Featured
വാകപ്പൂക്കളെ സ്നേഹിയ്കുകയും വെറുക്കുകയും ചെയ്യുന്നവര്‍
ലക്ഷ്മി.. ഇന്നും വീണുപോകുന്ന വാകപൂക്കളും നോക്കി സമയം കളയുകയാണോ..? നീ എത്ര സാള്‍ട്ട് പിറകിലാണെന്നോ? ഇങ്ങനെ പോയാല്‍ ഞാന്‍ റെക്കോര്‍ഡ് സൈന്‍ ചെയ്യില്ല… കേട്ടോ. ലതയുടെ ബ്യൂറെറ്റ് ശെരിയാക്കി കൊടുക്കുന്നതിനിടയില്‍ ടീച്ചര്‍ വിളിച്ചു പറഞ്ഞു.
77 total views
ലക്ഷ്മി.. ഇന്നും വീണുപോകുന്ന വാകപൂക്കളും നോക്കി സമയം കളയുകയാണോ..? നീ എത്ര സാള്‍ട്ട് പിറകിലാണെന്നോ? ഇങ്ങനെ പോയാല്‍ ഞാന്‍ റെക്കോര്‍ഡ് സൈന്‍ ചെയ്യില്ല… കേട്ടോ.
ലതയുടെ ബ്യൂറെറ്റ് ശെരിയാക്കി കൊടുക്കുന്നതിനിടയില്‍ ടീച്ചര്‍ വിളിച്ചു പറഞ്ഞു.
പുകയും രൂക്ഷഗന്ധവും നിറഞ്ഞ കെമിസ്ട്രിലാബിനെ എന്നും വെറുത്തിരുന്നു. പതഞ്ഞുയരുന്ന പരീക്ഷണങ്ങള്‍ രേഖപ്പെടുത്താതെ
എപ്പോഴും ജനലിനപ്പുറം പൂത്തുലഞ്ഞു നില്ക്കുന്ന വാക നോക്കി നില്‍ക്കാനായിരുന്നു ഇഷ്ടം..പിന്നെ വിഷാദം വീണുറഞ്ഞ മയങ്ങിയ കണ്ണുകളും ചന്ദനത്തിന്റെ മണവുമായി വരുന്ന ശ്രീദേവി ടീച്ചറുടെ സാന്നിദ്ധ്യവും. എന്നെ വഴക്കുപറയുമായിരുന്നെന്കിലും ടീച്ചറും വകമാരചോട്ടിലേക്ക് നോക്കി ആയുസ്സില്ലാത്ത പൂക്കള്‍ എന്ന് പിറുപിറുക്കുന്നത് കേട്ടിട്ടുണ്ട്.
കോളേജ്ബസില് കയറാതെ വാകപ്പൂക്കളെ കാണാന്‍ വേണ്ടി മാത്രം എന്നും രാവിലെ ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ കയറി കോളേജ് ജംഗ്ഷനിലിറങ്ങി വാക പൂത്തുലഞ്ഞു നില്ക്കുന്ന വഴികള്‍ മുഴുവന്‍ നടക്കും. നിനക്ക് വട്ടാണെന്ന് പറഞ്ഞു കൂട്ടുകാരികള്‍ കളിയാക്കും. കോളെജിലെത്തിയാല്‍ പുസ്തകം ഡസ്കിലേക്ക് വലിച്ചെറിഞ്ഞു ഓടിപ്പോകും വാകചോട്ടിലേക്ക്. അടിച്ചുവാരുന്ന ചേച്ചി പറയും…
‘ഈ കുട്ടീടെ ഭ്രാന്തെ… എന്റെ നടുവൊടിഞ്ഞു ഈ പണ്ടാരം മുഴുവന്‍ തൂത്തുവാരി…. ഉം കാശുള്ള വീട്ടിലെ കുട്യോള്ക്ക് എന്താ.. അവര്‍ക്ക് എല്ലാം ഭംഗി അല്ലെ….?’
‘അയ്യോ അത് പേരില്‍ മാത്രമേ ഉള്ളന്റെ ചേച്ച്യേ’ ….
