വിദ്യഭ്യാസ വായ്പ; കുത്തുപാളയെടുക്കും മുമ്പെ..

407

01

വിദ്യഭ്യാസ വായ്പയെന്ന് കേട്ടപാതി കേള്‍ക്കാത്ത പാതി ബാങ്കിലേക്ക് ഓടുന്ന വിദ്യാര്‍ത്ഥി-രക്ഷിതാക്കള്‍ ഈ കഥനകഥയൊന്നു വായിക്കുന്നത് നന്നായിരിക്കും.

കോഴിക്കോട് ജില്ലയിലെ നാദാപുരത്തെ മലയോരമേഖലയായ വിലങ്ങാട് സ്വദേശി നാഗത്തിങ്കല്‍ ജോസഫ് എന്ന കര്‍ഷകനെ ‘വിദ്യഭ്യാസ വായ്പ’ ഇരുമ്പഴിക്കുള്ളില്‍ അടച്ചിരിക്കുകയാണ്.

മകള്‍ ഷെറിന്‍ ജോസഫിന് ബാംഗഌരുവില്‍ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി എന്ന കോഴസിന് പഠിക്കാന്‍ വേണ്ടി 2004ല്‍ ചീക്കോന്ന് എസ്.ബി.ടി ശാഖയില്‍ നിന്നും 1.25ലക്ഷം രൂപ വിദ്യാഭ്യാസ വായ്പാ സ്‌കീം പ്രകാരം ലോണ്‍ എടുത്തിരുന്നു. 3വര്‍ഷത്തെ കോഴ്‌സിനു ശേഷം തിരുവനന്തപുരത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി നേടുകയും ചെയ്ത ഷെറിനു പ്രതിമാസ ശമ്പളം കേവലം 2000 രൂപ മാത്രമായിരുന്നു ലഭിച്ചിരുന്നത്!. തളിപ്പറമ്പ് സ്വദേശി ഷൈജുവിനെ വിവാഹം കഴിച്ച ഷെറിന് ഇരട്ടക്കുട്ടികള്‍ പിറക്കുകയും ചെയ്തതോടെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. കൂലിപ്പണിക്കാരനായ ഭര്‍ത്താവിന് ലഭിക്കുന്ന തുഛവേദനവുമായിരുന്നു പിന്നീട് കുടുംബത്തെ മുന്നോട്ട് നയിച്ചത്. 82കാരനായ അച്ഛനാകട്ടെ ഇടിഞ്ഞ് പൊളിഞ്ഞു വീഴാറായ വീട്ടില്‍ വാര്‍ദ്ധക്യരോഗത്താല്‍ തളര്‍ന്നിരിക്കുയും ചെയ്യുന്നു. ഈ ദയനീയ അവസ്ഥയിലാണ് പത്ത് വര്‍ഷം മുമ്പെടുത്ത വിദ്യഭ്യാസ ലോണ്‍ ഇടുത്തീ പോലെ അച്ഛന്‍ ജോസഫിന്റെ തലയില്‍ വീഴുന്നത്.

മകള്‍ക്ക് വേണ്ടി എടുത്ത ഒന്നേകാല്‍ ലക്ഷം രൂപ പലിശയോടെ മൂന്ന് ലക്ഷം രൂപ തിരിച്ചടക്കാന്‍ വടകര സബ്‌കോടതി ആവശ്യപ്പെട്ടു. കൂലിപ്പണിക്കാരനായ ഭര്‍ത്താവിനും വൃദ്ധപിതാവിനെകൊണ്ടും ഈ തുക തിരിച്ചടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ തന്ത്രപരമായി ജോസഫിനെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുകതിരിച്ചടക്കാത്ത പക്ഷം കോടതി മൂന്ന് മാസത്തെ ജയല്‍ ശിക്ഷ വിധിക്കുകയും ചെയ്തു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ വിദ്യഭ്യാസ വായ്പയെ പ്രോത്സാഹിപ്പിക്കുന്ന പാശ്ചതലത്തിലാണ് ഈ മനുഷ്യത്വരഹിത നടപടിയെന്നത് ശ്രദ്ധേയമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പെടുത്ത വിദ്യഭ്യാസ വായ്പ ഗതികേട്‌കൊണ്ടുമാത്രം തിരിച്ചടക്കാന്‍ കഴിയാതെപോയ എണ്‍പത്തിരണ്ടുകാരനായ കര്‍ഷകനെ ജയിലിലടച്ച സംഭവം പരക്കെ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്.