വിടാത്ത പിടി (കഥ) – സുനില്‍ എം എസ്

216

11udq52
രചന: സുനില്‍ എം എസ്

ഞങ്ങളുടെ വീടിനടുത്തുള്ള റോഡു ടാറിട്ടതാണ്. ചെറിയ ലോറികള്‍ അതിലൂടെ പോകാറുണ്ട്. അതൊരു റോഡായി വികസിച്ചിട്ട് ഏതാനും വര്‍ഷമേ ആയിട്ടുള്ളൂ. അതിനു മുമ്പ് അതൊരിടവഴി മാത്രമായിരുന്നു; ചിലയിടങ്ങളില്‍ മഴക്കാലത്തു മുട്ടോളം വെള്ളമുണ്ടാകാറുള്ള ഇടവഴി.

അല്പമകലെ, തോടിനു കുറുകെ ചെറിയൊരു തടിപ്പാലവുമുണ്ടായിരുന്നു. കിഴക്കേലെ കൊച്ചൌസോച്ചേട്ടന്റെ മൃതദേഹം കൊണ്ടുപോകാന്‍ ശവമഞ്ചം വന്നു നിന്നത് ആ തടിപ്പാലത്തിനപ്പുറത്തായിരുന്നു. തടിപ്പാലത്തിന്റെ മുകളിലൂടെ സൈക്കിളും മോട്ടോര്‍സൈക്കിളും കടന്നു പോകാറുണ്ടായിരുന്നെങ്കിലും, ശവമഞ്ചത്തിന് പാലം കടന്നു വരാനായില്ല. കൊച്ചൌസോച്ചേട്ടനെ കിടത്തിയ ശവപ്പെട്ടി ഏതാനും പേര്‍ ചുമന്നു തടിപ്പാലം കടത്തി, ശവമഞ്ചത്തിലെത്തിയ്ക്കുകയായിരുന്നു.

ശവപ്പെട്ടി ചുമലിലേറ്റിയിരുന്നവരിലൊരാള്‍ കൊച്ചുവര്‍ക്കിച്ചേട്ടനായിരുന്നു.

മൃതദേഹം പുറപ്പെടുമ്പോള്‍, കൊച്ചൌസോച്ചേട്ടന്റെ വീടിന്റെ മുന്നില്‍ത്തന്നെ ശാരിയും ഞാനും നിന്നിരുന്നു. കൊച്ചൌസോച്ചേട്ടനേയും ചുമലിലേറ്റി നടക്കുന്നതിനിടയില്‍ കൊച്ചുവര്‍ക്കിച്ചേട്ടന്‍ ഞങ്ങളെക്കണ്ടു. ഉടന്‍ പറഞ്ഞു: ‘പിടി വിട്ടട്ടില്ലട്ടാ, ശാരിമോളേ’.

മൃതദേഹത്തിന്റെ കനം കൊണ്ടാവാം, കൊച്ചുവര്‍ക്കിച്ചേട്ടന്റെ ശബ്ദം ഇടറിയിരുന്നു. അന്നു കൊച്ചുവര്‍ക്കിച്ചേട്ടനും എണ്‍പതിനോടടുത്തിരുന്നല്ലോ.

ഞങ്ങളും ശവമഞ്ചത്തെ അനുഗമിച്ചു; സിമിത്തേരിയിലെ കര്‍മ്മങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു.

മടങ്ങി വീട്ടിലെത്തിയപ്പോള്‍ കൊച്ചുവര്‍ക്കിച്ചേട്ടന്‍ പിടി വിട്ടിട്ടില്ലെന്നു പറഞ്ഞതിന്റെ പൊരുളെന്തായിരുന്നെന്നു ഞാന്‍ ശാരിയോടു ചോദിച്ചു.

ഒരു വാചകം തികച്ചുപറയുന്ന പതിവ് അവള്‍ക്കില്ല. ഏതാനും വാക്കുകളില്‍ അവളുത്തരമൊതുക്കി. അല്പം ചരിത്രം കൂടിയറിഞ്ഞെങ്കില്‍ മാത്രമേ, അവള്‍ പറഞ്ഞതു മനസ്സിലാക്കാനാകൂ.

