Literature
“വെള്ളം തേടിയുള്ള യാത്ര, പ്രവാസിയുടെ അന്നം തേടിയുള്ള യാത്ര..” – അഷറഫ് തോട്ടെശ്ശേരി.
ഋതുക്കള്‍ മാറി മറഞ്ഞപ്പോള്‍ അവന്റെ യാത്രയുടെ ലക്ഷ്യവും അവന് അറിയാതെ മാറിപ്പോയി.
117 total views

താന്‍ നട്ടുവളര്‍ത്തിയ ചെടികളിലെ വാടിക്കരിഞ്ഞ പൂക്കളുടെ മുഖത്ത് നോക്കുമ്പോള്‍ അവന്റെ മനസ്സ് നൊമ്പരപ്പെട്ടു. തന്റെ നാട്ടില്‍ അവക്ക് നല്കാന് വേണ്ടത്ര വെള്ളം ഇല്ലാത്തതില്‍ അയാള്‍ പരിതപിച്ചു. അവയുടെ സങ്കടം തോന്നുന്ന മുഖങ്ങള്‍ കണ്ടു മടുത്ത അയാള്‍ യഥേഷ്ടം വെള്ളം കിട്ടുന്നിടം അന്വേഷിച്ചു തുടങ്ങി. പച്ചത്ത്രുരുത്തായ തന്റെ മനോഹര നാട്ടില്‍ ലഭിക്കുന്നതിനേക്കാള്‍ വെള്ളം ഓളം തുള്ളുന്ന അറബിക്കടലിനു അക്കരെയുള്ള മണലാരുണ്യത്തില് ഉണ്ടെന്നറിഞ്ഞപ്പോള്‍ അയാള്‍ക്ക് പ്രതീക്ഷയായി.
തന്റെ ചെടികള്‍ വാടാതിരുന്നു കാണാനുള്ള അയാളിലെ മോഹം കടല്‍ താണ്ടി മരുഭൂമിയിലെത്തി അവിടത്തെ മണല്‍ കാറ്റിനെ നേരിട്ട് പിടിച്ചു നില്കാന് അവനെ പ്രേരിപ്പിച്ചു. ഇഷ്ടം പോലെ വെള്ളം ലഭിച്ചുകൊണ്ടിരുന്നപ്പോള്‍ താന്‍ നട്ടു വളര്‍ത്തിയ വാടിക്കരിഞ്ഞ പൂക്കളുള്ള ചെടികളോ പച്ചപ്പ് നില നിര്‍ത്താന്‍ ദാഹ ജലം കൊതിക്കുന്ന തന്റെ ഗ്രാമത്തിന്റെ ചിന്തകളോ അയാളെ വെട്ടയാടിയില്ല. കാരണം തന്റെ ചെടികള്‍ക്ക് എങ്ങിനെയും വെള്ളം എത്തിക്കുക എന്ന ലക്ഷ്യബോധം മാത്രമായിരുന്നു അയാളുടെ മനസ്സില്‍. താന്‍ ശേഖരിക്കുന്ന വെള്ളം ബാങ്ക് വഴിയോ മറ്റോ നാട്ടിലെത്തിച്ചു ചെടികള്‍ക്ക് നല്കി അവ ഉന്മേഷത്തോടെ വളരാന്‍ തുടങ്ങിയെന്നറിഞപ്പോള് അവന്റെ ഉള്ളം കുളിര്‍ത്തു.
വര്‍ഷം രണ്ടു കഴിഞ്ഞപ്പോള്‍ തന്റെ ചെടികളെയും നാടിനെയും കാണാന്‍ അവന് തിരിച്ചു. നാട്ടിലെത്തി തന്റെ പരിശ്രമം മൂലം വിടര്‍ന്നു ചിരിക്കുന്ന പൂക്കളെ കണ്ടപ്പോള്‍ അവനു അവനെക്കുറിച്ച് തന്നെ അഭിമാനം തോന്നി. കയ്യില്‍ കൊണ്ടു വന്ന വെള്ളത്തില്‍ നിന്നും തന്റെ പരിസരത്തെ വിടരാന്‍ മടിച്ചു നിന്ന ചെടികള്‍ക്കൊക്കെ ഇത്തിരി വെള്ളം നല്കിയപ്പോള് അവ നന്ദിയോടെ അവനെ നോക്കി പുഞ്ചിരിച്ചു. അപ്പോള്‍ അവന് മനസ്സില്‍ പറഞ്ഞു. ജീവിതത്തില്‍ ഉടനീളം കരിഞ്ഞുണങ്ങിയ ചെടികളെ കാണുന്നതിനേക്കാള്‍ രണ്ടു വര്‍ഷത്തിലൊരിക്കലെങ്കിലും വിടര്‍ന്നു നില്കുന്ന മനോഹര പുഷ്പങ്ങളെ കാണുന്നതാണ് മനസ്സിന് സുഖം. ആ ചിന്ത അവനെ വീണ്ടും മണലാരുണ്യത്തില് എത്തിച്ചു. പക്ഷെ പൂത്തുലഞ്ഞു നില്കുന്ന വീട്ടിലെ ചെടികളെ മറക്കാന്‍ ഇത്തവണ അവനു കഴിഞ്ഞില്ല. ആ സുന്ദര ചിത്രങ്ങള്‍ മനസ്സില്‍ കൊണ്ട് പോയി അവന് അതിനെ തലോലോച്ചു വളര്‍ത്തി. തന്റെ ദുഖങ്ങളെയും പ്രയാസങ്ങളെയും ആ പുഷ്പങ്ങളുടെ പുഞ്ചിരിക്കു പിന്നില്‍ അവന് ഒളിപ്പിച്ചു വെച്ചു.
