വാനം കാര്‍മേഘം പുതച്ചിട്ട് മാസങ്ങളായിരിക്കുന്നു.
ഇടിവെട്ടിയാര്‍ക്കുന്ന ഇടവപ്പാതിയും, തുള്ളിക്കൊരുകുടം പെയ്യുന്ന തുലാവര്‍ഷവും കുട്ടികള്‍ക്ക് കടങ്കഥയിട്ട് കളിക്കാനുള്ള മിത്തുകളാകുന്നു..
ഇത് മേട മാസം….
‘ പൊരി പൊരിയുന്നൊരു ചൂട്…
ചൂടേറ്റെന്നുടെ മുതുകാകെ നെരിപ്പോട്…
ഇത്തിരി സാമ്പ്രാണി കിട്ടിയിരുന്നേല്‍ അതിലിട്ട് പുക പരത്താം…
മണമൊഴുകുന്നൊരു പുക…….
മാനമുട്ടാന് ഉയരും പുക……..
പുകയൊരു മറ……..
മറയൊരു തിര………..
തിരയൊരു ശീല……തിരശ്ശീല…..
സുഹൃത്തായ കവി രാവിലെ പാടിപ്പറഞ്ഞിട്ട് പോയ വരികള്‍ മനസ്സിലൊന്നുകൂടെ പറഞ്ഞുപഠിച്ചു. മറയാക്കാന്‍ ശീല വേണം.മറയ്ക്കാനും ശീല വേണം.മാനം മറയ്ക്കാനും ശീല വേണം.മരണത്തിന് മൂടാനും ശീല വേണം….
അഭ്രപാളിയിലെ ആവിഷ്ക്കാരങ്ങള്‍ വിളമ്പാനും ശീല വേണം. തിരശ്ശീല. ശീല കൊണ്ടുള്ള ഉപയോഗങ്ങള്‍ അനവധിയാണെങ്കിലും, വരികളുടെ പര്യവസാനം തിരശ്ശീലയില്‍,കവി നിര്‍ത്തിയത് ഞാന്‍ ഒരു സിനിമാക്കാരനായത് കൊണ്ടാവാം.
മേട മാസത്തെ കൂട്ടു പിടിച്ച് സൂര്യന് ഉരുക്കിയിട്ടിട്ടുപോയ ടെറസ്സ് കെട്ടിടത്തിനുള്ളിലെ അസഹ്യമായ ചൂടിനെ വെറുത്ത്, വെടിഞ്ഞ് മുറ്റത്തെ തൈമാവിന്‍ ചോട്ടിലെ ചാരുകസാലയില്‍,ഞാത്തിയിട്ടിരിക്കുന്ന അറുപത് വാട്ട്സ് വെട്ടത്തിലിരുന്ന് ഒരു തിരക്കഥക്ക് രൂപം കൊടുക്കുകയായിരുന്നു,ഞാന്‍…ഇപ്പോള്‍ ഇടവേളയായിരിക്കുന്നു.ഒരു സസ്പെന്‍സ് കഥ. എഴുതിയത് ഒരാവര്‍ത്തി വായിച്ചു നോക്കിയപ്പോള്‍ എനിക്കു തന്നെ ഭയം തോന്നി.
എന്റെ ഭയത്തെ ഞെട്ടലാക്കിക്കൊണ്ട് കെട്ടില്‍ കിടന്ന ‘മണിയന്’ കുരച്ച് ചാടി.
‘ നാശം പിടിച്ച പട്ടീ..പേടിപ്പിച്ചു കളഞ്ഞല്ലോ..?’
ഭയത്തോടെയാണ് ഞാനത് പറഞ്ഞതെന്ന് മണിയന് മനസ്സിലായെങ്കിലും കൃത്യം ഉപേക്ഷിക്കാനാവാഞ്ഞ് ശൗര്യം കുറച്ച് വീണ്ടും കുരച്ചു കൊണ്ടിരിന്നു.
അഞ്ചേക്കറോളം വരുന്ന പുരയിടത്തിന്റെ കോണില്‍, ആരും കാണുകയില്ലാ എന്ന വിശ്വാസത്തില്‍, മുന്‍പൊരിക്കല്‍ മണിയന് എന്ന് പേരുള്ള ഒരു ഹരിജന്‍ ചെക്കന് തേങ്ങ കട്ടു.കയ്യോടെ പിടിച്ച കാര്യസ്ഥന് ഗോപിനാഥന് നായരെ പട്ടികന് തെറി വിളിച്ചു.അടി കൊടുത്താല്‍ ഹരിജന മര്‍ദ്ദനത്തിന് കേസ്സ് പറയേണ്ടി വരുമെന്നും, സ്ഥലം ഇന്‍സ്പെക്റ്റര്‍ ഹരിജന്‍ ആണെന്നും നിശ്ചയമുണ്ടായിരുന്ന കാര്യസ്ഥന് നായര്‍, വലിയതുറയില്‍ പോയി ഒരു നായ്ക്കുട്ടിയെ വാങ്ങിക്കൊണ്ട് വന്നു.
അതിനെ മണിയന് എന്ന് പേരിട്ടു വിളിച്ചും,ആവശ്യത്തിനും അനാവശ്യത്തിനും അടി കൊടുത്ത് ദേഷ്യം തീര്‍ത്തു. കൈസറെന്നും, ജിമ്മിയെന്നും, ഹിറ്റലര്‍ എന്നും നായകള്‍ക്ക് പേരിട്ട് അധികാരികളോട് അമര്‍ഷം തീര്‍ത്ത വിദേശികളുടെ പൌരസ്ത്യ മാതൃകയിലെ പകപോക്കലിന്റെ സന്തതിയായമണിയന്റെ അണമുറിയാത്ത അമര്‍ഷത്തിന്റെ കാരണം തേടി എഴുത്തുപകരണങ്ങളും മറ്റും താഴത്ത് വച്ച് നടന്നു.ഗേറ്റില്‍ നോക്കിക്കൊണ്ടാണ് ശ്വാന ഗര്‍ജ്ജനം…..
ഗേറ്റിനടുത്തെത്തുമുമ്പേ…പരിചിത ശബ്ദം…
‘ചേട്ടാ വേഗം കൊളുത്തെടുത്തേ….! ‘
അത്യാവശ്യമാണെന്ന ധാരണ വേഗതയുള്ളവനാക്കി.താഴത്തെ കൊളുത്തെടുത്ത് തീര്‍ന്ന നിമിഷത്തില്‍ ഗേറ്റ് വലിച്ചുതുറന്ന് നാലഞ്ച് ചെറുപ്പക്കാര്‍ വീടിന്റെ വശത്തേക്കോടി.
എട്ടുകെട്ടും പടിപ്പുരയും ഉണ്ടായിരുന്ന തറവാടിന്റെ പൊളിച്ചെഴുത്തില്‍, പേരിനുമാത്രം നിലനിര്‍ത്തിയ പഴയ പടിപ്പുര ലക്ഷ്യമാക്കിയാണ് അവര്‍ ഓടുന്നത്.
