Pravasi
വീണ്ടും ഒരു മഴക്കാലം കൂടി….
കൈതമുള്‍ ചെടിയില്‍ മഴ നനഞ്ഞിരിക്കുന്ന പൊന്മാന് എന്നെ തുറിച്ചു നോക്കി. ഇതിനു മുമ്പ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ എന്ന മട്ടില്‍.ഞനൊരു പഴയ ആളാണേ എന്ന് പറയണമെന്നുണ്ടായിരുന്നു. അത് കേള്‍ക്കാന്‍ നില്‍ക്കാതെ ചിറകു കുടഞ്ഞു എങ്ങോട്ടോ പോയി മറഞ്ഞു. ഞാന്‍ നടന്നു തുടങ്ങി.
263 total views

കൈതമുള്‍ ചെടിയില്‍ മഴ നനഞ്ഞിരിക്കുന്ന പൊന്മാന് എന്നെ തുറിച്ചു നോക്കി. ഇതിനു മുമ്പ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ എന്ന മട്ടില്‍.ഞനൊരു പഴയ ആളാണേ എന്ന് പറയണമെന്നുണ്ടായിരുന്നു. അത് കേള്‍ക്കാന്‍ നില്‍ക്കാതെ ചിറകു കുടഞ്ഞു എങ്ങോട്ടോ പോയി മറഞ്ഞു. ഞാന്‍ നടന്നു തുടങ്ങി.
വീണ്ടുമിതാ ഒരു മഴക്കാലം കൂടി!!. ബാന്ഗ്ലൂരിലെ കെട്ടിടങ്ങള്‍ക്കിടയില്‍ ഞാന്‍ നനയാറുള്ള വിരസത നിറഞ്ഞ മഴയല്ല ഇത്. വീണു കിട്ടിയ ഇടവേളയില്‍ എന്നും തനിക്കു പ്രിയപ്പെട്ട മഴയെ പുല്കാന് ഇത്തിരി നാള്. ചൂടില്‍ വലഞ്ഞ ഒരു വേനല്‍ കാലത്തിന്റെ മുഴുവന്‍ തീക്ഷണതയും, വിയര്‍പ്പും കഴുകി കളയുന്ന കര്‍ക്കിടകത്തിലെ മഴ. നഗരത്തിലെ മഴ ഒരു ആശ്വാസം തന്നെയാണ്, പക്ഷെ അവ നാട്ടില്‍ പെയ്യുന്ന മഴയുടെ ചിത്രങ്ങള്‍ സമ്മാനിക്കാറില്ല. ചീവിടുകളുടെ മുളലുകലില്ല, തവളകളുടെ കരച്ചില് കേള്‍ക്കാറില്ല. ഇവിടെ പെയ്തു തീരുന്നത് ഓര്‍മകളാണ്. മഴ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. കുട്ടിക്കാലത്ത് മേഘങ്ങളെ കരയിപ്പിച്ചു എന്നെ വിസ്മയിപ്പിച്ചിട്ടുള്ള മഴ. പണ്ടൊക്കെ സ്കൂള്‍ വിട്ടു ഓടി കിതച്ചു വീട്ടില്‍ എത്തുമ്പോഴേക്കും മഴത്തുള്ളികള്‍ മണ്ണില്‍ നൃത്തം വച്ചു തുടങ്ങും. ഞാന്‍ കോലായിലിരുന്നു മഴ പെയ്യുന്നതും നോക്കി അങ്ങനെ ഇരിക്കും. ആദ്യമൊക്കെ കളിക്കാന്‍ പോകാന്‍ പറ്റാത്തതിന്റെ വിഷമവും ദേഷ്യവുമൊക്കെ ആയിരുന്നു മഴയോട്. പിന്നീട് വളര്‍ന്നപ്പോള്‍ എപ്പോഴാ മഴയോടുള്ള ഇഷ്ടം കൂടി കൂടി വന്നു. ആ കാലം നഷ്ടപെട്ടിട്ടു നാളുകള്‍ ഏറെയായി. നഗരത്തിലേക്ക് ചേക്കേറിയപ്പോള്‍ നഷ്ടമായത് രാത്രി മഴയുടെ വ്യതസ്തങ്ങളായ ശബ്ദങ്ങളായിരുന്നു. ഓടിട്ട മേല്‍ക്കൂരയില്‍ മുത്ത് ചിതറുന്ന പോലെ തുടങ്ങുന്ന മഴ പിന്നീട് ഒരാരവം പോലെ ആയി മാറും. അത് കേട്ട് കൊണ്ട് പുതപ്പിന്നടിയില്‍ ഉറക്കം കാത്തു കിടക്കാറുണ്ട് ഞാന്‍. ചിലപ്പോള്‍ അത് കേട്ട് കൊണ്ട് തന്നെ ആയിരിക്കും ഉണരുന്നതും. ഇന്നിതാ ഓര്‍മകളുടെ ഒരു കടലുമായി ജന്മ നാട്ടിലെ മറ്റൊരു മഴക്കാലത്തിന്റെ നനുത്ത ജാലക കാഴ്ചകളിലേക്ക്.
