വെളിച്ചെണ്ണയുടെ ഉപയോഗവും കുടുംബ കലഹവും

774

കേരഫെഡോ ,കോക്കനട്ട് ബോര്‍ഡോ അല്ലേല്‍ കേരള സര്‍ക്കാരോ .. ഒന്നും കാശു തന്നിട്ടല്ല ഞാന്‍ ഇത് എഴുതുന്നേ…!

നേഴ്‌സ് ആയ എന്റെ ശ്രീമതിക്ക് ഇന്നലെ നൈറ്റ് ഡ്യൂട്ടി ആയിരുന്നു. ഇന്നലെ പോകുമ്പോള്‍ എന്നോട് പറഞ്ഞിരുന്നു ‘ രാവിലെ ഫ്രിഡ്ജില്‍ നിന്നും മാവു എടുത്തു ദോശ ഉണ്ടാക്കിയേക്കണം. പിന്നെ സാമ്പാര്‍ ഒന്നു ചൂടാക്കണം അതും ഫ്രിഡ്ജില്‍ ഉണ്ട് .രാവിലെ ഞാന്‍ വരുമ്പോള്‍ ഒരുമിച്ചു കഴിക്കാം. .’

ഓക്കേ.. . ഞാന്‍ സമ്മതം മൂളി.

പിന്നെ താഴത്തെ നിലയിലെ മെയിന്‍ ഡോര്‍ വരെ ഞാനും പിന്‌ചെന്നു . ഞങ്ങള്‍ ഒന്നാം നിലയില്‍ ആണ്, ഹൌസ് ഓണര്‍ സൗദി രണ്ടാം നിലയിലും. അവള്‍ പോകുന്ന കാര്‍ വരുന്നെക്കും ഞാന്‍ അവിടെ നിന്നു ,കാര്‍ വന്നു, അവള്‍ പോയി.

പിന്നെ ഞാന്‍ കുളിയും ചെറിയ ഒരു പ്രാര്‍ത്ഥനയും ഒക്കെ കഴിഞ്ഞു അത്താഴം കഴിച്ചു.

എന്തായാലും ഉറക്കം വരുന്നില്ല, എന്നാല്‍ അല്പം ബ്ലോഗ് വായിച്ചേക്കാം. അങ്ങനെ ഓരോ ബ്ലോഗ് സഞ്ചാരവും കഴിഞ്ഞു ഒരു മണിയോടെ പോയി കിടന്നു.

രാവിലെ അവളുടെ മിസ്‌കാല്‍ കേട്ടാണ് എഴുന്നേറ്റത് ….സമയം 8.30…

അപ്പോഴാണ് ഇന്നലത്തെ ‘ ദോശയും സാമ്പാറും ‘ ഓര്‍മയില്‍ വന്നത് …

ഞാന്‍ ഉറക്ക ചടവോടെ വാതില്‍ തുറന്നു ….

എന്റെ നില്പും ഭാവവും കണ്ടപോഴേ അവള്‍ക്ക് ‘ രോഗം ‘ പിടി കിട്ടി കാണും …ഈ മടിയന്‍ ഉറങ്ങി പോയിട്ടുണ്ട് …!,
രാവിലത്തെ ദോശയും സാമ്പാറും സ്വാഹ ..!.
അവളുടെ മട്ടു മാറി…! കൊണ്ടുവന്ന ബാഗ് മേശയിലേക്ക് ടപ്പേ…! എന്ന് ഇട്ടു ..
ഇനി എന്തും സംഭവിക്കാം …
ഞാനാണെങ്കില്‍ ഹോം വര്‍ക്ക് ചെയ്യാന്‍ മറന്ന കുട്ടിയെ പോലെ , സോറി … ടീച്ചര്‍ ! ….എന്ന ഭാവം മുഖത്ത് വരുത്തി നിന്നു …

അവള്‍ അടുക്കളയില്‍ പോയി പത്രങ്ങളോട് ദേഷ്യം തീര്‍ത്തു …ടപ്പേ പട്ടോ …കടും …

എന്തൊക്കയോ പറയുന്നു …ഞാന്‍ ഊഹിച്ചെടുത്തു ….അത് …
‘ഹും…! ഒരു പോങ്ങന്‍ ഇവിടുണ്ട് , 24 മണിക്കൂറും ഒരു കമ്പ്യൂട്ടര്‍ വച്ച് …ഇടക്ക് ചിരിക്കുവേം ..ടൈപ്പ് ചെയ്തും ഇരിക്കും …ഓരോ കെട്ടിയോന്മാര് എന്തൊക്കെയാണ് ഭാര്യമാര്‍ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ കൊടുക്കുന്നെ …ഹും ..!

