കിയതുമൊക്കെ അങ്ങനെ തന്നെ. അല്ലാത്തത് ഒറ്റയൊരെണ്ണം പോലും കൊടുത്തിട്ടില്ല.’ ഉമ്മച്ചന്റെ ശബ്ദത്തില്‍ ആധികാരികത മുഴങ്ങി.

‘എന്താ ദിനകരാ?’ ഡീ ജീ എം പ്രതികരണമാരാഞ്ഞു.

‘ആരും ഇതിനു മുമ്പ് ഇങ്ങനെ അപ്ലൈ ചെയ്തിട്ടില്ല, അതുകൊണ്ടു കൊടുക്കാനിട വന്നിട്ടില്ല. ഇന്നിപ്പൊ ഒരാള് അപ്ലൈ ചെയ്തിരിയ്ക്കുന്നു. അപ്പൊ കൊടുക്കണം.’

ഡീ ജീ എം ഉമ്മച്ചന്റെ നേരേ നോക്കി.

‘ഇതുവരെയുള്ള പതിവില്‍ നിന്നു വിട്ട് സാങ്ഷനാക്കാന്‍ പറ്റില്ല, സര്‍.’ ഉമ്മച്ചന്‍.

‘സാറെന്താ തീരുമാനിയ്ക്കണത്?’ ദിനകരന്‍ ഡീ ജീ എമ്മിനെ നോക്കി.

‘എന്റെ തീരുമാനത്തിന് ഇവിടെ പ്രസക്തിയുണ്ടോ, ദിനകരാ?’ ഡീ ജീ എം ചോദിച്ചു. ‘അതിന്റെ സാങ്ഷനിംഗ് അഥോറിറ്റി മാനേജരാണ്, ഡീ ജീ എമ്മല്ല. ഉമ്മച്ചനാണ് മാനേജര്‍. ഉമ്മച്ചന് തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്. തീരുമാനം യെസ്സുമാകാം നോയുമാകാം. ഉമ്മച്ചന്‍ തീരുമാനമെടുത്തു കഴിഞ്ഞു. എനിയ്ക്കിതില്‍ റോളില്ല.’

ദിനകരന്‍ വിട്ടില്ല. ‘സര്‍, റെജക്ഷനുകളെല്ലാം നേരേ മുകളിലുള്ള അഥോറിറ്റിയ്ക്കു റിപ്പോര്‍ട്ടു ചെയ്യണമെന്ന് ഇന്‍സ്ട്രക്ഷനുണ്ട്. അതനുസരിച്ച് ഉമ്മച്ചന്‍ സാറ് റെജക്റ്റു ചെയ്ത അപ്ലിക്കേഷന്‍ സാറിന്റെ മുമ്പിലു വയ്ക്കണം.’

‘ആ വ്യവസ്ഥ കസ്റ്റമറുടെ ലോണ്‍ റെജക്റ്റു ചെയ്യുമ്പഴല്ലേ ആപ്ലിക്കബിളാകൂ, ദിനകരാ. സ്റ്റാഫിന്റെ അപ്ലിക്കേഷന് അതു ബാധകമാകുമോ?’

‘സര്‍, സ്റ്റാഫിന്റെ അപ്ലിക്കേഷന്‍ റെജക്ഷനാകാറില്ലാത്തതുകൊണ്ട് അങ്ങനെ നമുക്കു തോന്നിപ്പോകുന്നതാണ്. ആ സര്‍ക്കുലറില് കസ്റ്റമറുടേതെന്നോ സ്റ്റാഫിന്റേതെന്നോ വേര്‍തിരിച്ചു പറയുന്നില്ല. റെജക്ഷനായ ഏതു കേസിനും ആ റൂളു ബാധകമാണ്.’ ദിനകരന്‍ വിശദീകരിച്ചു.
‘അതു ബോര്‍ഡിന്റെ തീരുമാനമായിരുന്നു. വേണമെങ്കില്‍ ആ സര്‍ക്കുലറും കാണിച്ചുതരാം.’