‘തന്നെ തന്നെ..ഒന്ന് പോ കുഞ്ഞേ..ഞാന്‍ തൂത്തു വാരട്ടെ.’
അപ്പോഴെല്ലാം മനസ്സില്‍ പറയും ഒരിക്കലും വാരിക്കളയാതെ പൂവെല്ലാം വീണോഴിയുന്ന ഒരു വാക എന്റെ വീട്ടില്‍ നട്ടു വളര്‍ത്തുമെന്ന്..എപ്പോഴും വാകയുടെ ഒരു തൈക്ക് വേണ്ടി തിരഞ്ഞു..എത്ര വിത്തുകള്‍ കൊണ്ടിട്ടിട്ടും ഒരു തൈ പോലും
കിളിര്‍ത്തില്ല..
സര്‍ക്കാരിന്റെ വനവല്ക്കരണത്തിന്റെ ഭാഗമായി വീടിനു മുന്നിലെ റോഡരുകില്‍ വാകത്തൈ നട്ടിരിക്കുന്നത് ഒരു ദിവസം വൈകിട്ട് കോളേജില്‍ നിന്നും വന്നപ്പോഴാണ് കണ്ടത്. ബാക്കി എല്ലാം കാറ്റാടിമരത്തിന്റെ തൈകള്‍ ആണ്. വാക ഇളക്കി എടുക്കാന്‍ അമ്മയെ കൂട്ട്പിടിച്ചു. ഒരു ചെറിയ കള്ളം പോലും പറയുന്നത് ഇഷ്ടമില്ലാത്ത അമ്മ കണ്ണുരുട്ടി…
അയ്യേ മോഷ്ടിക്കയോ.? നമുക്ക് അവരോടു ചോദിച്ചിട്ടെടുക്കാം..
നാളെ അമ്മ ചോദിക്കുമോ?
ഉം… ഇപ്പോള്‍ പോയി കുളിച്ചിട്ടുവാ …ഞാന്‍ കഴിക്കാന്‍ എടുത്തു വെയ്ക്കാം ..
രാത്രിയില്‍ പൂത്തുനിറഞ്ഞു നില്ക്കുന്ന വാകയുടെ ചുവട്ടിലിരുന്നു പഠിക്കുന്നത് സ്വപ്നം കണ്ടു… രാവിലെ പോകുമ്പോള്‍ അതവിടെ തന്നെ ഉണ്ടെന്നു ഉറപ്പു വരുത്തി…
വൈകിട്ട് വന്നപ്പോള്‍ അമ്മ പറഞ്ഞു..
പണിക്കാരോന്നും ഇന്ന് വന്നില്ല..അവരൊക്കെ പോയി എന്നാ തോന്നുന്നേ …
സന്ധ്യയായി.. എങ്ങനെ എങ്കിലും അതിളക്കി എടുക്കണം എന്ന് വിചാരിച്ചു മുറ്റത്തെ മാവിന് ചോട്ടില് പതുങ്ങി നിന്നു. പക്ഷെ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും പോയ്കൊണ്ടേയിരുന്നു. വൈകി എത്തിയ ഏട്ടന് എന്നെ കണ്ടതും വഴക്ക് തുടങ്ങി..
കേറിപോ അകത്തു… ഈ ഇരുട്ടത്ത് നീ ഇവിടെ എന്ത് ചെയ്യുവാ..?
ഒന്നും മിണ്ടാതെ കയ്യിലിരുന്ന ചെറിയ മണ്‍വെട്ടിയും വലിച്ചെറിഞ്ഞു ഞാന്‍ അകത്തേക്ക് പോയി. എത്ര നിര്‍ബന്ധിച്ചിട്ടും അന്ന് ഊണ് കഴിച്ചില്ല. അവസാനം ഏട്ടന് തന്നെ വന്നു…
നിനക്കെന്ത വേണ്ടത്? വാകത്തൈ എടുക്കണം?… പോയി ഊണ് കഴിക്കു… ഏട്ടന് പോയി എടുത്തു വരാം..
അത് കേട്ടതും അമ്മ വിലക്കി..