‘എന്താ, എന്താ അവിടെ……?’
ഭയത്തോടെ അവരുടെ പിന്നാലെ എത്തി, തട്ടിന് മുകളില്‍ ഏണി ചാരി കയറുന്ന അവ്യക്ത രൂപങ്ങളെ നോക്കി ചോദിച്ചു.
‘ ആരാ….?
‘ ഞാനാ ഭരതന് ‘
‘ എന്താണവിടെ ‘
‘ ദണ്ഡാ ‘ ( ആറടി പൊക്കം വരുന്ന മുള വടി )
‘ എന്തിനാ; ആയുധം ‘
‘ചേട്ടനൊന്നും അറിഞ്ഞില്ലേ ? നമ്മള് ഹിന്ദുക്കള്‍, നപുംസകങ്ങളെന്നാ അവന്റെയൊക്കെ വിചാരം………’
മറ്റ് ചെറുപ്പക്കാര്‍ മച്ചിന് മുകളിലെത്തിയതായി ശബ്ദം കൊണ്ട് തിരിച്ചറിഞ്ഞൂ.
‘ ഭരതാ എന്താണിങ്ങനെ………എന്തുണ്ടായി…….?
‘ അവരും ഉണ്ടാക്കി ‘
ഒന്നും മനസ്സിലാകാതെ നിന്ന എന്റെ അവസ്ഥയെ ഇരുട്ടിലും മനസ്സിലാക്കിക്കൊണ്ട് ഭരതന് തെളിച്ച് പറഞ്ഞു,
‘ അവരും ഉണ്ടാക്കിയെന്ന് …………. ചാവേര്‍ സംഘം ‘
വേണ്ടാ എന്ന് വിചാരിച്ചതാണ്. പക്ഷേ അടക്കി നിര്‍ത്തും മുന്‍പേ പുറത്തു ചാടി.
‘ ഉണ്ടാക്കിച്ചതല്ലേ……?
‘ ആര്…………?’
പേടിപ്പെടുത്തുന്ന ചലന വേഗതയോടെ ഭരതന്, എനിക്ക് മുന്പില് വന്ന് നിന്നു. ചോരത്തിളപ്പേറ്റുന്ന അവന്റെ ഉച്ഛാസം എന്റെ മുഖത്ത് തീക്കാറ്റൂതി…….
‘ ആര് ഉണ്ടാക്കിയെന്നാ ചേട്ടന് പറയുന്നത് ‘
ചലനത്തെ പോലെ ചടുലമായ വാക്കുകള്‍.
‘ നിങ്ങള്‍ ‘
തറപ്പിച്ചാണ് പറയാന്‍ ശ്രമിച്ചതെങ്കിലും ശബ്ദം ചിലമ്പിപ്പോയി.
‘ നിങ്ങളോ……… ഓഹോ..എന്നാണ് സുന്നത്ത് നടത്തി മറ്റവനായത്…? ‘
അവന്റെ കണ്ണൂകള്‍ തീക്കട്ടകളായി. ഉലയില്‍ നിന്നും,ചുട്ടു പഴുപ്പിച്ചെടുത്ത ചുരികയെ നോട്ടങ്ങള്‍ കടം കൊണ്ടു. ഇരുട്ടിലൂടെ പാഞ്ഞു വരുന്ന ചുരികദ്വയങ്ങള് എന്റെ കണ്ണുകളി!ല്‍ കുത്തിക്കയറുന്നതായി തോന്നി.
‘ ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്,ചേട്ടനല്ലേ എന്നെ അമ്പലത്തിനടുത്തുള്ള മൈതാനത്തിലെ ‘സംഘസ്ഥാനില്‍’ കൊണ്ടു പോയി ‘നസ്തേ സദാ വത്സലേ മാതൃദ്ദൂവേ……….’എന്നപ്രാര്‍ത്ഥനാ ഗാനം ചൊല്ലിപ്പഠിപ്പിച്ചും, നമ്മള് ഹിന്ദുക്കള്‍ സംഘടിക്കേണ്ട ആവശ്യകതയെപ്പറ്റിയും ഘോരഘോരം പ്രസംഗിച്ചതും…………………..’.
അവന്റെ ശബ്ദത്തില്‍ ഖഡ്ഗം രാകുന്നതിന്റെ രവം കുടിപ്പാര്‍ത്തു.അരവും വാള് തലയും ഉരുമുമ്പോള്‍ ഉണ്ടാകുന്ന അസഹ്യമായ ശബ്ദം പടവുകള്‍ കയറി…..ആരോഹണം……
ഞാനത് കേള്‍ക്കുന്നില്ല……,മറുപടി പറയുകയായിരുന്നു.നാവു കൊണ്ടല്ല….. ഭൂതകാലത്തെ കൈയ്യെത്തിപ്പിടിച്ച മനസ്സുകൊണ്ട്. അവനോടല്ല….., എന്നോട് തന്നെ…..
മദ്യവും,കഞ്ചാവും ചെറുപ്പക്കാരുടെ ചെറുപ്പത്തിന്റെ പ്രതീകമായി മാറിക്കൊണ്ടിരുന്ന കാലഘട്ടം. ആശിച്ചത് ലഭിക്കതെ വന്നപ്പോള്‍ , അടക്കിനിര്‍ത്തിയിരുന്ന അമര്‍ഷം അതിക്രൂര വിപ്ലവത്തിലേക്ക് തിരിച്ചു വിടാന്‍ വെമ്പല്‍കൊണ്ട യുവത്വത്തിന്റെ ചിന്ത മരവിച്ച കാലഘട്ടം.അന്തജനും,അഗ്രജനും വര്‍ഗ്ഗവും,വര്‍ണ്ണവും ഇല്ലാത്ത ചെറുപ്പക്കാരെ വാര്‍ത്തെടുത്ത സംതൃപ്തിയോടെ ഞാന്‍ അവര്‍ക്കന്ന് അഗ്രേസരനായി. അഭ്യാസത്തില്‍ നിന്ന് ഉടലെടുക്കുന്ന മന:ധൈര്യത്തിന് മാദ്ധ്യമമായാണ് അന്ന് കളരിയും,കബഡിയും,ആയുധവുമൊക്കെ പരിശീലിപ്പിച്ചത്. അന്ന് ഭരതന് പത്തുവയസ്സോളം പ്രായം വരും.
‘ എത്രാ…….’
ഭരതന്റെ ഉച്ചത്തിലുള്ള ചോദ്യം എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തി.
ഇരുട്ടില്‍ നിന്നും ആരുടെയോ മറുപടി…..
‘ പത്ത് ‘
‘ പത്തെങ്കില്‍ പത്ത് അത്രയും ആയല്ലോ; അമ്പലത്തിന്റെ കിഴക്കേ നടയില്‍, നമ്മുടെ സേവകര്‍ കാത്ത് നില്‍പ്പുണ്ട് ഇതും കൂടെ , വേഗം അവിടെ എത്തിക്കൂ…….’