ഋതുക്കള്‍ മാറി മറഞ്ഞപ്പോള്‍ അവന്റെ യാത്രയുടെ ലക്ഷ്യവും അവന് അറിയാതെ മാറിപ്പോയി. ജീവ ജലം നല്‍കുക എന്ന ലക്ഷ്യത്തെക്കാള്‍ അയല്പക്കത്തെ ചെടികള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കരുത്തോടെ തന്റെ ചെടികളെ വളര്‍ത്തണമെന്ന ആഗ്രഹം മൂലം അവനു മുമ്പില്‍ ആവശ്യങ്ങളുടെ ലിസ്റ്റ് നീണ്ടു നീണ്ടു വരുന്നതിനനുസരിച്ച് പൂത്തുലഞ്ഞു നില്ക്കുന്ന ചെടികളെ എന്നെന്നും തലോടിയിരിക്കാന്‍ ഉള്ള അവന്റെ മോഹങ്ങളും അനിശ്ചിതമായി നീണ്ടുപോയി. കാരണം പുഷ്പിച്ചു നില്ക്കാനല്ലാതെ തിരിച്ചു വെള്ളം തരുന്ന ചെടികള്‍ അവന്റെ ശേഖരത്തില്‍ കുറവായിരുന്നു. തനിക്ക് കിട്ടിയ വെള്ളം കൊടുത്തു തന്റെ ചെടികളെ ഏതു കാലാവസ്ഥയിലും ആഴത്തില്‍ വേരൂന്നി വെള്ളം കണ്ടെത്താന്‍ കഴിയുന്ന ഹൈബ്രിഡ് ചെടികള്‍ ആക്കാന്‍ കഴിഞ്ഞവര്‍ക്കും ഒരു ജന്മത്തിന് കുടിക്കാനുള്ള വെള്ളം ശേഖരിച്ചു വെച്ചവനുമെല്ലാം വാര്ദ്ധക്ക്യം പിടികൂടുന്നതിനു തന്റെ തോട്ടത്തില്‍ തിരിച്ചെത്തി ആ പൂക്കളുടെ സുഖന്ധം ആസ്വദിച്ചു ഇത്തിരിയെങ്കിലും കഴിയാനായി. പക്ഷെ അവന് അപ്പോഴും ലക്ഷ്യത്തില്‍ നിന്നകലെയായിരുന്നു.
വെള്ളമില്ലാത്ത കാലത്തെക്കുറിച്ച് അനുഭവമില്ലാത്ത പുതുതലമുറയിലെ ചെടികള്‍ അവനോടു ചോദിച്ചു. പാറി നടക്കാന്‍ പൂന്തോപ്പും തേന്‍ കുടിക്കാന്‍ മനോഹര പുഷ്പങ്ങളും ഉണ്ടായിട്ടും വണ്ടുകള്‍ എന്തിനു മരുഭൂമി തേടിപ്പോകുന്നു? ദാഹമെന്തെന്നറിയിക്കാതെ ചെടികളെ വളര്‍ത്തിയ അവനു അതിനു മറുപടി കൊടുക്കാന്‍ കഴിഞ്ഞില്ല. താന്‍ ശേഖരിച്ച വെള്ളം മുഴുവന്‍ നിര്‍ബാധം ചെടികള്ക്കൊഴിക്കുന്നതിന് പകരം ഇത്തിരിഎങ്കിലും ശേഖരിച്ചു വെച്ചിരുന്നെങ്കില്‍ എന്ന് അവനു തോന്നി തുടങ്ങി. പക്ഷെ അപ്പോഴേക്കും മരുഭൂമിയിലെ വെള്ളത്തിന്റെ ഉറവകള്‍ അവിടെയുള്ള ചെടികള്‍ക്ക് തന്നെ തികയാതെ വരുന്ന അവസ്ഥ വന്നിരുന്നു.
തന്റെയും തന്നെപ്പോലെയുള്ളവരുടെയും പരിശ്രമഫലമായി പച്ചപ്പിടിച്ച സ്വന്തം നാട്ടില്‍ അവന് അന്യനാകുകയം അവിടെനിന്നുകൊണ്ട് വെള്ളം കണ്ടെത്താനുള്ള പുതിയ കുറുക്കു വിദ്യകള്‍ അവനു വശമില്ലാതാകുകയും ചെയ്തതിനാല്‍ കാലം തന്റെ തലയില്‍ കോറിയിട്ട വെള്ളി വരകളുടെ സൂചനകള്‍ പരിഗണിക്കാതെ, ഒരു കാലത്ത് കുതിച്ചോടിയിരുന്ന ശരീരത്തിന്റെ കിതപ്പുകള്‍ വകവെക്കാതെ അയാള്‍ തന്റെ കാലിപ്പാത്രവുമായി യാത്ര തുടര്‍ന്നു. വെള്ളം തേടിയുള്ള യാത്ര. പ്രവാസിയുടെ അന്നം തേടിയുള്ള യാത്ര.
118 total views, 1 views today