വാക്കിംഗ് സ്റ്റിക്കും സ്മാര്‍ട്ടാകുന്നു

188

Fujitsu-GPS-cane
ഇനി വാക്കിംഗ് സ്റ്റിക്കും സ്മാര്‍ട്ടാകുന്നു. ഫ്യൂജിറ്റ്സു ആണ് ബാഴ്സിലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍, പ്രായമായവര്‍ക്കും രോഗികള്‍ക്കും ഏറെ സഹായകമാകുന്ന സ്മാര്‍ട്ട് വാക്കിംഗ് സ്റ്റിക്ക് അവതരിപ്പിച്ചത്. ഓര്‍മ്മക്കുറവുള്ളവര്‍ക്കും സഹായകമാകും വിധം നാവിഗേഷന്‍ സിസ്റ്റത്തോടു കൂടിയുള്ള ഡിസ്പ്ലേയാണ് ഈ സ്റ്റിക്കിന്റെ പ്രധാന പ്രത്യേകത.

നിരവധി സെന്‍സറുകള്‍ ഘടിപ്പിച്ച ഇ-സ്റ്റിക്ക് ആരെങ്കിലും പിടിച്ചാല്‍ തിരിച്ചറിയുകയും കയ്യില്‍ നിന്നു വീണാല്‍ ശബ്ദം പുറപ്പെടുവിക്കുകയോ അല്ലെങ്കില്‍ മെമ്മറിയില്‍ സ്റ്റോര്‍ ചെയ്ത ഇ മെയില്‍ അഡ്രസ്സിലേക്ക് സന്ദേശം അയയ്ക്കുകയോ ചെയ്യുന്നു. കൂടുതല്‍ കരുതല്‍ ആവശ്യമുള്ള രോഗികള്‍ക്ക് ഇതെത്രമാത്രം പ്രയോജനപ്പെടുമന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. കൂടാതെ സെന്‍സറുകള്‍ വഴി ഹൃദയസ്പന്ദന നിരക്കും ശരീരത്തിന്റെ താപനിലയും മനസ്സിലാക്കാം.

ഈ വാക്കിംഗ് സ്റ്റിക്കുപയോഗിച്ച് പ്രായമായവര്‍ക്കും രോഗികള്‍ക്കും പരസഹായം കൂടാതെ ഹോസ്പിറ്റലിലും മറ്റു സ്ഥലങ്ങളിലും പോയി വരാം. ജി പി എസ് സംവിധാനത്തിലൂടെ അവര്‍ സഞ്ചരിച്ച ദൂരം മനസ്സിലാക്കുകയും ഉപയോഗിക്കുന്നവരുടെ നടത്തത്തിനനുസരിച്ച് അതായത്, സ്റ്റിക്ക് ഓരോ തവണയും നിലത്ത് കുത്തുന്നതിനനുസരിച്ച് സ്റ്റോര്‍ ചെയ്ത ഡാറ്റ അപ്ഡേറ്റാവുകയും വളവുള്ള സ്ഥലത്തെത്തിയാല്‍ സ്റ്റിക്ക് വൈബ്രേറ്റ് ചെയ്യുകയും ചെയ്യുന്നു.

ഇനി ആരെങ്കിലും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടാല്‍ ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്യപ്പെട്ട സ്റ്റിക്ക് വഴി അയാളുടെ ലൊക്കേഷന്‍ മനസ്സിലാക്കുകയും പിന്നീട് അയാള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയുമാവാം.

ഇപ്പോള്‍ GPS, WiFi, 3G and Bluetooth കണക്റ്റിവിറ്റിയോടെയുള്ള പ്രോട്ടോടൈപ്പ് മോഡലാണ് പുറത്തിറക്കിയത്. കൂടുതല്‍ പരിഷ്കരിച്ച മോഡലുകള്‍ കമ്പനി വൈകാതെ പുറത്തിറക്കും.