ഭരതന്റെ ശബ്ദത്തിനു ആജ്ഞയുടെ ഗാംഭീര്യം !
‘ ഭരതാ ..ഇതെന്തിന്റെ പുറപ്പാടാ..?
എന്റെ ശബ്ദത്തിന് ചിലമ്പലിന്റെ നേര്‍മ്മ.അവനറിഞ്ഞൂ,ഉള്ളില്‍ ചിരിച്ച് കാണുമോ, എന്റെ തളര്‍ച്ചക്കും, അറിവില്ലായ്മക്കും മുമ്പില്‍ അവന് വാചാലനായി,അദ്ധ്യാപകനായി…..
‘ ആര്‍ഷ ഭാരതത്തിന്റെ അടിത്തറയാണ് ഹിന്ദു മതം.അതിന്റെ ആണിക്കല്ലാണ് നമ്മുടെസംഘടന.അല്ലാതെ ഭാരാതാംബയെ മാനഭംഗപ്പെടുത്തി, കൈ കാലുകള്‍ വെട്ടിമാറ്റി പരിശുദ്ധരുടെ നാടു പണിത മറ്റവന്മാരുടെ ….;
ആവേശം കിതപ്പായി,കിതപ്പ് വായ്ത്താരിക്ക് അര്‍ദ്ധവിരാമം ഇട്ടു. ഇടവേളയിലെപ്പോഴോ..എന്റെ നാവനങ്ങി.
‘ ഭരതാ!..അത് അന്നത്തെ ഭരണകര്‍ത്താക്കളുടെ ചിന്തയിലെ വൈകല്യമായിരുന്നു…പിന്നെ; വിദേശികളുടെ തന്ത്രമായിരുന്ന ഭിന്നിപ്പിച്ചു ഭരിക്കലിന്റെ ദൂഷ്യഫലവും….. പക്ഷേ… ഇപ്പോള്‍ ഈ ആയുധശേഖരണത്തിന്റെ പ്രസക്തി……….?
പൂര്‍വാധികം ശക്തിയോടെ ഭരതന്റെ വാക്കുകള്‍ അണമുറിച്ചാര്‍ത്തു.
‘ ഇന്നലെ കവലയിലെ ചന്തയില്‍ വച്ച് നമ്മുടെ രാഘവനെ മീന്കാരന് സത്താറ്കുഞ്ഞ്
തല്ലി. കാരണം തിരക്കിച്ചെന്ന നമ്മുടെ സംഘക്കാരെ അവന്റെ ആള്ക്കാര് മീന്‍കുട്ടകള്‍ കൊണ്ട് തല്ലിച്ചതച്ചൂ. പ്രാണരക്ഷാര്‍ത്ഥം നമ്മുടെ പ്രവീണ്‍ മീന്‍ വെട്ടാനുപയോഗിക്കുന്ന കത്തിയെടുത്ത് അറിയാതെ ഒന്ന് വീശിക്കാണും. സത്താറിന്റെ കൈപ്പത്തി തറയില്‍ തെറിച്ച് വീണെന്ന് … പ്രതികാരമാണു പോലും പ്രതികാരം , ഇന്ന് വൈകുന്നേരം അവന്മാര് നമ്മുടെ സംഘസ്ഥാനില്‍ കയറി ഫോട്ടോകള്‍ തല്ലിത്തകര്‍ത്തു.ധ്വജസ്തംഭത്തെ തകര്‍ത്തെറിഞ്ഞു. ആള്‍ക്കാരെ മൊത്തം അടിച്ച് ചതച്ചു. പ്രവീണിന്റെ നില വളരെ ഗുരുതരമാണ് .മെഡിക്കല്‍ കോളേജിലെ ഐ.സി.യൂവിലാണ്,
അവനെന്തെങ്കിലും പറ്റിയാല്‍,………….?
ഭൂമിയെ ചവിട്ടി മെതിച്ച് ഭരതന് നടന്ന് പോയി. അറിയാതെ മനസ്സ് തേങ്ങി, പ്രവീണിനൊന്നും സംഭവിക്കരുതെ…………. !
ചാരുകസാലയില്‍ വന്നു കിടന്നു. എഴുതാന്‍ ശ്രമിച്ചൂ.വിരലുകള്‍ മരവിച്ചിരിക്കുന്നുവോ ? വായിക്കാന്‍ ശ്രമിച്ചു,അക്ഷരങ്ങളില്ല… താളുകളില്‍ കറുത്ത പൊട്ടുകള്‍ മാത്രം.
മത്സ്യക്കച്ചവടത്തില്‍, ചില്ലറ പൈസക്കുവേണ്ടിയുള്ള വിലപേശല്‍ ഇതാ ജാതിപ്പിശാചിന്റെ സംഹാര താണ്ഡവത്തിന് ജതി സ്വരമാകുന്നു. തല ചാരിക്കിടന്നു.കണ്ണുകള്‍ മെല്ലെ അടച്ചു.
‘മിസ്റ്റര്‍.. നായര്‍; അന്ന് നിങ്ങള്‍ ആരോഗ്യമുള്ള, സഹൃദയത്വമുള്ള പുതിയ ചെറുപ്പക്കാരെ വാര്‍ത്തെടുക്കുവാന്‍ വേണ്ടിയാണ് അഭ്യാസങ്ങള്‍ പരിശീലിപ്പിച്ചത് പക്ഷേ; ഇന്ന്, ആഭാസമായി പ്രയോഗിച്ച് അപരന്റെ ശിരസ്സ് തകര്‍ക്കാന്‍ വേണ്ടി ആ. ആയുധങ്ങള്‍ നിന്റെ പടിപ്പുരയില്‍ നിന്നും എടുത്തു കൊണ്ട് പോയിരിക്കുന്നു. അന്ന് അതവിടെ കൊണ്ടിട്ട ശേഷം നിങ്ങളവയൊക്കെ അവഗണിച്ചു. പരിഗണിച്ച ഭരതനും കൂട്ടരും അതെടുത്തുകൊണ്ട് പോയപ്പോള്‍, നിങ്ങളെന്തേ തടഞ്ഞില്ലാ..?
…..ഭീരു… ഒരു കാലത്ത് അനുയായികളായിരുന്നവരെ നിങ്ങളിപ്പോള്‍ പേടിക്കുന്നൂ…അല്ലേ… ?’
ആരാണ് ചോദ്യ കര്‍ത്താവ്..?..ചുറ്റും നോക്കി … ഇല്ല..ആരുമില്ല..
‘ അതോ നിന്റെ സഹോദരങ്ങളെ കശാപ്പ് ചെയ്യാന്‍ നീയും കൂട്ട് നില്ക്കുന്നോ ?
