വി ടി ബലറാം വേട്ടയാടപ്പെടുമ്പോള്‍ – ബ്ലോഗന്‍

  237

   

  3

  തൃത്താല എം എല്‍ എ യും കോണ്‍ ഗ്രസ്സിന്റെ യുവനേതാക്കളില്‍ പ്രമുഖനുമായ വി ടി ബലറാം സോഷ്യല്‍ മീഡിയക്ക് സുപരിചിതനാണ്, അതുകൊണ്ട് തന്നെ ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് അദ്ദേഹത്തെ അറിയാം, 140 എം എല്‍ എ മാരുള്ള കേരളത്തില്‍ എല്ലാ മലയാളികള്‍ക്കും പേരുപറഞ്ഞാല്‍ അറിയാവുന്ന വിരലില്‍ എണ്ണാവുന്ന എം എല്‍ എ മാരില്‍ ഒരാളാണ് അദ്ദേഹം. പതിറ്റാണ്ടുകളായി നിയമസഭയില്‍ ഇരിക്കുന്ന തെക്കന്‍ കേരളത്തില്‍ ഉള്ള പല നേതാക്കളുടെയും പേരുപറഞ്ഞാല്‍ മലബാറുകാര്‍ക്ക് അറിയില്ല, മലബാറിലെ ‘പ്രമുഖരായ’ പല നേതാക്കളെയും പറഞ്ഞാല്‍ തെക്കുള്ളവര്‍ക്കും അറിയില്ല, പലതവണ മന്ത്രിമാരും, പ്രമുഖ പാര്‍ട്ടികളുടെ താക്കോല്‍ സ്ഥാനം വഹിച്ചവരുമായ ചിലരെ മാത്രമേ കേരളത്തിന് ‘മൊത്തത്തില്‍’ പരിചയമുള്ളൂ , ഈ സുപ്രസിദ്ധര്‍ക്കൊപ്പം വി ടി ബലറാം എങ്ങനെ സ്ഥാനമുറപ്പിച്ചു എന്ന് പഠിക്കേണ്ടതാണ്

  (വിവാദങ്ങളിലും പീഡനക്കേസുകളിലും പെട്ടും, വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചയില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ അമ്മയെ തല്ലിയാല്‍ അതിനെപ്പോലും ഒരുളുപ്പും ഇല്ലാതെ ന്യായീകരിച്ചും പ്രസിദ്ധി നേടിയവരെ വെറുതെ വിടുന്നു, കാരണം അത് കുപ്രസിദ്ധിയാണ്)

  ഒരു കോണ്‍ഗ്രസ്സുകാരന്‍ ആയതുകൊണ്ടാണോ ബലറാം ശ്രദ്ധേയനായത്? അല്ല കേരളത്തില്‍ കോണ്‍ഗ്രസ്സുകാര്‍ വേറെയും ഉണ്ടല്ലോ, യുവാവായത് കൊണ്ടാണോ? അതും അല്ല യുവാക്കള്‍ക്ക് ഇവിടെ ഒരു പാര്‍ട്ടിയിലും ഒരു പഞ്ഞവുമില്ലല്ലോ, എല്‍ എല്‍ എ ആയതു കൊണ്ടും അല്ല, എം എല്‍ എ മാരും നമുക്ക് നിരവധിയുണ്ട്.

