വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ ഹിഡണ്‍ അജണ്ട

200

1

നിരൂപണം ഒരു കലയാണോ ? സിനിമയുടെ കാര്യത്തില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ ആവിര്‍ഭാവത്തോടെ ചിത്രം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നിരൂപണങ്ങള്‍ ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളില്‍ പ്രത്യക്ഷപെടുന്നു . ഒരുപാടു പേരുടെ അധ്വാനത്തിന്റെ ഫലമായി പുറത്ത് വരുന്ന ഒരു ചലച്ചിത്രത്തെ ഒരു നിരൂപകന്റെ കണ്ണിലൂടെ നോക്കിക്കാണുന്നതിനു ആ സ്ര്യഷ്ടിയുടെ പുറകിലുള്ള അത്രയും അദ്ധ്വാനം ആവശ്യമില്ല എന്ന് തോന്നുന്നു. ഇവിടത്തെ മിക്ക സംവിധായകരും സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് നിരൂപക ബുദ്ധിജീവികള്‍ കുത്തിയിരുന്നു കണ്ടു പിടിക്കുന്നത്. ഒരു സിനിമ എടുക്കുമ്പോള്‍ , അല്ലെങ്കില്‍ ഒരു വിദേശ സിനിമയില്‍ നിന്നും പകര്‍ത്തി വക്കുമ്പോള്‍ ഇവിടത്തെ പാവപ്പെട്ട സംവിധായക പ്രതിഭകളോ തിരക്കഥാക്ര്യത്തുക്കളോ ചിന്തിക്കുക പോലും ചെയ്യാതിരുന്ന സംഗതികളാണ് ഇവര്‍ കണ്ടുപിടിച്ചു കളയുന്നത്.

എങ്ങനെയെങ്കിലും തങ്ങളുടെ ചിത്രം വിജയിക്കണം എന്ന വിനീതമായ ആഗ്രഹം മാത്രമാണ് ഒരു സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ഉള്ളില്‍ . ചിത്രം ഇറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ഓണ്‍ ലൈന്‍ മാധ്യമങ്ങളില്‍ പുറത്ത് വരുന്ന ബൌദ്ധിക അവലോകനങ്ങള്‍ വായിക്കുമ്പോഴാണ് സത്യത്തില്‍ സിനിമ ബോക്സ് ഓഫീസില്‍ തകര്‍ന്നപ്പോള്‍ ഉണ്ടായതിനേക്കാള്‍ വലിയ തലകറക്കം നിര്‍മാതാവിനുള്‍പ്പെടെ ഉണ്ടാകുന്നത് .മലയാള സിനിമയില്‍ ഒരു പക്ഷെ ഒരു അടൂരിന്റെയോ അരവിന്ദന്റെയോ (അല്ലെങ്കില്‍ അതുപോലെ ഗ്ളോറിഫൈ ചെയ്യപ്പെട്ട സംവിധായകരുടെ ) ചിത്രങ്ങളില്‍ മാത്രമായിരിക്കും ഈ നിരൂപകര്‍ കാണുന്ന രീതിയില്‍ സിനിമയില്‍ ബിംബങ്ങളും മറ്റു ആശയങ്ങളും ഉപയോഗിചിരിക്കാന്‍ ഇടയുള്ളൂ എന്ന് തോന്നുന്നു .ഇന്നുള്ള 99 ശതമാനം സംവിധായകരും ബോക്സ് ഓഫീസിലെ പണക്കിലുക്കം മാത്രമാണ് ലക്ഷ്യമിടുന്നത് എന്നിരിക്കെ അവര്‍ ചിന്തിക്കാന്‍ ഇടയില്ലാത്ത അല്ലെങ്കില്‍ അവരുടെ സിനിമകള്‍ അര്‍ഹിക്കാത്ത ഒരു തലത്തിലേക്ക് അവയെ കൊണ്ട് ചെന്നെത്തിക്കാനെ ഇത്തരം ബുദ്ധിജീവി നിരൂപണങ്ങള്‍ സഹായിക്കുന്നുള്ളൂ . ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധന്റെ പാടവത്തോടെ നിരൂപകര്‍ തങ്ങളുടെ ചിത്രങ്ങളെ കീറി മുറിച്ചു ഓരോ സീനും എടുത്തു കാട്ടി അതിനെയൊക്കെ നിര്‍വചിക്കുന്നതു കണ്ടു കണ്ണും തള്ളിയിരിക്കുന്നവരുടെ ദയനീയമായ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ .അര്‍ഹിക്കുന്നതില്‍ കൂടുതല്‍ മഹത്വം തന്നില്‍ ആരോപിക്കപ്പെടുന്നവന്റെ അവസ്ഥ .തികച്ചും ഭയാനകം . മറ്റു ചില വിമര്‍ശകര്‍ക്ക് വിമര്‍ശനം ഒരു രോഗം തന്നെയാണ് .പലപ്പോഴും തങ്ങളുടെ മുന്നില്‍ ഉള്ള സ്ര്യഷ്ടിയെ വിലയിരുത്തുന്നതിന് പകരം തങ്ങളുടെ ക്ളാസ് മറ്റുള്ളവര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുക എന്ന ഹിഡണ്‍ അജണ്ട നടപ്പാക്കുകയാണ് വിമര്‍ശക ബുദ്ധിജീവികള്‍ ചെയ്യുന്നത് .ഒരു സ്ര്യഷ്ടിയെ ടേബിളില്‍ കിടത്തി കത്തി കൊണ്ട് കീറി മുറിക്കുന്നവര്‍ക്ക് അത് പോലെ ഒരെണ്ണം ഉണ്ടാക്കാന്‍ കഴിയുമോ എന്ന ചോദ്യം ബാലിശം ആയതു കൊണ്ട് മാത്രം ഒഴിവാക്കുന്നു .ഒരു അഭിപ്രായം എങ്ങാനും ഒരാള്‍ പറഞ്ഞു പോയാല്‍ മുട്ടാപ്പോക്ക് ന്യായങ്ങള്‍ നിരത്തി വച്ച് അത് തെറ്റാണെന്ന് വ്യഖ്യാനിച്ചെടുക്കുന്ന അതെ ഐഡിയോളജി തന്നെയാണ് പല നിരൂപകരും പിന്‍തുടരുന്നത് .നിരൂപണം തീര്‍ച്ചയായും ജെനുവിന്‍ ആയിരിക്കണം.നിരൂപണം കൊണ്ട് ഒരു സിനിമയുടെ ,അല്ലെങ്കില്‍ സാഹിത്യ സ്ര്യഷ്ടിയുടെ സ്രഷ്ടാവിനു ഗുണപരമായ എന്തെങ്കിലും നേട്ടം ഉണ്ടാകണം.ശരാശരി നിലവാരം പോലും പുലര്‍ത്താത്ത ചിത്രങ്ങള്‍ തീര്‍ച്ചയായും വിമര്‍ശിക്കപ്പെടേണ്ടവ തന്നെയാണ് .

നിരൂപണം പോലെ തന്നെ അടിസ്ഥാനമില്ലാത്ത വിമര്‍ശനങ്ങളും ഗുണത്തെക്കാളേറെ ദോഷം തന്നെയാണ് ചെയ്യുനത് .നിലവാരമില്ലാത്ത ഒരു സ്ര്യഷ്ടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നതു ഒരു പരിധി വരെ മനസ്സിലാക്കാം . ഒരു പുതുമുഖത്തിന്റെ സ്ര്യഷ്ടിയെ ഇനിയവന്‍ അല്ലെങ്കില്‍ അവള്‍ ഒരിക്കലും എഴുതരുത് അല്ലെങ്കില്‍ അങ്ങനെയൊരു സ്ര്യഷ്ടി ഇനിയവര്‍ നടത്തരുത് എന്ന ലക്‌ഷ്യം മനസ്സില്‍ വച്ച് വിമര്‍ശിച് ഇല്ലാതാക്കുക എന്ന പ്രവര്‍ത്തി തടയപ്പെടെണ്ടതാണ് . .മോശമായ ഒരു സംഗതിയെ വിമര്‍ശിക്കാന്‍ പാടില്ല എന്നല്ല ,വിമര്‍ശനം ഗുണപരമായിരിക്കണം .താരങ്ങളുടെ ആരാധകര്‍ ചിത്രം റിലീസ് ആകുന്ന അന്ന് തന്നെ ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്യുന്ന വിമര്‍ശനങ്ങളെ പറ്റി പറയാതിരിക്കുകയാണ് ഭേദം.അവര്‍ക്കിത് പരസ്പരം ചെളി വാരിയെറിയാനുള്ള ഒരു ഉപാധി മാത്രം .രാഷ്ട്രീയപരമായ അല്ലെങ്കില്‍ ആശയപരമായ ഭിന്നതകള്‍ ചിലപ്പോള്‍ വിമര്‍ശനങ്ങളുടെ തീവ്രത കൂട്ടാറുണ്ട് .അടുത്തിടെ പുറത്തിറങ്ങിയ മുരളി ഗോപിയുടെ “ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ” എന്ന ചിത്രം ഇത്തരത്തില്‍ രൂക്ഷവിമര്‍ശനം നേരിട്ട ചിത്രമാണ് . പ്രത്യക്ഷത്തില്‍ ഇടതു പക്ഷ രാഷ്ട്രീയത്തെ ശക്തമായ വിമര്‍ശനമനോഭാവത്തോടെ തന്നെ നോക്കികണ്ട ചിത്രമായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് .ആശയപരമായും മറ്റും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നേരിട്ട മൂല്യച്യുതി അടിവരയിട്ട് പറഞ്ഞു വക്കുകയാണ് മുരളി ഗോപിയുടെ ചിത്രം .സമകാലീന ഇടതുപക്ഷ രാഷ്ട്രീയത്തിലെ കരുത്തരായ രണ്ട് നേതാക്കളുടെ പ്രതിരൂപങ്ങള്‍ ചിത്രത്തില്‍ വ്യക്തമായി അവതരിപ്പിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത് .തിരക്കഥാക്ര്യത്ത് കൂടിയായ നടന്‍ മുരളി ഗോപിയുടെ രാഷ്ട്രീയം ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടു .അദ്ദേഹത്തിന്‍റെ പിതാവായ കാല യവനികയില്‍ മറഞ്ഞ മഹാനടന്‍ ഭരത് ഗോപിയുടെ പേര് പോലും വലിച്ചിഴക്കപ്പെട്ടു .മുരളി ഗോപിക്ക് വ്യക്തമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടെന്നത് സത്യമാണ് .കാവിയോടടുത്തു നില്‍ക്കുന്ന മുരളി ഗോപിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഈ ചിത്രത്തിന്റെ നിലപാടുകള്‍ക്ക് ഒരു കാരണമായിട്ടുണ്ടോ എന്നത് ചര്‍ച്ച ചെയ്യുന്നതിന് മുന്നേ തന്നെ കലാകാരന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ നമ്മള്‍ പരിഗണിക്കണം .കേവലം ഒരു ചലച്ചിത്രത്തിനു മഹത്തായ പാരമ്പര്യമുള്ള ഇടതുപക്ഷ ആശയങ്ങളെയോ പ്രസ്ഥാനത്തെയോ ഒന്നും ചെയ്യാനാകില്ല എന്ന സത്യം മനസ്സിലാക്കാതെ അസഹിഷ്ണുതയോടെ പെരുമാറുന്നത് ചോദ്യം ചെയ്യപ്പെടെണ്ടതാണ് . ഇടതു പക്ഷത്തിനു ആധിപത്യമുള്ള ചില പ്രദേശങ്ങളില്‍ അപ്രഖ്യാപിത വിലക്ക് വരെ നേരിടുകയാണ് ഈ ചിത്രം .

റിലീസിന് തയ്യാറെടുക്കുന്ന ബ്ളസ്സിയുടെ “കളിമണ്ണ് ” ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചാ വിഷയമായ ചിത്രമാണ് .ശ്വേത മേനോന്‍ എന്ന നടിയുടെ പ്രസവ രംഗങ്ങള്‍ ലൈവ് ആയി ചിത്രീകരിച്ചത് ഉയര്‍ത്തി വിട്ട വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല .ഗര്‍ഭിണിയായ ഒരു സ്ത്രീയും അവരുടെ കുട്ടിയും തമ്മില്‍ പ്രസവത്തിനു മുന്‍പും അതിനു ശേഷവും ഉള്ള ബന്ധത്തെ വരച്ചു കാട്ടുന്നതാണ് ഇതിന്റെ പ്രമേയം .എന്താണ് ചിത്രത്തിലുള്ളത് എന്നറിയുന്നതിനു മുന്‍പേ തന്നെ സദാചാരവാദികള്‍ പടവാളുമായി രംഗത്തെത്തി. .ഒരു സിനിമയില്‍ എന്തൊക്കെ ചിത്രീകരിക്കപെടാം എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ തീര്‍ച്ചയായും ആവശ്യമാണ്‌ .നാലാംകിട സോഫ്റ്റ് കോര്‍ ചിത്രങ്ങള്‍ പോയി കാണുന്നവര്‍ മുന്‍ വിധിയോടെ ഇത്തരമൊരു ചിത്രത്തിനെതിരെ പ്രതികരിക്കുന്നത് അദ്ഭുതകരമായി തോന്നി .ചിത്രത്തിനു വേണ്ടി തന്റെ പ്രസവ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയ ശ്വേതയും ശക്തമായി വിമര്‍ശിക്കപ്പെട്ടു .ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വരെ ഈ വിവാദം ഏറ്റു പിടിച്ചു .അടുത്തെങ്ങും ഒരു ചിത്രത്തിനും കിട്ടാത്ത രീതിയില്‍ വന്‍ പ്രീ -പബ്ളിസിറ്റിയാണ് ഈ വിവാദങ്ങള്‍ കളിമണ്ണിനു നല്‍കിയിരിക്കുന്നത് . മലയാള സിനിമയുടെ മുന്നോട്ടുള്ള പോക്കിന് വിഘാതമാകുകയാണോ ഇത്തരം അനാവശ്യ വിവാദങ്ങള്‍ ?മലയാളത്തില്‍ നല്ല സിനിമകള്‍ ഉണ്ടാകുന്നില്ലെന്ന് ചാനല്‍ ചര്‍ച്ചകളില്‍ ഘോര ഘോരം പ്രസംഗിച്ചവര്‍ ഒഴിമുറി ,ഈ അടുത്തകാലത്ത് ,നിദ്ര ,അരികെ തുടങ്ങിയ നല്ല ചിത്രങ്ങള്‍ വന്നപ്പോള്‍ അവയ്ക്ക് നേരെ മുഖം തിരിച്ചു നിന്ന് ഇരട്ടത്താപ്പ് കാട്ടി .അവര്‍ക്കും വേണ്ടത് മായാമോഹിനിയും ട്രിവാന്‍ഡ്രം ലോഡ്ജുമായിരുന്നു .തലയില്‍ മുണ്ടിട്ടു ഈ ചിത്രങ്ങള്‍ കാണാന്‍ പോയതിനു ശേഷം വീണ്ടും അവര്‍ മലയാള സിനിമയുടെ നിലവാര തകര്‍ച്ചയെകുറിച്ച് പ്രസംഗിച്ചു . റേപ്പ് കേസിലെ ഇരയുടെ ദൈന്യതയെകുറിച്ച് ഫേസ് ബുക്കില്‍ തുടരെ തുടരെ പോസ്റ്റുകള്‍ ഇട്ട ശേഷം അതെ സംഭവത്തിന്റെ വീഡിയോക്ക് വേണ്ടി പോണ്‍ സൈറ്റുകളില്‍ സെര്‍ച്ച് ചെയ്യുന്ന അതേ പിതൃ ശൂന്യത ..

കമലിന്റെ “സെല്ലുലോയിഡ് ” ഒരുപാട് വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയ ചിത്രമാണ്‌ .മണ്മറഞ്ഞ രാഷ്ട്രീയ ആചാര്യന്‍ കെ .കരുണാകരനെതിരെയുള്ള പരാമര്‍ശങ്ങള്‍ കമലിനെയും ചിത്രത്തെയും മുള്‍മുനയില്‍ നിര്‍ത്തി .ചിത്രം കാണുന്നതിനു മുന്നേ തന്നെ മുന്‍ വിധിയോടെ ആക്രമണം നടത്തിയവരായിരുന്നു പലരും .രൂക്ഷമായ രീതിയില്‍ വിമര്‍ശനം അഴിച്ചു വിട്ട കരുണാകരന്റെ പുത്രന്‍ കെ.മുരളീധരന്‍ പക്ഷെ ചിത്രം കണ്ടതിനു ശേഷം തന്റെ നിലപാട് മാറ്റുകയും വിവാദം പതിയെ കെട്ടടങ്ങുകയും ചെയ്തു .അംഗീകരിക്കപെടാതെ വിസ്മ്ര്യതിയില്‍ മറഞ്ഞ മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രകാരന്റെ ജീവിതം പച്ചയായി വരച്ചു കാട്ടുകയായിരുന്നു കമല്‍ മലയാളത്തിനു സമ്മാനിച്ച ഈ ക്ളാസിക് ചിത്രം . മലയാള സിനിമയുടെ പിതാവ് എന്ന് വിശേഷിക്കപ്പെടെണ്ട ജെ .സി ഡാനിയേല്‍ എങ്ങനെ ചരിത്രത്തില്‍ നിന്നും നിഷ്കാസിതനായി എന്ന് പ്രേഷകര്‍ക്ക് കാട്ടിതന്ന ചിത്രം പക്ഷെ ചിലര്‍ക്ക് ദഹിച്ചില്ല .കാലത്തിന്റെ ചവറ്റുകൊട്ടയില്‍ പൊടിപിടിച്ചു കിടന്ന യാഥാര്‍ത്യങ്ങള്‍ ഒരു ചലച്ചിത്രകാരന്‍ വെളിയില്‍ കൊണ്ട് വന്നപ്പോള്‍ സത്യത്തിന്റെ നേരെ പിടിച്ച കണ്ണാടി തച്ചു തകര്‍ക്കാനായിരുന്നു അവരുടെ ശ്രമം .ചായകോപ്പയിലെ കൊടുങ്കാറ്റിനു ആയുസ്സ് കുറവാണു എന്ന സത്യം ഒരിക്കല്‍ കൂടി വെളിവായി എന്നത് മാത്രമാണ് ഇത് കൊണ്ടുണ്ടായ ഒരു ഗുണം .

മോഹന്‍ലാലിനെ പ്രത്യക്ഷമായി തന്നെ കളിയാക്കികൊണ്ട് ശ്രീനിവാസന്റെ തിരക്കഥയില്‍ ഇറങ്ങിയ ചിത്രം ലാലിന്റെ ആരാധകരുടെ ശക്തമായ എതിര്‍പ്പുകള്‍ നേരിട്ടിരുന്നു .സറ്റയര്‍ എന്ന പേരില്‍ ഇറങ്ങിയ ചിത്രത്തിനു അതിന്റെ മുന്‍ഗാമിയായ “ഉദയനാണ് താരത്തിന്റെ” ഉദ്ദേശ്യശുദ്ധി ഉണ്ടായിരുന്നില്ല .ശ്രീനിവാസന്റെ അല്പം അതിര് കടന്ന വിമര്‍ശനങ്ങളുടെ പേരില്‍ അദ്ദേഹത്തെ ചിലര്‍ ഭീഷണിപ്പെടുത്തുക വരെ ഉണ്ടായി എന്നത് ഞെട്ടിപ്പിക്കുന്നതായിരുന്നു .മോഹന്‍ലാലോ ,മമ്മൂട്ടിയോ ,പിണറായി വിജയനോ ഒന്നും ഇവിടെ വിമര്‍ശിക്കപ്പെടാന്‍ പാടില്ല ,അല്ലെങ്കില്‍ അവരെല്ലാം വിമര്‍ശനങ്ങള്‍ക്ക് അതീതരാണ് എന്നൊരു ചിന്താഗതി വച്ച് പുലര്‍ത്തുന്ന കുറെ പേര്‍ നമ്മുടെ പരിഷ്ക്ര്യത സമൂഹത്തിലുണ്ട് എന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല .സ്തുതിപാഠകരുടെ ഇടയില്‍ ജീവിതം വെറുതെ ജീവിച്ച് തീര്‍ക്കുന്നവര്‍ക്ക് വിമര്‍ശനങ്ങള്‍ ദഹിക്കാന്‍ വളരെ ബുദ്ധിമുട്ടാണ് .വിമര്‍ശനങ്ങള്‍ അവരെ പെട്ടെന്ന് അസ്വസ്ഥരാക്കുന്നു .അവര്‍ ജീവിക്കുന്ന മൂഢ സ്വര്‍ഗത്തിലേക്ക് സത്യത്തിന്റെ പച്ചയായ ഗന്ധം കടന്നു ചെല്ലാന്‍ വളരെ ബുദ്ധിമുട്ടാണ് .വിമര്‍ശനങ്ങള്‍ തെറ്റുകള്‍ തിരുത്താനുള്ള ഒരു അവസരമാണ് എന്ന് എന്നാണിവര്‍ മനസിലാക്കുക ? ജയ്‌ വിളികള്‍ മാത്രം കേട്ട് ശീലിച്ച കാതുകളില്‍ എതിര്‍പ്പിന്റെ ഒരു സ്വരം മുഴങ്ങിയാല്‍ അതിനെ എങ്ങനെ ഇല്ലാതാക്കും എന്നാണവരുടെ ചിന്ത.ഒറ്റപ്പെടുത്തുക ,കൂട്ടമായി ആക്രമിക്കുക ,ഇല്ലാതാക്കുക എന്നീ ഘട്ടങ്ങളിലൂടെയാണ് വിയോജിപ്പിന്റെ സ്വരങ്ങളെ നേരിടുന്നത് .ഒരു പരിഷ്ക്ര്യത സമൂഹത്തില്‍ ആണിതൊക്കെ നടക്കുന്നത് എന്നത് തീര്‍ത്തും ലജ്ജാവഹം തന്നെ.ഇത്തരം സമീപനങ്ങള്‍ തിരുത്തപ്പെടെണ്ടതാണ് .പൊതു സമൂഹം അതിനു തയ്യാറാകേണ്ടിയിരിക്കുന്നു.