മതിയായ കാരണങ്ങളില്ലാതെ ലോണുകള്‍ നിരസിച്ചു കസ്റ്റമര്‍മാരെ ബ്രാഞ്ച് മാനേജര്‍മാര്‍ മടക്കി അയയ്ക്കുന്നതു നിയന്ത്രിയ്ക്കാന്‍ വേണ്ടി ഡയറക്റ്റര്‍ ബോര്‍ഡെടുത്ത തീരുമാനമായിരുന്നു, അത്.

‘ഞാനാ അപ്ലിക്കേഷന്‍ സാറിനു വെച്ചേയ്ക്കാം. കാര്യം തീര്‍ന്നല്ലോ.’ ഉമ്മച്ചന്‍ വര്‍ഗ്ഗീസ് ചാക്കോവിന്റെ ആപ്ലിക്കേഷന്‍ ഡീ ജീ എമ്മിന്റെ മുന്നില്‍ വച്ചു. ഉമ്മച്ചന്റെ തീരുമാനങ്ങള്‍ ഡീ ജീ എം ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. പ്രകടമായ അതൃപ്തിയോടെ ഉമ്മച്ചന്‍ രജിസ്റ്ററുമായി തന്റെ സീറ്റിലേയ്ക്കു മടങ്ങിപ്പോയി.

മാനേജരുടെ തീരുമാനം തിരുത്താന്‍ ഡീ ജീ എമ്മിന് അധികാരമുണ്ട്. ദിനകരന്‍ പ്രതീക്ഷയോടെ ഡീ ജീ എമ്മിന്റെ മുഖത്തു നോക്കി.

ക്രിസ്ത്യാനിയ്ക്ക് ഓണത്തിനു വേണ്ടി ഫെസ്റ്റിവല്‍ അഡ്വാന്‍സു കൊടുക്കാമോ? ഡീ ജീ എം ആലോചിച്ചു. അവരവരുടേതല്ലാത്ത ഫെസ്റ്റിവലുകള്‍ക്കു വേണ്ടി അഡ്വാന്‍സു കൊടുത്തുകൂടാ എന്നു സര്‍ക്കുലറില്‍ പറയുന്നില്ലെന്നതു ശരി തന്നെ. എന്നാല്‍ കൊടുക്കാമെന്നും പറയുന്നില്ല. വര്‍ഷങ്ങളായി കൊടുത്തു പോന്നിരിയ്ക്കുന്നതാകട്ടെ, അവരവരുടെ ഫെസ്റ്റിവലുകള്‍ക്കാണു താനും. അന്യമതത്തിന്റെ ഫെസ്റ്റിവലാഘോഷിയ്ക്കാന്‍ ഒരു തവണ പോലും അഡ്വാന്‍സു കൊടുത്തിട്ടില്ല. താനായിട്ട് ആ പതിവു തെറ്റിയ്ക്കണോ? ഡീ ജീ എം ശങ്കിച്ചു.

‘സാറിന് അതിപ്പോ സാങ്ഷനാക്കാം.’ ഡീ ജീ എമ്മിന്റെ മുഖത്തെ വൈമനസ്യം കണ്ടു ദിനകരന്‍ പറഞ്ഞു.

‘ഞാനൊരു പണി ചെയ്യാം.’ അല്പസമയത്തിനു ശേഷം ഡീ ജീ എം പറഞ്ഞു. ‘ഞാനിത് ചെറിയാന്‍ സാറിനു വയ്ക്കാം.’ ഡീ ജീ എം സ്വന്തം അധികാരപരിധിയില്‍ വരുന്നൊരു കാര്യം ജനറല്‍ മാനേജരായ ചെറിയാന്‍ സാറിന്റെ മുന്നിലേയ്ക്കു ‘തട്ടിയിട്ടു കൊടുക്കുന്ന’തിലുള്ള അതൃപ്തി ദിനകരന്റെ മുഖത്തു പ്രതിഫലിച്ചു. അതവഗണിച്ചുകൊണ്ടു ഡീ ജീ എം തുടര്‍ന്നു: ‘ജീ എം തീരുമാനിയ്ക്കട്ടെ. ചെയ്യാന്‍ പാടില്ലാത്തതു വല്ലതും നമ്മളു ചെയ്തു വെറുതേ പുലിവാലു പിടിയ്‌ക്കേണ്ട കാര്യമില്ല.’ ഡീ ജീ എമ്മിന്റെ സ്വരത്തില്‍ ക്ഷമാപണമുണ്ടായിരുന്നു.