മോനെ വേണ്ട.വേണ്ട… ആകെ കിട്ടുന്ന തേങ്ങപോലും ഇനി കിട്ടില്ല… അത് വലിയ മരമാകും..
ഏട്ടന് ചിരിച്ചു കൊണ്ടു പോയി..രാത്രി തന്നെ വാക ഇളക്കി കൊണ്ടു വന്നു മുറ്റത്ത് തന്നെ നട്ടു..
വാക അതിവേഗം വളര്‍ന്നു പൂക്കുംപോഴേക്കും അമ്മ പറഞ്ഞ പോലെ മുറ്റത്ത് നിന്ന 3 തെങ്ങിലും തേങ്ങ കുറഞ്ഞു. ഓരോ പ്രാവിശ്യവും പറമ്പ് വൃത്തിയാക്കുമ്പോള്‍ അത് വെട്ടാന്‍ അമ്മ പറയും. നിറഞ്ഞു വരുന്ന എന്റെ കണ്ണുകള്‍ നോക്കി പിന്നെ അമ്മ പറയും,
‘ഭാസ്കരാ അടുത്ത തവണ ആകട്ടെ’ എന്ന്.
ആദ്യമൊക്കെ വാക പൂത്തുലയുന്നത് വീട്ടിലുള്ളവര്‍ക്കും വരുന്നവര്‍ക്കുമൊക്കെ ഒരു കാഴ്ചയായിരുന്നു… പക്ഷെ പൂകൊഴിഞ്ഞാല്‍.. കറുത്ത കായ് പൊട്ടിത്തെറിച്ചു മുറ്റമാകെ വിതറി വൃത്തികേടാക്കും. മാത്രമല്ല നുരയ്ക്കുന്ന പോലെ ഏതോ കറുത്ത ജീവികള്‍ ചുറ്റും ഇഴഞ്ഞു നടക്കും. അവസാനം വാക വെട്ടാന്‍ തീരുമാനമായി… എന്തായാലും എന്നെ കല്യാണം കഴിച്ചുവിടാന്‍ സമയമായി. ഞാന്‍ പോയിട്ട് നിങ്ങളൊക്കെ എന്താന്ന് വെച്ചാല്‍ ചെയ്തോ എന്ന എന്റെ പിടിവാശിയില്‍ എന്റെ വാക രക്ഷപെട്ടു. ആ കൊല്ലം അമ്മ ഒന്നും പറയാതെ ഞങ്ങളെ വിട്ടുപോയി…
വാകയുടെ കുറച്ചപ്പുറം അമ്മ നട്ട ഒട്ടുമാവ് പടര്‍ന്നു പന്തലിച്ചു നിറയെ മാങ്ങയുമായ് നിന്നു. അതില്‍ ഞാന്‍ നാട്ടു പിടിപ്പിച്ച ചന്ദന മുല്ലയില്‍ നിറയെ പൂക്കള്‍ വിരിഞ്ഞു. തനിച്ചായപ്പോള്‍, ചില വിശ്വാസത്തകര്‍ച്ചകള്‍ മനസ്സില്‍ തീ കോരിയിട്ടപ്പോള്‍ ഒക്കെ, നെറുകയില്‍ സാന്ത്വനമായി പൂക്കള്‍ പൊഴിച്ച വാകമാരച്ചോട്ടില് അമ്മയുടെ സാന്നിധ്യം ഞാന്‍ അറിഞ്ഞു. അമ്മയോട് പറയുമായിരുന്ന എല്ലാ നുറുങ്ങു വിശേഷങ്ങളും ഞാന്‍ വകമാരച്ചോട്ടിലിരുന്നു പറയുന്നത് ചന്ദനമുല്ലയിലെ പൂക്കള്‍ അടര്‍ത്തിയെടുക്കുന്ന കാറ്റായി അമ്മയും കേട്ടു.