കൊച്ചൌസോച്ചേട്ടന്റെ വീടിന്റെ മുന്നില്‍ വച്ച് ഇടവഴി – ഇന്നതു റോഡാണ് വലത്തോട്ടു തിരിയുന്നു. വലത്തോട്ടു തിരിഞ്ഞയുടന്‍, ഇടതുഭാഗത്തു കൊച്ചുവര്‍ക്കിച്ചേട്ടന്റെ വീട്. രണ്ടുപേരും അയല്‍ക്കാര്‍. സമവയസ്‌കര്‍. അവരുടെ പുരയിടങ്ങളുടെ ഇടയിലൊരു വേലി. ആ വേലി അന്നും ഇന്നും ശീമക്കൊന്ന കൊണ്ടുള്ളതു തന്നെ. മറ്റു മിയ്ക്കയിടങ്ങളിലും മതിലുകളുയര്‍ന്നിട്ടും അവര്‍ക്കിടയില്‍ മതിലുയര്‍ന്നില്ല എന്നര്‍ത്ഥം.

ആ വേലിയില്‍ അങ്ങോട്ടുമിങ്ങോട്ടും കടക്കാന്‍ വേണ്ടി വീതിയുള്ളൊരു വിടവുണ്ട്. കുറേക്കാലം ആ വിടവ് അടഞ്ഞുപോയിരുന്നു. തനിയേ അടഞ്ഞുപോയതല്ല. അവരിലൊരാള്‍ മനപ്പൂര്‍വം അടച്ചുകളഞ്ഞതാണ്. എന്തോ പരിഭവമുണ്ടായിരുന്നിരിയ്ക്കണം. രാത്രി, ശീമക്കൊന്നയുടെ പത്തലുകള്‍ കുഴിച്ചിട്ട് ആ വിടവടച്ചുകളഞ്ഞു.

നേരം വെളുത്തപ്പോള്‍ മറ്റെയാള്‍ ക്ഷുഭിതനായി, പത്തലുകള്‍ വലിച്ചൂരിയെറിഞ്ഞു.

വഴക്കായി, വക്കാണമായി, രംഗം പ്രക്ഷുബ്ധമായി.

ഞങ്ങളുടെ പരിസരത്തിനൊരു പ്രത്യേകതയുണ്ട്. അവിടെ തര്‍ക്കങ്ങളുണ്ടാകാറില്ല. എന്നു മാത്രമല്ല, പരസ്പരസഹകരണമുണ്ടാകാറുണ്ടു താനും. എന്താവശ്യമുണ്ടെങ്കിലും ആളുകളോടിയെത്തും. സഹായിയ്ക്കും, സഹകരിയ്ക്കും.

കുറച്ചപ്പുറത്തുള്ള ബാലേട്ടന്റെ കാര്യം തന്നെ തെളിവ്. ഈയിടെ കക്ഷിയുടെ ശരീരം നീരുവന്നു വീര്‍ത്തു. നടക്കാനാകാതെയായി. സര്‍ക്കാരാശുപത്രിയില്‍ കൊണ്ടുപോയി. ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്കു വിട്ടോളാന്‍ പറഞ്ഞു. ബാലേട്ടന്റെ മകന്‍ മനോജിന്റെ കൈയിലാണെങ്കില്‍ പണമുണ്ടായിരുന്നില്ല. എന്നാലതൊരു തടസ്സമായില്ല. മനോജിന്റെ കിഴക്കേലെ ജോയല്‍ വിവരമറിഞ്ഞ് തൊട്ടടുത്ത രണ്ടു മൂന്നു വീടുകളിലൊന്നു കയറിയിറങ്ങി. ആവശ്യത്തിനു കാശു കിട്ടി. ബാലേട്ടന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോയി രണ്ടാഴ്ച കിടന്നു, സുഖമായി മടങ്ങി വരികയും ചെയ്തു. ചെറിയ ചില പ്രയാ!സങ്ങളുണ്ടെങ്കിലും, ഗുരുതരാവസ്ഥ തീരെയില്ല.

കൊച്ചൌസോച്ചേട്ടനും കൊച്ചുവര്‍ക്കിച്ചേട്ടനും തമ്മിലുള്ള വഴക്കു കേട്ട് എന്തോ അത്യാഹിതം സംഭവിയ്ക്കുന്നതു പോലെ ആളുകള്‍ ഓടിക്കൂടി. അവരോടിവന്നതു നന്നായി. അല്ലെങ്കില്‍ വഴക്കു മൂത്തു കൈയാങ്കളിയിലെത്തിയേനേ. ചോരത്തിളപ്പുള്ള പ്രായമായിരുന്നല്ലോ, ഇരുവരുടേതും. കിഴക്കേലെ ചന്ദ്രന്‍ ചേട്ടനും, അതിനുമപ്പുറത്തെ രാഘവച്ചേട്ടനും വടക്കേലെ ജഗദീശച്ചേട്ടനും ചെന്ന് ഇരുവരേയും പിടിച്ചകറ്റാന്‍ ശ്രമിച്ചു. തെക്കേലെ, വന്ദ്യവയോധികനായ കൊച്ചുതോമ മാഷും കൂടിയെത്തിയപ്പോള്‍ ഇരുവരും അടങ്ങി.