‘സച്ചിദാനന്ദന്‍ സാറ് എപ്പഴുമിങ്ങനെയാ. തീരുമാനമെടുക്കാന്‍ ധൈര്യപ്പെടില്ല.’ ദിനകരനോര്‍ത്തു. അതു നേരിട്ടു പറഞ്ഞില്ല.

ഡീ ജീ എം ഒരു വെള്ളക്കടലാസ്സെടുത്തു. ‘സബ്മിറ്റഡ് ടു ദ ജീ എം’ എന്നു ശീര്‍ഷകമെഴുതി. ‘എ ക്രിസ്റ്റ്യന്‍ സീക്ള്‍സ് ഫെസ്റ്റിവല്‍ അഡ്വാന്‍സ് ഫോര്‍ സെലിബ്രേറ്റിംഗ് ഓണം. ദ ഫെസ്റ്റ് സച്ച് കേസ് ഹിയര്‍. വി ഹമ്പ്‌ലി റിക്വെസ്റ്റ് ദ ജീ എംസ് ഗൈഡന്‍സ്.’ ഒപ്പിട്ടു. മേശയുടെ അടിയിലെ ബട്ടണ്‍ ഒരു തവണ ചവിട്ടിയമര്‍ത്തി. കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടു നാസര്‍ വന്നു. ബാങ്ക്മാന്‍. അതായതു പ്യൂണ്‍.

വര്‍ഗ്ഗീസ് ചാക്കോയുടെ തിരസ്‌കൃതമായ അപേക്ഷയും ഡീ ജീ എമ്മിന്റെ നോട്ടും അടങ്ങുന്ന, ചുവന്ന കോണുകളുള്ള ഒരു ഫോള്‍ഡര്‍ നാസറോടൊപ്പം ജീ എമ്മിന്റെ ഓഫീസിലേയ്ക്കു യാത്രയായി. ചുവന്ന കോണുകള്‍ അത്യാവശ്യത്തെ സൂചിപ്പിയ്ക്കുന്നു. അത്തരം ഫോള്‍ഡറുകളിന്മേല്‍ തീരുമാനം ഉടനടിയുണ്ടാകുന്നു.

അക്ഷമയോടെ കാത്തിരിയ്ക്കുകയായിരുന്ന സന്തോഷ്, ദിനകരന്‍ ഡീ ജീ എമ്മിന്റെ ക്യാബിനില്‍ നിന്നിറങ്ങുന്നതു കണ്ടു ധൃതിയില്‍ ചെന്നു. ദിനകരന്‍ നിഷേധഭാവത്തില്‍ ആംഗ്യം കാട്ടി. ‘ഡീ ജീ എം അത് ജീ എമ്മിനു തട്ടി.’

സന്തോഷതു വര്‍ഗ്ഗീസ് ചാക്കോയെ അറിയിച്ചു.

വര്‍ഗ്ഗീസ് ചാക്കോയുടെ മനസ്സു ചത്തു. ദിനകരന്‍ കാര്യമേറ്റെടുത്തു എന്നറിഞ്ഞപ്പോളുണര്‍ന്ന ആശ മുഴുവന്‍ നിരാശയായി പരിണമിച്ചു.

വര്‍ഗ്ഗീസ് ചാക്കോയുടെ കാര്യം മുഴുവനും നന്നായറിയുന്നയാളാണ് ഉമ്മച്ചന്‍. അങ്ങനെയുള്ള ഉമ്മച്ചന്‍ പോലും സാങ്ഷനാക്കാഞ്ഞ ഫെസ്റ്റിവല്‍ അഡ്വാന്‍സ്, ഒരു പരിചയവുമില്ലാത്ത ജീ എം എങ്ങനെ സാങ്ഷനാക്കും!