സുനുവിനോക്കെ ഡ്യൂട്ടി കഴിഞ്ഞു ഒരു പണിയും ചെയ്യേണ്ട , ..കഴിക്കാനോല്ലതോക്കെ അവള്‍ടെ കെട്ടിയോന്‍ ഉണ്ടാക്കും …ഹും …മിക്കപ്പോഴും ഷാര്‍ജ ഷേക്കും …ഓറെഞ്ച് ജൂസ് ഒക്കെ ആണ് അവളെ കുടിപ്പിക്കുന്നെ …ഇവിടെ ഒരാളുണ്ട് ഭാര്യ പട്ടിണി കിടന്നാല്‍ കൂടെ തിരിഞ്ഞു നോക്കില്ല …
എന്റെ തലേല്‍ വിധി …!അല്ലേലും ഞാന്‍ ഇനി എന്നാ പറയാനാ …!

(ഈ ഹോട്ടല്‍ മാനേജ്മന്റ് പഠിച്ചവനോക്കെ പെണ്ണ് കൊടുത്തവനെ ആദ്യം തല്ലണം ..ഹും ..).

ഞാന്‍ മനസ്സില്‍ വിചാരിച്ചു , പണ്ട് അഞ്ചാം ക്ലാസില്‍ കുഞ്ചന്‍ നമ്പ്യാരുടെ കവിത പോലെ ആണല്ലോ ഇത് ….അങ്കം കഴിഞ്ഞു ക്ഷീണിച്ചു വരുന്ന ചേകവര്‍ ,.വീട്ടില്‍ ഒന്നും കഴിക്കാന്‍ കാണാതെ കലി കയറി വീട്ടിലെ സാധനങ്ങള്‍ …ചിരവ ,ചൂല് ,പാത്രങ്ങള്‍ , ഗ്യാസ് കുറ്റി …അല്ലേല്‍ വേണ്ട …ഉരല്‍ ,ഉലക്ക ,അരകല്ല് ,പിള്ള എല്ലാം എടുത്തു കിണറ്റില്‍ എറിഞ്ഞു .

‘എന്നിട്ടരിശം തീരാഞ്ഞവനാ ..പുരയുടെ ചുറ്റും മണ്ടി നടന്നു …’ എന്നാണ് നമ്പിയാര് പാടിയെക്കുന്നെ …

അതിന്റെ 2012 ലെ പതിപ്പരിക്കും ഞാന്‍ ഈ കാണുന്നെ …!
അവള്‍ ഫ്രിഡ്ജ് തുറന്നു എന്തൊക്കെയോ എടുത്തു പ്ലേറ്റില്‍ ആക്കി , ചൂടാക്കി എന്നെ മൈന്‍ഡ് ചെയ്യാതെ അടുക്കളയില്‍ ഇരുന്നു കഴിച്ചു ..
ഞാന്‍ അപ്പോള്‍ സന്തത കൂട്ടുകാരനായ കമ്പ്യൂട്ടര്‍ ഉണര്‍ത്തി കഴിഞ്ഞിരുന്നു …
എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവള്‍ ബെഡ് റൂമിലേക്ക് പോയി ….ടപ്പേ …
വാതില്‍ അടഞ്ഞ ശബ്ദം …ഹും ഇനി ഒന്ന് മെരുങ്ങി വരാന്‍ കുറെ സമയം എടുക്കും .

ഞാന്‍ ഇരിക്കുന്ന ഹാളില്‍ ഒരു ഫാന്‍ ആണ് വര്‍ക്കിംഗ് പഴയ എ സിയുള്ളത് ഓണ്‍ ചെയ്താല്‍ സോറി എന്ന് പറയും ..
എന്തായാലും കുറെ നേരം കഴിഞ്ഞു പതുക്കെ ചെല്ലാം …പതിയെ പുതപ്പിനുള്ളില്‍ നുഴഞ്ഞു കയറി തീരാനുള്ള പിണക്കമേ ഒള്ളു …

ഞാന്‍ ഓണ്‍ലൈന്‍ പത്രങ്ങളും ബ്ലോഗ് തമാശകളും വായിച്ചു സമയം കളഞ്ഞു ….

ഹമ്മേ ! നല്ല ചൂട് എടുക്കുന്നു ….ഇനി കുറച്ചു നേരം അകത്തെ റൂമില്‍ ഏസിയില്‍ ഇരിക്കാം ..ഞാന്‍ മെല്ലെ കള്ളനെ പോലെ ബെഡ് റൂമിന്റെ വാതില്‍ തുറക്കാന്‍ നോക്കി …ആദ്യ ശ്രമം പരാജയപെട്ടു ..എന്ത് പറ്റി ,… ലോക്കിന്റെ ഹാന്‍ഡില്‍ തിരിയുന്നതല്ലാതെ തുറക്കാന്‍ പറ്റുന്നില്ല ….വീണ്ടും ശക്തിയായി നോക്കി ….നോ രക്ഷ .!ഹമ്പടി, കേമി…! അവള്‍ എന്നെ പുറത്താക്കി വാതില്‍ കുറ്റിയിട്ടു കാണും …ഞാന്‍ വാതിലില്‍ ഒരു ഇടിയും തൊഴിയും വച്ച് കൊടുത്തു .