എന്റെ കല്യാണം കഴിഞ്ഞു… പുതിയ വീട്ടില്‍ രാവിലെ ജനാല തുറന്നപ്പോള്‍ തിന്ടിനരികില് നിറയെ പൂത്തുനില്കുന്ന വാകകള്‍… അറിയാത്ത സ്ഥലത്തിന്റെയും ആള്‍ക്കാരുടെയും അപരിചിതത്വം ആ നിമിഷം എങ്ങോ പോയ് മറഞ്ഞു. അടുത്ത വീട്ടുകാര്‍ പറമ്പ് വൃത്തിയാക്കുമ്പോള്‍ എല്ലാ വാകമരങ്ങളും വെട്ടിക്കളഞ്ഞത് തീരാ നോവായി..
പിന്നൊരിക്കല്‍ വീട്ടില്‍ വരുമ്പോള്‍ എന്റെ വാകമരം ഇല്ല… ഞാന്‍ സങ്കടത്തോടെ അത് നട്ടിരുന്നിടത്ത് പോയി നിന്നു. എന്റെ കണ്ണീരും
ചിരിയും എല്ലാം അറിഞ്ഞ എന്റെ വാക …
ഏട്ടത്തിയമ്മ പതുക്കെ പറഞ്ഞു..
നോക്ക്, തുളസിത്തറയിലെ തുളസിയില്‍ പോലും വാക കാരണം നിറയെ പുഴുവായി. അതാ അവസാനം ഏട്ടന് വെട്ടാന്‍ പറഞ്ഞത്…
ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതിനപ്പുറത്തെ മാവിലും നിറയെ പുഴുക്കള്‍, മാവില്‍ പടര്‍ത്തിയ ചന്ദന മുല്ലയും കരിഞ്ഞുണങ്ങി കിടക്കുന്നു. എന്റെ അമ്മയുടെ ആത്മാവ് ആ വീട്ടിലില്ലെന്നു എനിക്കപ്പോള്‍ തോന്നി… ഞാനന്നോരുപാടു കരഞ്ഞു… എന്തിനെന്ന് എനിക്ക് തന്നെ അറിയാതെ.
നോക്കിയെ ഈ കൊച്ചിന്റെ കാര്യം… കെട്ടിയോന് വന്നു മടങ്ങി പോയിട്ട് ഒരു തുള്ളി കണ്ണീരും വീണില്ല… നിറവയറുമായി നിന്ന് കരയാതെ..
വീട്ടിലെ പണിക്കുനില്ക്കുന്ന അമ്മച്ചി എന്നെയും കൂട്ടി അകത്തേക്ക് നടന്നു..
വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോയി.. സ്ഥലം മാറ്റം കിട്ടിയപ്പോള്‍ വാകമരങ്ങള്‍ പൂത്തു നില്ക്കുന്ന വഴിയെ എന്നും റെയില്‍വേ സ്റ്റേഷനിലേക്ക് ധൃതിയില്‍ പോകേണ്ടി വന്നു. ദീര്‍ഘദൂരം ട്രെയിന്‍ യാത്രയില്‍ ആത്മാവിന്റെ ഭാഗം പോലെ ഒരു സുഹൃത്തിനെ കിട്ടി, പാര്‍വതി. ചില ദിവസങ്ങളില്‍ ട്രെയിന്‍ കിട്ടാതാകുംപോള് അടുത്ത ട്രെയിന്‍ വരുന്നത് വരെ വാകപ്പൂക്കളെ കണ് നിറയെ കണ്ടു… അപ്പോഴൊക്കെ ഓര്‍മ്മകളില്‍ സുഗന്ധവും കണ്ണീരും നിറഞ്ഞു. അന്ന് പാര്‍വതിയ്ക്കും ആദ്യത്തെ ട്രെയിന്‍ കിട്ടിയില്ല.. അവള്‍ക്കറിയാം ഇനി ചായയും പഴംപൊരിയും വാങ്ങി വാകമരത്തിന്റെ ചോട്ടില് പോയിരിക്കണം എന്ന്… പക്ഷെ അവിടെ ഇരിക്കുന്നത് അവള്‍ക്കു എന്തോ അസ്വസ്തയാണ്..അതെനിക്കും അറിയാം എങ്കിലും ഞാന്‍ ചോദിച്ചില്ല. വാകച്ചോടും കഴിഞ്ഞു പിന്നെയും നടക്കുമ്പോള്‍ അവള് ചോദ്യഭാവത്തില്‍ എന്നെ നോക്കി..