  ബലരാമിനെ ശ്രദ്ധേയനാക്കിയത്, അദ്ദേഹത്തിന്റെ നിലപാടുകളാണ് , നിലപാടുകള്‍ ഉണ്ടാവണമെങ്കില്‍ വ്യക്തിത്വം ഉണ്ടാവണം, അത് ബലരാമിനുണ്ട്, വായനാ ശീലവും, സാമൂഹ്യ വിഷയങ്ങളില്‍ അവഗാഹവും, സമൂഹത്തിന്റെ പൊതു താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഇടപെടാനുള്ള ധീരതയുമാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനില്‍ ഉണ്ടാവേണ്ട വ്യക്തിത്വം, ‘എല്ലാ വിഭാഗം ആളുകളെയും തൃപ്തി പ്പെടുത്തി വോട്ടു ബാങ്കിനെ ഉറപിച്ചു നിര്‍ത്തി മാത്രം മിണ്ടുകയും പറയുകയും ചെയ്യേണ്ടവനാണ് രാഷ്ട്രീയക്കാരന്‍ എന്ന ‘രാഷ്ട്രീയ ബോധം’ ഇടതു പക്ഷത്തു പോലും നിലനില്‍ക്കുന്ന കാലത്ത് സ്വന്തം നിലപാടുകള്‍ രൂപപ്പെടുത്താനും അത് ഉറക്കെ പറയാനും കഴിയുന്നത് കൊണ്ടാണ് ബലറാമിനെ കേരളം ശ്രദ്ധിച്ചത്,

  മറ്റൊന്നുകൂടിയുണ്ട്,

  ഇന്ത്യയുടെ മതനിരപേക്ഷത കനത്ത അപകട ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണ് കടന്നു പോകുന്നത്, മതേതരര്‍ എന്ന് നാം കരുതുന്നവര്‍ പോലും അറിഞ്ഞോ അറിയാതെയോ മതാന്ധതയുടെ കളത്തില്‍ വീണു പോകത്തക്കവിധം ചതിക്കുഴികള്‍ ഒരുക്കി ഫാസിസം കാത്തിരിക്കുമ്പോള്‍ മതനിരപേക്ഷതയുടെ പക്ഷത്ത് ഒരു പോരാളിയായി ഉറച്ചു നില്‍ക്കാനുള്ള മനസ്സ് ആദരിക്കപ്പെടുക തന്നെ വേണം

  ഓട്ടോറിക്ഷയില്‍ പണം വെച്ചു മറന്ന യാത്രക്കാരന് അത് തിരികെ എത്തിച്ചു കൊടുക്കുന്ന ഡ്രൈവര്‍ക്ക് അവാര്‍ഡ് കൊടുക്കുന്ന കാലമാണിത്. സത്യത്തില്‍ ഓട്ടോ ഡ്രൈവര്‍ ഒരു കള്ളന്‍ അല്ലാത്ത, അന്യന്റെ സ്വത്ത് ആഗ്രഹിക്കാത്ത ഒരു മനുഷ്യന്‍ ചെയ്യേണ്ട ഏറ്റവും അടിസ്ഥാന ഉത്തരവാദിത്വം മാത്രമേ ചെയ്തിട്ടുള്ളൂ…ഓട്ടോ ഡ്രൈവര്‍ മാരില്‍ ഭൂരിപക്ഷവും ‘മാന്യന്‍ മാര്‍ അല്ലാതെ പോകുന്നത് കൊണ്ടാണ് മാന്യത കാണിച്ചയാള്‍ക്ക് അവാര്‍ഡ് കൊടുക്കേണ്ടി വരുന്നത്. ഏതാണ്ടിത് പോലെയാണ് നമ്മുടെ രാഷ്രീയ രംഗത്തെ സ്ഥിതിയും, മനുഷ്യ പക്ഷത്തുള്ള മാന്യന്മാര്‍ എന്ന് നാം കരുതുന്ന പലരും തന്ജം കിട്ടിയാല്‍ ഫാസിസത്തോടൊപ്പം കാലുമാറി പണം അപഹരിച്ചു കടന്നു കളയുന്ന കാലമായതു കൊണ്ട് മതനിരപേക്ഷതയോടൊപ്പം നില്‍ക്കുന്നവര്‍ അവാര്‍ഡിന് അര്‍ഹരാണ്.

