വീണ്ടും വരുന്നു ‘നിങ്ങള്‍ക്കും ആകാം കോടീശ്വരന്’.
ശരാശരി വിവരമുള്ള ആര്‍ക്കും ഉത്തരം പറയാന്‍ സാധിക്കുമെന്നു തോന്നിപ്പിക്കുന്ന ചോദ്യങ്ങള്‍. അതുകൊണ്ടു തന്നെ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്നവരുടെ വന്‍ എസ്.എം.എസ്സ് തള്ളിക്കയറ്റം.എസ്.എം.എസ്സ് വരുമാനം മാത്രം ദിവസം നാലു കോടി.
അതേസമയം ഒരു മാസം വിതരണം ചെയ്യുന്ന ആകെ സമ്മാനത്തുകയാവട്ടെ ഏതാനും ലക്ഷങ്ങള്‍ മാത്രം. അതുതന്നെ നല്കുന്നതു പ്ലാസ്റ്റിക്കിലും ഫ്ലക്സിലും പ്രിന്റ് ചെയ്ത ഷോ ചെക്കുകള്‍. യഥാത്ഥ ചെക്കുകള്‍ എപ്പഴേലും കൊടുത്താലായി.
വിദ്യാസമ്പന്നര്‍ മുതല്‍ കൂലിപ്പണിക്കാര്‍ വരെ പങ്കെടുക്കുമെങ്കിലും ഒരുവിധം വിദ്യാഭ്യാസമുള്ളവരെയും ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവരേയും മൂന്നാം റൗണ്ടിനപ്പുറം കടത്തില്ല, കാരണം അത്തരക്കാര്‍ക്കു കാണികളുടെ വൈകാരിക പിന്തുണ ലഭിക്കില്ല. അത്തരക്കാരെ പുറത്താക്കാനായി ‘ഉഗാണ്ടയിലെ പുല്ലിന്റെ ശാസ്ത്രനാമം’ തുടങ്ങിയ ഉടക്കു ചോദ്യങ്ങളുടെ ശേഖരം തന്നെയുണ്ട് ഗുരുജി ടീമിന്റെ കൈയില്‍.
ഒരുപാടു പ്രാരാബ്ധമുള്ള,സ്വന്തമായി വീടില്ലാത്ത,ഭര്‍ത്താവു കുറഞ്ഞതൊരു വികലാംഗനെങ്കിലുമായ, സ്ത്രീ contestantsനു മാത്രമായി ഫൈനല്‍ റൗണ്ട് സംവരണം ചെയ്തിരിക്കുന്നു. ഒരു സീസണില്‍ ഒരു കോടിപതിയാണു സ്ട്രാറ്റജിക്ക് ടീമിന്റെ കണക്ക്, അനവധി ഘടകങ്ങള്‍ പരിഗണിച്ചെടുത്ത തന്ത്രപരമായ തീരുമാനം. കൊടുക്കുന്ന ആ ഒരു കോടി അര്‍ഹിക്കുന്നയാള്‍ക്കു തന്നെ കിട്ടിയെന്നു കാണികള്‍ക്കു തോന്നണം (അതിനാണു ദാരിദ്ര്യം), കഷ്ടപ്പെട്ടാണു നേടിയതെന്നും (ആ തോന്നലുണ്ടാക്കല് ഗുരുജി ടീമിന്റെ പണിയാണ്).
ഇതൊക്കെയാണേലും കുറേ കഴിയുമ്പോള്‍ കളി കാഴ്ച്ചക്കാര്‍ക്കു മടുക്കും. എസ്.എം.എസ്സ്പരസ്യ വരുമാനം നാലു കോടിയില്‍ നിന്ന് നാലു ലക്ഷത്തിലേക്ക് ഇടിയുമ്പോള്‍ പരിപാടി നിര്‍ത്തും. വീണ്ടും സീരിയല്‍, ഐഡിയാ സ്റ്റാര്‍ സിംഗര്‍, മിമിക്രി സൈക്കിളിലേക്കു തന്നെ തിരിച്ചു പോവും.