Featured
വായനയുടെ അകവും പുറവും
പുസ്തകങ്ങളെ ജീവന് തുല്യം സ്നേഹിക്കുകയും വായനയുടെ വസന്തം അനേകരിലേക്കു പകര്‍ന്നു നല്‍കുകയും ചെയ്ത ഒരു കര്‍മ്മയോഗിയുടെ സ്മരണകള്‍ ഉണര്‍ത്തുന്ന മാസമാണ് ജൂണ്‍. ഒരു പ്രവാചകനെപ്പോലെ വിദ്യാദേവതയെ കേരളീയന്റെ ഉള്ളില്‍ കുടിയിരുത്തി ഒരു ജനതയെ വായനയിലേക്ക് വഴിതിരിച്ചു വിട്ട ആ മഹായോഗിയുടെ ജീവിതത്തിലേക്ക് ഒരു ഒരു തിരിച്ചുപോക്ക് നടത്തുകയാണ് നാം. പി എന്‍ പണിക്കരിലൂടെയാണ് കേരളീയന്റെ വായനാസങ്കല്പ്പങ്ങള് ഇതള്‍ വിടര്‍ന്നത്. ഗ്രാമങ്ങള്‍ തോറും വായനശാലകള്‍ക്ക് ഭദ്രദീപം തെളിച്ചു നല്കിയ പി എന്‍ പണിക്കര്‍ ഇന്നും എന്നും അനശ്വരനാണു. അതുകൊണ്ടാണ് സുകുമാര്‍ അഴീക്കോട് അദ്ദേഹത്തെക്കുറിച്ച് ഇപ്രകാരം പ്രസ്താവിച്ചത്, ‘പി എന്‍ പണിക്കരുടെ ശവക്കല്ലറക്ക് മേല്‍ എഴുതാതെ തെളിഞ്ഞു കിടക്കുന്ന മരണ വാക്യം ഇതാണ് മരണം ഇവിടെ തോല്ക്കുന്നു’. ഒരു പുരുഷായുസ്സു മുഴുവന്‍ ഗ്രന്ഥശാലാപ്രസ്ഥാനത്തിനായി സമര്‍പ്പിച്ച പി എന്‍ പണിക്കര്‍ അക്ഷരാര്‍ത്ഥത്തില്‍ മരണത്തെ തോല്‍പ്പിച്ച അക്ഷരസ്നേഹിയാണ്.
315 total views

പുസ്തകങ്ങളെ ജീവന് തുല്യം സ്നേഹിക്കുകയും വായനയുടെ വസന്തം അനേകരിലേക്കു പകര്‍ന്നു നല്‍കുകയും ചെയ്ത ഒരു കര്‍മ്മയോഗിയുടെ സ്മരണകള്‍ ഉണര്‍ത്തുന്ന മാസമാണ് ജൂണ്‍. ഒരു പ്രവാചകനെപ്പോലെ വിദ്യാദേവതയെ കേരളീയന്റെ ഉള്ളില്‍ കുടിയിരുത്തി ഒരു ജനതയെ വായനയിലേക്ക് വഴിതിരിച്ചു വിട്ട ആ മഹായോഗിയുടെ ജീവിതത്തിലേക്ക് ഒരു ഒരു തിരിച്ചുപോക്ക് നടത്തുകയാണ് നാം.
നമ്മുടെ വായനാ സംസ്ക്കാരത്തെക്കുറിച്ച് ഒരു പുനര്‍വിചിന്തനം നടത്തുന്നത് ഈ അവസരത്തില്‍ എന്തുകൊണ്ടും നന്നായിരിക്കും. സജീവമായിരുന്ന ഒരു വായനസംസ്കാരത്തിന്റെ ഭൂതകാലസ്മരണകള് പച്ചകെടാതെ കേരളീയന്റെ മനസ്സിലുണ്ടായിരിക്കും അതേ സമയം തന്നെ അത് അല്പം സംശയകരവുമാണ്. നാട്ടിന്‍പുറത്തെ നിറം മങ്ങിയ വായനശാലയെന്ന ബോര്‍ഡും ചുടുകട്ടകൊണ്ട് തീര്‍ത്ത ഒരു സാധാരണ മുറിയില്‍ തടിയലമാരിയില്‍ പുതച്ചു മൂടിയിരുന്ന പുസ്തകങ്ങളുടെ കൂട്ടത്തെ ഉറങ്ങാന്‍ സമ്മതിക്കാതെ ബുദ്ധിമുട്ടിച്ചിരുന്ന അക്ഷര സ്നേഹികളും ഉണ്ടായിരുന്ന ആ പഴയകാലം ഇന്ന് മലയാളികള്‍ക്ക് ഒരു വിദൂരസ്വപ്നം മാത്രമാണ്. വായന ഒരുവനെ പൂര്‍ണ്ണനാക്കുന്നുവെന്ന് ആംഗലേയചിന്തകനായിരുന്ന ഫ്രാന്‍സിസ് ബേക്കണ്‍ പറഞ്ഞിട്ടുണ്ട്. ആ ബോധ്യമായിരിക്കാം കേരളീയനെ വായനയില്‍ വേരൂന്നി നില്ക്കുവാന് പ്രേരിപ്പിച്ചത്. വായന ഒരു ദിനചര്യയാണെന്ന് വിശ്വസിച്ചിരുന്ന സാധാരണക്കാരായിരുന്ന ബഹുഭൂരിപക്ഷം. ഓരോ കേരളീയന്റെയും നാവില്‍ ആശാന്റെ വീണപൂവും, ചങ്ങമ്പുഴയുടെ ‘രമണനും’ അലയടിച്ചുയരുമായിരുന്നു. അതവര്‍ക്ക് മാനസിക ഊര്‍ജ്ജം നല്കിയ ദിവ്യഔഷധമായിരുന്നു.