  കഴിഞ്ഞ ഏതാനും വര്‍ഷത്തെ വിടി ബലറാമിന്റെ സാമൂഹ്യ ഇടപെടലുകള്‍ പരിശോധിച്ചാല്‍ നമുക്കറിയാന്‍ കഴിയും എന്ത് കൊണ്ട് മലയാളികള്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുവെന്ന്..

  ഒറ്റ ഉദാഹരണം പറയാം,

  കേരളത്തില്‍ വര്‍ഷങ്ങളായി ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രചാരണമുണ്ടായിരുന്നു, മുസ്ലികളും കൃസ്ത്യാനികളും അവരുടെ പള്ളികളില്‍ കിട്ടുന്ന പണത്തില്‍ നിന്ന് നയാപൈസയും സര്‍ക്കാരിന് കൊടുക്കുന്നില്ല, ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്ന് കിട്ടുന്ന പണം മുഴുവന്‍ സര്‍ക്കാര്‍ കൊണ്ടുപോവുകയും ആ പണം പൊതു ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുകയും ചെയ്യുന്നു , ഹിന്ദുവിനു ചോദിക്കാനും പറയാനും ആരും ഇല്ല, നിരന്തരമായി കേട്ട് കേട്ട് സംഗതി ശരി തന്നെയല്ലേ എന്ന് സകല മതസ്ഥര്‍ക്കും മതമില്ലാത്തവര്‍ക്കും വരെ തോന്നിത്തുടങ്ങിയിരുന്നു , അപ്പോഴാണ് ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്ന് നയാ പൈസ സര്‍ക്കാര്‍ ഖജനാവിന് കിട്ടുന്നില്ലെന്നും ഓരോ വര്‍ഷവും കോടികള്‍ ക്ഷേത്രങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചിലവിടുകയുമാണ് എന്ന യാഥാര്‍ത്ഥ്യം രേഖകള്‍ സഹിതം വി ടി ബലറാം വിളിച്ചു പറഞ്ഞത്. ഫാസിസ്റ്റ് പ്രചാരണത്തിന്റെ മുനയൊടിച്ച ബലരാമിന്റെ ഈ ഒരിടപെടല്‍ അനുദിനം അകന്നുകൊണ്ടിരിക്കുന്ന മനുഷ്യമനസ്സുകള്‍ക്ക് നല്‍കിയ ആശ്വാസമാണ് അദ്ദേഹത്തെ ആദരണീയനാക്കുന്നത്,

  ഇതോടു കൂട്ടി വായിക്കേണ്ട മറ്റൊന്ന് കൂടി ഉണ്ട്, വര്‍ഷങ്ങളായി ഫാസിസ്റ്റുകള്‍ വിഷലിപ്തമായ ഈ പ്രചരണം നടത്തുമ്പോള്‍ കേരളം ഭരിച്ച /ഭരിക്കുന്ന എല്ലാ സോ കോള്‍ഡ് നേതാക്കള്‍ക്കും സത്യം അറിയാമായിരുന്നു, ചെന്നിത്തലയും, ചാണ്ടിയും സുധീരനും സതീശനും കാര്‍ത്തികേയനും എന്തിനു പിണറായിക്കും കൊടിയേരിക്കും വരെ അറിയാവുന്ന നഗ്‌ന സത്യം, പക്ഷെ അവരാരും മിണ്ടിയില്ല, അവര്‍പോലും അറിയാതെ ഫാസിസം അവരെക്കൂട്ടിലിട്ടപ്പോള്‍ സടകുടഞ്ഞെഴുന്നെട്ട വിടി യെയാണ് കേരളം ഇഷ്ടപ്പെട്ടത്.

