Share The Article

Untitled-1

വിവാഹ ആര്‍ഭാടത്തിനും ധൂര്‍ത്തിനും എതിരെ സമുദായ നേതാക്കള്‍ ഒന്നിച്ചു. ഇനി മുസ്ലീം സമുദായത്തില്‍ അത്തരമൊരു ധൂര്‍ത്ത് നടത്താന്‍ ഈ ‘ഐക്യമുന്നണി’ സമ്മതിക്കില്ലത്രെ. ഈ അവസരത്തില്‍ സമുദായ സംഘടനളോടോന്നു ചോദിക്കട്ടെ, വിവാഹ ധൂര്‍ത്ത് മാത്രമാണോ ഇന്ന് സമുദായം നേരിടുന്ന വെല്ലു വിളി ?

സമുദായസംഘടനകള്‍ വര്‍ഷാവര്‍ഷം മത്സരിച്ചു നടത്തുന്ന സമ്മേളനങ്ങളില്‍ പൊടിക്കുന്ന പണത്തിനു വല്ല കണക്കുമുണ്ടോ. ഇത് മൂലം എന്ത് നേട്ടമാണ് സമുദായത്തിനു കിട്ടുന്നത്. തങ്ങളുടെ സംഘടനയുടെ ശക്തിയും ആള്‍ ബലവും കാണിക്കാം എന്നല്ലാതെ മറ്റോരു നേട്ടവും സമുദായത്തിനൊ സംഘടനക്കോ ഇല്ല എന്നത് പരമാര്‍ത്ഥം . ചില സംഘടനാ നേതാക്കള്‍ക്ക് ഇടയ്ക്കിടയ്ക്ക് മാനവികത ഉണര്‍ത്താനും,കേരളത്തെ രക്ഷിക്കാനും വിവിധ പേരുകളില്‍ കേരളത്തിന്റെ ഇങ്ങേ അറ്റം മുതല്‍ അങ്ങേ അറ്റം വരെ യാത്ര നടത്തണം. യാത്ര ചെയ്യാന്‍ ശീതീകരിച്ച വാഹനം നിര്‍ബന്ധം വിത്ത് ഫാന്‍സി നമ്പര്‍. ഇതൊന്നും ആര്‍ഭാടമല്ലേ ഇതെന്തുകൊണ്ട് ധൂര്‍ത്താവുന്നില്ല. ഇതൊക്കെ അണികളില്‍ നിന്നും പിരിഞ്ഞു കിട്ടുന്ന പണമായതിനാലാണോ ആര്‍ഭാടമല്ലതവുന്നത്. സത്യത്തില്‍ ഇതൊക്കെ സ്വന്തം അണികളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുകയല്ലേ. കേരളത്തിലെ ആരാധനാലയങ്ങള്‍ എന്തിനു സൗദി മോഡലില്‍ സണ്‍ ഷേയ്ഡ് പോലുമില്ലാതെ നിര്‍മിക്കുന്നു. കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമല്ലാത്ത രീതിയില്‍ നിര്‍മിക്കുകയും പിന്നീട് ഒരു മഴക്കാലം വരുംപോഴേക്കും പാവം വിശ്വാസികളില്‍ നിന്ന് പിരിവെടുത്തു അറ്റക്കുറ്റപ്പണി എടുക്കേണ്ട ഗതിയും വരുന്നു. മത്സരിച്ചു പണിയേണ്ട ഒന്നാണോ ഈ ആരാധനാലയങ്ങള്‍. എന്റെ നാട്ടിലെ ഒരങ്ങാടിയില്‍ 50 മീറ്റര്‍ ചുറ്റളവില്‍ ഒരു സ്രാംബിയയയും രണ്ടു വലിയ പള്ളികളുമുണ്ട് . ഇങ്ങനെ മത്സരിച്ചു പള്ളികള്‍ പണിയുന്നത് ഈ മുസ്ലീം സമുദായതിലല്ലാതെ വേറെ എവിടെയുണ്ട്.

എന്തുകൊണ്ട് ഇക്കാര്യത്തിലൊന്നും സമുദായ നേതാക്കള്‍ക്ക് ഒന്നിച്ചുകൂട. ഗള്‍ഫ് പണമുപയോഗിച്ചു വയല്‍ മണ്ണിട്ട് നികത്തി കൊട്ടാരം പണിയുന്നവരില്‍ കൂടുതലും ഏതു സമുദായക്കരാണെന്നുകൂടി ഈ നേതാക്കള്‍ പരിശോധിക്കുന്നത് നന്നായിരിക്കും. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയ ഒരു പുതിയ സമുദായ സംഘടനയുടെ രാഷ്ട്രീയ പാര്‍ടി(ജനപക്ഷ മുന്നണി ) കേവലം ഒരു വാര്‍ഡില്‍ ജയിച്ചതിന്റെ പേരില്‍ പൊട്ടിച്ചും കത്തിച്ചും കളഞ്ഞ കാഷിന്റെ എകതേശ കണക്കു ആ നാട്ടുകാരോട് ചോദിച്ചാലറിയാം. ഇതിനെക്കുറിച്ചോക്കെ ചോദിക്കുംപോഴും സമുദായ നേതാക്കള്‍ക്ക് മറുപടി പറയാന്‍ പഴയ പല്ലവി തന്നെ ‘ഞങ്ങള്‍ പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്ന്യ വിദ്യാഭ്യാസം കൊടുക്കുന്നു ,വിധവ പെന്‍ഷന്‍ കൊടുക്കുന്നു , വീടില്ലാത്തവര്‍ക്ക് വീടുണ്ടാക്കി കൊടുക്കുന്നു , എന്തിനു അങ്ങ് ഗുജറാത്തില്‍ പോലും ഞങ്ങളുടെ പ്രവര്‍ത്തനം നടക്കുന്നു’

യുവാക്കളുടെ മനസ്സില്‍ വര്‍ഗ്ഗീയ വിഷം കയറ്റി വിട്ടു ബോംബു നിര്‍മിക്കാനും,പട്ടാപ്പകല്‍ പോലും കൈവെട്ടാനും അക്രമങ്ങള്‍ അഴിച്ചു വിടാനും പ്രേരിപ്പിക്കുന്ന പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ പോലുള്ള സങ്കടനകള്‍ക്കെതിരെ എന്തുകൊണ്ട് നേതാക്കള്‍ക്ക് ഒരുമിച്ചു നിന്ന് കൊണ്ട് ഒരു തീരുമാനമെടുത്തു കൂടാ. അന്ന്യ മതസ്തര്‍ക്കിടയില്‍ പോലും സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഇത്തരക്കാര്‍ക്കെതിരെയല്ലേ നേതാക്കള്‍ ഒരുമിച്ചു നിന്ന്‌കൊണ്ട് ആദ്യം നടപടി എടുക്കേണ്ടത് .കേവലമൊരു ഭരതനാട്യം കളിച്ചതിന്റെ പേരില്‍ മഹല്ല് വിലക്കേര്‍പ്പെടുത്തിയ സമുദായം എന്തുകൊണ്ട് ഇത്തരക്കാര്‍ക്കെതിരെ ഐക്യത്തോടെ നിന്ന് നടപടി എടുക്കാന്‍ മടിക്കണം.അതല്ലെങ്കില്‍ ഇതെല്ലാം സമുതയതിന്റെ മൗന സമ്മതത്തോടെയാണോ നടക്കുന്നതു ?