എന്നാല്‍ ഇന്ന് എത്ര മലയാളികള്‍ക്ക് ഇവ മന:പാഠമായി അറിയാം? ചോദ്യങ്ങള്‍ ഒരായിരമാണ് നമ്മുക്ക് മുന്നില്‍. എവിടെയാണ് മലയാളികള്‍ക്ക് പിഴവ് സംഭവിച്ചത് ? വായിക്കാത്ത സമൂഹം പ്രാര്ഥിക്കാത്ത സമൂഹത്തെ പോലെയാണ്.
വായനയിലൂടെ വിശുദ്ധീകരിക്കപ്പെടാത്ത ചിന്തകള്‍ പാതിവെന്ത മാംസം കണക്കെ മനം പുരട്ടല്‍ ഉണ്ടാക്കും. ഈ തിരിച്ചരിവാകാം തങ്ങളില്‍ വായനാശീലം വളര്ത്തണമേയെന്നു ഗ്രീക്ക് ചിന്തകരെ പ്രാര്‍ഥിക്കാന്‍ പ്രേരിപ്പിച്ചത്. ചിന്തയില്‍ വിപ്ലവം സൃഷ്ടിച്ച റൂസോ ഇപ്രകാരം അടിച്ചമര്‍ത്തപ്പെട്ട ജനതയെ ഉദ്ബോധിപ്പിക്കുന്നുണ്ട്. ‘പട്ടിണിയായ മനുഷ്യാ, നീ പുസ്തകം കൈയ്യിലെടുത്തോളൂ’ .മനുഷ്യന്റെ ദാരിദ്ര്യത്തെപ്പോലും തുടച്ചുനീക്കാന്‍ വായന പര്യാപ്തമെങ്കില്‍ എന്തിനു നാം അതിനോട് വിയോജിപ്പ് പ്രകടിപ്പിക്കണം?
Uncle Toms Cabin എന്ന പുസ്തകമാണ് അമേരിക്കയിലെ അടിമകളുടെ മോചനത്തിന് പ്രേരകശക്തിയായതെന്നു കേള്‍ക്കുമ്പോള്‍ ആരാണ് അത്ഭുതപ്പെടാത്തത്. അക്ഷരങ്ങള്‍ക്ക് ലോകത്തെ മാറ്റിമറിക്കുവാനുള്ള ശക്തിയുണ്ട്. പെരുമ്പടവം ശ്രീധരന് വായന പുണ്യപ്രവര്‍ത്തിയാണെന്ന് അഭിപ്രായപ്പെടുന്നു. വായനയില്‍ മനസ്സിനെ കേന്ദ്രീകരിക്കുന്നവര്‍ക്ക് എക്കാലത്തും സമൂഹത്തോട് ചിലതൊക്കെ സംസാരിക്കാനുണ്ടാകും. അവരുടെ ശക്തിയുള്ള വാക്കുകള്‍ ഒരു ജനതയെതന്നെ പ്രകാശത്തിലേക്ക് നയിച്ചേക്കാം. അടുത്തകാലത്ത് വായിച്ച ഉണ്ണി ആറിന്റെ ‘എന്റെയാണെന്റെയാണീകൊമ്പനാനകള്’ എന്ന കഥ ഏറെ ചിന്തിപ്പിക്കുകയുണ്ടായി. കഥയിലെ കേന്ദ്രകഥാപാത്രം ഒരു അക്ഷരസ്നേഹിയാണ്. തന്റെ വീട്ടിലൊരുക്കിയിട്ടുള്ള ലൈബ്രറിയിലാണ് അയാളുടെ ഹൃദയം. പുസ്തകത്താളുകളിലെ അക്ഷരങ്ങളാണ് അയാളുടെ ശക്തിശ്രോതസ്. എന്നാല്‍ ഒരു ദുരന്തനിമിഷത്തില്‍ അയാളുടെ മനസ്സ് ഒന്ന് ചാഞ്ചാടി, പണത്തിനായി അയാള്‍ തന്റെ പുസ്തകങ്ങള്‍ വിറ്റു.ഒടുവില്‍ നഗ്നമായ തന്റെ ലൈബ്രറിയില്‍ ഇരുന്നപ്പോള്‍ ജീവിതത്തില്‍ താന്‍ ഏകാകിയാണെന്നചിന്ത അദ്ദേഹത്തെ വെട്ടയാടുവാന്‍ തുടങ്ങി. ഒടുവില്‍ അയാള്‍ ചിത്തഭ്രമം ബാധിച്ചവനെപ്പോലെയായി. മലയാളികളുടെ നഷ്ടമാകുന്ന അക്ഷരസ്നേഹത്തെ വിമര്‍ശിക്കുകയാണ് കഥാകൃത്ത്.
