വാര്‍ത്തവായനക്കിടയില്‍ ഓടിയെത്തിയ മകള്‍. പതറാതെയമ്മ..

362b5516d98fcd1e0ee5740f7591dc15_XL

ന്യൂസ്‌റൂമില്‍ പല തമാശകളും നടക്കാറുണ്ട്. ലൈവായി എത്തുന്ന വാര്‍ത്താവായനക്കിടയില്‍ കട്ടിംഗും എഡിറ്റിംഗുമില്ല. റിഹേഴ്‌സലും സെക്കന്റ് ടേയ്ക്കുമില്ല. വായിക്കുന്നത് ഒരു ട്രാഫിക്ക് ബ്ലോക്കിലും കുടുങ്ങാതെ ലൈവായങ്ങെത്തുകയാണ്. അതുകൊണ്ട് തന്നെ മറ്റ് ടെലിവിഷന്‍ പരിപാടികളില്‍ നിന്ന് വ്യത്യസ്ഥമായി വാര്‍ത്തകള്‍ക്കിടയില്‍ ചില കുസൃതികളും തമാശകളും കാണുവാന്‍ പ്രേക്ഷകര്‍ക്ക് അവസരം കിട്ടാറുണ്ട്. ലൈവ് ക്യാമറ ഓഫാണെന്ന് കരുതി വായനക്കാരി മുടി ചീകുന്നത്, ലിപ്സ്റ്റിക്ക് നേരെയാക്കുന്നത്, തൊട്ടടുത്ത അവതാരകനെ ശൃംഗാര ഭാവത്തോടെ തോണ്ടുന്നത് തുടങ്ങി പാട്ട് പാടി ഹാര്‍മോണിയം വായിക്കുന്നത് വരെയുള്ള ‘നിര്‍ദോഷമായ’ തമാശകള്‍ നമ്മുടെ ഏഷ്യാനെറ്റ് മുതല്‍ ലോകപ്രശസ്തമായ ബി ബി സി വരെയുള്ള ചാനലുകളില്‍ നാം കണ്ടിട്ടുണ്ട്. പക്ഷേ തിരക്കിട്ട് വാര്‍ത്ത വായിക്കുന്നതിനിടയില്‍ സ്റ്റുഡിയോ റൂമിലേക്ക് ‘ദാ അമ്മേ ഫോണ്‍’ എന്ന് പറഞ്ഞ് മകള്‍ ഓടിവന്നാലുള്ള അവസ്ഥയെന്തായിരിക്കും?. ഇങ്ങനെയൊരു സിറ്റുവേഷന്‍ വന്നാല്‍ ഒരുമാതിരിപ്പെട്ട വായനക്കാരികളൊക്കെ വിളറി വെളുക്കും. പക്ഷേ ലീന അല്‍വശ് ആ സിറ്റുവേഷന്‍ വളരെ കൂളായി കൈകാര്യം ചെയ്തു.

ലൈവായുള്ള വാര്‍ത്താവായന ഏറ്റവും ഏകാഗ്രത ആവശ്യമുള്ള പണിയാണ്. സ്‌ക്രീനില്‍ നോക്കണം. ഡെസ്‌കില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്ക് കാതോര്‍ക്കണം. റിപ്പോര്‍ട്ടര്‍മാരുടെ നേരിട്ടുള്ള വിവരണങ്ങളും അതിനനുസൃതമായ പ്രതികരണങ്ങളും നടത്തണം. നേരത്തെ തയ്യാറാക്കിയ വാര്‍ത്തകള്‍ക്കപ്പുറം ബ്രേക്കിംഗ് ന്യൂസുകള്‍ വന്നാല്‍ എല്ലാം മാറ്റിവെച്ച് അവയ്ക്ക് പിറകെ പോകണം. സാങ്കേതിക തകരാറുകള്‍ ഉണ്ടാകുമ്പോള്‍ പതറാതെ സന്ദര്‍ഭാനുസൃതമായി കൈകാര്യം ചെയ്യണം. ഏകാഗ്രത അല്പമൊന്ന് തെറ്റിയാല്‍ ആകെ കുളമാകും. ഒരു ചെറിയ അക്ഷരപ്പിശക് പോലും ഒരു വാര്‍ത്തയെ കൊന്നുകളയും. ഒരു ഏഷ്യാനെറ്റ് വായനക്കാരി (പേര് പറയുന്നത് ശരിയല്ലല്ലോ) കുഞ്ഞിക്കണ്ണന്‍ എന്ന് പറഞ്ഞപ്പോള്‍ ഉകാരം സ്ഥലം മാറിവന്ന് പൊല്ലാപ്പായത് നാം കണ്ടതാണ്. ചുരുക്കത്തില്‍ വിമര്‍ശിക്കാന്‍ എളുപ്പമാണ്. പക്ഷേ വാര്‍ത്ത വായിക്കാന്‍ എളുപ്പമല്ല.