‘ ഇല്ലാ!ാ!ാ!ാ!ാ!ാ!ാ’
ഉറക്കെ വിളിച്ച് കൊണ്ട് ചാടി എഴുന്നേറ്റു.ചുറ്റുപാടും നിരീക്ഷിച്ചു…. ആരാണ്..? ആരാണീ ചോദ്യങ്ങള്‍ ചോദിക്കുന്നത്, ഇരുളില്‍ എവിടെയാണ് അയാള്‍ ഒളിഞ്ഞിരിക്കുന്നത് ?
‘ ഇരുളിലല്ലാ…..സൂക്ഷിച്ച് നോക്കൂ….നിങ്ങളില്‍ തന്നെ ഒളിഞ്ഞിരിക്കുന്ന എന്നെ….എന്താ മനസ്സിലായില്ലേ….?
മനസ്സിലായി………………. !
‘ പക്ഷേ;ഞാന്‍ തടുക്കും മുന്‍പേ അവര്‍ പടി താണ്ടികഴിഞ്ഞിരുന്നൂ…കാലത്തെപ്പോലെ
വേഗത്തിലാണ് അവരുടെ നീക്കങ്ങള്‍… മുന്നും, പിന്നും ചിന്തിക്കുന്നില്ല. ഇടവും,വലവും നോക്കുന്നില്ല…. ഇന്നത്തെ യുവത്വത്തിന്റെ ശാപമാണത്… ശാപമോക്ഷത്തിനവര്‍ ശ്രമിക്കുന്നില്ല… കൊടുത്താല്‍ത്തന്നെ സ്വീകരിക്കാനും തയ്യാറല്ലാ.. . ഞാന്‍ അശക്തനാണ് ; മനസ്സേ….’
‘ഇല്ല; വൈകിയിട്ടില്ലാ….പോകൂ…. അവരുടെ പിന്നാലെ പോയി മറികടന്ന് മുന്നില്‍ ചെന്ന് തടുക്കൂ…..
‘ എന്നേയും ചവുട്ടി മെതിച്ച് കടന്ന് പോയാലോ ?
‘ഫ ; ഭീരൂ…..പോകാനാ പറഞ്ഞത് ‘
മനസ്സലറി.
‘ പെറ്റിട്ടാല്‍ പോറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍, പിന്നെ എന്തിനത് ചെയ്തു..
പോറ്റിയവന് രക്ഷകനാണ്, രക്ഷകന് ശാസിക്കാനും, ശിക്ഷിക്കാനും അവകാശമുണ്ട്…… ങും……
മനസ്സിന്റെ ധൈര്യം, കാലുകള്‍ കടം കൊണ്ടു.നടന്നു…അല്ല…ഓടി…ഗേറ്റ് വലിച്ച് തുറന്നു.
‘ ജയ്…ഭഗവതീ …….’
അടുത്തെവിടെയോ സമുദ്രം അലറുന്നതു പോലെ; ‘ഹിന്ദുക്കളുടെ’ രണഭേരി.
ഓട്ടത്തിനെ തടുത്തു കൊണ്ട് മുഖത്ത് ശക്തിയായി പ്രകാശം വന്ന് പതിച്ചൂ.പിന്നെ അല്പം തിരിഞ്ഞ് വെട്ടം അരുകിലെത്തി അണഞ്ഞു.
മോട്ടോര്‍ സൈക്കിള്‍;
അനുജന് നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് എത്തിയതാണ്.ഒരു കാല് തറയിലൂന്നി,
മോട്ടോര്‍ സൈക്കിള്‍, ബാലന്‍സ് ചെയ്ത് കൊണ്ട് അവന് പറഞ്ഞു.
‘ ചേട്ടാ.. വേഗം അകത്ത് കടന്ന് ലൈറ്റെല്ലാം അണച്ച് കിടക്കണം. ആര് വന്ന് വിളിച്ചാലും ഗേറ്റ് തുറക്കണ്ട. ആകെ ബഹളമാ… ചേട്ടനെയെങ്ങാനും പുറത്ത് കണ്ടാല്‍….?
‘ തെരുവിലെന്താ നടക്കുന്നത് ‘
എന്റെ ശബ്ദത്തില്‍ രോദനത്തിന്റെ ലയം ഇഴ തുന്നിയത് ഞാന്‍ അറിഞ്ഞു.
‘മെഡിക്കല്‍ കോളേജില്‍ കിടന്ന പ്രവീണ്‍ മരിച്ചു’
‘ മൈ ഗോഡ്……. ! ‘
ഇപ്പോള്‍ ശബ്ദം തീര്‍ത്തും രോദനത്തില്‍ മുങ്ങിപ്പോയി.
‘തെരുവിലെ മുസ്ലീംദേവാലയത്തിലേക്കു ഹിന്ദുസംഘടനയുടെ പട നീങ്ങിക്കഴിഞ്ഞൂ. എതിര്‍പാര്‍ട്ടിക്കാരും പടയൊരുക്കം നടത്തുന്നുണ്ട്…
കര്‍ണ്ണങ്ങളില്‍, കത്തി രാകുന്നതിന്റേയും, വടി വീശുന്നതിന്റേയും ആരവം.
‘ ബോലോ…തക് ബീര്‍……….’
മറ്റൊരു തീവരം ഇരമ്പിയാര്‍ക്കുന്നൂ……
പിന്നില്‍ അനുജന് എന്തൊക്കെയോ വിളിച്ച് പറയുന്നു.ഒന്നും വ്യക്തമായില്ല.ഞാന്‍ ഓടുകയായിരുന്നു.
നാട്ടിലെ പെരുംതച്ചനാണ് കൃഷ്ണനാശാരി, ഭരതന്റെ പിതാവ്. വീടു വയ്ക്കുന്നതിനും, കിണറു കുഴിക്കുന്നതിനും കുളം കുഴിക്കുന്നതിനുമൊക്കെ ‘സ്ഥാനം’ കാണുന്നത് ഇന്നും കൃഷ്ണനാശാരിയാണ്. നിലവിളക്കും, നിറനാഴിയും വച്ച് കൃഷ്ണനാശാരി സ്ഥാനം കണ്ട് ഹരിഹരന് മേസ്തിരി പണിത മുസ്ലീം ദേവാലയം തകര്‍ക്കാനാണ് ഭരതനും കൂട്ടരും പോയിരിക്കുന്നത് ………
എന്റെ കാലുകള്‍ക്ക് വേഗത കുറയുന്നുവോ ?
ജമാ!അത്തിലേക്കുള്ള ദൂരം കൂടുന്നുവോ ?
‘ ജയ്…ഭഗവതീ …….’
ആര്‍ത്തലച്ച് സമുദ്രം അടുത്തെത്തി. തടുക്കാനായി നടു റോഡില്‍ കൈ നിവര്‍ത്തി നിന്നു.കുത്തൊഴുക്കില്‍ ഒലിച്ചു പോയി. അലയിളക്കത്തില്‍ മറിഞ്ഞു വീഴാന്‍ തുടങ്ങുമ്പോള്‍, ആരോ കൈയ്യെത്തിപ്പിടിച്ച് കരയിലൊതുക്കി നിര്‍ത്തി.
