വിക്കറ്റ് കീപ്പര്‍മാര്‍ അരങ്ങുവാണ ഒരു ക്രിക്കറ്റ് മത്സരത്തിന്‍റെ കഥ

216
4wicketkeepers
മുകളില്‍ ഇടത്ത് നിന്നും ക്ലോക്ക് വൈസ് : ബ്രൂസ് ഫ്രഞ്ച്, ബില്‍ ആത്തേ, ബോബ് ടെയിലര്‍, ബോബി പാര്‍ക്സ്

ഒരു ടീമില്‍ എത്ര വിക്കറ്റ് കീപ്പര്‍മാര്‍ ഉണ്ടാകും? മിക്കവാറും ഒന്ന്. ചിലപ്പോള്‍ ഒരു പകരക്കാരന്‍ കീപ്പര്‍ ഉണ്ടാകും ടീമില്‍. എന്തെങ്കിലും അത്യാവശ്യ സാഹചര്യത്താല്‍ പ്രാധാന കീപ്പര്‍ക്ക് കളിക്കാന്‍ കഴിയാതെ വന്നാല്‍ പകരം ഇറങ്ങാനാണ് ഈ സ്റ്റെപ്പിനി. അതല്ലാതെയും കീപ്പര്‍ മാറാം. ധോണിക്ക് ബോള്‍ ചെയ്യാന്‍ വേണ്ടി കോഹ്ലി വിക്കറ്റ് കീപ്പ് ചെയ്തിട്ടുണ്ട് ഒരിക്കല്‍! ടെസ്റ്റ് മത്സരങ്ങിളില്‍ ആണ് പ്രധാനമായും പകരക്കാര്‍ ഉണ്ടാവുക. എന്നാല്‍, പകരക്കാരനും പരുക്ക് പറ്റിയാല്‍ എന്ത് ചെയ്യും? വേറെ ആരെങ്കിലും തല്‍ക്കാലം ആ ജോലി ഏറ്റെടുക്കുക തന്നെ. ഇനി മൂന്നാമത്തെ കീപ്പറിനും പരുക്ക് പറ്റിയാലോ?

പറഞ്ഞു പറഞ്ഞു എല്ലാവര്‍ക്കും പരിക്ക് കൊടുക്കുമോ എന്നൊന്നും ചിന്തിക്കാന്‍ നില്‍ക്കണ്ട. ഒരു ടെസ്റ്റ് മത്സരത്തില്‍ ഒരു ടീമിന് വേണ്ടി നാല് പേര്‍ വിക്കറ്റ് കീപ്പറുടെ പാഡ് കെട്ടിയിട്ടുണ്ട്. വര്‍ഷം 1986. ടീം ഇംഗ്ലണ്ട്. ലോര്‍ഡ്‌സില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ പരുക്കേറ്റ് അവരുടെ വിക്കറ്റ് കീപ്പര്‍ ബ്രൂസ് ഫ്രഞ്ച് പുറത്ത് പോകുന്നതോടെയാണ് നാടകീയമായ സംഭവങ്ങള്‍ ആരംഭിക്കുന്നത്. ബില്‍ ആത്തേ ആണ് പകരക്കാരന്‍ ആയി വന്നത്. എന്നാല്‍ രണ്ടു ഓവറുകള്‍ കഴിഞ്ഞപ്പോള്‍ 45 വയസുള്ള, കളി പണ്ടേ മതിയാക്കി മത്സര സമയത്ത് സ്‌പോണ്‍സറുടെ പി.ആര്‍. ആയി ജോലി ചെയ്തിരുന്ന, ബോബ് ടെയിലര്‍ വിക്കറ്റ് കീപ്പ് ചെയ്യുവാന്‍ എത്തി. പ്രായം അത്രയും ആയിട്ടും അവസാന മത്സരത്തിന്റെ തുടര്‍ച്ചയെന്നോണം ബോബ് വിക്കറ്റ് കാത്തു.

അടുത്ത ദിവസം ഹാംപ്‌ഷെയറിന്റെ ബോബി പാര്‍ക്‌സിനായിരുന്നു പകരക്കാരന്റെ ചുമതല. അടുത്ത ദിവസം എന്തായാലും പരുക്കില്‍ നിന്ന് മോചിതനായി ബ്രൂസ് ഫ്രഞ്ച് തിരിച്ചെത്തിയതോടെ, പിന്നീടു ഏറെ പ്രശതി നേടിയ, നാല് വിക്കറ്റ്കീപ്പര്‍മാരുടെ ടെസ്റ്റിന്റെ പ്രധാന ആകര്‍ഷണത്തിന് വിരാമം ആയി. ഏറെ രസകരമായ കാര്യം നാല് പേര്‍ മാറി മാറി വന്നിട്ടും ഒരു ക്യാച്ച് പോലും വിക്കറ്റ് കീപ്പറുടെ അക്കൗണ്ടില്‍ എത്തിയില്ല എന്നതാണ്.