മുകളിലേയ്ക്കു പോകുന്തോറും കീഴുദ്യോഗസ്ഥരോടുള്ള ദയവും സഹതാപവും മറ്റും കുറയും. ഉമ്മച്ചന്‍ തന്നെ ഉദാഹരണം. ഉമ്മച്ചന്‍ അസിസ്റ്റന്റ് മാനേജരായിരുന്നപ്പോള്‍ കൂടുതല്‍ അടുപ്പം കാണിച്ചിരുന്നു. മാനേജരായ ശേഷം പഴയ അടുപ്പമൊക്കെ ഉമ്മച്ചന്‍ മറന്നിരിയ്ക്കുന്നു. മാനേജരുടെ കാര്യം പോലും അങ്ങനെയായിരിയ്‌ക്കെ ചെയര്‍മാന്റെ നേരേ താഴെയുള്ള ജീ എമ്മില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിച്ചിട്ടു കാര്യമില്ല.

വൈകീട്ടെങ്ങനെ വീട്ടിലേയ്ക്കു ചെല്ലും? ഇക്കാര്യമെങ്ങനെ അവരോടു പറയും? ഭാര്യയുടെ മുഖത്തെങ്ങനെ നോക്കും? അവളെന്തൊക്കെയായിരിയ്ക്കും പറയുക. അപ്പച്ചനോ? കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ കരഞ്ഞുകളഞ്ഞേയ്ക്കാം. അമ്മച്ചി മിണ്ടാതിരുന്നെന്നും വരാം.

വാസ്തവത്തില്‍ വിവാഹം കഴിയ്ക്കണ്ടായിരുന്നു. വിവാഹം കഴിയ്ക്കുന്നതിനു മുമ്പു പ്രാരാബ്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. അപ്പച്ചന്‍ പണിയ്ക്കു പൊയ്‌ക്കൊണ്ടിരുന്നു. വര്‍ഗ്ഗീസ് ചാക്കോ വിവാഹം കഴിയ്ക്കുകയും, കുഞ്ഞുങ്ങള്‍ ജനിയ്ക്കുകയും ചെയ്തതോടൊപ്പം തന്നെ, അപ്പച്ചനു പണിയെടുക്കാനാകാതെയുമായി. പഴയ വീടു പുതുക്കിപ്പണിയാന്‍ സഹകരണബാങ്കില്‍ നിന്നെടുത്ത ലോണിലേയ്ക്കുള്ള തിരിച്ചടവ് നടുവൊടിയ്ക്കുകയും ചെയ്യുന്നു. ഇടി വെട്ടിയവനെ പാമ്പു കടിച്ച നില!

വര്‍ഗ്ഗീസ് ചാക്കോ മേശപ്പുറത്തു മുഖമമര്‍ത്തിയിരുന്നു.

ആരേയും ഉപദ്രവിയ്ക്കാതെയാണു ജീവിച്ചുപോന്നിട്ടുള്ളത്. ആകുന്ന തരത്തില്‍ പലരേയും സഹായിച്ചിട്ടുമുണ്ട്. പള്ളിയിലും വീട്ടിലും വച്ചു മുടങ്ങാതെ പ്രാര്‍ത്ഥിയ്ക്കാറുണ്ട്. കര്‍ത്താവിനേയോ പള്ളിയേയോ അപ്പച്ചനേയോ അമ്മച്ചിയേയോ ഒരിയ്ക്കലും ധിക്കരിച്ചിട്ടുമില്ല.

എന്നിട്ടുമെന്തേ ചുറ്റുമുള്ള സമൂഹം നിഷ്‌കരുണം ജീവിതം അസഹ്യമാക്കിത്തീര്‍ക്കുന്നത്?

മതിയായി. ജീവിച്ചു മതിയായി.

‘വര്‍ഗ്ഗീസേട്ടനെ ദേ ഡീ ജീ എം വിളിയ്ക്കണ് ണ്ട്.’ നാസര്‍ കുലുക്കി വിളിച്ചപ്പോള്‍ വിഷാദം ഘനീഭവിച്ച മുഖവുമായി വര്‍ഗ്ഗീസ് ചാക്കോ എഴുന്നേറ്റു. മെല്ലെ ഡീ ജീ എമ്മിന്റെ ക്യാബിനിലേയ്ക്കു നടക്കുമ്പോള്‍ത്തന്നെ ഉമ്മച്ചന്‍ അവിടെ നില്‍ക്കുന്നതു കണ്ടു. കൂടുതല്‍ കുഴപ്പങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഉമ്മച്ചന്റെ സാന്നിദ്ധ്യം.