‘ എന്താ ചേട്ടാ… ഈ കാട്ടണെ…വട്ടാ…?ചേട്ടനെ അറിയാത്തവരായി പലരുമുണ്ട് …ഈ കൂട്ടത്തില്‍….ഞാന്‍ പിടിച്ച് മാറ്റിയില്ലായിരുന്നെങ്കില്‍……..?
ഭര്തന്റെ മുഖത്ത് ദ്വേഷ്യ ഭാവം….
‘ ചവിട്ടിയരക്കട്ടെ….കൊന്നു കൊല വിളിക്കട്ടെ ……..അതിനുള്ള പുറപ്പാടാണല്ല്ലോ… ?
ഞാന്‍ വിറക്കുകയായിരുന്നു. !
നിയന്ത്രിക്കാന്‍ ശ്രമിച്ചൂ…….. !
യാചിച്ചു .. !
‘ ഭരതാ ദയവായി മുസ്ലീം പള്ളി തകര്‍ക്കരുത് ‘
അവന് പൊട്ടിച്ചിരിച്ചൂ, ദിഗന്തങ്ങളില്‍ അത് മാറ്റൊലിക്കൊണ്ടൂ .രാവണന്റെയോ ഹിഡുമ്പന്റെയോ ഭീമന്റെയോ ദുശ്ശസനന്റെയോ ഇദിഅമീന്റയോ ഗോഡ്സെയുടെയോ ജിന്നയുടേയോ ആരുടെ മുഖമാണ് അവന് കടം കൊണ്ടത്………. ?
‘ ഭരതാ നിന്റെ അച്ഛനാണ് ആ ദേവാലയത്തിന് സ്ഥാനം കണ്ടത് !’
ചിരി നിര്‍ത്താതെ അവന് ഗര്‍ജ്ജിച്ചു.
‘ ഹ..ഹ.. അത് തകര്‍ന്നടിഞ്ഞിട്ട് നിമിഷങ്ങള്‍ കഴിഞ്ഞൂ ‘
ചിരി മാഞ്ഞ മുഖത്ത് കോപത്തിന്റെ വേരോടി., തേരിലിരുന്ന് യോദ്ധാവിന്റെ ഞാണൊലി.
‘ കോണ്ട്ട്രാക്റ്റര്‍ സൈനുദീന്‍ കുറഞ്ഞ തുകക്ക് ലേലം വിളിച്ച് നിര്‍മ്മിച്ച നമ്മുടെ ശിവക്ഷേത്രം അവന്മാര് ബോംബ് വച്ച് തകര്‍ത്തു; പൂജാരിയെ വെട്ടിക്കൊന്നു.തല റോഡില്‍ക്കിടന്ന് കിളിത്തട്ട് കളിക്കുന്നു….എന്താ…അത് അറിഞ്ഞില്ല അല്ലേ…. ?’
ഭഗവാനേ! ഇത്ര ക്ഷണത്തില്‍, ഇത്രയൊക്കെ നടന്നോ….!
‘ ഭരതാ നിങ്ങളെന്തിന് പഞ്ഞിക്കെട്ടിന് തീ കത്തിച്ചൂ… അത് ആളിപ്പടരില്ലേ…? യുദ്ധം മതിയാക്കൂ… അണികളെ തിരിച്ച് വിളിക്കൂ…രക്ഷാബന്ധനമഹോത്സവം കൊണ്ടാടി, പരസ്പരം കൈത്തണ്ടയില്‍ രാഖി കെട്ടി സൗഹൃദം പങ്കിടുന്നവരല്ലേ നമ്മള്.നമ്മളില്‍ ആരാണ് മതഭ്രാന്തിന്റെ കടുത്ത വിഷം കുത്തി വച്ചത് ……. ‘
അതൊന്നും കേള്‍ക്കാന്‍ ഭരതനുണ്ടായിരുന്നില്ല… അവന് തിരക്കിലാണ്.
കാറ്റിന് നിണത്തിന്റെ മണം;
പോര് വിളിയുടെയും, ദീനരോദനങ്ങളുടെയും ശബ്ദം അസഹ്യമാകുന്നു.
ശരിരം തളരുന്നു…….
പൈദാഹം വളരുന്നു..
കുരുക്ഷേത്ര ഭൂമിയില്‍ ഞാന്‍ ഒറ്റക്കാകുന്നു
എന്റെ മുസ്ലീം ബന്ധുക്കളേയും സഹോദരന്മാരേയും കാലപുരിക്കയക്കുന്ന, എന്റെ സഹോദരന്മാരെ എയ്തു വീഴ്ത്താനുള്ള ഗാണ്ഡീവം എന്റെ കൈയ്യില്‍ നിന്നും വഴുതി വീണിരിക്കുന്നു. എവിടെ…എവിടെയാണ്, എനിക്ക് ആത്മബലം നല്‍കാറുള്ള, ഉപദേശം തരാറുള്ള എന്റെ സാരഥി…
അങ്ങ് എവിടെ മറഞ്ഞിരിക്കുന്നു….
ഈ കുരുക്ഷേത്ര ഭൂമിയില്‍ തളര്‍ന്നിരിക്കുന്ന ഞാനിനി എന്താണ് ചെയ്യേണ്ടത്…….
‘പോകൂ.. സ്വന്തം വീട്ടിലേക്ക് പോകൂ… കണ്ണും കാതും മൂടി കമഴ്ന്നു കിടന്നുറങ്ങൂ..അല്ലെങ്കില്‍ …. ?
‘ പറയൂ , അല്ലെങ്കില്‍.. അതാണെനിക്കറിയേണ്ടത് ?
‘ അകത്തളത്തില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന ആയുധമുണ്ടല്ലോ..! അതെടുത്ത് വരൂ’
‘ എന്നിട്ട് ‘
‘ ഭരതന്റെ പക്ഷം ചേര്‍ന്ന് ശ്രീരാമനാകൂ… അല്ലെങ്കില്‍; ദുര്യോധനന് കര്‍ണ്ണനാകൂ……. ങൂം…..’
ഉള്ളില്‍ നിന്നും സാരഥി ഗര്‍ജ്ജിച്ചു. ആജ്ഞാസ്വരത്തിന്റെ ഉന്മാദത്തില് കാലുകള്‍ക്ക് ചിറകുകള് മുളച്ചു.അനുസരിക്കാത്ത സ്വന്തക്കാരെ മിത്രങ്ങളായി കാണാന്‍ എനിക്കിനി വയ്യ. അന്യവീട്ടിലെ കുട്ടിയെ ശാസിക്കുന്നതിനേക്കാള്‍ ഉല്‍കൃഷ്ടമാണ് തെറ്റ് ചെയ്യുന്ന സ്വന്തം വീട്ടിലെ കുട്ടിയെ ശിക്ഷിക്കുന്നത്…. അല്ലാ…. കൊല്ലുന്നത്…..