വഴക്കും വക്കാണവും നിന്നെങ്കിലും, പിന്നീടിരുവരും ചങ്ങാത്തത്തിലായില്ല. ശീമക്കൊന്നവേലിയിലെ വിടവ് അടഞ്ഞുതന്നെ കിടന്നു.

കൊച്ചൌസോച്ചേട്ടനു ഭാര്യയും കുഞ്ഞുങ്ങളുമുണ്ടായിരുന്നു. കൊച്ചുവര്‍ക്കിച്ചേട്ടനുമുണ്ടായിരുന്നു ഭാര്യയും കുഞ്ഞുങ്ങളും. അവരെ കുഞ്ഞുങ്ങളെന്നു പറയുന്നത് ഇപ്പോളൊരു തമാശയായിരിയ്ക്കും. കാരണം, ഇന്ന് ആ കുഞ്ഞുങ്ങള്‍ക്കൊക്കെ കുഞ്ഞുങ്ങളായിരിയ്ക്കുന്നു. എന്തായാലും അന്നവര്‍ കുഞ്ഞുങ്ങളായിരുന്നു.

ഭര്‍ത്താക്കന്മാര്‍ പിണക്കത്തിലായെങ്കിലും, അവരുടെ ഭാര്യമാര്‍ ശീമക്കൊന്നയുടെ അപ്പുറവും ഇപ്പുറവും നിന്നുകൊണ്ട്, പഴയപടി, സമ്പര്‍ക്കം പുലര്‍ത്താന്‍ ശ്രമിച്ചു. അതുകണ്ട്, ‘മിണ്ടിപ്പോകരുത്’ എന്നു ഭര്‍ത്താക്കന്മാര്‍ താക്കീതു നല്‍കി. താക്കീതുകളുടെ കാര്‍ക്കശ്യം മൂലം ഒരു വീട്ടിലെ താക്കീത് മറ്റേ വീട്ടിലും പ്രതിദ്ധ്വനിച്ചു. കുടുംബത്തിനകത്തു കലഹമുണ്ടാകേണ്ടെന്നു കരുതി, ഭാര്യമാര്‍ പരസ്പരം ബന്ധപ്പെടാനുള്ള ശ്രമം ഒടുവിലുപേക്ഷിച്ചു.

വളര്‍ന്നു വരുന്നതിനിടെ കുട്ടികള്‍ സൌഹൃദത്തിലായിരുന്നു. മാതാപിതാക്കള്‍ തമ്മിലുള്ള അകല്‍ച്ച കുട്ടികള്‍ വകവച്ചിരുന്നില്ല. എങ്കിലും, കുട്ടികള്‍ തമ്മിലുള്ള സൌഹൃദം വഴിയില്‍ വച്ചു മാത്രമായിരുന്നു. വീടുകളിലേയ്ക്കു കയറിച്ചെല്ലാന്‍ അവരും ധൈര്യപ്പെട്ടിരുന്നില്ല.

ഇരുകുടുംബങ്ങളും തമ്മിലുള്ള സ്പര്‍ദ്ധ നീണ്ടുനീണ്ടു പോയി. ഒരൊറ്റ വേലിയുടെ അപ്പുറവുമിപ്പുറവും കഴിയുന്നവര്‍. ഞായറാഴ്ചകളില്‍ ഒരേ പള്ളിയില്‍ പോകുന്നവര്‍. എന്നിട്ടും, കൊച്ചുവര്‍ക്കിച്ചേട്ടന്റെ മകള്‍ ട്രീസയുടെ കല്യാണത്തിന് കൊച്ചൌസോച്ചേട്ടന്റെ വീട്ടില്‍ ക്ഷണമെത്തിയില്ല, കൊച്ചൌസോച്ചേട്ടന്റെ വീട്ടില്‍ നിന്നാരും കല്യാണത്തില്‍ പങ്കെടുത്തുമില്ല.

