വായ്നോട്ട മാഹാത്മ്യം!

118

പശ്ചാത്തലം: നമ്മുടെ പൂര്‍വികന്മാര്‍ വികസിപ്പിച്ചതും അതിമഹത്തായ പാരമ്പര്യമുള്ളതുമായ വായ്നോട്ടം എന്ന കല അപഹാസ്യമായ രീതിയില്‍ അധപതിച്ചുപോയതാണ്‌ ഈ ലേഖനം എഴുതാനുള്ള പ്രാഥമിക പ്രേരണ.പുരുഷ സാഹിത്യമാണ്‌ ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നതുകൊണ്ടും ആഖ്യാന ശൈലി പഴയതാണ്‌ എന്നതുകൊണ്ടും മനസിലാകാന്‍ കഴിയാതെ വരുന്ന മാന്യ മലയാളി മനസുകള്‍ ഒരിക്കലും ക്ഷമിക്കരുത് എന്ന്‌ അഭ്യര്‍ഥിക്കുന്നു.

നാം ഇന്ന്‌ വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്‌.മഹതതായ ഒരു കലയുടെ മനോഹാരിത അപൂര്‍ണമായാണെങ്കിലും നഷ്ടപ്പെടുന്ന ഒരു അവസ്ഥയില്‍ നാം എത്തിച്ചേര്‍ന്നിരിക്കുന്നു.ഒരു കാലത്ത് സാഹിത്യകാരന്മാരെല്ലാം തങ്ങളുടെ രചനകള്‍ക്കുവേണ്ടി ഉപയോഗിച്ചിരുന്ന വായ്നോട്ടം എന്ന കല ഇന്ന്‌ അതിന്‍ടെ പൂര്‍ണ ഭംഗിയോടെ നിലനിര്‍ത്താന്‍ കുറച്ചുപേര്‍ക്കു മാത്രമേ സാധിക്കുന്നുള്ളു.വായ്നോട്ടം എന്ന കലയെ കുറിച്ചുള്ള ഒരു സമഗ്ര പഠനമാണ്‍്‌ ഈ ലേഖനംകൊണ്ട് ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിലെ മഹാന്മാരെല്ലാം ഉയര്‍ന്നുവന്നത് വായ്നോട്ടത്തിലൂടെ ആയിരുന്നില്ല എങ്കില്‍ തന്നെയും കലയുടെ ഉന്നമനത്തിനായി ആയിരുന്നു എന്ന്‌ നാം വരുത്തിത്തീര്‍ക്കേണ്ടിയിരിക്കുന്നു.സ്ഥിരം ലേഖകന്മാര്‍ പറയുന്ന പോലെ വായ്നോട്ടം എന്ന വാക്ക് എങ്ങിനെ ഉത്ഭവിച്ചു എന്നു നാം ചിന്തിക്കേണ്ടതുണ്ടോ??,ഇല്ല!,കാരണം വായ്നോട്ട വിദ്വാന്മാര്‍ അടിസ്ഥാനപരമായി ഭാരമേറിയതൊന്നും ചിന്തിക്കാന്‍ പാടില്ല.പഠനത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവര്‍ക്ക് ഈ കല അഭ്യസിക്കുന്നതുകൊണ്ട് കുറെ വട്ടങ്ങള്‍ കാണുന്ന കണ്ണാടയല്ലാതെ ഒന്നും ലഭിക്കുകയില്ല എന്നു മനസ്സിലാക്കുക.

വായ്നോട്ട കലയെ പ്രധാനമായും മൂന്നായി തരം തിരിക്കാം.ഏതു നേരവും ഉണര്‍ന്നിരിക്കുന്ന മനസ്സും,കൂര്‍മ്മ ബുദ്ധിയും,ദീര്‍ഘവീക്ഷണവുമാണ്‌ അടിസ്ഥാന യോഗ്യതകള്‍.ഇവയില്‍ പലതും ജന്മനാ ലഭിക്കുന്നവരാണ്‌ പേരുകേട്ട വായ്നോട്ട വിദ്വാന്മാരായി തീരുന്നത്.വീക്ഷണത്തിന്‍ടെയും അപഗ്രഥനതിന്‍ടെയും അടിസ്ഥാനത്തിലാണ്‌ മൂന്നു വിഭാഗങ്ങള്‍ ഉന്‍ടായിട്ടുള്ളത്.സാമാന്യം നല്ലതായി വിലയിരുത്തപ്പെട്ടിട്ടുള്ള നിരീക്ഷണം എന്ന വിഭാഗത്തിലുള്ളവര്‍,ഇടംകണ്ണിട്ടുനോട്ടം,വളിഞ്ഞ ചിരി തുടങ്ങിയ പ്രത്യേകതകളുള്ളവരാണ്‌. ഇവര്‍ക്കു പക്ഷെ വായ്നോട്ടകലയുടെ വളര്‍ച്ചക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല.

സൂക്ഷ്മദര്‍ശനം എന്ന രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നവരാണ്‌ ഇന്നത്തെ സമൂഹത്തില്‍ ഈ കലയ്ക്ക് അസ്ഥിത്വം നല്‍കുന്നത്.അതിസൂക്ഷ്മമായ വീക്ഷണവും സാഹിത്യം നിറഞ്ഞ വര്‍ണനകളും കൊണ്ട് കലയെ പരിപോഷിപ്പിക്കുന്ന ഇവരെ പഴയകാല സഹിത്യന്മാരോട് താരതമ്യം ചെയ്യാം.കാളിദാസന്‍ പോലും മൂക്കത്തു വിരല്‍ വെച്ചു പൊകുന്ന ഉപമകള്‍ ഇവരുടെ പ്രത്യേകതയാണ്‌.

മൂന്നാമത്തെ വിഭാഗമായ നോട്ടാക്രമണമാണ്‌ ഇന്ന്‌ ഈ കലയ്ക്ക്‌ സമൂഹത്തില്‍ തികച്ചും വികൃതമായ ഒരു മുഖം സൃഷ്ടിച്ചെടുത്തത്.കണ്ണുകള്‍ പുറത്തുചാടുന്ന നോട്ടവും,ക്രൂരവും നിലവാരം കുറഞ്ഞതുമായ വര്‍ണ്ണനകളും നോട്ടാക്രമണം എന്ന വിഭാഗത്തിന്‌ എല്ലാവര്‍ക്കും ഇടയില്‍ നല്ല ചീത്തപ്പേരുണ്ടാക്കികൊടുക്കുന്നു.ഇങ്ങനെ ഈ മഹത്തായ കല അതിന്‍ടെ കരിവാരിതേച്ച മുഖവും വച്ചുകൊണ്ട് യാത്ര തുടരുന്നു.

സ്ത്രീ വീക്ഷണത്തില്‍ ഈ കലയുടെ സ്വഭാവം തികച്ചും വെറൊരുതരത്തിലായിരിക്കും,അതിനാല്‍ അവര്‍ മാറ്റിചിന്തിക്കാന്‍ അപേക്ഷ.എന്തായാലും അവശകലാകാരന്മാര്‍ക്കുള്ള മൂല്യം പോലും ലഭിക്കാത്ത ഒരു യുവത്വം ഉണ്ടാകാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം..