വിവാഹിതര്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് തങ്ങളുടെ മൂന്നാം വര്‍ഷത്തിലെന്ന്‍ പഠന റിപ്പോര്‍ട്ട്‌

0
464

1

ആദ്യത്തെ ആക്രാന്തം പിന്നെ കാണില്ല എന്നൊരു ചൊല്ല് നമ്മുടെ ഇടയില്‍ പ്രത്യേകിച്ച് വിവാഹിതരായവര്‍ പുതുതായി വിവാഹം കഴിക്കാന്‍ പോകുന്നവരെ ഉപദേശിക്കാറുണ്ട്. ആദ്യത്തെ ഒരു വര്‍ഷം മാത്രമാണോ അവര്‍ തമ്മിലുള്ള സ്നേഹക്കൂടുതല്‍ നില നില്‍ക്കുക? ഒരു കുട്ടി ആയിക്കഴിഞ്ഞാല്‍ പിന്നെ എല്ലാം കഴിഞ്ഞുവോ? ഇങ്ങനെ പല കാര്യങ്ങളും നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ അതിലൊന്നും യാതൊരു വിധത്തിലുള്ള യാഥാര്‍ത്ഥ്യവും ഇല്ലെന്നും ദമ്പതികള്‍ ഏറ്റവുമധികം സന്തോഷത്തോടെയിരിക്കുന്നത് വിവാഹശേഷമുള്ള മൂന്നാമത്തെ വര്‍ഷമാണെന്നുമാണ് 2000 ബ്രിട്ടീഷ് ദമ്പതിമാരില്‍ നടത്തപ്പെട്ട പഠനത്തില്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്. ദാമ്പത്യ ബന്ധത്തില്‍ ഏറ്റവുമധികം പ്രശ്നങ്ങള്‍ ഉരുണ്ടു കൂടുന്നത് അവരുടെ വിവാഹത്തിന്റെ അഞ്ചാം വര്‍ഷം ആണെന്നും ഈ പഠനത്തില്‍ തെളിയിക്കപ്പെട്ടു.

ഇവരുടെ ബന്ധത്തിന്റെ ആദ്യ വര്‍ഷം ആക്രാന്തത്തിന്റെ വര്‍ഷമാണ്‌. ഹണിമൂണ്‍ ട്രിപ്പും ലൈംഗികതയും ഒക്കെയായി സന്തോഷകരമായ ജീവിതം ആയിരിക്കും രണ്ടു പേരും നയിക്കുക. ബന്ധം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതോടെ രണ്ടു പേരും പരസ്പരം മനസ്സിലാക്കിയുള്ള ജീവിതം ആയിരിക്കും. ആദ്യ വര്‍ഷത്തെ ചെറിയ പിണക്കങ്ങള്‍ രണ്ടാം വര്‍ഷത്തില്‍ കാണില്ല. പരസ്പരം വിട്ടു വീഴ്ച ചെയ്തായിരിക്കും ജീവിതം. ആ വര്‍ഷം തന്നെയാണ് ഒരു വീടിനെ കുറിച്ചും കുട്ടികളെ കുറിച്ചും അവര്‍ ചിന്തിക്കുക. രണ്ടു പേരും ജോലി ചെയ്യുന്നവര്‍ ആണെങ്കില്‍ ഓരോ ദിനവും രാത്രികള്‍ പരസ്പരം അതാത് ദിവസങ്ങളിലെ അനുഭവങ്ങള്‍ അവര്‍ പങ്കു വെക്കും.

നാലാം വര്‍ഷം ആകുമ്പോഴേക്കും കുട്ടി ജനിക്കും. കുട്ടിയുടെ കാര്യത്തില്‍ ആകും അപ്പോള്‍ അവരുടെ ശ്രദ്ധ. കുട്ടിക്ക് അസുഖം വരുമ്പോള്‍ ആശുപത്രി, കുട്ടിയുടെ വസ്ത്രങ്ങള്‍, ഭക്ഷണം അങ്ങിനെ ഓരോന്ന് ചിന്തിച്ചു ആ വര്‍ഷം തീരും. അഞ്ചാം വര്‍ഷം ആകുമ്പോള്‍ ആയിരിക്കും ജീവിതച്ചെലവ് കൂടുന്നത് ഭര്‍ത്താവു ശ്രദ്ധിക്കുക. അതോടെ ജോലിയില്‍ ഓവര്‍ടൈം ചെയ്യേണ്ടി വരും. ചിലപ്പോള്‍ പ്രതീക്ഷിച്ച ശമ്പളം ഉണ്ടാകില്ല. ക്ഷീണമാകും, സങ്കടമാകും. പരസ്പരം നല്ലപോലെ അറിഞ്ഞു തുടങ്ങിയതോടെ ദേഷ്യം വരുന്ന സമയത്ത് ഓരോരുത്തരുടെയും തെറ്റുകള്‍ കണ്ടെത്തി കുറ്റം പറച്ചിലായി, ദാമ്പത്യജീവിതം കടുകട്ടിയാകും. ഇക്കാലത്താണ് ‘നല്ല കുടുംബജീവിതത്തിനു വേണ്ട ഉപദേശങ്ങള്‍ തേടി ഭൂരിപക്ഷം ദമ്പതിമാരും കൗണ്‍സിലിങ് കേന്ദ്രങ്ങള്‍ കയറിയിറങ്ങിത്തുടങ്ങുക എന്നാണ് ഈ പഠന റിപ്പോര്‍ട്ട് പറയുന്നത്.

ഇങ്ങനെ സുഖങ്ങളും ദുഖങ്ങളും ഒക്കെയായി ആദ്യത്തെ ഏഴു വര്‍ഷം പിന്നിട്ടു കഴിഞ്ഞാല്‍ പിന്നെ ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങളുടെ ഏറ്റവും അവസാനത്തെ കടമ്പയും ചാടിക്കടന്നു കഴിഞ്ഞെന്നും പഠനം പറയുന്നു. പിന്നെയങ്ങോട്ട് എല്ലാവിധ അഡ്ജസ്റ്റുമെന്റുകളുമായി ജീവിക്കാന്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും പ്രയാസമുണ്ടാകില്ല. ഇരുവരുടെയും ജീവിതചര്യകളിലെ വ്യത്യാസങ്ങള്‍, സെക്‌സ് താല്പര്യങ്ങള്‍, സാമൂഹിക മനോഭാവത്തിലെ വ്യത്യാസം ഇവയാണ് ആദ്യത്തെ വര്‍ഷങ്ങളില്‍ പ്രധാന പ്രശ്‌നങ്ങളാകുന്നതെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും പറഞ്ഞത്.

സര്‍വ്വേയില്‍ പങ്കെടുത്ത മിക്കവരും പറഞ്ഞത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം കല്യാണനാളാണെന്നാണ്.