  ഇത് പോലെ അന്ധത ബാധിച്ച ഒരു സാമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാന്‍ ഉതകുന്ന പല ഇടപെടലുകളും വിടി നടത്തിയിട്ടുണ്ട്, എപ്പോഴും എല്ലാവര്ക്കും എല്ലാ നിലപാടുകളും ഇഷ്ട്ടപെട്ടിട്ടില്ലെങ്കിലും ഏതൊരു ഇടപെടലിലും തന്റെ സാമൂഹ്യ ബാധ്യത ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്, അതിന്റെ പേരില്‍ തന്റെ വോട്ടു ബാങ്കിനു കോട്ടം തട്ടുമോ എന്നദ്ദേഹം ഭയന്നിട്ടില്ല, സാമൂതിരിമാരുടെ പെന്‍ഷന്‍, യതീഖാന വിവാദം എന്നിവയിലെ നിലപാടുകള്‍ വോട്ടു ബാങ്കിനെ പേടിക്കുന്ന ഒരാള്‍ക്ക് പറയാന്‍ കഴിയുന്നതല്ല.

  സ്വാഭാവികമായും ബലരാമിന് തുടക്കം മുതലേ ശത്രുക്കള്‍ ഉണ്ട്, അതില്‍ ഒന്നാം സ്ഥാനത്ത് സങ്കികള്‍ തന്നെ, കാരണം പറയണ്ടല്ലോ, മത തീവ്രവാദികള്‍ക്ക് മറ്റു മതക്കരെക്കാള്‍ ഭയം സ്വന്തം ‘മതക്കരെയാണ്, ‘മറ്റവന്‍’ എന്ത് പറഞ്ഞാലും അവന്‍ നമ്മുടെ ശത്രു എന്നാക്ഷേപിച്ച് പിടിച്ചു നില്‍ക്കാം എന്നാല്‍ സ്വന്തക്കാര്‍ സത്യം വിളിച്ചു പറയുമ്പോള്‍ അവര്‍ക്ക് മാളത്തില്‍ ഒളിക്കേണ്ടി വരും, അവരെ എങ്ങനെയൊക്കെ ഇല്ലായ്മ ചെയ്യാം എന്ന ‘ഗവേഷണ’മാണ് പിന്നെ നടക്കുക, കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്ന്‌സം ഘ പരിവാര്‍ ഭയപ്പെടുന്നവരുടെ കൂട്ടത്തില്‍ ആദ്യ സ്ഥാനക്കാരില്‍ ഒരാളാണ് ബലറാം. ഏതു തരം ആക്രമണവും ബലരാമിനെതിരെ അവര്‍ നടത്തും, ഹിന്ദു വര്‍ഗ്ഗീയ വാദികളെ വിമര്‍ശിക്കുന്ന സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ എത്രതവണയാണ് ശാരീരിക ആക്രമണങ്ങള്‍ നടന്നത് എന്ന് നോക്കുക

  പിന്നെയുള്ളത് കമ്മ്യുന്‌സിറ്റ് കാരാണ് അടുത്ത തവണ തൃത്താല സീറ്റ് തിരിച്ചു പിടിക്കാന്‍, വിടി ക്ക് ‘പണി’ കൊടുക്കാന്‍ കിടുന്ന ഒരവസരവും പാഴാക്കാതിരിക്കുക എന്ന ‘രാഷ്ട്രീയ ബോധത്തിനപ്പുറം അഭിനവ ഇടതുപക്ഷത്തിന് ബുദ്ധി വികാസം ഇല്ലാത്തത് കൊണ്ട് അവരും വിടി യെ വേട്ടയാടാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്, അടുത്ത തെരഞ്ഞെടുപ്പില്‍ തൃത്താല സീറ്റ് അടിച്ചു മാറ്റാന്‍ വല്ല വഴിയുമുണ്ടോ എന്നന്വേഷിക്കുന്ന ‘ആസ്ഥാന’ ശത്രുക്കള്‍ എല്ലാ എല്‍ എല്‍ എ മാര്‍ക്കും എം പി മാര്‍ക്കും ഉള്ളതുമാണ്.

  ഇവരെക്കൂടാതെ പ്രത്യക്ഷപ്പെട്ട ചില അഭിനവ ശത്രുക്കളെക്കൂടി കാണാന്‍ പറ്റി എന്നതാണ്, ഏറ്റവും പുതിയ വിവാദത്തിന്റെ ഫലം.

