വെള്ളം കുടിക്കൂ ഉന്മേഷരാകൂ..

തളര്‍ച്ചയും ക്ഷീണവും തോന്നുകയും  ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്നതായി നിങ്ങള്ക്ക് തോന്നുന്നുണ്ടോ?  ഉണ്ടെങ്കില്‍ ചിലപ്പോള്‍ നിങ്ങളുടെ ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറഞ്ഞതായിരിക്കാം അതിന്റെ കാരണം. ഈയിടെ ജേര്‍ണല്‍ ഓഫ് ന്യൂട്രിഷന്‍ സ്ത്രീകളില്‍ നടത്തിയ ഒരു പഠനത്തിലാണ് ഈ കാര്യം വ്യക്തമായത്

പഠനത്തില്‍ പങ്കെടുത്തവരുടെ മാനസികാവസ്ഥ, ശ്രദ്ധ കേന്ദീകരിക്കുവാനുള്ള കഴിവ്, മാനസികമായ സമസ്യകള്‍ കൈകാര്യം ചെയ്യുവാനുള്ള പ്രാപ്തി തുടങ്ങിയവ നിരീക്ഷണ വിധേയമാക്കുകയുണ്ടായി. ശരീരത്തിലെ ജലാംശത്തിന്റെ അളവ് ആവശ്യമുള്ള അളവില്‍ നിന്നും പതിയെ കുറച്ചു കൊണ്ട് മേല്‍പ്പറഞ്ഞ അളവുകോലുകള്‍ താരതമ്യം ചെയ്തു നോക്കുകയായിരുന്നു പഠന രീതി. വ്യായാമത്തിലൂടെയും, ജലാംശം ശരീരത്തില്‍ നിന്നും നഷ്ടമാകാന്‍ പര്യാപ്തമായ മരുന്നുകള്‍ നല്കിയുമാണ് ഇത് സാധ്യമാക്കിയത്.

ശരീരത്തില്‍ ആവശ്യമായ അളവില്‍ ജലാംശം ഉണ്ടായിരുന്നപ്പോള്‍ മിക്കവരുടെയും പ്രകടനം എല്ലാ ടെസ്റ്റുകളിലും മികച്ചത് തന്നെ ആയിരുന്നു. എന്നാല്‍ ജലാംശം ആനുപാതികമായി കുറഞ്ഞപ്പോള്‍ മിക്കവരും തലവേദന, ശ്രദ്ധക്കുറവ്, വിഷാദം പോലെയുള്ള അവസ്ഥ, തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു.

സ്ത്രീകളിലാണ് ഈ പഠനം നടത്തിയത്. ഈ കണ്ടുപിടുത്തങ്ങള്‍ പുരുഷന്മാര്‍ക്കും ബാധകമാണ്. അതിനാല്‍ വെള്ളം കുടിക്കൂ..ഉന്മേഷവാന്മാരും ഉന്മേഷവതികളും ആവൂ…