കൊച്ചൌസോച്ചേട്ടന്റെ മകന്‍ സിറിലിന്റെ കല്യാണത്തിന് കൊച്ചുവര്‍ക്കിച്ചേട്ടന്റെ വീട്ടിലും ക്ഷണമെത്തിയില്ല. അവിടുന്നാരും കല്യാണത്തില്‍ പങ്കെടുത്തുമില്ല.

തുടര്‍ന്നു നടന്ന കല്യാണങ്ങളിലും ചടങ്ങുകളിലും തഥൈവ!

വേലിയടയ്ക്കുകയും പൊളിയ്ക്കുകയും ചെയ്തയന്ന് ഇരുവരും ക്രുദ്ധരായി, കടുത്ത വാക്കുകളെന്തൊക്കെയോ പ്രയോഗിച്ചു കാണണം. മുന്‍ തലമുറയെവരെ പഴി പറഞ്ഞിട്ടുണ്ടാകും. പറഞ്ഞുപോയ വാക്കുകള്‍ തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ. ആ വാക്കുകളുടെ കാഠിന്യം കാരണം കാല്‍ നൂറ്റാണ്ടിലേറെക്കാലം അവര്‍ പരസ്പരസമ്പര്‍ക്കമില്ലാതെ കഴിഞ്ഞു. ഇടവഴിയിലൂടെ ഇരുവരും എതിരേ വരികയാണെങ്കില്‍, ഒരാള്‍ വടക്കോട്ടു നോക്കിക്കൊണ്ടു നടക്കും; മറ്റെയാള്‍ തെക്കോട്ടു നോക്കിക്കൊണ്ടും.

കൊച്ചൌസോച്ചേട്ടനും കൊച്ചുവര്‍ക്കിച്ചേട്ടനും സമവയസ്‌കരായിരുന്നെന്നു പറഞ്ഞുവല്ലോ. ഇരുവരും ചെയ്തിരുന്ന ജോലികളും ഏകദേശം സമാനമായിരുന്നു. കൊച്ചൌസോച്ചേട്ടന്‍ പശുക്കളെ വളര്‍ത്തി. കൊച്ചുവര്‍ക്കിച്ചേട്ടന്‍ എരുമകളേയും. മറ്റു ചില്ലറപ്പണികളും ഇരുവരും ചെയ്തിരുന്നു.

എന്റെ പുരയിടത്തില്‍ ധാ!രാളം പുല്ലുണ്ടാകാറുണ്ട്. കാലവര്‍ഷവും തുലാവര്‍ഷവും കഴിഞ്ഞുള്ള ഏതാനും മാസം പുരയിടം പുല്ലുവളര്‍ന്നു കാടുപിടിച്ചതുപോലെയുണ്ടാകും. പുല്ലുചെത്തിയ്ക്കാന്‍ ശാരി അനുവദിയ്ക്കാറില്ല. പശുക്കള്‍ക്കിഷ്ടമുള്ള പുല്ലാണ്, അതവിടെത്തന്നെ നില്‍ക്കട്ടേയെന്ന് അവള്‍ പറയും. ചുറ്റുമുള്ള പുരയിടങ്ങളിലെ പുല്ലു തീര്‍ന്നാലും എന്റെ പുരയിടത്തില്‍ പുല്ലു ധാരാളമുണ്ടാകും. കൊച്ചൌസോച്ചേട്ടന്‍ പശുക്കളേയും, കൊച്ചുവര്‍ക്കിച്ചേട്ടന്‍ എരുമകളേയും ഇടയ്ക്കിടെ എന്റെ പുരയിടത്തില്‍ കൊണ്ടുവന്നു കെട്ടി പുല്ലു തീറ്റിയ്ക്കും.

പശുക്കള്‍ക്കും എരുമകള്‍ക്കും കുശാലാകും. ശാരിയ്ക്കും. പശുക്കള്‍ക്കും എരുമകള്‍ക്കും കുശാലാകുമ്പോള്‍ ശാരിയ്‌ക്കെങ്ങനെ കുശാലാകും എന്ന ചോദ്യമുയരാം. അവള്‍ക്കു ധാരാളം ചാണകം കിട്ടും. പശുവിനും എരുമയ്ക്കും പുല്ലിനോട് എത്രത്തോളം ആര്‍ത്തിയുണ്ടോ, അത്രത്തോളം തന്നെ ആര്‍ത്തി ശാരിയ്ക്കു ചാണകത്തോടുണ്ട്. ചാണകത്തിന്റെ ചൂടാറുന്നതിനു മുമ്പു തന്നെ അവളതു റാഞ്ചിക്കൊണ്ടു വന്ന്, മരങ്ങള്‍ക്കും ചെടികള്‍ക്കും വീതിച്ചു കൊടുത്തിട്ടുണ്ടാകും.