എന്തെങ്കിലും വായിച്ചതുകൊണ്ടായില്ല, വായിക്കുമ്പോള്‍ ഏറ്റവും മികച്ച പുസ്തകങ്ങള്‍ തന്നെ വായിക്കണം. കാരണം ഉപയോഗശൂന്യമായ പുസ്തകങ്ങള്‍ മനസ്സിനെ ദുഷിപ്പിച്ചേക്കാം. ഇന്ന് മികച്ച പുസ്തകങ്ങള്‍ വര്‍ഷം തോറും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ടെങ്കിലും പലരും വായനക്കാരന്റെ കരസ്പര്‍ശം ഏല്ക്കാതെ ഏതെങ്കിലുമൊക്കെ ചില്ലലമാരികളില്‍ കാരാഗ്രഹവാസമനുഭവിക്കുകയാണ്. അപൂര്‍വ്വം ചില പുസ്തകങ്ങള്‍ വിറ്റഴിക്കപ്പെടുന്നു എന്നു മാത്രം. എന്തുകൊണ്ടാണ് വായന ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്? ഇന്നത്തെ തലമുറയില്‍ വായനാ ശീലം കുറഞ്ഞു വരുന്നുവെന്ന പരാതി പരക്കെയുണ്ട്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നത് പഠനവിഷയമാക്കേണ്ടിയിരിക്കുന്നു. ഇതില്‍ നവമാധ്യമശൃംഖലചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഇന്റര്‍നെറ്റും, മൊബൈല്‍ ഫോണും, ടി വി യുമൊക്കെ അറിവിന്റെ അക്ഷയഖനികളാണ് എങ്കില്‍ പോലും ഇവയുടെ തടവറയില്‍ വായന ഹോമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എല്ലാം നല്ലതുതനെ എന്നാല്‍ വായന പുസ്തകത്തിന്റെ താളുകളിലൂടെ സംഭവിക്കേണ്ട പ്രവൃത്തികൂടിയാണ്. ദൃശ്യങ്ങളിലേക്ക് ചിന്തകള്‍ കൂടുമാറുന്നു എന്നതാണ് ഇന്നത്തെ പുത്തന്‍ മാധ്യമങ്ങള്‍ സൃഷ്ട്ടിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇവ മനുഷ്യന്റെ ചിന്താസരണികളെ തകിടം മറിക്കുകയാണ്. കാണുന്നവ പ്രവര്‍ത്തിയില്‍ പ്രകടമാക്കുകയെന്ന അപകടകരമായ അവസ്ഥയിലേക്ക് മനസാക്ഷിയെ ദൃശ്യമാധ്യമങ്ങള്‍ വഴിതിരിച്ച് വിടുന്നു. എന്നാല്‍ ഇവയ്ക്കിടയില്‍ പ്രത്യാശയുടെ ചെരുകിരണങ്ങള് കണ്ടില്ലെന്നു നടിക്കരുതല്ലോ, ഇബുക്കും,ബ്ലോഗുകളും ഇന്ന് വായനയ്ക്ക് ഊര്‍ജം നല്കുവാനുള്ള ഘടകങ്ങളാണ്. എന്നാല്‍ ദൃശ്യ സംവേദന മാധ്യമങ്ങള്‍ പരിധിയില്‍ കവിഞ്ഞ് സമൂഹത്തില്‍ സൃഷ്ട്ടിക്കുന്ന വിപ്ലവത്തില്‍ മേല്‍സൂചിപ്പിച്ച വായനയുടെ സാധ്യതകള്‍ നിറം മങ്ങുന്നുമുണ്ട്. അധ്വാനം കൂടാതെയുള്ള അറിവിലേക്കാണ് മനുഷ്യന് വിരല്‍ ചൂണ്ടുന്നത്.ഈ പ്രവൃത്തിയെ പരിപോഷിപ്പിക്കുക വഴി വായനയുടെ വസന്തമാണ് നമ്മുക്കിടയില്‍ നിന്നും നഷ്ടമാകുന്നതെന്ന് ഓര്‍ക്കുക.