ഇനി നമുക്കവിടെ ഇരിക്കണ്ട… ഈ ബദാമിന്റെ ചോട്ടില് ഇരിക്കാം. അവിടെ ബെഞ്ച് എതിര് വശത്തേയ്ക്ക് ആണിട്ടിരിക്കുന്നത്.. അതിലിരുന്നാല്‍ വാക മരവും കാണില്ല..
ലെച്ചു.. .നിന്നെ പോലെ ഞാനും ഒരിക്കല്‍ വാകപ്പൂക്കളെ സ്നേഹിച്ചിരുന്നു.. പിന്നെ ഒരു ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു..പക്ഷെ ഇപ്പോള്‍, അവയെ കാണുമ്പോള്‍ ആ കറുത്ത് നുരയ്ക്കുന്ന പുഴുക്കള്‍ ആണെനിക്കൊര്മ്മ വരിക..
അവള് എന്റെ കൈവിരലുകളില്‍ അമര്‍ത്തി..പിന്നെ പറഞ്ഞു തുടങ്ങി ….
എങ്ങനെ എന്നെനിക്കറിയില്ല..എന്റെ ഒരു സൌഹൃദം പ്രണയമായത്. തീവ്രമായ അനുരാഗമായി മാറുന്നതിനു മുന്‍പ് തന്നെ ജീവിതത്തിലെ സുഹൃത്തുക്കളെക്കുറിച്ചെല്ലാം അദ്ദേഹം പറയുമായിരുന്നു. ഒരെഴുത്തുകാരന്റെ വികാരപ്പകര്‍ച്ചകള്‍ എനിക്ക് മനസ്സിലാകുമായിരുന്നു.. എന്നെപോലെ അദ്ദേഹത്തിനും വാകപ്പൂക്കളെ ഇഷ്ടമായിരുന്നു..ഒരുപാട്. പക്ഷെ അതൊരു സുഹൃത്തിനോടുള്ള ഇഷ്ടത്തിന്റെ പേരിലായിരുന്നു എന്ന് മാത്രം..അതിനെ പറ്റി ഒരിക്കല്‍ ഞാന്‍ ചോദിച്ചു ..’അവളെ എനിക്കിഷ്ടമാണ്..ആ ഇഷ്ടത്തിനു ഒരു നിര്‍വചനം ഇല്ല പാറൂ..സം സോര്‍ട്ട് ഓഫ് ഡിവൈന്‍ ലവ്… അതില്‍ മറച്ചു വെയ്ക്കാനോ ഒളിച്ചു വെയ്ക്കാനോ ഒന്നുമില്ലെനിക്ക്’… പക്ഷെ അത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ശരീര ഭാഷ, കണ്ണുകളിലെ തിളക്കം ഒക്കെ ആ ഇഷ്ടത്തിന്റെ ആഴം വെളിപ്പെടുത്തുന്നുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം എഴുതി വെച്ചിരുന്ന കവിതകള്‍ എനിക്ക് വായിക്കാന്‍ തന്നു.. പലതും അവള്‍ക്കു വേണ്ടി എഴുതിയതായിരുന്നു.. അന്നൊക്കെ അവള് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു..
ഇപ്പോഴോ? അവളുടെ മൌനം മുറിച്ചു ഞാന്‍ ചോദിച്ചു..
ഇപ്പോഴും ആണു.
നീ ചോദിച്ചില്ലേ അദ്ദേഹത്തോട്?