ആളുകള്‍ ജൈവവളത്തിനു വേണ്ടി പരക്കം പാഞ്ഞു നടക്കുമ്പോള്‍, ഞങ്ങള്‍ക്കത് ഇങ്ങോട്ടു വന്നു കിട്ടുന്നു!

അമ്മയ്ക്ക് കാലുവേദനയുണ്ടാകാറുണ്ടായിരുന്നു. എരുമപ്പാലു കുടിയ്ക്കാന്‍ വൈദ്യരുപദേശിച്ചു. അന്നു മുതല്‍ എരുമപ്പാലു പതിവായി വാങ്ങാറുണ്ട്. കൊച്ചുവര്‍ക്കിച്ചേട്ടന്‍ തന്നെയാണു മിക്കപ്പോഴും എരുമപ്പാലു കൊണ്ടുവന്നു തരാറ്. ഒരു സ്റ്റീല്‍ മൊന്തയില്‍ പാലു കൊണ്ടുവരും. ശാരി അതു വാങ്ങി അകത്തുകൊണ്ടുപോയി പകര്‍ത്തി, മൊന്ത കഴുകിയടച്ചു തിരികെ ഏല്പിയ്ക്കും.

അമ്മയുണ്ടായിരുന്ന കാലത്ത്, മൊന്ത തിരികെക്കിട്ടുന്നതു വരെ അമ്മയുമായി കൊച്ചുവര്‍ക്കിച്ചേട്ടന്‍ സംസാരിച്ചുകൊണ്ടു നില്‍ക്കുമായിരുന്നു. അമ്മ ഓര്‍മ്മ മാത്രമായ ശേഷം കൊച്ചുവര്‍ക്കിച്ചേട്ടന്‍ മുറ്റത്തങ്ങനെ വെറുതേ നില്‍ക്കും. ഞാനുണ്ടെങ്കില്‍ എന്തെങ്കിലും സംസാരിയ്ക്കും.

ഒരു ദിവസം കൊച്ചുവര്‍ക്കിച്ചേട്ടന്‍ പാലു കൊണ്ടുവന്നപ്പോള്‍ ദാ, മുറ്റത്തു നില്‍ക്കുന്നു, കൊച്ചൌസോച്ചേട്ടന്‍! ബദ്ധശത്രുക്കളിരുവരും എന്റെ മുറ്റത്തൊരുമിച്ച്!

പുല്ലു ധാരാളമുള്ളിടത്തു പശുവിനെക്കൊണ്ടുവന്നു കെട്ടിയ ശേഷം, അരമതിലിലുണ്ടായിരുന്ന പത്രമൊന്നു മറിച്ചുനോക്കുകയായിരുന്നു, കൊച്ചൌസോച്ചേട്ടന്‍. എഴുത്തും വായനയും വലുതായൊന്നും അറിയില്ലായിരുന്നെങ്കിലും, തപ്പിത്തപ്പി എന്തെങ്കിലുമൊക്കെ കൊച്ചൌസോച്ചേട്ടന്‍ വായിയ്ക്കുമായിരുന്നു. കൊച്ചുവര്‍ക്കിച്ചേട്ടനും അങ്ങനെ തന്നെ. മറ്റു തിരക്കുകളുണ്ടായിരുന്നതുകൊണ്ട് ഇരുവരും സ്‌കൂളില്‍ അധികക്കാലമൊന്നും കഴിഞ്ഞിരുന്നില്ലല്ലോ.

കൊച്ചൌസോച്ചേട്ടന്‍ പത്രത്തില്‍ ‘തപ്പി’ക്കൊണ്ടിരിയ്ക്കുമ്പോള്‍ കൊച്ചുവര്‍ക്കിച്ചേട്ടന്‍ അകത്തേയ്ക്കു നോക്കി വിളിച്ചു, ‘ശാരിമോളേ’.

