വാര്‍ത്തകള്‍ ചൂടോടെ എത്തിക്കുന്നതില്‍ ഒന്നാമന്‍ ട്വിറ്റര്‍

0
442

twitter
ഷോര്‍ട്ട് മെസേജിംഗ് സര്‍വീസ് എന്ന നിലയില്‍ തുടങ്ങി ആഗോളതലത്തില്‍ ഏറ്റവും അധികം ആരാധകര്‍ ഉള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായി മാറിയ സൈറ്റാണ് ട്വിറ്റര്‍. ചെറുതാണ് സുന്ദരം എന്നതാണ് ട്വിറ്റര്‍ മുന്നോട്ടുവയ്ക്കുന്ന ആശയം തന്നെ. 140 അക്ഷരങ്ങളില്‍ ഒരു സന്ദേശം അവതരിപ്പിക്കുക എന്നത് ഏറെ ബുദ്ധിമുട്ടാണെങ്കിലും, തിരക്കുപിടിച്ച ഇന്നത്തെ ജീവിതത്തില്‍ അത്രയും കുറഞ്ഞ സ്ഥലത്ത് ഒരു കാര്യം അവതരിപ്പിക്കുക എന്നത് അതിനേക്കാള്‍ പ്രയോജനകരമാണ് എന്നതാണ് ട്വിറ്റര്‍ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനെ ഇത്രമേല്‍ ജനപ്രിയമാക്കുന്നതും.

സോഷ്യല്‍ മീഡിയ വിനോദത്തിനുള്ള ഉപാദിയായി കരുതിയിരുന്ന കാലം കഴിയുകയാണ്. പത്രങ്ങള്‍ വായിക്കുന്നതിനേക്കാള്‍ ആളുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് വിവരങ്ങള്‍ അറിയുന്നതും ചര്‍ച്ച ചെയ്യുന്നതും എന്നതിന് ഏറ്റവും വലിയ തെളിവ് സോഷ്യല്‍ മീഡിയയില്‍ പത്രമാധ്യമങ്ങള്‍ നടത്തുന്ന മുന്നേറ്റങ്ങള്‍ തന്നെയാണ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയുവാന്‍ സാധിക്കും എന്നതാണ് ട്വിറ്ററിനെ ജനപ്രിയമാക്കുന്നതില്‍ ഒരു പ്രധാന ഘടകം.

അമേരിക്കന്‍ പ്രസ് ഇന്‍സ്റ്റിട്യൂട്ട് നടത്തിയ ഒരു സര്‍വേയില്‍ പുതുതായി സംഭവിക്കുന്ന കാര്യങ്ങള്‍ അറിയുവാനും ചര്‍ച്ച ചെയ്യുവാനും ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന സോഷ്യം മീഡിയ എന്നതാണ് ട്വിറ്റര്‍ ആണെന്ന് കണ്ടെത്തിയിരുന്നു . വിവിധ സോഷ്യല്‍ മീഡിയകളില്‍ സ്ഥിര സാന്നിധ്യമായ അയ്യായിരത്തോളം പേരെയാണ് ഈ സര്‍വെയില്‍ ഉള്‍പ്പെടുത്തിയത്. വാര്‍ത്തകള്‍ അറിയുവാന്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉപകാരപ്പെടാറുണ്ട് എങ്കിലും ബ്രേക്കിംഗ് ന്യൂസുകള്‍ ഉണ്ടാകുമ്പോള്‍ കൂടുതല്‍ ആളുകളിലേയ്ക്ക് അത് എത്തിക്കുവാന്‍ട്വിറ്ററിന് കഴിയുന്നതുപോലെ മറ്റൊരു സോഷ്യല്‍ മീഡിയയ്ക്കും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. അതുപോലെ തന്നെ, ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉണ്ടാകുന്ന സോഷ്യല്‍ മീഡിയയും മറ്റൊന്നല്ല.

മേല്‍പ്പറഞ്ഞത് പോലെ, ചെറിയ സ്ഥലത്ത് വലിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ഉള്ള സാധ്യതയും സമയലാഭവും ആണ്ട്വിറ്ററിന്റെ തുറുപ്പുചീട്ടുകള്‍. ഈ മേഖലയില്‍ട്വിറ്ററിനെ വെല്ലാന്‍ ഇനിയൊരു സോഷ്യല്‍ മീഡിയ ഉണ്ടാകുവാനുള്ള സാധ്യതകളും വിരളമാണ്.