അക്ഷരക്കൂട്ടുകളിലെ സംഗീതം നിലച്ചാല്‍ അത് മനുഷ്യന്റെ വ്യക്തിത്വത്തിന് കൂടി പരുക്കേല്‍പ്പിക്കും. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി മാധ്യമങ്ങള്‍ സൃഷ്ടിച്ച വിപ്ലവത്തിന്റെ ചില ഏടുകളാണ് ഫേസ് ബുക്ക്, ഇമെയില്‍. ഇത്തരം സംവിധാനങ്ങള്‍ ലോകത്തിന്റെ ഏതു ഭാഗത്തുള്ളവനും പരസ്പരം ആശയങ്ങള്‍ കൈമാറുവാനുള്ള സാധ്യതയാണ് മനുഷ്യന് അനുവദിച്ചു നല്‍കിയത്.എന്നാല്‍ ഇന്നാകട്ടെ അവ സൃഷ്ടിച്ച മായകാഴ്ചയില്‍ മനം മയങ്ങി അവയെ തന്റെ ഇംഗിതം അനുസരിച്ച് തിന്മാക്കായി ഉപയോഗിക്കുന്നവരാണ് ഇന്നധികവും, രഹസ്യമെന്നും, മാന്യതയ്ക്ക് തടസം സൃഷ്ടിക്കുന്നതെന്നും കരുതിപ്പോന്ന കാര്യങ്ങള്‍ ഇന്ന് ഈ മാധ്യമങ്ങള്‍ പരസ്യമായി ആഘോഷിക്കുന്നു. മനുഷ്യന് പിന്തുടര്ന്ന് പോന്ന മൂല്യങ്ങള്‍ ഈ മാധ്യമസംവിധാനത്തിന്റെ കുത്തൊഴുക്കില്‍ അപ്രതീക്ഷിതമായിരിക്കുകയാണ്.

Robins John
വായനയിലൂടെ പരിവര്‍ത്തന വിധേയമായ മനസ്സിന്റെ ഉടമകളാവുകയും അതുവഴി സമൂഹത്തില്‍ പുത്തന്‍ സാംസ്കാരിക മൂല്യങ്ങള്‍ കെട്ടിപ്പടുക്കുകയും ചെയ്യുന്ന പുത്തന്‍ തലമുറയാണ് നമ്മുക്കാവശ്യം. വായനയെ നശിപ്പിക്കാത്ത നവമാധ്യമ ശൃംഘലകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക. മികച്ച കൃതികള്‍ വായനക്കാരനിലേക്ക് എത്തിക്കുകയും അതുവഴി മികച്ച വായനക്കാരുടെ കൂട്ടായ്മ രൂപപ്പെടുകയുമാണ് വേണ്ടത്. ഈ ബോധ്യം എല്ലാവരിലേക്കും പ്രചരിപ്പിക്കുന്നതിനായി നവമാധ്യമങ്ങള്‍ പരിശ്രമിക്കുവാന്‍ തയ്യാറായാല്‍ അക്ഷരങ്ങളെ ബഹുമാനിച്ചിരുന്ന ആ പഴയ കൈരളിയെ നമ്മുക്ക് വീണ്ടെടുക്കാം, അതുവഴി വായനയുടെ വസന്തം കേരളീയ ജനതയ്ക്ക് പകര്‍ന്നു നല്കിയ പി എന്‍ പണിക്കരെന്ന അതുല്യ പ്രതിഭയെ ബഹുമാനിക്കുകയും ചെയ്യാം. കുഞ്ഞുണ്ണി മാഷിന്റെ വരികള്‍ മറന്നുപോയോ? ‘വായിച്ചാല്‍ വളരും ഇല്ലെങ്കില്‍ വളയും’, മറക്കാനുള്ളതല്ല ഈ വരികള്‍, അകക്കണ്ണിനെ തുറപ്പിക്കേണ്ട സൂക്തങ്ങള്‍ ആണിവയെന്നോര്ക്കുക.
എഴുതിയത്:റോബിന്‍സ് ജോണ്‍, രണ്ടാം വര്‍ഷ ബി എ മലയാളം വിദ്യാര്‍ഥി, എസ് ബി കോളജ്, ചങ്ങനാശ്ശേരി
316 total views, 1 views today