ശബ്ദം കേട്ട് കൊച്ചൌസോച്ചേട്ടന്‍ തിരിഞ്ഞു നോക്കിയിട്ടുണ്ടാകും. നോട്ടങ്ങളിടഞ്ഞിട്ടുണ്ടാകും. എന്തോ ദുശ്ശകുനം കണ്ടതുപോലെ ഉടന്‍ എതിര്‍ദിശകളിലേയ്ക്കു തിരിഞ്ഞിട്ടുമുണ്ടാകും.

ഞാനന്ന് അതിരാവിലേ തന്നെ പോയിരുന്നിരിയ്ക്കണം. ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. സംഭവത്തെപ്പറ്റി ഞാനറിയാതെ പോയത് അതുകൊണ്ടാണ്.

വിളികേട്ടു ശാരി വരാന്തയിലേയ്ക്കു വന്നപ്പോളുണ്ട്, ബദ്ധശത്രുക്കളിലൊരാള്‍ കിഴക്കോട്ടു തിരിഞ്ഞു പത്രം വായിയ്ക്കുന്നു; കൈനീട്ടിയാല്‍ തൊടാവുന്ന അകലത്തില്‍ മറ്റെയാള്‍, മൊന്തയുമായി, പടിഞ്ഞാറോട്ടു നോക്കി നില്‍ക്കുന്നു.

ശാരി മൊന്ത വാങ്ങി അകത്തേയ്ക്കു പോയി. പക്ഷേ, മൊന്ത അകത്തുവച്ച് ഉടന്‍ മടങ്ങി വന്നു.

രണ്ടു ‘കൊച്ചു’ങ്ങളും അതേ നില്പു തന്നെ: പുറം തിരിഞ്ഞുള്ള നില്പ്. ആരും പരസ്പരം നോക്കുന്നേയില്ല. അങ്ങനെയൊരാള്‍ തൊട്ടടുത്തു നില്‍ക്കുന്നതായിപ്പോലും ഭാവിയ്ക്കുന്നില്ല.

ശാരി ചവിട്ടിറങ്ങി നേരേ ചെന്നു. പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്നിരുന്ന കൊച്ചുവര്‍ക്കിച്ചേട്ടന്റെ വലതു കൈയില്‍ പിടിച്ചു; കിഴക്കോട്ടു തിരിഞ്ഞു നിന്നിരുന്ന കൊച്ചൌസോച്ചേട്ടന്റേയും വലതു കൈയില്‍ പിടിച്ചു. രണ്ടു കൈകളും ബലമായി കൂട്ടിച്ചേര്‍ത്ത്, ഇരുവരേയും നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു:

‘കര്‍ത്താവു പറഞ്ഞിരിയ്ക്കണത് നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിയ്ക്കാനാ. നിങ്ങള് കൊറേക്കാലം കര്‍ത്താവിന്റെ വചനം മറന്നു ജീവിച്ചു. ഇനി ഈ പിടി വിടരുത്. മുറുക്കിപ്പിടിച്ചോണം രണ്ടുപേരും.’

ശാരി അധികമൊന്നും സംസാരിയ്ക്കാറില്ലെങ്കിലും, അവളുടെ ചില വാക്കുകള്‍ ഒരു തരത്തിലും തള്ളിക്കളയാന്‍ പറ്റാത്ത വിധത്തിലുള്ളതാകാറുണ്ട്. പോരാത്തതിന് അവള്‍ അവരിരുവര്‍ക്കും, അവരുടെ ഭാര്യമാര്‍ക്കു വിശേഷിച്ചും ഇഷ്ടപ്പെട്ടവളും.

കൈകള്‍ കൂട്ടിയോജിപ്പിച്ച്, ശാരി അകത്തേയ്ക്കു കയറിപ്പോകുമ്പോള്‍ രണ്ടുപേരും കൈയും പിടിച്ച് അന്തം വിട്ടു നില്‍ക്കുകയായിരുന്നത്രേ!

വാസ്തവത്തില്‍ രണ്ടുപേരും പാവങ്ങളായിരുന്നു. ശുദ്ധന്മാരും. പക്ഷേ, അതിശുദ്ധന്മാര്‍ അതിദുഷ്ടന്മാരുടെ ഫലം ചെയ്യുമെന്നു കേട്ടിട്ടില്ലേ; അതു തന്നെ.

കഴുകിയ മൊന്തയുമായി ശാരി തിരിച്ചുവന്നപ്പോള്‍, ഒരു കൈയല്ല, രണ്ടു കൈയും മുറുക്കിപ്പിടിച്ചു നിന്നുകൊണ്ട് ഇരുവരും കരയുകയായിരുന്നു.