ഹും ! …ഇവള്‍ ഇത്ര ദുഷ്ടയോ …ഞാന്‍ എങ്ങനെ ഈ ചൂടത് ഇവിടെ ഇരിക്കും …എന്നാല്‍ ഒന്ന് കാണിച്ചു കൊടുക്കാം ഇനി മേലില്‍ ഞാന്‍ ആ റൂമില്‍ കയറില്ല …നാട്ടില്‍ നിന്ന എന്നെ ..ഗള്‍ഫില്‍ വിളിച്ചു വരുത്തിയിട്ട് …..

അവളുടെ അമ്മെ ഒന്ന് വിളിച്ചു ചോദിക്കണം ഇങ്ങനാണോ മകളെ പഠിപ്പിക്കുന്നെ എന്ന് …..

ഞാന്‍ വീണ്ടും വാശിയോടെ തിരിച്ചു വന്നു ബ്ലോഗ് വായിചോണ്ടിരുന്നു …
സമയം പോയതറിഞ്ഞില്ല ….

ഉറക്കം കഴിഞ്ഞു അവള്‍ വന്നു .ഞാന്‍ മൈന്‍ഡ് ചെയ്തില്ല ..

എന്ത് പറ്റി ആകെ വിയര്തിരികുന്നല്ലോ ….?എന്താ പിണക്കം ആണോ …?

നീ ഇങ്ങനെ ചെയ്യും എന്ന് കരുതിയില്ല ..!
എന്തുപറ്റി എന്ന് പറയൂ …?

ഓ …പാവം ഒന്നും അറിയില്ല ..നിന്റെ അമ്മെ വിളിക്കുമ്പോള്‍ ഒന്ന് ചോദിക്കട്ടെ ..ഇതാണോ മകളുടെ രീതി എന്ന് ..
എന്താണെന്നു പറയു…എനിക്കൊന്നും മനസിലായില്ല …!

ഹും നീ എന്തിനാ എന്നെ വെളിയില്‍ ഇട്ടു ഡോര്‍ ലോക്ക് ചെയ്‌തെ …?

എന്റെ കര്‍ത്താവെ… ഞാന്‍ മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യാ ഈ കേള്‍ക്കുന്നേ,..!
ആ ഡോര്‍ ചിലപ്പോള്‍ പുറത്തു നിന്നും തുറക്കാന്‍ വല്യ പാടാ …അതില് കുറച്ചു ഓയില്‍ ഇടാന്‍ പറഞ്ഞു നിങ്ങള്‍ കേട്ടോ …?
അതെങ്ങിനാ , എപ്പോള്‍ നോക്കിയാലും കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്നോ …

എങ്കില്‍ അതൊന്നു കണ്ടിട്ട് ബാക്കി കാര്യം , ഞാന്‍ അവളെ അകത്തു നിര്‍ത്തി ഡോര്‍ വലിച്ചടച്ചു …!
നേരാ , ഇപ്പോഴും തുറക്കാന്‍ മേല …!
പക്ഷെ അവള്‍ കൂള്‍ ആയി അകത്തു നിന്നും തുറന്നു …!
ഇനി ഇവള്‍ പറ്റിക്കുന്നതാണോ …ഞാന്‍ വീണ്ടും പരീക്ഷണം തിരിച്ചു ആവര്‍ത്തിച്ചു റിസള്‍ട്ട് അത് തന്നെ …
അവളാണെങ്കില്‍ ‘അഗ്‌നി പരീക്ഷ’ കഴിഞ്ഞ പോലെ നില്കുന്നു …ശരിയാ ഞാന്‍ അവളെ സംശയിച്ചു ….

വെറുതെ മൂന്ന് നാല് മണിക്കൂര്‍ ആവി എടുത്തു പുകഞ്ഞിരുന്നത് മിച്ചം …

ഞാന്‍ ബാത്‌റൂമില്‍ കയറി ..എല്ലാ മലയാളികളും ‘തലയില്‍ വെച്ചോണ്ട് നടക്കുന്ന സാധനം’ , മലയാളികളുടെ ‘ട്രേഡ് മാര്‍ക്ക് ‘ വെളിച്ചെണ്ണ എടുത്തു …
കൊച്ചിനെ കുളിപ്പിക്കാന്‍ തേക്കുന്ന പോലെ ഡോര്‍ ലോക്ക് മുഴുവന്‍ എണ്ണ പുരട്ടി …തിരിച്ചു , തുറന്നു …
ആഹാ..! ഉഗ്രന്‍ ഇനി നീ എന്നെ ഒന്ന് ലോക്കുന്നതു ഒന്ന് കാണണം …
ഹും..! ഈ ബുദ്ധി നേരത്തെ തോന്നിയിരുന്നെങ്കില്‍ …ഒരു കുടുംബ കലഹം ഒഴിവാക്കാമായിരുന്നു ….!