എന്റെ നരച്ച മുടി കറുക്കുന്നു.ജര ബാധിച്ച തൊലികള്‍ക്ക് മിനുപ്പിന്റെ ചാരുത.ഞരമ്പിലോടുന്ന രുദിരത്തിന് ചൂട് പിടിക്കുന്നു.ഞാന്‍ യുവാവാകുന്നു.യുവത്വം ചിന്തിച്ചു. ചിന്തയില്‍, വീടിന്റെ രഹസ്യ മുറിയിലിരിക്കുന്ന തോക്ക് തെളിഞ്ഞു. അതെനിക്ക് തന്നത് ഒരു കൂപ്പ് കോണ്ടട്രാക്റ്റര് ആണ്, നാരായണന്. വിശ്വസ്തനായ സുഹൃത്തിന്റെ പക്കല്‍ രഹസ്യമായ് സൂക്ഷിക്കാന്‍ തന്നതാണ് നാരായണ്‍ ആപ്തേ എന്ന് ഞങ്ങള്‍ കളിയാക്കി വിളിക്കാറുള്ള എസ്.കെ.നാരായണന്.അടുത്ത കാലത്തായിരുന്നൂ സംഭവം.ലൈസന്‍സ് പുതുക്കാനുള്ള സമയത്തിനിടയില്‍ അത് സൂക്ഷിക്കാന്‍ എന്നെ ഏല്‍പ്പിക്കുമ്പോള്‍ മറ്റൊരു സുഹൃത്തായ എം.ബഷീര്‍ കൂടെ ഉണ്ടായിരുന്നു.അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റാണ്. കഴിഞ്ഞ ഇലക്ഷനില്‍ കോണ്‍ഗ്രസ്സ്കാരോടൊപ്പം നിന്ന് മുസ്ലീലീഗിനു വേണ്ടി മത്സരിച്ച് ജയിച്ച മേടയില്‍ ബഷീര്‍.എന്റെ സഹപാഠിയും കുടുംബസുഹൃത്തുമാണയാള്‍.
മുസ്ലീങ്ങളുടെ ചേരിയില്‍ താമസിക്കാതെ,ഞങ്ങളുടെ സമീപത്ത് സ്ഥലം വാങ്ങി വലിയൊരു വീട് വച്ച് താമസിക്കുന്ന,നാട്ടിലെ എറ്റവും വലിയ പണക്കാരില്‍ ഒരാളാണ് മേടയില്‍ ബഷീര്‍.ഭാര്യ മുംതാസ്,മകള്‍ സുല്‍ത്താന എന്നിവര്‍ മാത്രമടങ്ങുന്ന സന്തുഷ്ട കുടുംബം.
ആ വലിയ വീട്ടില്‍ കാവലിനു വേണ്ടി, ഞാന്‍ തന്നെയാണ് ചെന്നയിലെ ഒരു സിനിമാ നടന്റെ ഗൂര്‍ഖയായിരുന്ന സീതാറാമിനെ ബഷീറിന്റെ വീട്ടിനു കാവല്‍ക്കാരനായി കൊണ്ട് കൊടുത്തത്. കുഞ്ഞുങ്ങളില്ലാത്ത എനിക്കും മൈഥിലിക്കും സ്വന്തം മോളെപ്പോലെ ആയിരുന്നൂ,സുലു എന്നു വിളിക്കുന്ന സുല്‍ത്താന.പതിനാലുകാരിയായ സുലുവിനെ കണ്ണെഴുതിക്കുന്നതും,പൊട്ട് തൊടീക്കുന്നതും,ഗായത്രീ മന്ത്രം ചൊല്ലി പഠിപ്പിക്കുന്നതും മൈഥിലിക്ക് ഹരമാണ്.
‘സ്വാമിയെ…..അഴൈത്തോടി….. വാ …. സഖിയേ….ഇന്തെന്‍………………….’
പുരന്തരദാസന്റെ തോടി രാഗത്തിലുള്ള കൃതി.സുലു നന്നായി നൃത്തമാടും.ഭരതനാട്യത്തിലെ ഭാവതാളലയങ്ങള്‍ ഉള്‍ക്കൊണ്ട്… അവള് അമ്മ എന്നു വിളിക്കുന്ന മൈഥിലിയാണ് അതിലും ഗുരു. എന്റെ വകയായി ശാസ്ത്രീയ സംഗീതവും. സ്കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ സുലുവിന്റെ ചിരി ഞങ്ങളുടെ വീട്ടില്‍ മണി കിലുക്കാറുണ്ട്…….
‘ ജയ്…. കാളി………….’
സമുദ്രം പൊഴിമുറിച്ചടുത്തു.!
‘ ബോലോ…..തക് ബീര്‍………………..’
അടിത്തെവിടെയോ മറ്റൊരു വാരിധി ഇരമ്പിയാര്‍ത്തു…..!
പ്രളയം……
കണ്ടിട്ടും കാണാതെ, കേട്ടിട്ടും കേല്‍ക്കാതെ നടന്നൂ.
മഹാത്മന്റെ പാദങ്ങളില്‍ തൊട്ട് പ്രണമിച്ച് അദ്ദേഹത്തിന്റെ മാറിന് നേരെ നിറയൊഴിച്ച ഹിന്ദുവിന്റെ മുഖം;
അയാളുടെ കൈയിലെ തോക്കിന്റെ രൂപം നുഴഞ്ഞുകയറിയും, നിവര്‍ന്നു കയറിയും തങ്ങളുടെ മതത്തിന്റെ പേരു പങ്കിലമാക്കുന്ന നസീറിന്റേയും,മുഹമ്മദിന്റേയും കൈകളിലെ തോക്കിന്റെ രൂപം….
വീട്ടിന്റെ ഉള്ളറയിലെ തോക്കിന്റെരൂപം…….
ചുണ്ടില്‍ ചിരി പടര്‍ന്നൂ….
അമര്‍ഷത്തിലാണ്ട വികൃതമായ ചിരി;
ചിരിയും ചിന്തയുമല്ലാ ഇപ്പോള്‍ വേണ്ടത്. പ്രവര്‍ത്തിയാണ്……
നാലഞ്ചു വീടുകള്‍ കൂടി താണ്ടിയാല്‍ എനിക്ക് എന്റെ വീട്ടിലെത്താം. .ഉള്ളറയില്‍ കടക്കാം.തോക്കെടുക്കാം. സൃഷ്ടിച്ച അണികളുടെ നിരയെ നോക്കി സംഹാര കര്‍മ്മം നിര്‍വ്വഹിക്കാം.അവര്‍ അമ്പരപ്പില്‍ നിന്നും മുക്തമാകുന്നതിന് മുമ്പ് തന്നെ എനിക്ക് പ്രായശ്ചിത്തം ചെയ്യാം.ഈ തെരുവിലൊരു വര്‍ഗ്ഗീയ ലഹളയുടെ വിത്ത് വിതക്കാന്‍ അനുവദിച്ച് കൂടാ….