ലീനയിലേക്ക് വരാം. മെഡി വണ്‍ ചാനലിലാണ് സംഭവം. (മീഡിയ വണ്‍ ആണെന്ന് കരുതി ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ കൂട്ട ആക്രമണം നടത്തരുത്). മൊറോക്കന്‍ ടെലിവിഷന്‍ ചാനലാണിത്. ലീന വാര്‍ത്തവായിക്കുന്നതിനിടയില്‍ പിറകിലൂടെ ഓടിയെത്തുന്ന മകള്‍ ഉമ്മയ്ക്ക് നേരെ മൊബൈല്‍ നീട്ടുന്നു. ഒരു നിമിഷം ലീന മകളെ നോക്കുന്നു. ഒരു നേരിയ പുഞ്ചിരി മാത്രം ചുണ്ടില്‍ വിരിയിച്ച് ലീന വാര്‍ത്ത തുടരുന്നു. ഇത്തരമൊരു സംഭവത്തിന്റെ വിളര്‍ച്ചയോ പതര്‍ച്ചയോ പുറത്ത് കാണിക്കാതെ തികച്ചും സ്വാഭാവികമായ ഒഴുക്കോടെ വാര്‍ത്ത തുടര്‍ന്ന ലീനയുടെ ക്ലിപ്പിംഗ് വിദേശ മാധ്യമങ്ങളില്‍ ഹിറ്റായി. ഒരു പ്രൊഫഷനല്‍ വാര്‍ത്താ വായനക്കാരിയെന്ന പേര് ഈയൊരു കൊച്ചു സംഭവം അവര്‍ക്ക് നല്കുകയും ചെയ്തു.

ലീനയുടെ വാര്‍ത്ത പുരോഗമിക്കുമ്പോള്‍ മകള്‍ പിറകിലൂടെയെത്തുന്നു.
മൊബൈല്‍ കയ്യിലേന്തി അമ്മയുടെ അടുത്തേക്ക്‌
മൊബൈല്‍ കൈമാറാനുള്ള ശ്രമം
അമ്മ ‘ലൈവാ’ണെന്ന് തിരിച്ചറിയുമ്പോഴുള്ള കുഞ്ഞിന്റെ പരിഭ്രമം.
ഒരു നോട്ടം. ഒറ്റ നോട്ടം..
വീണ്ടും വാര്‍ത്തയിലേക്ക്

ഇനി വീഡിയോ കാണാം

ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്‌കളങ്കതയാണ് ലീനയുടെ ഈ വാര്‍ത്തയെ ‘ശ്രദ്ധേയ’മാക്കിയതെങ്കിലും വാര്‍ത്താ വായനക്കാരികള്‍ക്ക് ചില ഗുണപാഠങ്ങളും ഇത് നല്കുന്നുണ്ട്. ഇവിടെ ലീനയോ കുഞ്ഞോ അല്ല, ക്യാമറ ആംഗിളിലേക്ക് ആരും കടക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരുന്ന അതിന്റെ ഉത്തരവാദപ്പെട്ടവരുടെ വീഴ്ചയാണെങ്കിലും കുട്ടികളെ സ്റ്റുഡിയോയിലേക്ക് കൊണ്ട് വരാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നതാണ് ഒന്നാമത്തെ ഗുണപാഠം. മൊബൈല്‍ സൈലന്റില്‍ ഇട്ട ശേഷമേ സ്റ്റുഡിയോയിലേക്ക് കടക്കാവൂ എന്നത് രണ്ടാമത്തെ പാഠം. ലീനയുടെ മകള്‍ ഉമ്മയെപ്പോലെ തന്നെ സ്മാര്‍ട്ട് ആയിരുന്നു. അതുകൊണ്ടാണ് ഉമ്മ സ്‌ക്രീനില്‍ ലൈവ് ആണെന്ന് കണ്ടപ്പോള്‍ പെട്ടെന്ന് പിന്മാറിയത്. അങ്ങനെ പിന്മാറാതെ ഉമ്മയുമായി ഒരു ‘മുഖാമുഖ’ത്തിന് അവള്‍ മുതിര്‍ന്നിരുന്നുവെങ്കില്‍ സംഗതി ലീനയുടെ കയ്യില്‍ നിന്നും പിടുത്തം വിട്ട് പോയേനെ. ആ കുഞ്ഞിന്റെ സ്മാര്‍ട്ട്‌നെസ്സ് എല്ലാ കുഞ്ഞുങ്ങള്‍ക്കും ഉണ്ടായിക്കൊള്ളണമെന്നില്ലല്ലോ.