  പുതിയ വി ടി വേട്ട തുടങ്ങുന്നത്, എല്‍ എല്‍ എ മാരുടെ അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ്,

  സുനില്‍ മാടമ്പി എന്ന ഒരു ഫേസ്ബുക്ക് ചട്ടമ്പി വല്ലാതെ വെറുപ്പിച്ചപ്പോള്‍ എന്നാപിന്നെ അമേരിക്കയുടെ സഖ്യ രാജ്യമായ യു എ ഇ യില്‍ നിന്ന് പുറത്തു വന്നിട്ട് പോരെ വിമര്‍ശനം എന്നൊരു പരാമര്‍ശം വിടി നടത്തി,

  ഉടനെ കുരുപൊട്ടി, മേല്‍പറഞ്ഞ സ്ഥിരം ശത്രുക്കളുടെ ഭാഗത്ത് നിന്നാണ് പൊട്ടലിന്റെ തുടക്കം, ‘വല്ല കാരണവും കിട്ടുമോ ഒരു കുരു പൊട്ടിക്കാന്‍’ എന്ന് കാത്തിരിക്കുന്ന ചില പ്രവാസി ഊളകള്‍ സംഗതി ഏറ്റെടുത്തതോടെ ബലരാമിന്റെ ‘പ്രവാസി വിരുദ്ധ പരാമര്‍ശം’ ചൂട് പിടിക്കാന്‍ തുടങ്ങി

  ഇവിടെ പ്രസക്തമാകുന്ന രണ്ടു വിഷയങ്ങള്‍ ഉണ്ട്

  ഒന്ന് അമേരിക്കന്‍ സന്ദര്‍ശനം.

  അമേരിക്ക അവരുടെ ചെലവില്‍ ലോകത്തുള്ള എല്ലാ രാജ്യങ്ങളില്‍ നിന്നും രാഷ്ട്രീയക്കാര്‍ , വിദ്യാര്‍ഥികള്‍ , പത്രപ്രവര്‍ത്തകര്‍ എന്നിവരെ അവരുടെ രാജ്യം കാണിക്കാനും നിലപാടുകള്‍ വ്യക്തമാക്കാനും വേണ്ടി കൊണ്ട് പോകുന്നുണ്ട്. ഇതിനു പോകണോ പോകണ്ടേ എന്ന് തീരുമാനിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ട്.

  ഉദാഹരണത്തിന് ബ്രിട്ടന്‍ ഇന്ത്യ ഭരിച്ചപ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഇംഗ്‌ളീഷ് വിദ്യാഭ്യാസം നല്‍കാന്‍ തീരുമാനിച്ചു, അതിനു വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്തു , ഭരണം എളുപ്പമാക്കാന്‍ ഗുമസ്തന്മാരെ സൃഷ്ടിക്കുക എന്ന ഉദ്ദേശം മാത്രമേ ബ്രിട്ടിഷുകാര്‍ക്ക് ഉണ്ടായിരുന്നുള്ളൂ .. ഇന്ത്യക്കാര്‍ ഇതിനോട് മൂന്നു രീതിയില്‍ പ്രതികരിച്ചു.

  ചിലര്‍ ഈ ഓഫര്‍ സ്വീകരിക്കാന്‍ പാടില്ല, ബ്രിട്ടിഷു വിദ്യാഭ്യാസം നമുക്ക് വേണ്ട എന്നുറക്കെ പ്രഖ്യാപിച്ചു പില്‍കാലത്ത് ഇന്ത്യ സ്വതന്ത്രമായപ്പോള്‍ വിദ്യാഭ്യാസം ഇല്ലാത്തതിന്റെ പേരില്‍ ഭരണത്തില്‍ നിന്ന് അവര്‍ പുറത്തായി ഇന്നും സംവരണവും ചോദിച്ചു നടക്കുന്നു

  രണ്ടാമത്തെ വിഭാഗം, ആ ഓഫര്‍ സ്വീകരിച്ചു വിദ്യാഭ്യാസം നേടി ഇംഗ്‌ളീഷുകര്‍ക്കു ഗുമസ്തപ്പണി ചെയ്തു , സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ‘വിദ്യാസമ്പന്നരായ’ അവര്‍ തന്നെ ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ വന്നു.