കൊച്ചൌസോച്ചേട്ടന്റെ മൃതദേഹം ചുമക്കുമ്പോള്‍ പിടി വിട്ടിട്ടില്ലെന്നു കൊച്ചുവര്‍ക്കിച്ചേട്ടന്‍ പറഞ്ഞത്, ഏകദേശം മൂന്നു പതിറ്റാണ്ടോളം നീണ്ടുനിന്നിരുന്ന ശത്രുത മറന്ന്, ഇരുവരും എന്റെ മുറ്റത്തു വച്ചു കൈകള്‍ മുറുക്കിപ്പിടിച്ചതിനെപ്പറ്റിയായിരുന്നു.

ആത്മാക്കള്‍ക്ക് എല്ലാം കാണാനാകും എന്നാണല്ലോ പലരും പറയാറ്. അതില്‍ വാസ്തവമുണ്ടെങ്കില്‍, വാര്‍ദ്ധക്യത്തെ വകവയ്ക്കാതെ കൊച്ചുവര്‍ക്കിച്ചേട്ടന്‍ തന്റെ മൃതദേഹം ചുമന്നതു കൊച്ചൌസോച്ചേട്ടന്റെ ആത്മാവു മുകളിലെവിടെയെങ്കിലുമിരുന്നു കണ്ടിട്ടുണ്ടാകും.

കൊച്ചൌസോച്ചേട്ടന്‍ മരിയ്ക്കുന്നതിന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്, ഒരിയ്ക്കല്‍, അവരിരുവരുമൊരുമിച്ചു നടന്നുപോകുന്നതു കണ്ടിരുന്നു. പരസ്പരം വര്‍ത്തമാനം പറഞ്ഞുകൊണ്ടു തന്നെ നടക്കുന്നു. വാര്‍ഡുതലത്തിലുള്ള ഗ്രാമസഭയില്‍ സംബന്ധിയ്ക്കാന്‍ പോകുകയായിരുന്നു അവരിരുവരും. ഞാനും. ഞാന്‍ സൈക്കിളിലായിരുന്നു.

സാധാരണയായി ശാരിയാണു ഗ്രാമസഭയില്‍ പോകാറ്. അന്നെന്തോ കാരണവശാല്‍ ഞാന്‍ വീട്ടിലുണ്ടായിരുന്നു. അതുകൊണ്ടു ഗ്രാമസഭയില്‍ പോയതു ഞാനായിരുന്നു. അങ്ങനെയാണ് ‘കൊച്ചു’ങ്ങളിരുവരും ഒരുമിച്ചു നടന്നു പോകുന്നതു കാണാനിടയായത്.

പതിറ്റാണ്ടുകളോളം ശത്രുക്കളായിരുന്നവര്‍ എന്ന്, എങ്ങനെ കൂട്ടായി? ഞാനത്ഭുതപ്പെട്ടുപോയി. കുറഞ്ഞൊരു കാലമൊന്നുമല്ലല്ലോ, പതിറ്റാണ്ടുകളല്ലേ, അവരകന്നു കഴിഞ്ഞത്!

ഗ്രാമസഭയില്‍ അവരിരുവരും അടുത്തടുത്ത കസേരകളില്‍ത്തന്നെ ഇരിയ്ക്കുകയും ചെയ്തു.

മുത്തച്ഛന്മാരായിത്തീര്‍ന്നിരിയ്ക്കുന്ന നിലയ്ക്ക്, സ്വയം നല്ല ബുദ്ധി തോന്നി അവര്‍ വീണ്ടും സുഹൃത്തുക്കളായെന്നാണു ഞാനന്നു കരുതിയത്. ശാരിയ്ക്കതിലൊരു പങ്കുണ്ടായിരുന്നെന്നു ഞാന്‍ വിചാരിച്ചിരുന്നേയില്ല. അവളതേപ്പറ്റിയൊന്നും പറഞ്ഞിരുന്നുമില്ല.

‘നീയിത് എന്നോടെന്താ ഇതുവരെപ്പറയാഞ്ഞത്?’ ഞാന്‍ ശാരിയോടു ചോദിച്ചു. അവളെന്നോടു പലതും പറയാറില്ല.

‘കൂടാനുള്ളോരു കൂടി.’ അവള്‍ നിസ്സംഗതയോടെ പറഞ്ഞു. ‘അതെന്താത്ര പറയാനുള്ളത്!’