ഉം..ചോദിക്കുംപോഴൊക്കെ ഇങ്ങനെയാ പറയുക …’ഞാന്‍ എത്രയോ വട്ടം നിന്നോടു പറഞ്ഞു പാറൂ ..ഇനി വിശദീകരിക്കാന്‍ എനിക്ക് വയ്യ .. എനിക്കവള് ആദ്യം സുഹൃത്തായിരുന്നു .വളരെ പ്രിയമുള്ളവള്‍… ഇന്ന് അവള് എനിക്കനിയത്തിയാണ്..നിനക്ക് മനസ്സിലാക്കാന്‍ പറ്റുമെങ്കില്‍ മനസ്സിലാക്ക്..എന്റെ ജീവിതത്തില്‍ ഒരുപാടുപേര് വന്നുപോയി..പക്ഷെ നിന്നെ സ്നേഹിക്കുന്നപോലെ അവരെ ആരെയും ഞാന്‍ സ്നേഹിച്ചിട്ടില്ല.. നിനക്കറിയുന്നപോലെ അവര്‍ക്കാര്‍ക്കും എന്നെ അറിയുകയുമില്ല. നീ എപ്പോഴും സ്നേഹവും പ്രണയവും കൂട്ടിക്കലര്‍ത്തുന്നത് എന്തിനാണ്?’ എനിക്ക് പിന്നെ മറുപടി ഉണ്ടാവില്ല അദ്ദേഹത്തോട് പറയാന്‍……
‘അദ്ദേഹം പറയുന്നത് ചിലപ്പോള്‍ സത്യമായിരിക്കാം പാറു..’
‘ആയിരിക്കാം ..പക്ഷെ ഈ ഭാരം ചുമക്കാന്‍ എനിക്ക് വയ്യ… ആ പ്രണയം ഉപേക്ഷിക്കാന്‍ എന്റെ മനസ്സ് പറയുന്നു .. എപ്പോഴും ഒരു ഭയത്തോടെ ആര്‍ക്കാ സ്നേഹിക്കാന്‍ കഴിയുക? പ്രണയത്തിന്റെ തീജ്വാല പോലെയുള്ള പൂക്കള്‍ എപ്പോഴും എന്റെ മനസ്സില്‍ അസ്വസ്തതയുടെ നുരയ്ക്കുന്ന പുഴുക്കളാകുന്നു..’
ഞാന്‍ ഒന്നും പറഞ്ഞില്ല..വിറയ്ക്കുന്ന ചുണ്ടുകളും കൈവിരലുകളും നനയുന്ന കണ്‍കോണുകളും അവള് അനുഭവിക്കുന്ന ആത്മസംഘര്‍ഷം എത്രെയെന്നു പറയുന്നുണ്ടായിരുന്നു. ഒരിക്കല്‍! ഹിഡുംബ വനത്തില്‍ തനിച്ചിരുന്ന ഭീമന്റെ അടുക്കല്‍, നോക്കിയാല്‍ തനിക്കേറ്റവും ഇഷ്ടപെട്ട ആളിന്റെ രൂപം തെളിയുന്ന വിശേഷപ്പെട്ട ഒരു കണ്ണാടിത്തുണ്ടുമായ് ഹിഡുംബി ഓടിവന്നതും അവന്റെ നേര്‍ക്ക് അത് പിടിച്ചപ്പോള്‍ അവിടെ പാഞ്ചാലിയുടെ മുഖം തെളിഞ്ഞതും അത്കണ്ടു അവള് പൊട്ടിക്കരഞ്ഞുകൊണ്ട് കാട്ടിലേയ്ക്കു ഒടിപ്പോയതുമായ കഥ പണ്ട് ചെറിയമ്മ പറഞ്ഞുതന്നതോര്‍മ്മ വന്നു.
ഈ വാകപ്പൂക്കളെ കാണുമ്പോള്‍ പാര്‍വ്വതിയുടെ മനസ്സും ആര്‍ത്തലച്ചു കരയുന്നുണ്ടാവാം.
പ്രണയത്തിനും സ്നേഹത്തിനുമിടയിലെ അതിര്‍വരമ്പ് എവിടെയാണ്? എപ്പോഴാണത് മാഞ്ഞു പോവുക? സ്നേഹത്തിന്റെ വിചിത്രമായ വഴികള്‍ ..അവയുടെ അര്‍ഥം അറിയാനാവാതെ, ഒഴിഞ്ഞുകിടന്ന റയില്‍ പാളങ്ങളില്‍ സന്ധ്യാരശ്മികള് വീണു ചിതറുന്നതും നോക്കി അവള്‍ക്കൊപ്പം ഞാനിരുന്നു…
78 total views, 1 views today