‘ വാതില്‍ തുറക്കടാ..നായെ….ഇല്ലെങ്കില്‍ ഞങ്ങള്‍ ചവിട്ടിപ്പൊളിക്കും……’
‘ വേണ്ട സാഹേബ്…..സീതാറം ഹിന്ദുവാണ്…..മുസ്ലീമിന്റെ വീട്ടില്‍ കടക്കാന്‍…ഈ സമയത്ത് ….സീതാറാം ….തടസ്സമാവില്ല ‘
വളരെ ഉച്ചത്തില്‍ അതു പറഞ്ഞു കൊണ്ട് സീതാറം ഗേറ്റ് തുറന്ന് കൊടുത്തു
സീതാറം അടക്കമുള്ളവര്‍..തീ പന്തങ്ങളുമായി,ബഷീറിന്റെ വീട്ടിനുള്ളിലേക്ക് കടന്നു കഴിഞ്ഞിരിക്കുന്നു. ഓടി അടുത്തെത്താന്‍ ശ്രമിക്കുകയാണ് ഞാന്‍…. കാലിന് ഭാരക്കൂടുതല്‍…… അകത്ത് അട്ടഹാസത്തിന്റേയും,ദീനരോദനത്തിന്റേയും ശബ്ദസമ്മിശ്രം.
വീട്ടിന്റെ പിന്നിലൂടെ ആരോ ഇറങ്ങി ഓടുന്നു…. സുലു.. എന്റെ സുലു……
‘ നില്‍ക്കെടി.. അവിടെ ‘
ഇന്നലെ വരെ, ‘മേംസാബ്’ എന്നു വിളിച്ച്, പോകുമ്പോഴും വരുമ്പോഴും, ഗേറ്റ് തുറന്ന് പിടിച്ച് സല്യൂട്ട് ചെയ്തിരുന്ന സീതാറാമാണ് അവന്റെ ഭാഷയില്‍ അങ്ങനെ വിളിക്കുന്നത്. സര്‍വ്വശക്തിയുമെടുത്ത് ഓടുന്ന സുല്‍ത്താനയുടെ പിന്നില്‍, വെറിപൂണ്ട കാട്ടുമൃഗത്തെപ്പോലെ ഓടുകയാണവന്‍.
മെയിന്‍ റോഡിന്റെ വശത്തുള്ള അക്കേഷ്യാ മരങ്ങള്‍ക്കിടയിലേക്ക് അവള് ഓടി മറയുമ്പോഴും, വരില്ലാ എന്നറിഞ്ഞിട്ടും,’ വാപ്പാ….വാപ്പാ…’ എന്നവള്‍ ഉറക്കെ വിളിക്കുന്നുണ്ട്……
മാസങ്ങളായി, അവളുടെ വീട്ടില്‍, അവള്‍ക്കുവേണ്ടി കാവല്‍ നിന്ന, അവരുടെ ശമ്പളം പറ്റി ജീവിച്ചിരുന്ന സീതാറാം ഇപ്പോള്‍ കാവല്‍ക്കാരനല്ല ‘ഹിന്ദുവാണ് ‘. അവന്റെ ലക്ഷ്യം യജമാനത്തിയല്ല; സുല്‍ത്താന എന്ന മുസ്ലീം പെണ്‍കുട്ടിയെയാണ്. !
‘ അവള് വിളിക്കുന്നത് നിന്നെയല്ലേ…? അവളെ രക്ഷപ്പെടുത്തേണ്ട വാപ്പയല്ലേ….നീ…. പോകൂ….നിന്റെ മകളെ രക്ഷപ്പെടുത്തൂ…..’
സാരഥി ഉള്ളില്‍ നിന്നും ഉറക്കെ വിളിച്ച് പറഞ്ഞു…..
അവന് തെളിച്ച പാതയിലൂടെ ഞാനോടി……..
ബഷീറിന്റെ വീട്ടിലെ അട്ടഹാസം ദൂരത്തായി….
അക്കേഷ്യാ കാടിനിടയിലൂടെയാണ് ഞാനിപ്പോള്‍ ഓടുന്നത്…..
അടുത്തെവിടെയൊ അമര്‍ത്തപ്പെട്ടതും, ഏതോ ഗുഹാമുഖത്ത് നിന്നും പ്രതിധ്വനിക്കുന്നതുമായ കരച്ചില്. അതോടൊപ്പം ഇരയെ നേരിടുന്ന ഹിംസ്രത്തിന്റെ സ്വരം കടം കൊണ്ട സംസാരം. ഹിന്ദിയിലാണ്……
‘ അന്ന് കല്‍ക്കട്ടാ തെരുവില്‍ അഴിഞ്ഞാടിയ… നിന്റെ മതത്തിലെ ചെകുത്താന്മാര്, കണ്മുന്നില് വച്ച് എന്റെ അമ്മയേയും,പന്ത്രണ്ട് വയസ്സ് മാത്രമുണ്ടായിരുന്ന എന്റെ… പാവം… അനുജത്തിയേയും ഇതുപോലെ വേദനിപ്പിച്ച് രസിച്ചപ്പോള്‍… എനിക്ക് എതിര്‍ക്കാനുള്ള ശക്തിയില്ലായിരുന്നു.ഉണ്ടെങ്കില്‍ തന്നെ….ഞാന്‍… ബന്ധനത്തിലുമായിരുന്നു…അന്ന് കത്തിപ്പടര്‍ന്ന തീ ഇത്രയും കാലം മനസ്സില്‍ ജ്വലിച്ചു കൊണ്ടിരിക്കുകയായിരുന്നൂ… എന്നെങ്കിലും… സമയം ഒത്തുവരുന്നതും കാത്ത്…….. ഒന്നെങ്കില്‍ ഒന്ന് … അത്രയും ആയല്ലോ…’
മരങ്ങള്‍ക്കിടയിലെ, കരിയില പുതഞ്ഞ നിലത്ത് വായയും കൈകളും കെട്ടിയിട്ടിരിക്കുന്ന എന്റെ മകളുടെ പുറത്ത് താളത്തില്‍,ആവേശത്തില്‍ ചലിക്കുന്ന സീതാറാം, പക തീര്‍ക്കുകയാണ്. എന്നോ, ആരോ ചെയ്ത പാതകത്തിന്റെ പക. അവന് കിതപ്പിലൂടെ പൊട്ടിച്ചിരിക്കുന്നൂ….. ഇസ്ലാമിന്റെ ശരീരത്തില്‍ തുളച്ച് കയറുന്ന ഹിന്ദുവിന്റെ ഖഡ്ഗം (വാള്) ഏറ്റുന്ന സുഖത്തിന്റെ,വിദ്വേഷത്തിന്റെ, വിജയത്തിന്റെ പൊട്ടിച്ചിരി…..