  മൂന്നാമത്തെ വിഭാഗം ബ്രിട്ടീഷ് വിദ്യാഭ്യാസവും ഭാഷയും അവരുടെ ചെലവില്‍ പഠിച്ചു, അതെ ഭാഷയില്‍ അവരുടെ മുഖത്ത് നോക്കി ‘രാജ്യം വിട്ടു പോകെടാ തെമ്മാടികളെ’ എന്ന് വിളിച്ചു പറഞ്ഞു, ലോകനേതാക്കള്‍ക്കിടയില്‍ സ്വാതന്ത്ര്യ സമരത്തിന്റെ സന്ദേശങ്ങള്‍ എത്തിച്ചു പില്‍ക്കാലത്ത് രാജ്യം ആദരിക്കുന്ന പോരാളികളായി ഈ രാജ്യത്തിന് ഊടും പാവും നല്‍കിയ വിപ്‌ളവകാരികളായി അവര്‍ അറിയപ്പെട്ടു.

  ഈ മൂന്നു നിലപാടുകളും ശരിയാണ്, ഏതാണ് കൂടുതല്‍ ശരി എന്ന് തീരുമാനിക്കപ്പെടുന്നത് അവരവരുടെ നിലപാടുകള്‍ അടിസ്ഥാനമാക്കിയാണ്,

  അമേരിക്കയിലേക്ക് പോകാതെ പ്രതിഷേധിക്കുന്നത് ശരിയാണ്.

  അവിടെപ്പോയി കിട്ടാനുള്ളത് വാങ്ങിയെടുട്ത് പില്‍ക്കാലത്ത് അവര്‍ക്ക് പാദസേവ ചെയ്യുന്നതാണ് ‘ബുദ്ധി’ . എന്ന് മനസ്സിലാക്കുന്നവരുടെതും അവരുടെ ശരിയാണ്

  അവിടെപോയ ശേഷവും അവരില്‍ നിന്ന് പഠിക്കാനുള്ളതും പഠിച്ച ശേഷവും ‘ഇതൊക്കെയാണെങ്കിലും ഞങ്ങള്‍ ഗസ്സക്ക് ഒപ്പമാണ് എന്നൊരു പ്‌ളകാര്‍ഡുയര്‍ത്തി പ്രതിഷേധിക്കുന്നതും ശരിയാണ്…

  ശരികള്‍ തീരുമാനിക്കുന്നത് അവരവരുടെ നിലപാടുകളാണ്, (രണ്ടാമത്തെ വിഭാഗവും ശരിയോ എന്ന് ചോദിച്ചേക്കാം , പണവും അധികാരവും കൈപ്പിടിയില്‍ ഒതുക്കുന്നതിനെറ്റ് പേരാണ് വിജയവും ശരിയും എങ്കില്‍ അവര്‍ വലിയ ശരിയാണ്, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം അതിനു സാക്ഷിയാണ്)

  രണ്ടാമത്തെ വിഷയം.