വര്‍ഗ്ഗീസ് ചാക്കോയുടെ വിഷാദം വര്‍ദ്ധിച്ചു.

‘തന്റെ അപ്ലിക്കേഷന്‍ ഞങ്ങളു ചെറിയാന്‍ സാറിനു വെച്ചിരുന്നു.’ വര്‍ഗ്ഗീസ് ചാക്കോയെ കണ്ടയുടനെ ഡീ ജീ എം പറഞ്ഞു. ‘അതിപ്പൊ മടങ്ങി വന്നു.’

മടങ്ങി വന്നു എന്നു കേട്ടതോടെ വര്‍ഗ്ഗീസ് ചാക്കോയുടെ തളര്‍ച്ച വര്‍ദ്ധിച്ചു. വീഴാതിരിയ്ക്കാന്‍ മേശമേലൂന്നി. ‘ഇന്നു വീട്ടിലേയ്ക്കില്ല,’ മനസ്സില്‍പ്പറഞ്ഞു.

ഡീ ജീ എം തുടര്‍ന്നു. ‘ജീ എം എഴുതിയിരിയ്ക്കുന്നതു താന്‍ തന്നെ വായിയ്ക്ക്.’ ജീ എമ്മിന്റെ കുറിപ്പുള്ള നോട്ടു ഡീ ജീ എം വര്‍ഗ്ഗീസ് ചാക്കോയുടെ മുന്നിലേയ്ക്കു നീക്കി വച്ചു കൊടുത്തു.

ഫെസ്റ്റിവല്‍ അഡ്വാന്‍സ് അപേക്ഷയ്ക്ക് ഉമ്മച്ചന്‍ വിധിച്ച വധശിക്ഷ ജീ എമ്മും ശരി വച്ചിട്ടുണ്ടാകും. ഫെസ്റ്റിവല്‍ അഡ്വാന്‍സു ദുരുപയോഗപ്പെടുത്താന്‍ ശ്രമിച്ചതിനുള്ള താക്കീതും ഒരുപക്ഷേ ജീ എം എഴുതിച്ചേര്‍ത്തിട്ടുണ്ടാകും. ഡീ ജീ എമ്മിന്റെ നോട്ടില്‍ ജീ എം പച്ച മഷിയില്‍ എഴുതിയിരുന്നതു വായിയ്ക്കാന്‍, ഇരച്ചുവന്ന കണ്ണുനീരിന്റെ മൂടല്‍ മൂലം വര്‍ഗ്ഗീസ് ചാക്കോയ്ക്കു കഴിഞ്ഞില്ല.

‘വര്‍ഗ്ഗീസേ, താന്‍ കരയണ്ട.’ ഡീ ജീ എം ആശ്വസിപ്പിയ്ക്കാന്‍ ശ്രമിച്ചു. ‘ജീ എമ്മെഴുതിയിരിയ്ക്കണത് ഞാന്‍ തന്നെ വായിച്ചു തരാം.’

അതിനിടയില്‍ ദിനകരനുമെത്തി. ജീ എമ്മിന്റെ കുറിപ്പ് ഡീ ജീ എം ഉറക്കെ വായിച്ചു:

‘ഇന്‍ ദിസ് ഗ്രേയ്റ്റ്, സെക്യുലര്‍ നേഷന്‍ ഓഫ് അവേഴ്‌സ്, എവ്‌രിവണ്‍ ക്യാന്‍ സെലിബ്രേറ്റ് എവ്‌രി ഫെസ്റ്റിവല്‍, ഇറെസ്‌പെക്റ്റീവ് ഓഫ് റിലിജ്യസ് അഫിലിയേഷന്‍സ്. സച്ച് ക്രോസ്സ് റിലിജ്യസ് സെലിബ്രേഷന്‍സ് ഡിസെര്‍വ് റെഡി എന്‍കറേജ്‌മെന്റ്. ഫെസ്റ്റിവല്‍ അഡ്വാന്‍സസ് ഷാല്‍ നോട്ട് ബി റിജക്റ്റഡ് ഓണ്‍ സച്ച് ഗ്രൌണ്ട്‌സ്. ദിസ് ഗൈഡന്‍സ് ഷാല്‍ ബി മേയ്ഡ് നോണ്‍ ടു എവ്‌രി സാങ്ഷനിംഗ് അഥോറിറ്റി. വിത്ത് പ്ലഷര്‍, അയാം ഹിയര്‍ബൈ സാങ്ഷനിംഗ് ദ ഫെസ്റ്റിവല്‍ അഡ്വാന്‍സ് ടു മിസ്റ്റര്‍ വര്‍ഗ്ഗീസ് ചാക്കോ ഫോര്‍ സെലിബ്രേറ്റിംഗ് ഓണം.’