ശരിയായിരിയ്ക്കണം. നന്മയുള്ളവരായിരുന്നു, കൊച്ചൌസോച്ചേട്ടനും കൊച്ചുവര്‍ക്കിച്ചേട്ടനും. ആര്‍ക്കും ഒരുപദ്രവവും ചെയ്യാത്തവര്‍. എങ്ങനെയോ തമ്മില്‍ കലഹിയ്ക്കാനിടയായി. പഴയ പോലെ സുഹൃത്തുക്കളാകാനുള്ള ആഗ്രഹം അവര്‍ പതിറ്റാണ്ടുകളോളം നെഞ്ചില്‍ കൊണ്ടുനടന്നിരിയ്ക്കണം. അല്ലെങ്കിലവര്‍ ശാരി കൂട്ടിച്ചേര്‍ത്ത കൈകള്‍ പിന്‍വലിച്ചുകളയുമായിരുന്നു.

കാര്യമങ്ങനെയൊക്കെയാണെങ്കിലും, ശാരി ആ കൂടിച്ചേരലിനുള്ള നിമിത്തമായിത്തീര്‍ന്നിരുന്നില്ലെങ്കില്‍ ആ കൈകള്‍ കൂടിച്ചേരുമായിരുന്നോ എന്ന സംശയം ഇന്നുമുണ്ടെനിയ്ക്ക്.

കൊച്ചൌസോച്ചേട്ടന്റെ മകന്‍ സിറിലിന് സംശയമൊന്നുമില്ല; ശാരിച്ചേച്ചി കാരണമാണ് ആ വൈകിയ വേളയിലെങ്കിലും അവര്‍ കൂടിച്ചേര്‍ന്നതെന്ന് അവന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച തെക്കേലെ കല്യാണത്തലേന്നുള്ള ഒത്തുകൂടലില്‍ സിറിലും ഉണ്ടായിരുന്നു. കാരണവന്മാര്‍ രണ്ടുപേരും ദീര്‍ഘകാലവൈരം വെടിഞ്ഞു വീണ്ടും സുഹൃത്തുക്കളായ കഥ സിറില്‍ അവിടെ വച്ചു രസമായിപ്പറഞ്ഞു.

സിറില്‍ പറയുന്നതിനു മുമ്പു തന്നെ അക്കഥ കേട്ടിട്ടുണ്ടായിരുന്നെന്ന് അവിടെയുണ്ടായിരുന്ന പലരും പറഞ്ഞു. നീണ്ട കാലം കീരിയും പാമ്പുമായി കഴിഞ്ഞിരുന്നവര്‍ പെട്ടെന്നൊരു ദിനം യോജിച്ചിരിയ്ക്കുന്നതു കണ്ട് അവരും അത്ഭുതപ്പെട്ടിരുന്നത്രേ! അവരെ കൂട്ടിച്ചേര്‍ത്തതു ശാരിച്ചേച്ചിയായിരുന്നെന്ന് അവരും എന്നെപ്പോലെ പിന്നീടാണറിഞ്ഞത്.

എന്നാല്‍പ്പിന്നെ അക്കാര്യം കടലാസ്സിലാക്കിക്കളയാമെന്നു ഞാന്‍ തീരുമാനിയ്ക്കുകയാണുണ്ടായത്. ഒരിയ്ക്കലും കൂടിച്ചേരില്ലെന്നു തോന്നിപ്പിയ്ക്കുന്നവരെപ്പോലും ചിലപ്പോള്‍ കൂട്ടിച്ചേര്‍ക്കാനാകുമെന്ന് എല്ലാവരും അറിഞ്ഞോട്ടേ. മുറിച്ചിട്ട കോലും ചിലപ്പോഴൊക്കെ ഒന്നായിത്തീര്‍ന്നെന്നു വരാം.

കൊച്ചുവര്‍ക്കിച്ചേട്ടനും ഓര്‍മ്മ മാത്രമായിട്ടു വര്‍ഷങ്ങളായി. ഇന്നിപ്പോള്‍ രണ്ടു ‘കൊച്ചു’ങ്ങളും ഒരുമിച്ചിരിപ്പുണ്ടാകും; അങ്ങു മുകളില്‍. വേര്‍പെടുത്താന്‍ വേലികളില്ലാത്തിടത്ത്.

(ഈ കഥ തികച്ചും സാങ്കല്പികമാണ്.)