പാടവരമ്പത്ത് നല്ല വഴുക്കലുണ്ട്. തോടും പാടവും കൂടി ചേര്‍ന്ന് വെള്ളമോഴുകുന്നു. കാലു തെറ്റിയാല്‍ തോട്ടിലെ വെള്ളത്തില്‍ കിടക്കും. മഴത്തുള്ളികള്‍ കണ്പീലികളില് വീണു ഇടയ്ക്കിടെ കാഴ്ചകള്‍ മറക്കുന്നുണ്ട്.കുട്ടികള്‍ മഴയെ വക വെക്കാതെ തോട്ടിലെ വെള്ളത്തില്‍ നീന്തി തുടിക്കുന്നു. ഈ കാഴ്ച ഈ മഴക്കാലത്തിനു മാത്രം സ്വന്തം. കാരണം മഴക്കാലത്ത് മാത്രമേ തോട്ടില്‍ നിറയെ വെള്ളമുണ്ടാവുകയുള്ളൂ. സിമെന്റ് പാലത്തിന്റെ മുകളില്‍ നിന്നും കുട്ടികള്‍ താഴേക്ക് ചാടുന്ന കാഴ്ച കാണാം. എന്നാണാവോ ഇവിടെ സിമെന്റു പാലം വന്നത്. എന്റെ ഓര്‍മയില്‍ അതിനു പകരം രണ്ടു തെങ്ങിന് തടികള്‍ ചേര്‍ത്ത് വച്ച മരപ്പാലം ആയിരുന്നു. തോട്ടിലേക്ക് വഴുക്കി വീഴാതെ സ്കൂളിലേക്ക് പോകുന്നത് ഒരു അഭ്യാസം തന്നെ ആണ്. കുറ്റിക്കാടുകളില്‍ പേരറിയാത്ത ജീവികളുടെ കൂട്ടകരച്ചില്‍. അവര്‍ നിര്‍ത്താതെ കരഞ്ഞു കൊണ്ടാവണം മഴക്കാലം ആഘോഷിക്കുന്നത്. പാടത്തിന്റെ അക്കരെയുള്ള കുന്നിന്റെ മുകളറ്റം മേഘം കൊണ്ടു മൂടിയിരിക്കുന്നു.
പാടം നടന്നു കയറിയപ്പോള്‍ തന്നെ കണ്ടു ബള്‍ബിന്റെ വെളിച്ചത്തില്‍ തിളങ്ങുന്ന ഒരു ഒറ്റ മുറി പീടിക. പണ്ടിതൊരു പെട്ടിക്കടയയിരുന്നു. പുക കൊണ്ടു കറുത്ത മരപ്പലകകള്‍ കൊണ്ടു നിര്‍മിച്ച ഒന്ന്. എത്ര തുടച്ചാലും മങ്ങല്‍ മാറാത്ത ഒരു ചില്ലലമാരയും അതില്‍ കുറേ പലഹാരങ്ങളും കാണും. പലഹാരങ്ങള്‍ക്ക് മാത്രം വലിയ മാറ്റമില്ല. പക്ഷെ കട അപ്പാടെ മാറിയിരിക്കുന്നു. ഒരു സിഗരെറ്റിനു തീ കൊളുത്തി നടന്നു. മഴയുടെ ശക്തി അല്‍പ്പം കുറഞ്ഞിരിക്കുന്നു.