  ഗള്‍ഫ് രാജ്യങ്ങളുടെ നിലപാടാണ്, ഗസ്സയില്‍ കൂട്ടക്കുരുതി നടക്കുമ്പോഴും, അമേരിക്ക ഇസ്രായേലിനു വീണ്ടും വീണ്ടും ആയുധങ്ങള്‍ ഇറക്കി കൊടുക്കുന്ന വാര്‍ത്ത പുറത്തു വരുമ്പോഴും, കെറി ഇന്ത്യയില്‍ വന്ന് ഹമാസ് മര്യാദ കാണിക്കണം എന്ന് പറയുമ്പോഴും, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമ്പോഴും, വായില്‍ പൂവന്‍ പഴവും തിരികെ ഇരിക്കുന്ന സൊ കോള്‍ഡ് കസ്റ്റോടിയന്‍സ് ഓഫ് ഹോളി മോസ്‌ക്കുകളെയും , ഗിന്നസ് ബുക്കില്‍ പേര് ബുക്ക് ചെയ്യാന്‍ മത്സരി ക്കുന്ന ഷെയിക്കന്മാരെയും ആരും തെറി വിളിക്കാത്തത് ശവത്തില്‍ കുത്തരുത് എന്ന ആഗോള മാന്യത പാലിച്ചു കൊണ്ടാണ്,

  ഇസ്രായിലെനെ ഇത്രെയേറെ വളര്‍ത്തിയത് പെണ്ണിനും പണത്തിനുമപ്പുറം ഒരു രാഷ്ട്രീയവും ഇല്ലാത്ത മിഡില്‍ ഈസ്റ്റിലെ സാമ്രാജ്യത്വത്തിന്റെ ചെരിപ്പ് നക്കികള്‍ ആണെന്ന് ആര്‍ക്കാണ് അറിയാത്തത്? ഈ ഗസ്സ കാലത്ത് തക്കം കിട്ടിയാല്‍, വിദേശിയും സ്വദേശിയുമൊക്കെ, ചെരിപ്പൂരി അടിക്കാന്‍ ആഗ്രഹിക്കാത്ത എത്ര ഭരണാധികാരികള്‍ ഉണ്ട് അറബ് നാട്ടില്‍? പ്രതികരണം എല്ലാവരും അടക്കി പ്പിടിച്ചിരിക്കുന്നത് ‘സാങ്കേതിക’ കാരണങ്ങളാല്‍ ആണ്, മലയാളി പ്രവാസിയുടെ സാങ്കേതിക കാരണം ജോലി തന്നെയാണ്, മിണ്ടിയാല്‍ പണി പോവും,

  ജോലി കളഞ്ഞിട്ടു വേണോ പ്രതികരിക്കാന്‍ എന്ന് ചോദിക്കുന്നവര്‍ അറിയുക, പ്രതിഷേധ സൂചകമായി ജോലി വേണ്ടെന്നു വെക്കുകയും, രാജ്യം വിടുകയും, ബഹുമതികള്‍ മടക്കി കൊടുക്കുകയും ഒക്കെ ചെയ്തത് 1400 കൊല്ലം മുമ്പല്ല, നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഒട്ടേറെ ഇത്തരം വിപ്ലവകരമായ അദ്ധ്യായങ്ങള്‍ ഉണ്ട്, അതിനു ശേഷവും നടക്കുന്നു ഇത്തരം പ്രതിഷേധങ്ങള്‍ സ്റ്റീഫന്‍ ഹോക്കിങ്ങ്‌സ് ഇസ്രയേലിനെ ബഹിഷ്‌കരിച്ചത് ഫേസ് ബുക്കില്‍ പോസ്റ്റിടാനുള്ള വിപ്‌ളവമലലാതെ അത് പ്രാവര്‍ത്തികമാക്കാനുള്ള ‘ചോര’ ആരുടെ ഞരമ്പുകളില്‍ ആണുള്ളത്?