‘ നീയും… നോക്കി നിന്ന് രസിക്കുകയാണോ, ഹിന്ദുവേ…..? ‘
‘ അല്ലാ!…അല്ലാ… അരുതാത്തത് കണ്ടപ്പോഴുള്ള ഞെട്ടലില്‍,തരിച്ച് നിന്നുപോയതാണ് ‘
സീതാറാമിന്റെ, അയഞ്ഞു താണ കാക്കി പാന്റ്സിന്റെ ബല്റ്റില് കുടുക്കിയിട്ടിരിക്കുന്ന ‘കൃപാണ്‍’, !. നിലാവെട്ടത്ത് കണ്ടു.
പിന്നെ ഒന്നും ചിന്തിക്കാന്‍ സമയമുണ്ടായിരുന്നില്ല…..അവനറിയും മുന്‍പേ,നടന്നെത്തി.തുകലുറയില്‍ നിന്നും കൃപാണ്‍ ഊരിയെടുത്തു. നിമിഷാര്‍ദ്ധം;അവന്റെ മുതുകില്‍ ആ കത്തി കുത്തിയിറക്കി. ഒരു അലര്‍ച്ചയോടെ അവന് വശത്തേക്ക് ചരിഞ്ഞു വീണു.രക്തം പുരണ്ട കത്തി കൊണ്ട് തന്നെ സുല്‍ത്താനയുടെ, സുലുവിന്റെ അല്ല എന്റെ മകളുടെ കൈകാലുകളിലെ കെട്ട് ഞാന്‍ അറുത്ത് മാറ്റി. പിന്നെ ഒന്നും ഉരിയാടാനാവാന്‍ കഴിയാതെ നിശ്ചലനായി,
അവള് എഴുന്നേറ്റ് നിന്നു…. നഗ്നയായി…. നിസ്സംഗയായി, പിന്നെ ചുണ്ടിലെവിടെയോ പൊട്ടി മുളച്ച ചിരിയെ കൂട്ടു പിടിച്ച് നാവനക്കി.
‘ മിസ്റ്റര്‍…നായര്‍ ; എന്നെ മനസ്സിലായില്ലേ…? ഞാന്‍ സുല്‍ത്താന…
ഒരു മുസ്ലീം പെണ്‍കുട്ടി…. വൈകിക്കണ്ട….നിങ്ങളുടെ ഒരാള്‍ അപൂര്‍ണമാക്കിയ പ്രക്രിയ നിങ്ങള്‍ക്ക് പൂര്‍ണ്ണമാക്കാം…. കൈയ്യും,കാലുമൊന്നും കെട്ടണ്ട. എതിര്‍ക്കുകയോ, കരയുകയോ ചെയ്യില്ലാ…. ങും…. വേഗമാകട്ടെ……. ‘
കൈയ്യിലെ കത്തി വിറച്ചൂ, ശരീരം വിറച്ചു, മനസ്സ് വിറച്ചൂ, ചുണ്ടുകള്‍ വിതുമ്പി….
‘ മോളേ…….. ‘
‘ അല്ലാ… മുസ്ലീം പെണ്‍കുട്ടി… വരൂ… എന്തിനാ താമസിക്കുന്നത് ?’
കത്തി, അറിയാതെ നിലത്ത് വീണു. ഞാന്‍ കരയുകയായിരുന്നു… ഉറക്കെ.. ഉറക്കെ… ഒരു കൊച്ചുകുട്ടിയെപ്പോലെ….
അവള് അടുത്ത് വന്നു… നിന്നു….
‘ കരയണ്ടാ… താങ്കള്‍ക്ക് ഒന്നും നഷ്ടപ്പെട്ടില്ലല്ലോ..?’
‘ നഷ്ടപ്പെട്ടു മോളേ.. സൃഷ്ടിച്ചത് നഷ്ടപ്പെട്ടു…..മനസ്സ് നഷ്ടപ്പെട്ടൂ….. മകള്‍ നഷ്ടപ്പെട്ടൂ…. എന്റെ പോറ്റമ്മയേയും എനിക്ക് നഷ്ടപ്പെട്ടു ……’
വേഗത്തില്‍, തടുക്കും മുന്‍പേ, അവള് തറയില്‍ നിന്നും കൃപാണ്‍ എടുത്ത്, ചിരിച്ച് കൊണ്ട്, ചിരിയില്‍ കരച്ചില് ഇടകലര്‍ത്തി എന്റെ നേരെ നോക്കി . പിന്നെ കത്തി സ്വന്തം വയറ്റില്‍ കുത്തിയിറക്കി. വേദന കടിച്ചമര്‍ത്തി എന്റെ പാദങ്ങളില്‍ കൈ തൊട്ടിരിന്നു.
‘ മതിയാക്കാന്‍ പറയൂ….. ഇനിയെങ്കിലും….ഇതൊക്കെ… അങ്ങയുടെ സുഹൃത്ത് ബഷീറും മകളെന്ന് വിളിക്കുന്ന ഈ സുല്‍ത്താനയും, മറ്റേതോ തെരുവില്‍, വിലാസിനിയും, വിവേകാനന്ദനും, ജോസഫും,ബദറുദ്ദീനും….. മരിച്ച് കൊണ്ടിരിക്കുന്നൂ…ഈ മനുഷ്യക്കുരുതി എന്തിനാണ്…… ? ‘
മരണത്തെ കൈയ്യെത്തിപ്പിടിച്ചു കൊണ്ടിരിക്കുന്ന എന്റെ സുലുവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഞാന്‍ എന്റെ സാരഥിയോട് അതേ ചോദ്യം ആവര്‍ത്തിച്ചൂ. അവന് മറുപടി പറഞ്ഞില്ല, മൌനിയായി.ആ മൗനം ഞാന്‍ കടം കൊണ്ടു……
ഇരു വശങ്ങളിലുമായി സീതാറാമും, സുല്‍ത്താനയും…… !
അല്ല രണ്ട് മരങ്ങള്‍………….. !
ഞാനിപ്പോള്‍ കാട്ടാളനാണ്, രത്നാകരന് എന്ന കാട്ടാളന്………..!
ഇരു വശങ്ങളിലും നോക്കി ചുണ്ടുകള്‍ ചലിപ്പിച്ചു…….!
ആമരം , ഈ മരം………… !
ലോപിച്ച ചൊല്ല് രണ്ടക്ഷരത്തിലൊതുങ്ങി….. – രാമ ….. ,ആവര്‍ത്തിച്ചൂ
തറയില്‍ നിന്നും എന്നെ മൂടിക്കൊണ്ട് പുറ്റ് വളര്‍ന്ന് വരുന്നു…വേഗത്തില്‍..
പുറ്റ് എന്നെയാകെ മൂടിക്കഴിഞ്ഞൂ…..
എന്നാണിത് തകരുന്നത്…………. ?
എപ്പോഴാണിത് തകരുന്നത് …….. ?
എന്നെ പൊതിഞ്ഞ വാത്മീകം തകര്‍ന്ന് എന്നാണ് ഞാന്‍
‘ മാനിഷാദ’ പാടേണ്ടത്………… ?