വീസാ എജന്റിനാല്‍ വഞ്ചിക്കപ്പെട്ട മലയാളി യുവാവ് രണ്ടര മാസമായി ദുബായില്‍ ദുരിതത്തില്‍ കഴിയുന്നു. കായംകുളം സ്വദേശി ബിനു ബാലകൃഷ്ണനാണ് ഉടുതുണിക്ക് മറുതുണിയിലാതെ ദുബായിലെ പാര്‍ക്കില്‍ പട്ടിണിയോട് പൊരുതുന്നത്.
അലൂമിനയം ഫാബ്രിക്കേറ്ററായി നാട്ടില്‍ ജോലിചെയ്തിരുന്ന ബിനു, ഉയര്‍ന്ന ശമ്പളത്തിലുള്ള ജോലി വാഗ്ദാനത്തില്‍ കുടുങ്ങിയാണ് ദുബായിലേക്ക് വിമാനം കയറുന്നത്. ഒക്ടോബര്‍ 15നായിരുന്ന ജീവിതത്തില്‍ വില്ലനായി കടന്നുവന്ന ആ യാത്ര. വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ തന്നെ ഏജന്റ് മൊയ്തീന് ബിനുവിന്റെ പാസ്പോര്‍ട്ടും മറ്റു രേഖകളും കൈക്കലാക്കുകയും റാഷിദിയയിലെ ഒരു വില്ലയില്‍ ബിനുവിനു താമസം ഏര്‍പ്പടാക്കുകയും ചെയ്തു. പക്ഷെ വാടക കൊടുക്കാത്തതിനാല്‍ താമസ സ്ഥലത്തുനിന്നും ബിനുവിനെ ഇറക്കിവിടുകയും, വിവരം മൊയ്തീനെ അറിയിച്ചപ്പോള്‍ റിഗയിലേക്ക് വരാനാവശ്യപ്പെടുകയും, മൊബൈല്‍ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ അലഞ്ഞുതരിഞ്ഞ ബിനു ഒടുവില്‍ പാര്‍ക്കില്‍ അഭയം തേടുകയായിരുന്നു.
ദിസവങ്ങളോളം പട്ടിണി കിടന്ന് അവശനായ ബിനു പള്ളിയിലെ പൊതുപൈപ്പില്‍നിന്ന് വെള്ളം കുടിച്ചാണ് ജീവന് നിലനിര്‍ത്തുന്നത്. ടൂറിസ്റ്റ് വീസയുടെ കാലാവധി തീര്‍ന്നിട്ടും രണ്ടു മാസത്തോളമായി. രേഖകളില്ലാത്തതിനാല്‍ ജോലിക്കുപോകാനും സാധിക്കുന്നില്ല. തലചായ്ക്കാനിടമില്ലാതെ, മാറ്റിയുടുക്കാന്‍ വസ്ത്രമില്ലാതെ, വിശപ്പടക്കാന്‍ ഭക്ഷണമില്ലാതെ. കൊടും തണുപ്പിലും ചൂടിലും പ്രകൃതിയോട് മല്ലടിച്ച് കഴിയുന്ന ഈ യുവാവിന് സുമനസുകളാരെങ്കിലും തന്റെ രക്ഷക്കെത്തുമെന്നാണ് പ്രതീക്ഷ.