  ഇത്ര വലിയ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേലിനെ ആയുധവും പണവും നല്‍കി സഹായിക്കുന്ന അമേരിക്കകെതിരെ ഒരക്ഷരം മിണ്ടാതെ അവരുടെ മൂട് താങ്ങി നടക്കുന്ന ഒരു രാജ്യത്ത് ജീവിക്കാന്‍ ഞാനില്ല എന്ന് പ്രഖ്യാപിച്ചു പത്തു പ്രവാസികള്‍ നാടുവിട്ടാല്‍ ഏതു ഷെയിക്കും ഒന്ന് കിടുങ്ങും. അതാണ് വിപ്ലവം, അത് പറയുമ്പോള്‍ ജോലി പോയാല്‍ കുടുംബത്തിനു താന്‍ ചെലവിനു കൊടുക്കുമോടാ എന്ന ചോദ്യം വരും, കുടുംബവും ചെലവും ജീവിതവും സ്വന്തം ആദര്‍ശത്തെക്കാളും നിലപാടുകലെക്കാളും മഹത്തരമായി തോന്നിയ ഒരുത്തനും ഈ ലോകത്ത് കക്കൂസുകള്‍ നിറക്കുക എന്നതിലപ്പുറം ഒരു വിപ്ലവവും നടത്തിയിട്ടില്ല..

  എന്നും ശരികള്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരാളുടെ വരികള്‍ അടര്‍ത്തിയെടുത്തു പ്രവാസിയുടെ ‘അഭിമാന വിപ്‌ളവം’ നടത്താന്‍ പാടുപെടുന്നവനും നടത്തുന്നത് ‘ടോയിലറ്റ് വിപ്‌ളവമലലാതെ മറ്റൊന്നുമല്ല.

  സോഷ്യല്‍ മീഡിയയില്‍ ഇടപെടുമ്പോള്‍ അല്പം കൂടി ജാഗരൂകനാവാന്‍ ഈ വിവാദം ബലരാമിന് സഹായകമാവും എന്ന് കരുതട്ടെ.

  താങ്കള്‍ക്ക് നല്‍കുന്ന ഈ പിന്തുണ ഒരു ബ്‌ളാങ്ക് ചെക്കല്ല, അത് താങ്കളുടെ നിലപാടുകല്‍ക്കുള്ളതാണ് , ഇടതു പക്ഷത്തും വലതു പക്ഷത്തും ഒക്കെ താങ്കളെപ്പോലുള്ള വിരലില്‍ എണ്ണാവുന്ന ചെറുപ്പക്കാരുണ്ട്, അവരിലാണ് ഈ നാടിന്റെ പ്രതീക്ഷ, സി പി എം നേതാവ് തോമസ് ഐസക്കിന്റെ ചില നിലപാടുകളെ പിന്തുണച്ചു കൊണ്ട് ബലറാം അത് ഷെയര്‍ ചെയ്തത് കണ്ടപ്പോള്‍ സന്തോഷം തോന്നി, കക്ഷി രാഷ്ട്രീയം സാമന്യ ബുദ്ധിയെ ‘ഓവര്‍ടെക്ക്’ ചെയ്യാത്തെവരെയാണ് നമുക്ക് വേണ്ടത് .

  ഓലപ്പാമ്പുകളുടെ സ്ഥാനം ചവറ്റു കൊട്ടയിലാണ്. നീതിയോടൊപ്പം നില്‍ക്കുന്ന കാലത്തോളം നീതി ബോധമുള്ളവര്‍ താങ്കളുടെ കൂടെയുണ്ടാകും. കള്ളന്മാരുടെയും ഒറ്റുകാരുടെയും നരഭോജികളുടെയും പിടിയില്‍ നിന്ന് ഇന്ത്യ രക്ഷപ്പെടുക തന്നെ ചെയ്യും, അതിന് മനുഷ്യത്വും നീതി ബോധവും സത്യസന്ധതയും നെഞ്ചുറപ്പുമുള്ള നേതൃത്വം ഉയര്‍ന്നുവരണം, മതങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും ഇസങ്ങള്‍ക്കും അപ്പുറം മനുഷ്യനെ സ്‌നേഹിക്കുന്ന ഒരു യുവതലമുറയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഈ രാജ്യം കൊതിക്കുന്നുണ്ട്.

  നമ്മള്‍ ആ ലക്ഷ്യം നേടുക തന്നെ ചെയ്യും.