ഞാന്‍ തിരിഞ്ഞു നോക്കി, താഴെ പാടത്തിനു മുകളില്‍ ഇപ്പോഴും മഴ പെയ്യുന്നുണ്ട്. ഞാന്‍ വീണ്ടും നടപ്പ് തുടര്‍ന്നു. ഒരരികില്‍ മണ്ണില്‍ പുതഞ്ഞു കിടക്കുന്ന ഒരു കടലാസു തോണി. കുട്ടികാലത്ത് ഞാനും കടലാസു തോണികള്‍ ഉണ്ടാക്കി കളിച്ചിരുന്നത് ഓര്മ വന്നു. ഞങ്ങളുടെ പറമ്പിന്റെ അങ്ങേയറ്റത്ത് കദീസകുട്ടി ഉമ്മയുടെ പറമ്പില്‍ ഒരു പൊട്ടക്കിനരുണ്ടായിരുന്നു. മഴക്കാലമായാല്‍ മൂന്നാള് താഴ്ചയുള്ള ആ കിണര്‍ നിറഞ്ഞു കവിയും. ആള്‍മറയില്ലാത്ത കിണറില്‍ നിന്നും വെള്ളം നിറഞ്ഞൊഴുകും. വീടിന്റെ അടുക്കളയോടു തൊട്ടുള്ള ചെറിയ നീര്ചാലിലൂടെ വെള്ളം എപ്പോഴും ഒഴുകി കൊണ്ടിരിക്കും. കടലാസുതോണിയില്‍ ചെറിയ ഉറുമ്പുകളെ കയറ്റി അതില്‍ ഒഴുക്കി വിടും. അത് കൂടാതെ കാറ്റത്തു മറിഞ്ഞു വീണ വാഴ കൊണ്ടു ചെറിയ ചങ്ങാടങ്ങള്‍ ഉണ്ടാക്കി കളിക്കാരുള്ളതുമെല്ലാം ഓര്‍മയിലേക്ക് ഓടി വന്നു. ഞാന്‍ വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് കയറി. ഇടവഴിക്ക് രണ്ടു വശത്തും ഇപ്പോഴും മരങ്ങളും മുളംകാടുകളും മൂടി നില്ക്കുന്നു. ഈ വഴിക്ക് മാത്രം വലിയ മാറ്റങ്ങളില്ല. മുളം വേലി തന്നെയാണ് ഇപ്പോഴും ഉള്ളത്. സന്ധ്യ ആയിട്ടില്ലെങ്കിലും നല്ല ഇരുട്ടുണ്ട്. സൂക്ഷിച്ചില്ലെങ്കില്‍ പാമ്പിന്റെ കടി കൊള്ളേണ്ടി വരും. പണ്ടൊരിക്കല്‍ പാമ്പിന്റെ കടിയേറ്റു ആശുപത്രിയില്‍ കിടന്നത് ഓര്മ വന്നു. ഇടവഴിയിലെ വേരുകള്‍ക്ക് മീതെ വെള്ളം ഒഴുകി പോകുന്നുണ്ട്. മഴ തോര്‍ന്നിട്ടും മരങ്ങള്‍ പെയ്തു കൊണ്ടേയിരുന്നു. വീട്ടിലേക്കു കയറിയപ്പോഴേക്കും കാല് തണുത്തു മരവിച്ചിരുന്നു. കുട പൂട്ടി കോലായുടെ ഒരു മൂലയ്ക്ക് വച്ചു. മുറ്റത്തു ഞാന്‍ പണ്ട് നട്ട മുല്ലയും നന്ദ്യാര്‍വട്ടവും നനഞ്ഞു നിര്‍വൃതിയടഞ്ഞു മിഴികള്‍ കൂമ്പി നില്ക്കുന്നു. അവയെല്ലാം ഒരുപാട് വളര്‍ന്നിരിക്കുന്നു.
ഒരു രാത്രിക്ക് ശേഷം തിരിച്ചു പോകാന്‍ ഒരുങ്ങുമ്പോഴേക്കും വീണ്ടും ഒരു മഴക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. സൂര്യന് ഉദിചെങ്കിലും ഇത് വരെ മേഘങ്ങള്‍ക്കുള്ളില്‍ നിന്നും പുറത്തേക്കു വന്നിട്ടില്ല.യാത്ര പറഞ്ഞു ഞാന്‍ നടന്നു. തലേന്ന് രാത്രി പെയ്ത മഴത്തുള്ളികള്‍ പുല്ലുകളില്‍ തങ്ങി നില്‍ക്കുന്നുണ്ട്. നടക്കുമ്പോള്‍ അവ കാലില്‍ ഇക്കിളി കൂട്ടുന്നു. ഇവിടെ മഴക്കാലം ഇങ്ങനെയാണ് …പെയ്തു കൊണ്ടേയിരിക്കും. ഈ മഴ പെയ്യുന്നിടത്തോളം കാലം മഴക്കാലത്തെ കുറിച്ചുള്ള ഓര്‍മകള്‍ക്കും മരണമില്ല.
264 total views, 1 views today