ഇനി മാധ്യമങ്ങള്‍ അധികവും ശ്രദ്ധിച്ചിട്ടില്ലാത്ത ഈ വാര്‍ത്തയുടെ പിന്നാമ്പുറം. അത് പറയുക എന്നതാണ് ഈ പോസ്റ്റിന്റെ പ്രധാന ലക്ഷ്യം. മാധ്യമങ്ങള്‍ മിക്കതും പറയുന്നത് പോലെ ലീന മൊറോക്കോക്കാരിയല്ല. അവള്‍ സിറിയക്കാരിയാണ്. ബശാര്‍ അസദിന്റെ അടിച്ചമര്‍ത്തല്‍ ഭരണത്തിനെതിരെ സ്വാതന്ത്ര്യപ്പോരാളികള്‍ മാസങ്ങളായി തുടരുന്ന പോരാട്ടഭൂമിയിലാണ് അവളുടെ കുടുംബമുള്ളത്. അഞ്ച് ദിവസത്തിലധികമായി അലപ്പോ നഗരത്തിലുള്ള വീട്ടുകാരുമായി ടെലഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഫോണുകള്‍ നിശ്ചലമായിരുന്നു. ആയിരങ്ങള്‍ മരിച്ചു വീഴുന്ന ആ പോരാട്ട ഭൂമിയില്‍ ജീവിക്കുന്ന വീട്ടുകാരുടെ വിവരമറിയാതെ ലീന അസ്വസ്ഥയായിരുന്നു. ഈ കാര്യങ്ങളൊക്കെ മകള്‍ക്കുമറിയാം. ഒരമ്മയുടെ അസ്വസ്ഥത മകളോളം തിരിച്ചറിയുന്ന ആരുണ്ട്?. ലീന വാര്‍ത്താ മുറിയിലേക്ക് പോയ ഉടനെയാണ് സിറിയയില്‍ നിന്നും ഉമ്മയുടെ മൊബൈലിലേക്ക് കാള്‍ വരുന്നതായി മകള്‍ കാണുന്നത്. ദിവസങ്ങളായി കാത്തുകാത്തിരിക്കുന്ന വിളിയാണത്. അത് കണ്ടതും മൊബൈല്‍ വാരിയെടുത്ത് ഉമ്മാ എന്ന വിളിയോടെ ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കമായ ആവേശത്തോടെ ന്യൂസ് റൂമിലേക്ക് ഓടിയടുക്കുന്നതാണ് നാം കണ്ടത്. ഒരു ന്യൂസ്‌റൂം തമാശക്കപ്പുറം ഈ ദൃശ്യത്തില്‍ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ഒരു കൊച്ചു കണിക ഒളിഞ്ഞിരിപ്പുണ്ട്.

ഒരു ദുരന്തവാര്‍ത്ത വായിക്കുന്നതിനിടയില്‍ വിതുമ്പിക്കരഞ്ഞ വാര്‍ത്താവതാരകയെക്കുറിച്ച് മുമ്പൊരു പോസ്റ്റില്‍ എഴുതിയിരുന്നു. ‘അല്‍ അഖ്ബാരിയ’ ചാനലിന്റെ വാര്‍ത്താ വായനക്കാരി ഫൗസ് അല്‍ഖംഅലി ആയിരുന്നു അത്. ആ കരച്ചിലിനും ഒരു സിറിയന്‍ ബന്ധമുണ്ടായിരുന്നു. ബശാറിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിനിടെ ഫിദാ അല്‍ ദിയാ എന്ന കൊച്ചു കുഞ്ഞിനെ സര്‍ക്കാര്‍ സൈന്യം വെടിവെച്ചു കൊല്ലുന്ന ഫൂട്ടേജ് കാണിക്കുന്നതിനിടെയാണ് ഫൗസ് വിതുമ്പിക്കരഞ്ഞത്. കരച്ചില്‍ നില്ക്കാതെ വന്നപ്പോള്‍ ചാനലിന് വാര്‍ത്താവതരണം ബ്രേക്ക് നല്കി നിര്‍ത്തേണ്ടി വന്നു. ലീനയുടെ സിറിയയിലുള്ള കുടുംബം സുരക്ഷിതരായിരിക്കട്ടെ എന്നും സിറിയന്‍ ജനതയുടെ സ്വാതന്ത്ര്യപ്പോരാട്ടം വിജയം കാണട്ടെ എന്നും പ്രത്യാശിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു.

Related Posts
വാര്‍ത്ത വായിക്കുമ്പോള്‍ കരയാന്‍ പാടുണ്ടോ?
മാധ്യമത്തിനെന്താണ് ഈജിപ്തില്‍ കാര്യം?
ചാടിച്ചാടി ഈ വേണു എവിടെയെത്തും?
വേണു, വീണ, നികേഷ്, വിനു. ആരെയാണ് കാണേണ്ടത്?

Advertisements