പാരവശ്യത്തിനിടയില്‍ ‘അയാം ഹിയര്‍ബൈ സാങ്ഷനിംഗ്’ എന്നു മാത്രമേ വര്‍ഗ്ഗീസ് ചാക്കോയ്ക്കു മനസ്സിലായിരുന്നുള്ളൂ. ഡീ ജീ എം ആ വാക്കുകള്‍ ആവര്‍ത്തിയ്ക്കുകയും ചെയ്തു.

കടമ്പകളില്‍ത്തട്ടിത്തകരും എന്നു തീര്‍ച്ചപ്പെടുത്തിയിരുന്ന ഫെസ്റ്റിവല്‍ അഡ്വാന്‍സെന്ന സുന്ദരസങ്കല്പം, ഭയാശങ്കകളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട്, ഇത്ര പെട്ടെന്നു യാഥാര്‍ത്ഥ്യമായെന്ന മോഹനസത്യം വിശ്വസിയ്ക്കാനാകാതെ വര്‍ഗ്ഗീസ് ചാക്കോ മിഴിച്ചു നിന്നുപോയി. ദിനകരന്‍ കൈ പിടിച്ചു കുലുക്കിക്കൊണ്ടു ‘കണ്‍ഗ്രാജുലേഷന്‍സ്’ പറഞ്ഞപ്പോഴും വര്‍ഗ്ഗീസ് ചാക്കോയ്ക്കു വാക്കുകള്‍ കിട്ടിയില്ല.

‘വണ്ണോഫ് ദ ബെസ്റ്റ് ഡിസിഷന്‍സ് ഐ ഹാവ് എവര്‍ കമെക്രോസ്’ എന്നു പ്രഖ്യാപിച്ചുകൊണ്ടു ഡീ ജീ എം വര്‍ഗ്ഗീസ് ചാക്കോയോടു ചോദിച്ചു, ‘തൃപ്തിയായില്ലേ, വര്‍ഗ്ഗീസേ?’

കണ്ഠമിടറിയതുകൊണ്ടു വര്‍ഗ്ഗീസ് ചാക്കോയ്ക്കു ഡീ ജീ എമ്മിന്റെ ചോദ്യത്തിനു മറുപടി നല്‍കാനായില്ല. മഴയ്ക്കിടയിലെ തെളിവെയിലുപോലെ, കണ്ണുനീരിനിടയിലൂടെ മന്ദഹസിച്ചു കൊണ്ടു തല കുലുക്കുമ്പോള്‍ ഉമ്മച്ചന്‍ വര്‍ഗ്ഗീസ് ചാക്കോയുടെ അടുത്തുവന്ന്, സൌഹാര്‍ദ്ദഭാവത്തില്‍ തോളത്തു സ്പര്‍ശിച്ചു. ‘താനെന്നോടു പരിഭവം വിചാരിയ്ക്കണ്ട. തനിയ്ക്ക് അഡ്വാന്‍സു കിട്ടരുതെന്നു ഞാനൊരിയ്ക്കലും വിചാരിച്ചിട്ടില്ല.’ ജീ എമ്മിന്റെ കുറിപ്പിലേയ്ക്ക് ഉമ്മച്ചന്‍ ചൂണ്ടി. ‘ദാ, ഇപ്പൊ ഒക്കെ ക്ലിയറായി. ഇനി ആര്‍ക്കു വേണമെങ്കിലും, ഏതു ഫെസ്റ്റിവലിനു വേണമെങ്കിലും അഡ്വാന്‍സു കൊടുത്തേയ്ക്കാം.’

(ഈ കഥ തികച്ചും സാങ്കല്പികമാണ്.)